Search This Blog

Friday, October 30, 2026

വ്യവസായ-നിക്ഷേപ രംഗത്ത് പുതിയ നിയമം - 'സരൾ': ഒറ്റ അനുമതി, ഒരൊറ്റ രേഖ


വ്യവസായ-നിക്ഷേപ രംഗത്ത് പുതിയ നിയമം 'സരൾ': ഒറ്റ അനുമതി, ഒരൊറ്റ രേഖ

സംസ്ഥാനത്ത് വൻകിട നിക്ഷേപങ്ങളും സംരംഭങ്ങളും ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള അനുമതികൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപം നൽകിയ സുപ്രധാന നിയമനിർമ്മാണമാണ് സരൾ (SARAL - Simplified & Accelerated Regulatory Approvals and Licensing) ബിൽ, 2026. 'ഒരു സംസ്ഥാനം - ഒരു അനുമതി - ഒരു രേഖ' എന്ന  ബിൽ 29.10.26 തീയതി നിയമസഭ പാസാക്കി 

പ്രധാന ലക്ഷ്യങ്ങളും പരിധിയും

  • നിക്ഷേപ പരിധി: 25 കോടി രൂപയ്ക്ക് മുകളിൽ മൂലധന നിക്ഷേപമുള്ള (ഭൂമി, കെട്ടിടം, പ്ലാന്റ്, യന്ത്രസാമഗ്രികൾ തുടങ്ങിയ സ്ഥിര ആസ്തികൾ) ഉൽപ്പാദന, സേവന, വ്യാപാര, അടിസ്ഥാന സൗകര്യ പദ്ധതികൾക്കാണ് ഈ നിയമം ബാധകമാകുന്നത്. നിർണ്ണായക നിക്ഷേപങ്ങളുള്ള (Critical Investments) പ്രത്യേക മേഖലകൾക്ക് സർക്കാരിന് ഈ പരിധിയിൽ ഇളവുകൾ പ്രഖ്യാപിക്കാവുന്നതാണ്.
  • ഏകീകൃത സംരംഭ ക്ലിയറൻസ് സർട്ടിഫിക്കറ്റ്: വിവിധ വകുപ്പുകളിൽ വെവ്വേറെ പോയി ലൈസൻസുകൾ എടുക്കുന്നതിന് പകരം, എല്ലാ സംസ്ഥാന ക്ലിയറൻസുകളും ഒരുമിച്ച് രേഖപ്പെടുത്തിയ ഒരൊറ്റ സർട്ടിഫിക്കറ്റ് നൽകുന്നു.

ഭരണനിർവ്വഹണ ഘടന (Administrative Framework)

പദ്ധതികളെ അവയുടെ നിക്ഷേപ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് തലങ്ങളായി തിരിച്ചാണ് പരിശോധിക്കുന്നത്:

  1. സംസ്ഥാനതല സംവിധാനം (50 കോടി രൂപയ്ക്ക് മുകളിൽ):
    • സംസ്ഥാനതല പ്രമാണീകരണ മൂല്യനിർണ്ണയ കമ്മിറ്റി: വ്യവസായ വകുപ്പ് സെക്രട്ടറി ചെയർപേഴ്സണും KSIDC മാനേജിംഗ് ഡയറക്ടർ കൺവീനറുമായ കമ്മിറ്റി സാങ്കേതിക റിപ്പോർട്ടുകൾ ഏകോപിപ്പിക്കുന്നു.
    • സംസ്ഥാനതല അംഗീകാര കമ്മിറ്റി: ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് അനുമതികളിൽ അന്തിമ തീരുമാനമെടുക്കുന്നത്.
  2. ജില്ലാതല സംവിധാനം (25 കോടി മുതൽ 50 കോടി രൂപ വരെ):
    • ജില്ലാതല പ്രമാണീകരണ മൂല്യനിർണ്ണയ കമ്മിറ്റി: ജില്ലാ വികസന കമ്മീഷണർ അല്ലെങ്കിൽ സബ് കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം (DIC) ജനറൽ മാനേജർ കൺവീനറുമായ സമിതി.
    • ജില്ലാതല അംഗീകാര കമ്മിറ്റി: ജില്ലാ കളക്ടർ അധ്യക്ഷനായ സമിതി അന്തിമ അനുമതികൾ നൽകുന്നു.

സംസ്ഥാനതലത്തിൽ KSIDC-യും ജില്ലാതലത്തിൽ ജില്ലാ വ്യവസായ കേന്ദ്രങ്ങളും (DIC) 'സരൾ സെക്രട്ടേറിയറ്റ്' ആയി പ്രവർത്തിക്കുന്നു.

സമയബന്ധിതമായ അനുമതി നടപടികൾ (75 ദിവസങ്ങൾ)

പൂർണ്ണമായ അപേക്ഷ സമർപ്പിച്ചാൽ പരമാവധി 75 ദിവസത്തിനകം മുഴുവൻ പ്രക്രിയകളും പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകണമെന്ന് ബിൽ നിഷ്കർഷിക്കുന്നു:

  • 10 ദിവസത്തിനകം: സരൾ സെക്രട്ടേറിയറ്റ് അപേക്ഷ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നു.
  • 30 ദിവസത്തിനകം: വകുപ്പുകൾ സാങ്കേതിക പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകുന്നു. ന്യൂനതകൾ ഉണ്ടെങ്കിൽ ഒറ്റത്തവണയായി മാത്രമേ ഡിഫക്ട് മെമ്മോ (Defect Memo) നൽകാവൂ.
  • 15 ദിവസത്തിനകം: മൂല്യനിർണ്ണയ കമ്മിറ്റി ഏകോപിത റിപ്പോർട്ട് തയ്യാറാക്കുന്നു.
  • 20 ദിവസത്തിനകം: അംഗീകാര കമ്മിറ്റി തീരുമാനമെടുക്കുകയും അന്നുതന്നെ ഡിജിറ്റൽ ഒപ്പോടുകൂടിയ 'ഏകീകൃത സംരംഭ ക്ലിയറൻസ് സർട്ടിഫിക്കറ്റ്' നൽകുകയും ചെയ്യുന്നു.

ഏകീകൃത പുതുക്കലും റിസ്ക് അധിഷ്ഠിത പരിശോധനയും

  • പൊതു പുതുക്കൽ തീയതി: സർട്ടിഫിക്കറ്റിലെ എല്ലാ സംസ്ഥാന ക്ലിയറൻസുകൾക്കും ഒരൊറ്റ കാലാവധിയും പൊതുവായ പുതുക്കൽ തീയതിയും (Common Renewal Date) ഉണ്ടായിരിക്കും.
  • റിസ്ക് അടിസ്ഥാനമാക്കിയുള്ള രീതി: കുറഞ്ഞ റിസ്ക് ഉള്ളവയ്ക്ക് പോർട്ടൽ വഴി സ്വയം സാക്ഷ്യപ്പെടുത്തലിലൂടെയും (Self-certification), ഇടത്തരം റിസ്കുള്ളവയ്ക്ക് പരിമിത പരിശോധനയിലൂടെയും, ഉയർന്ന റിസ്കുള്ളവയ്ക്ക് കർശന സാങ്കേതിക പരിശോധനയിലൂടെയും 30 ദിവസത്തിനകം പുതുക്കൽ അനുവദിക്കുന്നു.
  • ഫീസ് വിഭജനം: അപേക്ഷകൻ പോർട്ടലിലൂടെ ഒറ്റ പേയ്മെന്റായി ഫീസ് അടച്ചാൽ, ബന്ധപ്പെട്ട വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും തുക ഓട്ടോമാറ്റിക്കായി വിഭജിച്ച് നൽകുന്ന സംവിധാനം നിലവിൽ വരും.

കേന്ദ്ര ക്ലിയറൻസുകളും സുരക്ഷാ മാനദണ്ഡങ്ങളും

  • കേന്ദ്ര നിയമങ്ങൾ: കേന്ദ്ര സർക്കാരിന്റെയോ ഏജൻസികളുടെയോ കീഴിലുള്ള അനുമതികൾ അതത് നിയമങ്ങൾക്കനുസരിച്ച് അപേക്ഷകൻ നേരിട്ട് നേടേണ്ടതാണ്. എന്നാൽ അവയുടെ വിവരങ്ങൾ പോർട്ടൽ വഴി സരൾ സർട്ടിഫിക്കറ്റിൽ മേൽക്കുറിപ്പായി രേഖപ്പെടുത്തും.
  • സുരക്ഷാ വിട്ടുവീഴ്ചയില്ല: പൊതുജനാരോഗ്യം, തൊഴിൽ സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ ഒരുവിധ ഇളവുകളും അനുവദിക്കില്ല. നിബന്ധനകൾ ലംഘിക്കുന്ന പക്ഷം ക്ലിയറൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ അംഗീകാര കമ്മിറ്റിക്ക് പൂർണ്ണ അധികാരമുണ്ട്.

അപ്പീലും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തവും

  • ജില്ലാതല അംഗീകാര കമ്മിറ്റിയുടെ തീരുമാനങ്ങൾക്കെതിരെ 30 ദിവസത്തിനകം സംസ്ഥാനതല അംഗീകാര കമ്മിറ്റിയിൽ അപ്പീൽ നൽകാം. 45 ദിവസത്തിനകം ഇതിൽ തീർപ്പുണ്ടാകും.
  • നിശ്ചിത സമയപരിധിക്കുള്ളിൽ പരിശോധനയോ റിപ്പോർട്ടോ നൽകാതെ അനാവശ്യ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ സർവ്വീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്കനടപടി സ്വീകരിക്കും.

കേരളത്തിലെ ചുവപ്പുനാടകൾ ഒഴിവാക്കി, വ്യവസായ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും വൻകിട നിക്ഷേപകരെ ആകർഷിക്കുന്നതിനും 'സരൾ' നിയമം ഒരു വഴിത്തിരിവായി മാറും എന്താണ് കരുതപ്പെടുന്നത്.


Full Text Pdf 

https://acrobat.adobe.com/id/urn:aaid:sc:AP:1e5d013d-23c9-4de6-a623-43df575c456a

SARAL - DOWNLOAD PDF

Wednesday, October 28, 2026

നിയമസഭ പാസാക്കിയ കേരളം മാരിടൈം ബോർഡ് (ഭേദഗതി) ബിൽ: സമഗ്ര വിവരങ്ങൾ

2026-ലെ കേരളം മാരിടൈം ബോർഡ് (ഭേദഗതി) ബിൽ: സമഗ്ര വിവരങ്ങൾ

നിയമസഭ പാസാക്കിയ കേരളം മാരിടൈം ബോർഡ് (ഭേദഗതി) ബിൽ: സമഗ്ര വിവരങ്ങൾ

​പ്രധാന ഭേദഗതികളും വ്യവസ്ഥകളും

• ​ബോർഡിന്റെ പുനഃസംഘടന (വകുപ്പ് 3): മുഖ്യമന്ത്രി ചെയർപേഴ്സണായും തുറമുഖ വകുപ്പ് മന്ത്രി വൈസ്-ചെയർപേഴ്സണായും പ്രവർത്തിക്കും. ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ (തുറമുഖം, ഫിഷറീസ്, വ്യവസായം, ഉൾനാടൻ ജലഗതാഗതം, ധനകാര്യം, റവന്യൂ, നിയമം), എക്സൈസ്-കസ്റ്റംസ് പ്രതിനിധി, കോസ്റ്റൽ സെക്യൂരിറ്റി ചുമതലയുള്ള എ.ഡി.ജി.പി/ഐ.ജി, നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവയുടെ പ്രതിനിധികൾ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്നിവർ എക്സ്-ഒഫീഷ്യോ അംഗങ്ങളായിരിക്കും. കൂടാതെ, ഷിപ്പിംഗ്, മാരിടൈം നിയമം, നാവിഗേഷൻ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള നാല് വിദഗ്ദ്ധ അംഗങ്ങളെ മൂന്ന് വർഷത്തെ കാലാവധിയിൽ സർക്കാർ നാമനിർദ്ദേശം ചെയ്യും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മെമ്പർ സെക്രട്ടറിയായിരിക്കും.

• ​ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (വകുപ്പ് 13): മാരിടൈം ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (IAS) നിന്നുള്ള ഉദ്യോഗസ്ഥനായിരിക്കണം എന്ന് വ്യവസ്ഥ ചെയ്തു.

• ​വിപുലമായ ചുമതലകൾ (വകുപ്പ് 7 എ): സംസ്ഥാന തീരദേശ ഭൂമിയുടെ സംരക്ഷണം, ചെറുകിട തുറമുഖങ്ങളുടെ നവീകരണവും വികസനവും, മാരിടൈം ടൂറിസം, കപ്പൽ നിർമ്മാണ-അറ്റകുറ്റപ്പണി യാർഡുകൾ, ഡ്രെഡ്ജിംഗ് പ്രവർത്തനങ്ങൾ, സുസ്ഥിര പാരിസ്ഥിതിക സംരക്ഷണം എന്നിവ ബോർഡിന്റെ അധികാരപരിധിയിൽ വരും. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം 2021-ലെ ഇൻലാൻഡ് വെസ്സൽസ് ആക്റ്റ്, 2025-ലെ ഇന്ത്യൻ പോർട്ട്സ് ആക്റ്റ് എന്നിവയിലെ വ്യവസ്ഥകൾ നടപ്പിലാക്കാനും ബോർഡിന് ചുമതല നൽകിയിട്ടുണ്ട്.

• ​എൻഫോഴ്സ്മെന്റ് വിങ് (വകുപ്പ് 15 എ): 2021-ലെ ഇൻലാൻഡ് വെസ്സൽസ് ആക്റ്റ് പ്രകാരം ഉൾനാടൻ ജലയാനങ്ങളുടെ സുരക്ഷയും പ്രവർത്തനങ്ങളും കർശനമായി പരിശോധിക്കാൻ ബോർഡിന് കീഴിൽ ഒരു പ്രത്യേക 'എൻഫോഴ്സ്മെന്റ് വിങ്' രൂപീകരിക്കും. ആവശ്യമെങ്കിൽ ഇതിനായി പോലീസ് സേനയുടെ സഹായം തേടാം.

• ​ഉൾനാടൻ ജലയാന നിധി (വകുപ്പ് 71 എ - 71 ഡി): ഉൾനാടൻ ജലയാന സേവനങ്ങളിലൂടെ ലഭിക്കുന്ന വരുമാനവും ഫീസുകളും ഉൾപ്പെടുത്തി 'ഉൾനാടൻ ജലയാന നിധി' (Inland Vessel Fund) എന്ന പേരിൽ പ്രത്യേക അക്കൗണ്ട് രൂപീകരിക്കും. ബോട്ട് യാർഡുകൾ, പരിശോധനാ ചെലവുകൾ, ജീവനക്കാരുടെ വേതനം എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കും. അക്കൗണ്ടുകൾ സി.എ.ജി (CAG) യുമായി കൂടിയാലോചിച്ച് ഓഡിറ്റ് ചെയ്യുകയും ഇന്റേണൽ ഓഡിറ്റ് നിർബന്ധമാക്കുകയും ചെയ്യും.

• ​സംസ്ഥാന മാരിടൈം ലാൻഡ് ബാങ്കും ടൗൺഷിപ്പുകളും
 (വകുപ്പ് 22 എ): ചെറുകിട തുറമുഖ വികസനത്തിനും മാരിടൈം ലോജിസ്റ്റിക്സിനുമായി സർക്കാർ ഭൂമി ഉൾപ്പെടുത്തി 'സംസ്ഥാന മാരിടൈം ലാൻഡ് ബാങ്ക്' രൂപീകരിക്കും. ഈ ഭൂമിയും തുറമുഖേതര ഭൂമികളും പ്രയോജനപ്പെടുത്തി സംയോജിത ടൗൺഷിപ്പുകൾ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ആസൂത്രണം ചെയ്യാൻ ബോർഡിന് അധികാരം നൽകുന്നു.

• ​ഫ്ലോട്ടിങ് ടൂറിസം പദ്ധതികൾക്കുള്ള നിയന്ത്രണം (വകുപ്പ് 103 എ): ഫ്ലോട്ടിങ് ജെട്ടികൾ, ഫ്ലോട്ടിങ് ബ്രിഡ്ജുകൾ, ഫ്ലോട്ടിങ് കോട്ടേജുകൾ, ഫ്ലോട്ടിങ് റെസ്റ്റോറന്റുകൾ എന്നിവയുടെ സർവേ, രജിസ്ട്രേഷൻ, അനുമതികൾ, ഫീസ്, പിഴ എന്നിവ ചുമത്തുന്നതിനുള്ള അധികാരം ബോർഡിനായിരിക്കും.

• ​കമ്പനി ഓഹരി ഇടപാടുകൾ (വകുപ്പ് 63 എ): തുറമുഖ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ മുൻകൂർ അനുമതിയോടെ കമ്പനികളുടെ ഓഹരികൾ വാങ്ങാനും വിൽക്കാനും ബോർഡിന് അനുമതി നൽകിയിട്ടുണ്ട്.

• ​പി.പി.പി. വ്യവസ്ഥയിലെ ഇളവുകൾ (വകുപ്പ് 22): പൊതു-സ്വകാര്യ പങ്കാളിത്ത (PPP) വ്യവസ്ഥയിലുള്ള പദ്ധതികളിൽ, 30 വർഷത്തെ കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് സർക്കാരിന്റെ അംഗീകാരത്തോടെ നിലവിലുള്ള കൺസെഷനെയർക്ക് കാലാവധി ദീർഘിപ്പിച്ചു നൽകാൻ പുതിയ വ്യവസ്ഥ ഉൾപ്പെടുത്തി.

• ​ജീവനക്കാരുടെ സംരക്ഷണം (വകുപ്പ് 17 എ): പി.എസ്.സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സ്ഥിരനിയമനം ലഭിച്ച ജീവനക്കാർക്ക് ബോർഡ് നിലവിൽ വന്നാലും സർക്കാർ ജീവനക്കാർക്ക് സമാനമായ സർവീസ് ആനുകൂല്യങ്ങളും സംരക്ഷണവും ഉറപ്പാക്കും

*സുരക്ഷിത തീരവും സമുദ്ര സമ്പദ്‌വ്യവസ്ഥയും:*

മാരിടൈം ഭേദഗതി ബിൽ തീരവാസികൾക്കും പൊതുജനങ്ങൾക്കും തുറക്കുന്ന സാധ്യതകൾ

നൂറ്റാണ്ടുകളായി കടലിനെയും തീരത്തെയും ആശ്രയിച്ചു ജീവിക്കുന്ന തീരദേശ സമൂഹങ്ങൾക്ക് നിയമാനുസൃതമായ സുരക്ഷിതത്വവും പുരോഗതിയും ഉറപ്പാക്കുന്നതിൽ നിർണ്ണായക ചുവടുവെപ്പാണ് പുതിയ മാരിടൈം ഭേദഗതി ബിൽ മുന്നോട്ടുവെക്കുന്നത്. കാലഹരണപ്പെട്ട വ്യവസ്ഥകൾ പരിഷ്കരിച്ചുകൊണ്ട് സമുദ്ര വ്യാപാരം, തീരദേശ ഗതാഗതം, സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയെ ഏകോപിപ്പിക്കുകയാണ് ഈ നിയമനിർമ്മാണത്തിന്റെ കാതൽ. കേവലം വലിയ തുറമുഖങ്ങളുടെയോ വാണിജ്യ കപ്പലുകളുടെയോ നിയന്ത്രണം എന്നതിലുപരി, ഇതിലെ സാധ്യതകൾ തിരിച്ചറിഞ്ഞ ശരിയായ ഉപയോഗിക്കാനായാൽ തീരവുമായി ഇഴചേർന്നു ജീവിക്കുന്ന സാധാരണക്കാരുടെ സുരക്ഷയിലും ജീവിതസാഹചര്യങ്ങളിലും  ഗുണപരമായ മാറ്റങ്ങൾ വരുത്തും.

1. ചെറുകിട-പരമ്പരാഗത യാനങ്ങളുടെ സുരക്ഷയും നിയമാനുസൃത പരിരക്ഷയും
ആധുനിക സുരക്ഷാ മാനദണ്ഡങ്ങൾ: തീരക്കടലിൽ മത്സ്യബന്ധന യാനങ്ങളും വലിയ വാണിജ്യ യാനങ്ങളും തമ്മിൽ ഉണ്ടാകുന്ന അപകടങ്ങളും കൂട്ടിയിടികളും ഒഴിവാക്കുന്നതിനായി നാവിഗേഷൻ മാനദണ്ഡങ്ങളും വെസൽ ട്രാക്കിംഗ് സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നു.
കൃത്യമായ രജിസ്ട്രേഷൻ നടപടികൾ: പരമ്പരാഗത വള്ളങ്ങൾക്കും യാനങ്ങൾക്കും ലളിതമായ ഏകജാലക രജിസ്ട്രേഷൻ, പരിശോധനാ ചട്ടങ്ങൾ എന്നിവ നടപ്പിലാക്കുന്നതിലൂടെ നിയമപരമായ ഉടമസ്ഥാവകാശവും ഇൻഷുറൻസ് പരിരക്ഷയും എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്നു.

2. സമുദ്ര അപകടങ്ങളും രക്ഷാപ്രവർത്തനവും: നഷ്ടപരിഹാരത്തിൽ വേഗത
ഉത്തരവാദിത്ത നിർണ്ണയം: തീരക്കടലിൽ കപ്പലുകൾ മൂലമുണ്ടാകുന്ന അപകടങ്ങളിലോ വള്ളങ്ങൾ തകരുന്ന സാഹചര്യങ്ങളിലോ കപ്പൽ ഉടമകളിൽ നിന്ന് സമയബന്ധിതമായി ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നിയമപരമായ ചട്ടക്കൂട് ശക്തമാക്കുന്നു.
തീരദേശ രക്ഷാപ്രവർത്തനം (SAR) കാര്യക്ഷമമാക്കൽ: മാരിടൈം ഏജൻസികളും കോസ്റ്റ് ഗാർഡും പ്രാദേശിക രക്ഷാപ്രവർത്തകരും തമ്മിലുള്ള ഏകോപനം വർദ്ധിപ്പിച്ച് അപകടങ്ങളിൽപ്പെടുന്ന തൊഴിലാളികൾക്ക് വേഗത്തിൽ സഹായമെത്തിക്കാൻ സഹായകമായ നിർദ്ദേശങ്ങൾ ബിൽ ഉൾക്കൊള്ളുന്നു.

3. തീരദേശ കപ്പൽഗതാഗതവും (Coastal Shipping) പ്രാദേശിക സാമ്പത്തിക വളർച്ചയും
ചെറുകിട തുറമുഖങ്ങളുടെ ഉണർവ്: ഉൾനാടൻ ജലപാതകളെയും മൈനർ പോർട്ടുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കോസ്റ്റൽ ഷിപ്പിംഗിന് ലഭിക്കുന്ന ഇളവുകൾ പ്രാദേശിക വിപണികൾക്ക് പുത്തനുണർവ് നൽകും.

തൊഴിലവസരങ്ങൾ: പ്രാദേശിക കാർഗോ നീക്കം, ബോട്ട് റിപ്പയറിങ്, ഡ്രൈ ഡോക്ക്, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ തീരദേശ യുവജനങ്ങൾക്ക് വലിയ തോതിൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കപ്പെടും.

റോഡ് ഗതാഗതക്കുരുക്കിനും മലിനീകരണത്തിനും പരിഹാരം: ചരക്കുനീക്കം തീരദേശ കപ്പൽമാർഗ്ഗത്തിലേക്ക് മാറുന്നത് വഴി തീരദേശ ഹൈവേകളിലെ തിരക്കും ഇന്ധന മലിനീകരണവും വലിയ തോതിൽ കുറയും.

4. സമുദ്ര പരിസ്ഥിതി സംരക്ഷണവും ശുചിത്വവും
മാലിന്യ നിർമാർജനത്തിൽ കർശന നിയന്ത്രണം: വൻകിട കപ്പലുകളിൽ നിന്നുള്ള എണ്ണച്ചോർച്ച (Oil Spill), സമുദ്ര മലിനീകരണം, ബല്ലാസ്റ്റ് വാട്ടർ തള്ളൽ എന്നിവയ്ക്കെതിരെ ശക്തമായ പിഴയും നിയമനടപടികളും വ്യവസ്ഥ ചെയ്യുന്നു.
തീര ആവാസവ്യവസ്ഥയുടെ സംരക്ഷണം: കടലിലെ മലിനീകരണം തടയപ്പെടുന്നത് മത്സ്യസമ്പത്ത് വർദ്ധിക്കുന്നതിനും പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും ഉൾപ്പെടുന്ന തീരദേശ ആവാസവ്യവസ്ഥ സുരക്ഷിതമായി നിലനിൽക്കുന്നതിനും കാരണമാകുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ നേരിട്ട് സഹായിക്കും.

5. തദ്ദേശവാസികൾക്ക് സമുദ്ര മേഖലയിലെ നൈപുണ്യ വികസനം
മാരിടൈം പരിശീലനവും അംഗീകാരവും: പരമ്പരാഗതമായി സമുദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾക്കും യുവാക്കൾക്കും അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫിക്കേഷനുകളും മാരിടൈം അക്കാദമിക് പരിശീലനങ്ങളും എളുപ്പത്തിൽ നേടാനുള്ള അവസരങ്ങൾ തുറക്കുന്നു.

സാമൂഹിക ക്ഷേമ ഫണ്ടുകൾ: മാരിടൈം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം തീരദേശ വികസനത്തിനും തദ്ദേശീയരുടെ സാമൂഹിക സുരക്ഷയ്ക്കും വിനിയോഗിക്കാനുള്ള പിന്തുണ നൽകുന്നു.
കാലാനുസൃതമായ മാറ്റങ്ങളിലൂടെ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം തീരദേശത്തിന്റെ തനതായ സാമ്പത്തിക ഘടനയെ തകർക്കാതെ അതിന് പുതിയ മാനങ്ങൾ നൽകാൻ ഈ മാരിടൈം ഭേദഗതി ബിൽ വഴിയൊരുക്കുന്നു. നിയമ നിർവ്വഹണത്തിൽ പ്രാദേശിക താല്പര്യങ്ങൾ കൂടി സംരക്ഷിക്കപ്പെടുമ്പോൾ, ഈ ഭേദഗതികൾ തീരവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കും.

Tuesday, October 27, 2026

വിവാഹത്തിനുള്ള ഒരുക്കത്തേക്കാൾ എളുപ്പത്തിൽ വിവാഹമോചനം !

വിവാഹത്തിനുള്ള ഒരുക്കത്തേക്കാൾ എളുപ്പത്തിൽ വിവാഹമോചനം ! 
വിവാഹം നടത്തുന്നതിന് വർഷങ്ങളും മാസങ്ങളും ഒരുങ്ങിയാണ് പലരും കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ തെറ്റായ കൂടിച്ചേരലായിരുന്നു വിവാഹം എന്ന് ബോധ്യം വന്നാൽ ഒരു കാത്തിരിപ്പും ഇല്ലാതെ ബന്ധം ഒഴിവാക്കാം.  പരസ്പര സമ്മതത്തോടെയുള്ള ക്രൈസ്തവ  വിവാഹമോചനത്തിന്  വിവാഹത്തിനുശേഷം ഒരു വർഷക്കാലം പിരിഞ്ഞു താമസിക്കണം എന്ന നിയമപരമായ നിബന്ധന കോടതി റദ്ദാക്കി എന്നത് അധികം വാർത്തയായിരുന്നില്ല. . ചുരുക്കത്തിൽ വിവാഹശേഷം എപ്പോൾ വേണമെങ്കിലും പരസ്പര സമരത്തോടെ ബന്ധം വേർപെടുത്താവുന്ന സാഹചര്യം ഇന്ന് നിയമപരമായി സംജാതമായിരിക്കുന്നു. 

വിവാഹം എന്നത് കേവലം ഒരു ഉടമ്പടിയല്ല; ആത്മീയവും സാമൂഹികവുമായ വിശുദ്ധി കൽപ്പിച്ചുപോരുന്ന ഒന്നാണ്. "ദൈവം ചേർത്തതിനെ മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ" (മത്തായി 19:6) എന്ന ബൈബിൾ വചനം വൈവാഹിക ജീവിതത്തിന്റെ പവിത്രതയെ അടയാളപ്പെടുത്തുന്നു. എന്നാൽ പ്രായോഗിക ജീവിതത്തിൽ എല്ലാ വിവാഹങ്ങളും വിജയകരമാകണമെന്നില്ല. ഒത്തുപോകാൻ സാധിക്കാത്ത ഒരു ബന്ധത്തിൽ കുടുങ്ങിപ്പോയെന്ന് തിരിച്ചറിയുന്ന ദമ്പതികളെ, നിയമപരമായ സാങ്കേതികത്വങ്ങളുടെ പേരിൽ ഒരു വർഷക്കാലം നിസ്സഹായരായി തുടരാൻ ഭരണകൂടം നിർബന്ധിക്കുന്നത് നീതീകരിക്കാനാകുമോ എന്ന് ചോദ്യമാണ് കേരള ഹൈക്കോടതിയുടെ ബെഞ്ചിന് മുന്നിലെത്തിയത്. 

ഈ ഗൗരവതരമായ ചോദ്യത്തിനാണ്  [2022 (7) KHC 532]  ചരിത്രപ്രസിദ്ധമായ വിധിയിലൂടെ കേരള ഹൈക്കോടതി തീർപ്പുകൽപ്പിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, 1869-ലെ ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ (Divorce Act, 1869) സെക്ഷൻ 10A പ്രകാരമുള്ള നിർബന്ധിത ഒരു വർഷത്തെ വേർപിരിയൽ കാലാവധി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കി. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെയും (ആർട്ടിക്കിൾ 14) അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും (ആർട്ടിക്കിൾ 21) ലംഘനമാണിതെന്ന് കോടതി നിരീക്ഷിച്ചു.
കേസിന്റെ പശ്ചാത്തലം
2022 ജനുവരി 30-നായിരുന്നു ക്രിസ്തീയ ആചാരപ്രകാരം ആ രണ്ടു ചെറുപ്പക്കാരുടെ വിവാഹം നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഒത്തുപോകാൻ കഴിയില്ലെന്നും വിവാഹബന്ധം പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്നും ഇരുവരും തിരിച്ചറിഞ്ഞു.
പരസ്പരം ചെളിവാരിയെറിഞ്ഞ് കോടതി കയറിയിറങ്ങുന്നതിന് പകരം, പരസ്പര സമ്മതത്തോടെ സമാധാനപരമായി വേർപിരിയാൻ അവർ തീരുമാനിച്ചു. വിവാഹം കഴിഞ്ഞ് വെറും നാലു മാസങ്ങൾക്കകം—2022 മെയ് 31-ന്— കുടുംബക്കോടതിയിൽ സെക്ഷൻ 10A പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജി അവർ സമർപ്പിച്ചു.
എന്നാൽ, നിയമപ്രകാരം ഒരു വർഷത്തെ വേർപിരിയൽ കാലയളവ് പൂർത്തിയാകാത്തതിനാൽ കുടുംബക്കോടതി ഈ ഹർജി ഫയലിൽ സ്വീകരിക്കാൻ വിസമ്മതിച്ചു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്.
നിയമപരമായ പരിണാമം 
ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച 1869-ലെ ആക്ട് പ്രകാരം ക്രിസ്ത്യാനികൾക്ക് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് വ്യവസ്ഥയുണ്ടായിരുന്നില്ല. 2001-ൽ വരുത്തിയ ഭേദഗതിയിലൂടെയാണ് സെക്ഷൻ 10A ഉൾപ്പെടുത്തിയത്. എന്നാൽ ഇതിൽ രണ്ട് വർഷത്തെ വേർപിരിയൽ കാലയളവ് നിർബന്ധമാക്കിയിരുന്നു. ഹിന്ദു വിവാഹ നിയമത്തിലും (സെക്ഷൻ 13B), സ്പെഷ്യൽ മാര്യേജ് ആക്ടിലും (സെക്ഷൻ 28) ഇത് ഒരു വർഷമായിരിക്കെ, ക്രിസ്ത്യൻ വിഭാഗത്തിന് മാത്രം രണ്ട് വർഷം നിഷ്കർഷിച്ചത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി 2010-ൽ കേരള ഹൈക്കോടതി ഈ കാലാവധി ഒരു വർഷമായി ചുരുക്കി.

എങ്കിലും ഒരു വലിയ വിടവ് അപ്പോഴും നിലനിന്നിരുന്നു:
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 14 പ്രകാരവും, സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 29 പ്രകാരവും അസാധാരണമായ ദുരിതമോ പ്രതിസന്ധിയോ (exceptional hardship) അനുഭവിക്കുന്ന ഘട്ടങ്ങളിൽ ഒരു വർഷത്തെ കാത്തിരിപ്പൊഴിവാക്കാൻ കോടതികൾക്ക് വിവേചനാധികാരമുണ്ട്.

എന്നാൽ ക്രിസ്ത്യൻ വിവാഹ നിയമത്തിൽ ഇത്തരമൊരു ഇളവ് നൽകാൻ കോടതികൾക്ക് യാതൊരു നിയമപരമായ പഴുതും വ്യവസ്ഥ ചെയ്തിരുന്നില്ല.
സെക്ഷൻ 10 പ്രകാരം പരസ്പരം പഴിചാരിയും (Fault grounds) വിവാഹം പൂർത്തീകരിച്ചിട്ടില്ലെന്ന കുറ്റപ്പെടുത്തലുകൾ പരസ്യമായി ഉന്നയിച്ചും ഒരാൾ കോടതിയിലെത്തിയാൽ, ഒരു വർഷത്തെ കാത്തിരിപ്പില്ലാതെ തന്നെ വിവാഹമോചന ഹർജി സമർപ്പിക്കാം. എന്നാൽ, ഇരുകൂട്ടരും മാന്യതയോടെയും പരസ്പര ബഹുമാനത്തോടെയും രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച് സെക്ഷൻ 10A പ്രകാരം മുന്നോട്ട് വന്നാൽ  വിവാഹശേഷം ഒരു വർഷം വേർതിരിഞ്ഞ് താമസിക്കണം.  അതായത്, സമാധാനപരമായ വേർപിരിയലിന് കാത്തിരിപ്പും, തർക്കങ്ങളുടെ പേരിലുള്ള വിവാഹ വചനത്തിന് വേണമെങ്കിൽ ഉടനടി ഹർജി നൽകുകയും ചെയ്യാവുന്ന അവസ്ഥ.
ഭരണഘടനാപരമായ നിരീക്ഷണങ്ങൾ
1. വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനം: ജോൺ സ്റ്റുവർട്ട് മില്ലിന്റെ 'ഓൺ ലിബർട്ടി' എന്ന പുസ്തകവും റൊണാൾഡ് ദ്വോർക്കിന്റെ സിദ്ധാന്തങ്ങളും ഉദ്ധരിച്ച കോടതി, സമൂഹ നന്മയ്ക്കായി ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വ്യക്തികളുടെ അന്തസ്സും സ്വാതന്ത്ര്യവും ഹനിക്കുന്നതാകരുതെന്ന് ചൂണ്ടിക്കാട്ടി. അസാധാരണ സാഹചര്യങ്ങളിൽ പോലും ഇളവില്ലാത്ത നിയമപരമായ കാർക്കശ്യം ഭരണകൂട പീഡനമായി മാറും.
2. നീതിന്യായ പരിഹാരത്തിനുള്ള അവകാശം: അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിൽ (ആർട്ടിക്കിൾ 21) സമയബന്ധിതമായി നീതി ലഭിക്കാനുള്ള അവകാശവും ഉൾപ്പെടുന്നു. അനാവശ്യമായ കാത്തിരിപ്പിലൂടെ നീതി നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ്.
ഇക്കാരണങ്ങളാൽ, സെക്ഷൻ 10A-യിലെ നിർബന്ധിത ഒരു വർഷത്തെ വേർപിരിയൽ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി റദ്ദാക്കി.
ഏകീകൃത വിവാഹ കോഡിനായുള്ള ആഹ്വാനം
ഭരണഘടനയുടെ ആർട്ടിക്കിൾ 44 പരാമർശിച്ചുകൊണ്ട് കുടുംബ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വരണമെന്ന് ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു.
ഇന്നത്തെ കുടുംബക്കോടതികൾ പലപ്പോഴും ദമ്പതികൾ പരസ്പരം പഴിചാരുന്ന യുദ്ധക്കളങ്ങളായി മാറുന്നത് വിവാഹ നിയമങ്ങൾ തെറ്റുകൾ കണ്ടെത്താൻ (fault-based) നിർബന്ധിക്കുന്നതുകൊണ്ടാണ്. മതപരമായ വ്യത്യാസങ്ങൾക്കപ്പുറം പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതും, കലഹങ്ങളില്ലാതെ വ്യക്തികളുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഒരു ഏകീകൃത വിവാഹ കോഡ് (Uniform Marriage Code) കൊണ്ടുവരുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കേണ്ട സമയമാണിതെന്നും കോടതി നിരീക്ഷിച്ചു.
ഈ വിധി നൽകുന്ന പ്രധാന ആശ്വാസങ്ങൾ
നിർബന്ധിത കാത്തിരിപ്പില്ല: കേരളത്തിലെ ക്രിസ്ത്യൻ ദമ്പതികൾക്ക് അസാധ്യമായ ദാമ്പത്യ ബന്ധങ്ങളിൽ നിന്ന് വേർപിരിയാൻ ഇനി ഒരു വർഷത്തെ വേർപിരിയൽ കാലാവധി നിർബന്ധമല്ല.

വ്യാജ ആരോപണങ്ങൾ ഒഴിവാക്കാം: വേഗത്തിൽ വിവാഹമോചനം നേടാൻ വേണ്ടി പരസ്പരം അടിസ്ഥാനരഹിതമായ കുറ്റപ്പെടുത്തലുകൾ ഉന്നയിക്കേണ്ടി വരുന്ന സാഹചര്യം ഇല്ലാതായി.

മാനസിക പീഡനം ലഘൂകരിക്കുന്നു: ദാമ്പത്യം പൂർണ്ണമായും തകർന്നുവെന്ന് വ്യക്തമായ സാഹചര്യങ്ങളിൽ അനാവശ്യ കോടതി ഹാജരാകലുകൾ ഒഴിവാക്കി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.
വിവാഹത്തിൽ പ്രവേശിക്കുന്നത് പോലെ തന്നെ, ഒരുമിച്ചു പോകാൻ സാധിക്കാത്ത ബന്ധത്തിൽ നിന്ന്   പുറത്തുകടക്കാനുള്ള അവകാശവും ഒരു പൗരന്റെ മൗലികാവകാശമാണെന്ന് കോടതി രേഖപ്പെടുത്തി. അതേസമയം ഇങ്ങനെ ഒരു വർഷം എങ്കിലും വേണം എന്ന കാലാവധി ഉള്ളതു കാരണം എടുത്തുചാടിയുള്ള അപക്വ തീരുമാനങ്ങൾ ഒഴിവാക്കാനും വിവാഹത്തിന്റെ പവിത്രത ആശയപരമായി ഉൾക്കൊള്ളാനുമൊക്കെയാണ്  ഈ കാത്തിരിപ്പ് കാലാവധി എന്ന മറുവശവും ഉണ്ട്.

Tuesday, October 13, 2026

പതിനാറാം കേരള നിയമസഭയിൽ അവതരിപ്പിച്ച "2026-ലെ കേരളം മുതിർന്ന പൗരൻമാരുടെ (പരിചരണവും അവകാശസംരക്ഷണവും) ബിൽ" (The Keralam Senior Citizens' (Care and Protection of Rights) Bill, 2026)

പതിനാറാം കേരള നിയമസഭയിൽ അവതരിപ്പിച്ച "2026-ലെ കേരളം മുതിർന്ന പൗരൻമാരുടെ (പരിചരണവും അവകാശസംരക്ഷണവും) ബിൽ" (The Keralam Senior Citizens' (Care and Protection of Rights) Bill, 2026), സംസ്ഥാനത്തെ വയോജനങ്ങളുടെ അന്തസ്സും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പാണ്.

കുടുംബസംവിധാനങ്ങളിലെ മാറ്റങ്ങളും വർദ്ധിച്ചുവരുന്ന ആയുർദൈർഘ്യവും കണക്കിലെടുത്ത്, മുതിർന്ന പൗരന്മാർക്ക് നിയമപരവും സാമൂഹികവുമായ സമഗ്ര സംരക്ഷണം ഉറപ്പാക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം.

1. ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ

 സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ തരത്തിലുള്ള വയോജന പരിചരണ കേന്ദ്രങ്ങൾക്ക് (Care Centres) കൃത്യമായ മാനദണ്ഡങ്ങളും രജിസ്ട്രേഷനും നിയന്ത്രണവും ഏർപ്പെടുത്തുക.

വയോജനങ്ങളുടെ ആരോഗ്യകരവും സജീവവുമായ വാർദ്ധക്യം (Healthy and Active Ageing) പ്രോത്സാഹിപ്പിക്കുക.
 
കെയർ ഗിവർമാർക്കും (Caregivers) കുടുംബാംഗങ്ങൾക്കും ആവശ്യമായ പരിശീലനവും ശേഷി വികസനവും ഉറപ്പുവരുത്തുക.
 
വയോജനങ്ങളുടെ അവകാശങ്ങൾ, അന്തസ്സ്, സാമൂഹിക സുരക്ഷ എന്നിവ സംരക്ഷിക്കുക.

2. പ്രധാന നിർവ്വചനങ്ങളും ആശയങ്ങളും
 മുതിർന്ന പൗരന്മാർ (Senior Citizens): 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഇന്ത്യൻ പൗരന്മാർ. (80 വയസ്സിന് മുകളിലുള്ളവരെ 'Oldest of the old' ആയി പ്രത്യേകം നിർവ്വചിച്ചിരിക്കുന്നു).
 
സ്വന്തം ഭവനത്തിലെ വാർദ്ധക്യം (Ageing in Place): മുതിർന്ന പൗരന്മാർക്ക് സ്വന്തം വീടുകളിലും സമൂഹത്തിലും സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാൻ മുൻഗണന നൽകുക; വൃദ്ധസദനങ്ങൾ അവസാന ആശ്രയം മാത്രമാക്കുക.
 
കെയർ ഗിവർമാർ: പരിചരണത്തിനായി പ്രതിഫലത്തോടെയോ സന്നദ്ധമായോ സേവനം നൽകുന്ന, പരിശീലനം ലഭിച്ച വ്യക്തികൾ.
 
ലിവിംഗ് വിൽ (Living Will): ജീവിതത്തിന്റെ അവസാനഘട്ട ചികിത്സാ തീരുമാനങ്ങൾ (വെന്റിലേറ്റർ, സർജറി, ഐ.സി.യു പ്രവേശനം തുടങ്ങിയവ ഒഴിവാക്കൽ) സംബന്ധിച്ച് വ്യക്തി സ്വമേധയാ തയ്യാറാക്കുന്ന രേഖാമൂലമുള്ള പ്രഖ്യാപനം.

3. മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ
 മുതിർന്ന വനിതകൾക്കുള്ള മുൻഗണന: വിധവകൾ, ഉപേക്ഷിക്കപ്പെട്ടവർ, ഭിന്നശേഷിക്കാർ, അതിക്രമങ്ങൾക്ക് ഇരയായവർ എന്നിവർക്ക് പരിചരണ കേന്ദ്രങ്ങളിലും പകൽവീടുകളിലും പ്രവേശനത്തിന് മുൻഗണന.
 
പരിചരണ ലഭ്യതയ്ക്കുള്ള അവകാശം: സാമ്പത്തിക-സാമൂഹിക വിവേചനമില്ലാതെ പല്ലിയേറ്റീവ് കെയർ, ഹോസ്പിസ് കെയർ, ഹോം കെയർ സേവനങ്ങൾ എന്നിവ പ്രാപ്യമാക്കൽ.
 
സുരക്ഷിതമായ പൊതു ഇടങ്ങൾ: റാംപുകൾ, പ്രത്യേക ക്യൂ സമ്പ്രദായം, മുൻഗണനാ ഇരിപ്പിടങ്ങൾ, വയോജന സൗഹൃദ ശൗചാലയങ്ങൾ എന്നിവ ഉറപ്പാക്കൽ.
 
ഡിജിറ്റൽ സുരക്ഷയും സൈബർ പരിരക്ഷയും: മുതിർന്നവർക്കായി ലളിതമായ ഡിജിറ്റൽ സംവിധാനങ്ങൾ, പ്രത്യേക സൈബർ സെല്ലുകൾ, ബാങ്കിംഗ് ഇടപാടുകളിലെ അധിക സുരക്ഷാ മാനദണ്ഡങ്ങൾ.
 
സൗജന്യ നിയമസഹായം: ലീഗൽ സർവീസസ് അതോറിറ്റി മുഖേന സൗജന്യ നിയമസഹായത്തിനുള്ള അവകാശം.
 
അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ബാധ്യത: വയോജനങ്ങൾക്കെതിരെയുള്ള അതിക്രമമോ അവഗണനയോ ശ്രദ്ധയിൽപ്പെട്ടാൽ മെഡിക്കൽ പ്രാക്ടീഷണർമാരും പരിചരണ കേന്ദ്രങ്ങളും 48 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണം.

4. സംഘടനാ സംവിധാനങ്ങൾ
നിയമം നടപ്പിലാക്കുന്നതിനായി താഴെ പറയുന്ന മൂന്ന് തലങ്ങളിലുള്ള സംവിധാനങ്ങൾ വ്യവസ്ഥ ചെയ്യുന്നു:

സ്റ്റേറ്റ് സീനിയർ സിറ്റിസൺ പ്രൊട്ടക്ഷൻ യൂണിറ്റ്: സംസ്ഥാന തലത്തിൽ തിരുവനന്തപുരത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്നു; ഡയറക്ടർ (ഡയറക്ടറേറ്റ് ഓഫ് സീനിയർ സിറ്റിസൺസ്) അധ്യക്ഷനായിരിക്കും.
 
ഡിസ്ട്രിക്ട് ലെവൽ സീനിയർ സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം: ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ പോലീസ് മേധാവി, ഡി.എം.ഒ തുടങ്ങിയവർ അംഗങ്ങളുമായുള്ള ജില്ലാതല ഫോറം.
 
ഡിസ്ട്രിക്ട് ലെവൽ സീനിയർ സിറ്റിസൺ പ്രൊട്ടക്ഷൻ യൂണിറ്റ്: ജില്ലാ ഓഫീസറുടെ നേതൃത്വത്തിൽ പരാതികളിൽ അന്വേഷണം നടത്താനും ഉത്തരവുകൾ നടപ്പിലാക്കാനുമുള്ള നിർവ്വഹണ സമിതി.

 ഇതിനുപുറമേ, ഓരോ പോലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറിൽ (ASI) കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിക്കും.

5. പരിചരണ കേന്ദ്രങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രണവും
 എല്ലാ വയോജന പരിചരണ കേന്ദ്രങ്ങൾക്കും (ഡേ കെയർ, പകൽവീടുകൾ, റിട്ടയർമെന്റ് ഹോമുകൾ, ഹോം കെയർ ഏജൻസികൾ) രജിസ്ട്രേഷൻ നിർബന്ധമാണ്.
 
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി 4 വർഷമായിരിക്കും.
 
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി കെയർ ഗിവർമാരെ നൽകുന്ന ഏജൻസികൾക്ക് കൃത്യമായ വിവരശേഖരണവും സൈബർ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കേണ്ട ബാധ്യതയുണ്ട്.
 
കെയർ ഗിവർമാർക്ക് കേരള ജെറിയാട്രിക് കെയർ സർട്ടിഫിക്കേഷൻ ഫ്രെയിംവർക്ക് വഴി ഘട്ടംഘട്ടമായി പരിശീലനവും സർട്ടിഫിക്കേഷനും ഉറപ്പാക്കും. കൂടാതെ, സംസ്ഥാന തലത്തിൽ ഇവരുടെ പൊതു രജിസ്റ്റർ സൂക്ഷിക്കും.

6. ക്ഷേമനിധിയും സാമ്പത്തിക വ്യവസ്ഥകളും
സ്റ്റേറ്റ് റിസർവ് ഫണ്ട് ഫോർ ദി വെൽഫെയർ ഓഫ് സീനിയർ സിറ്റിസൺസ്: വയോജന ക്ഷേമത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കും. സർക്കാർ ഗ്രാന്റുകൾ, ഫീസുകൾ, പിഴകൾ, സംഭാവനകൾ, അവകാശികളില്ലാത്ത സ്വത്തുക്കൾ എന്നിവ ഇതിലേക്ക് വകയിരുത്തും. ഇതിനായി സർക്കാർ വാർഷിക ആവർത്തനച്ചെലവായി 20 ലക്ഷം രൂപ മാറ്റിവെക്കുന്നു.

7. ശിക്ഷാ നടപടികൾ
മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് കർശന ശിക്ഷകളാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്:
 
അംഗീകാരമില്ലാതെ പരിചരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കൽ: 1 വർഷം വരെ തടവ് അല്ലെങ്കിൽ 25,000 രൂപ പിഴ, അല്ലെങ്കിൽ രണ്ടും കൂടി.
 
ശാരീരിക-മാനസിക അതിക്രമം / ക്രൂരത: കുടുംബാംഗങ്ങളോ പരിചരണ ജീവനക്കാരോ ക്രൂരത കാട്ടിയാൽ 3 വർഷം വരെ തടവും 50,000 രൂപ പിഴയും.
 
ഉപേക്ഷിക്കൽ: വയോജനങ്ങളെ ഒഴിവാക്കാനായി സമ്മതമില്ലാതെ കേന്ദ്രങ്ങളിലോ മറ്റോ ഉപേക്ഷിച്ചാൽ 3 വർഷം വരെ തടവും 50,000 രൂപ പിഴയും.
 
വയോജനങ്ങളുടെ സ്വത്ത് അവിഹിതമായി കൈവശപ്പെടുത്തൽ: 3 വർഷം വരെ തടവും 50,000 രൂപ പിഴയും.
 
നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളും കോഗ്നിസിബിളും (Cognizable) ജാമ്യം ലഭിക്കാവുന്നതുമായിരിക്കും (Bailable). ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികൾക്കാണ് വിചാരണാധികാരം.

കേരളത്തിലെ മാറുന്ന സാമൂഹിക പശ്ചാത്തലത്തിൽ, വയോജനങ്ങളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്താനും ഗാർഹിക-സ്ഥാപന പരിചരണ രംഗങ്ങളെ ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും ലക്ഷ്യമിടുന്ന സമഗ്രവും മാതൃകാപരവുമായ ഒരു നിയമനിർമ്മാണമാണ് 2026-ലെ ഈ ബിൽ. ഇന്ന് (ഒൿടോബർ 13) നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്.