Search This Blog

Friday, October 30, 2026

വ്യവസായ-നിക്ഷേപ രംഗത്ത് പുതിയ നിയമം - 'സരൾ': ഒറ്റ അനുമതി, ഒരൊറ്റ രേഖ


വ്യവസായ-നിക്ഷേപ രംഗത്ത് പുതിയ നിയമം 'സരൾ': ഒറ്റ അനുമതി, ഒരൊറ്റ രേഖ

സംസ്ഥാനത്ത് വൻകിട നിക്ഷേപങ്ങളും സംരംഭങ്ങളും ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള അനുമതികൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപം നൽകിയ സുപ്രധാന നിയമനിർമ്മാണമാണ് സരൾ (SARAL - Simplified & Accelerated Regulatory Approvals and Licensing) ബിൽ, 2026. 'ഒരു സംസ്ഥാനം - ഒരു അനുമതി - ഒരു രേഖ' എന്ന  ബിൽ 29.10.26 തീയതി നിയമസഭ പാസാക്കി 

പ്രധാന ലക്ഷ്യങ്ങളും പരിധിയും

  • നിക്ഷേപ പരിധി: 25 കോടി രൂപയ്ക്ക് മുകളിൽ മൂലധന നിക്ഷേപമുള്ള (ഭൂമി, കെട്ടിടം, പ്ലാന്റ്, യന്ത്രസാമഗ്രികൾ തുടങ്ങിയ സ്ഥിര ആസ്തികൾ) ഉൽപ്പാദന, സേവന, വ്യാപാര, അടിസ്ഥാന സൗകര്യ പദ്ധതികൾക്കാണ് ഈ നിയമം ബാധകമാകുന്നത്. നിർണ്ണായക നിക്ഷേപങ്ങളുള്ള (Critical Investments) പ്രത്യേക മേഖലകൾക്ക് സർക്കാരിന് ഈ പരിധിയിൽ ഇളവുകൾ പ്രഖ്യാപിക്കാവുന്നതാണ്.
  • ഏകീകൃത സംരംഭ ക്ലിയറൻസ് സർട്ടിഫിക്കറ്റ്: വിവിധ വകുപ്പുകളിൽ വെവ്വേറെ പോയി ലൈസൻസുകൾ എടുക്കുന്നതിന് പകരം, എല്ലാ സംസ്ഥാന ക്ലിയറൻസുകളും ഒരുമിച്ച് രേഖപ്പെടുത്തിയ ഒരൊറ്റ സർട്ടിഫിക്കറ്റ് നൽകുന്നു.

ഭരണനിർവ്വഹണ ഘടന (Administrative Framework)

പദ്ധതികളെ അവയുടെ നിക്ഷേപ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് തലങ്ങളായി തിരിച്ചാണ് പരിശോധിക്കുന്നത്:

  1. സംസ്ഥാനതല സംവിധാനം (50 കോടി രൂപയ്ക്ക് മുകളിൽ):
    • സംസ്ഥാനതല പ്രമാണീകരണ മൂല്യനിർണ്ണയ കമ്മിറ്റി: വ്യവസായ വകുപ്പ് സെക്രട്ടറി ചെയർപേഴ്സണും KSIDC മാനേജിംഗ് ഡയറക്ടർ കൺവീനറുമായ കമ്മിറ്റി സാങ്കേതിക റിപ്പോർട്ടുകൾ ഏകോപിപ്പിക്കുന്നു.
    • സംസ്ഥാനതല അംഗീകാര കമ്മിറ്റി: ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് അനുമതികളിൽ അന്തിമ തീരുമാനമെടുക്കുന്നത്.
  2. ജില്ലാതല സംവിധാനം (25 കോടി മുതൽ 50 കോടി രൂപ വരെ):
    • ജില്ലാതല പ്രമാണീകരണ മൂല്യനിർണ്ണയ കമ്മിറ്റി: ജില്ലാ വികസന കമ്മീഷണർ അല്ലെങ്കിൽ സബ് കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം (DIC) ജനറൽ മാനേജർ കൺവീനറുമായ സമിതി.
    • ജില്ലാതല അംഗീകാര കമ്മിറ്റി: ജില്ലാ കളക്ടർ അധ്യക്ഷനായ സമിതി അന്തിമ അനുമതികൾ നൽകുന്നു.

സംസ്ഥാനതലത്തിൽ KSIDC-യും ജില്ലാതലത്തിൽ ജില്ലാ വ്യവസായ കേന്ദ്രങ്ങളും (DIC) 'സരൾ സെക്രട്ടേറിയറ്റ്' ആയി പ്രവർത്തിക്കുന്നു.

സമയബന്ധിതമായ അനുമതി നടപടികൾ (75 ദിവസങ്ങൾ)

പൂർണ്ണമായ അപേക്ഷ സമർപ്പിച്ചാൽ പരമാവധി 75 ദിവസത്തിനകം മുഴുവൻ പ്രക്രിയകളും പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകണമെന്ന് ബിൽ നിഷ്കർഷിക്കുന്നു:

  • 10 ദിവസത്തിനകം: സരൾ സെക്രട്ടേറിയറ്റ് അപേക്ഷ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നു.
  • 30 ദിവസത്തിനകം: വകുപ്പുകൾ സാങ്കേതിക പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകുന്നു. ന്യൂനതകൾ ഉണ്ടെങ്കിൽ ഒറ്റത്തവണയായി മാത്രമേ ഡിഫക്ട് മെമ്മോ (Defect Memo) നൽകാവൂ.
  • 15 ദിവസത്തിനകം: മൂല്യനിർണ്ണയ കമ്മിറ്റി ഏകോപിത റിപ്പോർട്ട് തയ്യാറാക്കുന്നു.
  • 20 ദിവസത്തിനകം: അംഗീകാര കമ്മിറ്റി തീരുമാനമെടുക്കുകയും അന്നുതന്നെ ഡിജിറ്റൽ ഒപ്പോടുകൂടിയ 'ഏകീകൃത സംരംഭ ക്ലിയറൻസ് സർട്ടിഫിക്കറ്റ്' നൽകുകയും ചെയ്യുന്നു.

ഏകീകൃത പുതുക്കലും റിസ്ക് അധിഷ്ഠിത പരിശോധനയും

  • പൊതു പുതുക്കൽ തീയതി: സർട്ടിഫിക്കറ്റിലെ എല്ലാ സംസ്ഥാന ക്ലിയറൻസുകൾക്കും ഒരൊറ്റ കാലാവധിയും പൊതുവായ പുതുക്കൽ തീയതിയും (Common Renewal Date) ഉണ്ടായിരിക്കും.
  • റിസ്ക് അടിസ്ഥാനമാക്കിയുള്ള രീതി: കുറഞ്ഞ റിസ്ക് ഉള്ളവയ്ക്ക് പോർട്ടൽ വഴി സ്വയം സാക്ഷ്യപ്പെടുത്തലിലൂടെയും (Self-certification), ഇടത്തരം റിസ്കുള്ളവയ്ക്ക് പരിമിത പരിശോധനയിലൂടെയും, ഉയർന്ന റിസ്കുള്ളവയ്ക്ക് കർശന സാങ്കേതിക പരിശോധനയിലൂടെയും 30 ദിവസത്തിനകം പുതുക്കൽ അനുവദിക്കുന്നു.
  • ഫീസ് വിഭജനം: അപേക്ഷകൻ പോർട്ടലിലൂടെ ഒറ്റ പേയ്മെന്റായി ഫീസ് അടച്ചാൽ, ബന്ധപ്പെട്ട വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും തുക ഓട്ടോമാറ്റിക്കായി വിഭജിച്ച് നൽകുന്ന സംവിധാനം നിലവിൽ വരും.

കേന്ദ്ര ക്ലിയറൻസുകളും സുരക്ഷാ മാനദണ്ഡങ്ങളും

  • കേന്ദ്ര നിയമങ്ങൾ: കേന്ദ്ര സർക്കാരിന്റെയോ ഏജൻസികളുടെയോ കീഴിലുള്ള അനുമതികൾ അതത് നിയമങ്ങൾക്കനുസരിച്ച് അപേക്ഷകൻ നേരിട്ട് നേടേണ്ടതാണ്. എന്നാൽ അവയുടെ വിവരങ്ങൾ പോർട്ടൽ വഴി സരൾ സർട്ടിഫിക്കറ്റിൽ മേൽക്കുറിപ്പായി രേഖപ്പെടുത്തും.
  • സുരക്ഷാ വിട്ടുവീഴ്ചയില്ല: പൊതുജനാരോഗ്യം, തൊഴിൽ സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ ഒരുവിധ ഇളവുകളും അനുവദിക്കില്ല. നിബന്ധനകൾ ലംഘിക്കുന്ന പക്ഷം ക്ലിയറൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ അംഗീകാര കമ്മിറ്റിക്ക് പൂർണ്ണ അധികാരമുണ്ട്.

അപ്പീലും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തവും

  • ജില്ലാതല അംഗീകാര കമ്മിറ്റിയുടെ തീരുമാനങ്ങൾക്കെതിരെ 30 ദിവസത്തിനകം സംസ്ഥാനതല അംഗീകാര കമ്മിറ്റിയിൽ അപ്പീൽ നൽകാം. 45 ദിവസത്തിനകം ഇതിൽ തീർപ്പുണ്ടാകും.
  • നിശ്ചിത സമയപരിധിക്കുള്ളിൽ പരിശോധനയോ റിപ്പോർട്ടോ നൽകാതെ അനാവശ്യ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ സർവ്വീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്കനടപടി സ്വീകരിക്കും.

കേരളത്തിലെ ചുവപ്പുനാടകൾ ഒഴിവാക്കി, വ്യവസായ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും വൻകിട നിക്ഷേപകരെ ആകർഷിക്കുന്നതിനും 'സരൾ' നിയമം ഒരു വഴിത്തിരിവായി മാറും എന്താണ് കരുതപ്പെടുന്നത്.


Full Text Pdf 

https://acrobat.adobe.com/id/urn:aaid:sc:AP:1e5d013d-23c9-4de6-a623-43df575c456a

SARAL - DOWNLOAD PDF

No comments:

Post a Comment