Search This Blog

Friday, April 26, 2019

Whether Children participating in strikes an offence under Juvenile Justice Act ? Liability of parents !

Whether Children participating in strikes an offence under Juvenile Justice Act ? Liability of parents ! 
Article by Sherry J Thomas @ 9447200500

ഒരു സമരത്തിന്‍റെ  ഓര്‍മ്മ  

 നിര്‍മ്മലയുടെ മകൾ അപ്പര്‍ പ്രൈമറി സ്കൂളിലാണ് പഠിക്കുന്നത്. നിരവധിയാളുകള്‍ പങ്കെടുക്കുന്ന ഒരു വലിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു മകളുടെ സ്കൂളിലെ അധ്യാപകര്‍. സമരത്തിന് ചിലരെല്ലാം എതിരാണ് പക്ഷെ ചിലര്‍ അനുകൂലവുമാണ്. പരസ്യപരിപാടികള്‍ ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നു. ഇതിനിടെ സമരവേദിയുടെ സമീപത്തുള്ള ഒരു സ്കൂളിന്‍റെ മതിലില്‍ സമരത്തിന്‍റെ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ  രംഗത്തിറക്കിയ അധ്യാപികമാരുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് കുട്ടികളെ ഇതിന് നിര്‍ബന്ധിക്കുന്നുവെന്ന പേരില്‍ പരാതിയുമായി വേറെ ചില മാതാപിതാക്കളും രംഗത്തെത്തി.  തങ്ങളുടെ വീടിനടുത്ത്, ജനവാസകേന്ദ്രത്തില്‍ എണ്ണകമ്പനിയുടെ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരെ  നടന്ന പ്രതിഷേധത്തില്‍ മുമ്പൊരിക്കല്‍ കുട്ടിയുമൊത്ത് സമരത്തില്‍ പങ്കെടുക്കാന്‍ പോയ കാര്യം നിര്‍മ്മലയുടെ ഓര്‍മ്മയില്‍ വന്നു. അന്ന് നടന്ന സമരത്തില്‍ ചെറിയതോതില്‍ തിക്കിലും തിരക്കിലും പെട്ട് കുട്ടിയുടെ കാലില്‍ ആരോ ചവിട്ടി പരിക്കുപറ്റി ആശുപത്രിയില്‍ എത്തിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കോടതിയില്‍ നിന്ന് നിര്‍മ്മലയ്ക്ക് ഒരു സമന്‍സ് കിട്ടി- കുട്ടിയെ സമരത്തില്‍ പങ്കെടുപ്പിച്ചതിന് കുട്ടിയുടെ രക്ഷകര്‍ത്താവ് എന്ന നിലയില്‍. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്‍റെ വകുപ്പ് 75 ന്‍റെ ലംഘനം നടത്തി എന്നതാണ് കുറ്റമായി സൂചിപ്പിച്ചിരുന്നത്. അതിന്‍റെ വേവലാതിയില്‍ കഴിഞ്ഞിരുന്ന അവര്‍, കുട്ടിയെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അധ്യാപകര്‍ കൊണ്ടുനടന്ന്, സമരത്തില്‍ പങ്കെടുപ്പിച്ചാല്‍ പിന്നെയും സമന്‍സ് തനിക്കുവരുമോ എന്ന ഭയത്തിലായിരുന്നു. 

കുട്ടി സമരത്തില്‍ പങ്കെടുത്താല്‍ സമന്‍സ് അമ്മയ്ക്കോ?

 സമരങ്ങള്‍ ചിലപ്പോള്‍ പോലീസ് ഇടപെടലില്‍ കലാശിക്കും. അത്തരം സംഭവങ്ങളിലും അതല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ക്ക് കുട്ടി ഇരയാകാന്‍ ഇടവരുമ്പോഴും അക്കാര്യത്തിന് കുട്ടിയെ - എക്സ്പോസ് -(Expose) ചെയ്തു എന്ന കാരണത്താല്‍ രക്ഷാകര്‍ത്താവോ, കുട്ടിയുടെ യഥാര്‍ത്ഥ ഉത്തരവാദിത്വത്തിലുള്ളയാളോ കുറ്റക്കാരനാകും.  കുട്ടിയുടെ ഉത്തരവാദിത്വമുള്ളയാള്‍ കുട്ടിയെ ഉപദ്രവിച്ചാലും, മനപൂര്‍വ്വമായ അശ്രദ്ധകാരണം കുട്ടി അപായപ്പെടാന്‍ ഇടയാക്കിയാലും ഉപേക്ഷിച്ചാലുമൊക്കെ ആരോപിക്കുന്ന അതേ കുറ്റം തന്നെയാണ് കുട്ടിയെ സമരത്തില്‍ പങ്കെടുപ്പിക്കുന്നതുവഴി ഉണ്ടാകുന്ന കുറ്റം. കുട്ടിക്ക് ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് രക്ഷകര്‍ത്താക്കള്‍ക്കെതിരെ  കുറ്റം ആരോപിക്കുന്നത്. കുറ്റക്കാരെന്നു കണ്ടാല്‍  3 വര്‍ഷം  തടവോ ഒരു ലക്ഷം രൂപ പിഴയോ ഇവ രണ്ടും കൂടിയോ ഉണ്ടാകും.

 ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ പറയുന്ന ക്രൂരത എന്ന പദത്തിന്‍റെ നിര്‍വ്വചനത്തില്‍ കുട്ടിയെ ഉപദ്രവിക്കുന്നത്, ഉപേക്ഷിക്കുന്നത്, ചീത്ത പറയുന്നത്, ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ക്ക് വിധേയമാക്കുന്നത് എന്നിവയൊക്കെ വരും. യഥാര്‍ത്ഥമാതാപിതാക്കള്‍ കുട്ടിയെ കൈവിടേണ്ടിവന്നത് അവരുടെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങളാണെങ്കില്‍ അക്കാര്യം തെളിയിക്കാനായാല്‍ ശിക്ഷയില്‍ നിന്നൊഴിവാകാം. അതിനര്‍ത്ഥം, സമരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്താല്‍, അവര്‍ അനാവശ്യമായ ശാരിരിക, മാനസിക പീഡകള്‍ക്ക് ഇരയായാല്‍ അവരെ സമരത്തില്‍ പങ്കെടുപ്പിച്ചതിന്, അല്ലെങ്കില്‍ അത്തരം ശാരീരിക മാനസിക വേദനങ്ങള്‍ക്ക് ഇരയാകുന്നതിന് വിട്ടു എന്ന കാരണത്താല്‍  മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് വരാം എന്നാണ്.

കുട്ടികളെക്കൊണ്ട് പോസ്റ്റര്‍ ഒട്ടിപ്പിച്ചാലൊ ?

 കുട്ടികളുടെ ഇഷ്ടത്തിനു വിരുദ്ധമായോ അല്ലെങ്കില്‍ കുട്ടികള്‍ക്ക് ശാരീരിക മാനസിക വേദനകള്‍ ഉണ്ടാക്കാന്‍ ഇടവരുന്നതോ ആണ് പോസ്റ്റര്‍ ഒട്ടിക്കല്‍ സംഭവമെങ്കില്‍ അതും പ്രശ്നം തന്നെ. കുട്ടിയുടെ ഇഷ്ടത്തോടെ വിട്ടാല്‍ പോലും സംഘര്‍ഷ സ്ഥലങ്ങളില്‍ കുട്ടികളെ എത്തിച്ചേരാന്‍ അനുവദിക്കുന്നതും അവിടെ അവര്‍ക്ക് ശാരീരിക മാനസിക വേദനകള്‍ ഉണ്ടാക്കുന്നതും കുറ്റകരമാകും.  അധ്യാപകരോ, കുട്ടിയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്ന സ്ഥാപനത്തിലെ അധികാരിയോ ആണ് ഇത്തരത്തില്‍ ആരോപണവിധേയരാകുന്നതെങ്കില്‍, കുറ്റം തെളിയിക്കപ്പെട്ടാല്‍, മാതാപിതാക്കളെ അപേക്ഷിച്ച് ശിക്ഷ കൂടുതലാണ്-  5 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയുമാണ ശിക്ഷ.

Registers of senior citizens to be maintained in Police Station - video by Sherry J Thomas

Registers of senior citizens to be maintained in Police Station - video by Sherry J Thomas

60 വയസ്സ് കഴിഞ്ഞാൽ പിന്നെ പേര് പോലീസ് സ്റ്റേഷനിൽ ! 

https://youtu.be/uSUTQMS1tvs

Monday, April 15, 2019

498A .. jurisdiction to file case

#സ്ത്രീധന_പീഡന_കേസുകൾ_ഭാര്യ_താമസിക്കുന്നിടത്തും പരാതി നൽകാം
#498A_IPC
Petitions against matrimonial cruelty can be filed at the place where the victim took shelter. The Supreme Court clarifies that offence under section 498A IPC can be lodged irrespective of place of occurrence of crime. 

സാധാരണയായി ക്രിമിനൽ കുറ്റം നടന്നാൽ ഏത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് അവിടെയാണ് പരാതി നൽകേണ്ടത്. വിവാഹിതയായ സ്ത്രീക്ക് ഭർത്താവിൽനിന്നോ ഭർത്താവിൻറെ വീട്ടുകാരിൽ നിന്നോ സ്ത്രീധനം കൂടുതൽ ചോദിച്ചു കൊണ്ട് ശാരീരിക-മാനസിക ഉപദ്രവങ്ങൾ ഉണ്ടായാൽ നൽകാവുന്ന ക്രിമിനൽ പരാതിയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498A വകുപ്പ്. കുറ്റകൃത്യം നടന്ന ഭർത്താവിൻറെ വീടിൻറെ പ്രാദേശിക പരിധിയിൽ കേസ് നൽകണമെന്ന നിലവിലെ സാഹചര്യത്തിൽ മാറ്റം വന്നു. വ്യത്യസ്ത അഭിപ്രായത്തെ തുടർന്ന് കഴിഞ്ഞ ഏഴ് വർഷമായി സുപ്രീംകോടതിയിൽ നിലവിലിരുന്ന റഫറൻസ് കേസിലാണ് വിധി വന്നത്.ഉപദ്രവത്തിനു ശേഷം സ്ത്രീ അഭയംതേടി താമസമാക്കിയ സ്ഥലം ഏതാണൊ, ആ സ്ഥലത്തിൻറെ അധികാര പരിധിയിലും കേസ് നൽകാം. നിലവിൽ താമസിക്കുന്ന സ്ഥലത്ത് വച്ച് കുറ്റകൃത്യങ്ങൾ ഒന്നും നടന്നിട്ടില്ല എന്നതിൻറെ പേരിൽ ആ പ്രദേശത്ത് കേസ് നൽകാനാവില്ല എന്ന് വാദത്തിനാണ് മാറ്റം വന്നത്.
Crl Appeal No.21.2012 dated 9.4.19
© Sherry 15.4.19

Sunday, April 14, 2019

Pension can be attached .. maintenance to wife

*ഭാര്യക്ക് ചിലവിനു കൊടുത്തില്ലെങ്കിൽ പെൻഷനും അറ്റാച്ച് ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി*
Providing maintenance to the wife is an obligation of the husband. It is affirmed in Crpc 125. When an issue comes, whether the pension of the husband liable to be attached for dues towards maintenance to wife, the Bombay High Court held that even pension can be attached if the maintenance is not paid. 

ബാധ്യതകൾ തീർക്കുന്നതിന് കോടതി വഴി അറ്റാച്ച് ചെയ്യുന്ന വസ്തുക്കളിൽ പെൻഷൻ ഉൾപ്പെടുന്നില്ല എന്നാണ് പൊതുവെ ഉള്ള ധാരണ. 1871 ലെ പെൻഷൻ നിയമത്തിലെ വകുപ്പ് 11 പ്രകാരം പെൻഷൻ അറ്റാച്ച് ചെയ്തുകൂടാ. കടങ്ങൾ വീട്ടുന്നതിന്പെൻഷൻ അറ്റാച്ച് ചെയ്യരുത് എന്നാണ് പ്രസ്തുത നിയമത്തിൽ ഉള്ളത് എന്ന് ബോംബെ ഹൈക്കോടതി പ്രസ്താവിച്ചു. എന്നാൽ ഭർത്താവ് ഭാര്യക്ക് കൊടുക്കേണ്ട ചെലവ് അഥവാ മെയിൻറനൻസ് കടബാധ്യത എന്നതിൻറെ പരിധിയിൽ വരില്ല. കടബാധ്യതകൾ ക്കാണ് അറ്റാച്ച് മെൻറ് വിലക്ക് പെൻഷൻ നിയമപ്രകാരം ഉള്ളത്. മെയിൻറനൻസ് തുക അങ്ങനെയുള്ള ബാധ്യത അല്ലാത്തതിനാൽ പെൻഷനിൽ നിന്ന് അറ്റാച്ച് ചെയ്ത് ഭാര്യക്ക് നൽകാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. 
Criminal Revision Application 202.2018 High Court Bombay Nagpur Bench.
© Sherry 14.4.19
www.niyamadarsi.com

Friday, April 12, 2019

Voter helpline article in Malayalam

#വോട്ട്_ക്രമനമ്പറും_ബൂത്തും അറിയാൻ പേരു മാത്രം മതി
#voter_helpline

ബൂത്തിൽ വോട്ടു ചെയ്യാൻ എത്തുമ്പോൾ വോട്ടർപട്ടികയിലെ ക്രമനമ്പറും ബൂത്ത് നമ്പറും മറ്റ് വിവരങ്ങളും അടങ്ങിയ സ്ലിപ്പ് കയ്യിലുണ്ടെങ്കിൽ പോളിംഗ് എളുപ്പമാകും. ചുരുങ്ങിയ പക്ഷം അത് കയ്യിലുണ്ടെങ്കിൽ  വോട്ടർ ആണ് എന്ന ഒരു ഉറപ്പിൽ പോളിംഗ് സ്റ്റേഷനിൽ ആധികാരികമായി തല ഉയർത്തി നിൽക്കാൻ ശീലിച്ചവരാണ് നമ്മളിൽ പലരും. സ്വന്തം പോളിംഗ് ബൂത്ത്, ക്രമനമ്പർ  തിരിച്ചറിയാൻ ഇന്ന് എളുപ്പ മാർഗ്ഗങ്ങൾ ഉണ്ട്. വോട്ടർപട്ടിക മുഴുവനായി പരതി നോക്കേണ്ട. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ കയറിയും പരതേണ്ട. സ്മാർട്ട് ഫോൺ കയ്യിലുണ്ടെങ്കിൽ ഇക്കാര്യം എളുപ്പമാണ്.

#എങ്ങനെ ഉപയോഗിക്കാം

1. ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ നിന്ന് ചൂണ്ടുവിരൽ വോട്ട് ചെയ്യുന്ന ചിത്രമുള്ള വോട്ടർ ഹെൽപ്പ് ലൈൻ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ആപ്പ് ആണ് ഇത്.

2.  ഈ ആപ്പിലൂടെ പേര് വിവരം കൊണ്ടും തിരിച്ചറിയൽ കാർഡ് നമ്പർ കൊണ്ടും നമ്മുടെ ബൂത്ത് ഏതാണെന്നും വോട്ടെടുപ്പ് നടക്കുന്ന സ്ഥലം ഏതാണെന്നു. ക്രമനമ്പർ ഏതാണെന്നും എളുപ്പം തിരിച്ചറിയാനാകും. ഈ ആപ്പിൽ കയറി പേര്, സംസ്ഥാനം, നിയോജകമണ്ഡലം എന്നിവ എൻറർ ചെയ്താൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച വോട്ടർ പട്ടികയിലെ വിവരങ്ങൾ തെളിഞ്ഞുവരും. ഈ വിവരങ്ങൾ വാട്സാപ്പിലൂടെയോ  മറ്റു മാധ്യമങ്ങളിലൂടെയൊ പകർത്തി സൂക്ഷിക്കാനും കോപ്പി ചെയ്യാനും സാധിക്കും. എത്ര പേരുടെ വിവരങ്ങൾ വേണമെങ്കിലും ഇങ്ങനെ ശേഖരിക്കാം.

3. സ്വന്തം ക്രമനമ്പർ വിവരങ്ങൾ കൂടാതെ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച പൊതു വിവരങ്ങളും സ്ഥാനാർഥികളെ സംബന്ധിച്ച വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്.

4.പട്ടികയിൽനിന്ന് തെറ്റായി പുറത്തു പോയവരെ തിരികെ ചേർക്കാനും തെറ്റുകൾ തിരുത്താനും സ്ഥലത്തില്ലാത്ത വരെ മാറ്റാനും, പ്രത്യേക അപേക്ഷകൾ ഈ ആപ്പിലൂടെ നൽകാം.

5. തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ നൽകാനും ഈ ആപ്പ് ഉപയോഗിക്കാം.

താഴെപ്പറയുന്ന ലിങ്കിലൂടെ പ്ലേസ്റ്റോറിൽ നിന്ന് ഈ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യാം

https://play.google.com/store/apps/details?id=com.eci.citizen

Thursday, April 11, 2019

Promise to marry and sex.. amounts to rape- Supreme Court reiterates.

#വിവാഹവാഗ്ദാനം നൽകി സമ്മതത്തോടെ  ശാരീരികബന്ധം - വാഗ്ദാനം ലംഘിച്ചാൽ കുറ്റം ബലാൽസംഗം എന്ന് വീണ്ടും സുപ്രീംകോടതി
#promise_to_marry
Section 90 IPC - Consent known to the given under fear or misconception - such consent is not a consent- offence of rape will prevail 

വിദ്യാഭ്യാസ കാലയളവിലായിരുന്നു  കാമുകിയും കാമുകനും. പ്രേമം മുറുകിയപ്പോൾ  വിവാഹം കഴിക്കാമെന്ന് കാമുകൻ നൽകിയ വാഗ്ദാനത്തിൻറെ പേരിൽ ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിന് കാമുകി സമ്മതം നൽകി. പിന്നീട് വീട്ടുകാരുടെ ഇടപെടലിനെ തുടർന്ന് കാമുകൻ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയപ്പോൾ കാമുകി ബലാൽസംഗ കേസുമായി രംഗത്തെത്തി. സമ്മതത്തോടുകൂടി നടത്തിയ ശാരീരിക ബന്ധം ബലാൽസംഗം ആവില്ല എന്ന് ഇടക്കാലത്ത് ചില കോടതികൾ വിധിച്ചിരുന്നു. സമ്മതം നൽകി ബലപ്രയോഗത്തിലൂടെ അല്ലാതെ ആണ് ബന്ധമുണ്ടായത് എന്നതിൻറെ അടിസ്ഥാനത്തിലാണ് അങ്ങനെ വ്യാഖ്യാനിച്ചിരുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 90 പറയുന്നത് ഭയത്തിന്റെ പേരിലോ തെറ്റായ ധാരണയിലോ നൽകിയ സമ്മതത്തെ കുറിച്ചാണ്.  ഇത്തരം കേസുകളിൽ ശാരീരികബന്ധം സമ്മതത്തോടുകൂടി ആണെങ്കിലും വിവാഹം കഴിക്കും എന്ന് നൽകിയ ഉറപ്പിന്റെ പേരിലുണ്ടായ തെറ്റായ ധാരണയിലാണ് സമ്മതം നൽകിയത് എന്നത് യഥാർത്ഥത്തിലുള്ള സമ്മതമായി കകണക്കാക്കില്ല.ഫലത്തിൽ, വിശ്വാസവഞ്ചനയല്ല, കുറ്റം ബലാൽസംഗം തന്നെ.
(Crl Appeal No.629/2019 Supreme Court)
© Sherry 11.4.19

Thursday, April 4, 2019

Parliament election- article in Malayalam- history of parliament election - democratic prospective

*തിരിച്ചറിവിന്‍റെ തെരഞ്ഞെടുപ്പ്* 
അഡ്വ ഷെറി ജെ തോമസ്
9447200500

രാജ്യം വീണ്ടും ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. സാധാരണ രാജ്യമല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇടതടവില്ലാതെ നാളിതുവരെ സ്വാതന്ത്ര്യവും അവകാശങ്ങളും നിലനിര്‍ത്തിപ്പോരുന്ന രാജ്യം. അങ്ങനെയുള്ള രാജ്യമാണ് പതിനേഴാമത് പൊതുതെരഞ്ഞെടുപ്പിനെ  നേരിടുന്നത്. 
*ഭരണഘടനാപരമായ ബാധ്യത* 
സമ്മതിദാനാവകാശം പൗന്‍റെ മൗലിക അവകാശമാണ്. ഒരുകാലത്ത് സ്വന്തമായി ഭൂമി ഉള്ളവര്‍ക്ക് മാത്രം വോട്ടവകാശമുള്ള നാടായിരുന്നു നമ്മുടേത്. ജാതിയുടെയും സമ്പത്തിന്‍റെയും അടിസ്ഥാനത്തില്‍ സമ്മതിദാനാവകാശം പോലും എല്ലാവര്‍ക്കും ഇല്ലാതിരുന്ന കാലം ഇന്ന് ചരിത്രം മാത്രം. അതേസമയം ഭരണഘടനാപരമായ ഈ അവകാശം ശരിയായി വിനിയോഗിക്കണം എന്നുള്ളത് ഓരോ പൗരനും തിരിച്ചറിയേണ്ട കടമയാണ്.  ഭരണഘടനയുടെ മൗലിക അവകാശങ്ങളില്‍ രാജ്യം പൗരന് നിര്‍ബന്ധമായും നല്‍കേണ്ടതായ ജീവിക്കാനുള്ള അടിസ്ഥാന വിഭവങ്ങള്‍ വര്‍ഷങ്ങളായി ലഭ്യമല്ലാത്തവരുടെ എണ്ണം കൂടിവരുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. ഒരുപക്ഷേ അതുകൊണ്ടാവാം ഇത്തവണ രാഷ്ട്രീയകക്ഷികള്‍ ജീവിക്കാനുള്ള വേതനം  ഉറപ്പാക്കുന്ന രീതിയില്‍ പ്രകടനപത്രികകള്‍ പുറത്തിറക്കിയിട്ടുള്ളത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ആയ മതേതരത്വം ഉള്‍പ്പെടെയുള്ള നിലപാടുകള്‍ എത്ര ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയാലും ഭേദഗതികള്‍ വരുത്തികൂടാ എന്നാണ് നിലവില്‍ രാജ്യത്തെ പരമോന്നത നീതിപീഠം പറഞ്ഞിട്ടുള്ളത്. ആ പറഞ്ഞതൊക്കെ അങ്ങനെതന്നെ ഇനിയും നിലനില്‍ക്കണം. പലഘട്ടങ്ങളിലും നീതി പീഠങ്ങളുടെ വരെ വിശ്വാസ്യതയെ അതിനുള്ളില്‍ ഉള്ളവര്‍ തന്നെ ചോദ്യംചെയ്ത സാഹചര്യങ്ങളും നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇനിയും ജനാധിപത്യം അഭംഗുരം തുടര്‍ന്നു കൊണ്ടുപോകുന്നതിന് തങ്ങളുടെ സമ്മതിദാനാവകാശം വിവേകപൂര്‍വം വിനിയോഗിക്കാന്‍ ഓരോ പൗരനും കടപ്പെട്ടിരിക്കുന്നു. 
*ജനങ്ങളുടെ തെരഞ്ഞെടുപ്പ്*
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍ നിന്ന് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സംവിധാനം  ജനങ്ങള്‍ക്ക് ആധിപത്യം നല്‍കുന്നു - അതുതന്നെയാണ് ജനാധിപത്യം. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് വേദിയൊരുങ്ങാറുള്ളത് എന്നും ഇന്ത്യയിലാണ്.  1952 മുതല്‍ തുടര്‍ന്നുപോരുന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനം, ഭരണഘടനാ അധികാരങ്ങളോടെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ വരവുകൂടിയായപ്പോള്‍ കൂടുതല്‍ പക്വത ആര്‍ജജിച്ചു.  1993 ആഗസ്ത് മാസത്തില്‍ തെരഞ്ഞെടുപ്പുകമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം നിലവില്‍ വന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും 1998 ല്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും തെരഞ്ഞെടുപ്പിന് കൃത്യതയും വേഗതയും നല്‍കി. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തടയാനും ജനാധിപത്യം സംശുദ്ധമായി നിലനിര്‍ത്താനുമുള്ള ശ്രമത്തിന്‍െറ 1951 ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതികളും വന്നു കഴിഞ്ഞു. 
*പൊതു തെരഞ്ഞെടുപ്പിന്‍റെ ചരിത്രം*
ഭരണഘടന രൂപീകരിക്കുന്നതിനു വേണ്ടി നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ അല്ലാതെ രൂപംകൊണ്ട ആദ്യത്തെ അസംബ്ലി 1947 മുതല്‍ മൂന്നു വര്‍ഷക്കാലം തുടര്‍ന്നു. ജനാധിപത്യരീതിയില്‍ അല്ല തിരഞ്ഞെടുക്കപ്പെട്ടത് എങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പ്രാധിനിത്യം നല്‍കിയിരുന്നു. രണ്ടുവര്‍ഷം, 11 മാസം 17 ദിവസം കൊണ്ടാണ് ഈ രാജ്യത്തിന്‍റെ ഭരണഘടന ഉണ്ടാക്കിയത്. 
1952 മുതല്‍ 57 വരെ ആയിരുന്നു ആദ്യത്തെ ലോകസഭ. അന്ന് 489 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. 17.3 പോടീ വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 364 സീറ്റ് നേടി. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 45 ശതമാനവും കോണ്‍ഗ്രസ് നേടി. ഭാരതീയ ജനസംഘം എന്ന ബിജെപിയുടെ മുന്‍ഗാമിക്ക് മൂന്ന് സീറ്റ്. അങ്ങനെ ജവഹര്‍ലാല്‍നെഹ്റു ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി. 
രണ്ടാമത്തെ ലോകസഭ 1957 മുതല്‍ 62 വരെ. 494 സീറ്റുകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 371 സീറ്റ് നേടി. രണ്ടാമത്തെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ശേഷം സ്വതന്ത്രന്മാര്‍ ആണ് ഏറ്റവും കൂടുതല്‍ സീറ്റ് നേടി പ്രതിപക്ഷം ആകാന്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷനേതാവ് ഇല്ലാത്ത ലോകസഭ ആയിരുന്നു അത്. ജവഹര്‍ലാല്‍നെഹ്റു വീണ്ടും പ്രധാനമന്ത്രിയായി.
മൂന്നാമത് ലോകസഭ 1962 മുതല്‍ 67 വരെ. 494 സീറ്റുകളില്‍ 361 എണ്ണം കോണ്‍ഗ്രസ് നേടി. ജവഹര്‍ലാല്‍ നെഹ്റു മൂന്നാമതും പ്രധാനമന്ത്രിയായി എങ്കിലും അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന് ഗുല്‍സാരിലാല്‍ നന്ദ താല്‍ക്കാലിക പ്രധാനമന്ത്രിയായും ലാല്‍ ബഹദൂര്‍ ശാസ്ത്രി 19 മാസം കാലവും പിന്നീട് 1966 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്തു. 
നാലാമത് ലോകസഭ 1967 മുതല്‍ 70 വരെ. അന്ന് വോട്ടര്‍മാരുടെ എണ്ണം 25 കോടിയായി. 520 സീറ്റുകളില്‍ 283 സീറ്റ് നേടി കോണ്‍ഗ്രസ് തുടര്‍ച്ചയായി നാലാമത്തെ തവണ പ്രധാനമന്ത്രി പദത്തില്‍ എത്തി. ഇന്ദിരാഗാന്ധി രണ്ടാംതവണയും പ്രധാനമന്ത്രിയായി. 
അഞ്ചാമത് ലോകസഭ 1981 മുതല്‍ 77 വരെ. കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹങ്ങള്‍ ഉണ്ടാവുകയും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള വിഭാഗം 518 352 സീറ്റ് നേടി അധികാരത്തില്‍ എത്തി. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് 16 സീറ്റാണ് ലഭിച്ചത്. 1975-ലെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യത്തിന്‍റെ ജനാധിപത്യ സങ്കല്പങ്ങളില്‍ വലിയ പ്രതിഫലനം ഉണ്ടാക്കുകയും ചെയ്തു. 
ആറാമത് ലോകസഭ 1977 മുതല്‍ 79 വരെ. ഭാരതീയ ലോക്ദള്‍ അഥവാ ജനതാപാര്‍ട്ടി രാജ്യത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അല്ലാത്ത ആദ്യത്തെ സര്‍ക്കാര്‍ ഉണ്ടാക്കി. 542 295 സീറ്റ് ബി എല്‍ ഡി നേടി. അതേസമയം കോണ്‍ഗ്രസിന് 154 സീറ്റ് മാത്രമേനേടാനായുള്ളൂ. മൊറാര്‍ജി ദേശായിയും പിന്നീട് ചരണ്‍സിംഗും പ്രധാനമന്ത്രിയായി. 
ഏഴാമത് ലോകസഭ 1980 മുതല്‍ 84 വരെയായിരുന്നു. 529 353 സീറ്റ് നേടി കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി. പ്രതിപക്ഷത്തിന് നേതാവ് ഉണ്ടായിരുന്നില്ല. 
എട്ടാമത് ലോകസഭ 1984 മുതല്‍ 89 വരെ. ഇന്ദിരാഗാന്ധിയുടെ മരണശേഷം കോണ്‍ഗ്രസ് 514 ല്‍ 404 സീറ്റ് നേടി വിജയിച്ചു. ബിജെപിക്ക്  രണ്ട് രണ്ട് സീറ്റ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. 
ഒമ്പതാമത് ലോകസഭ 1989 മുതല്‍ 91 വരെ. തൂക്ക് മന്ത്രിസഭയാണ് നിലവില്‍ വന്നത്. വിപി സിംഗ് പ്രധാനമന്ത്രിയായി. പിന്നീട് ചന്ദ്രശേഖറും പ്രധാനമന്ത്രിയായി. 
പത്താമത്തെ ലോകസഭ 1991 മുതല്‍ 96 വരെ. 521 സീറ്റില്‍ 232 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപി 120 സീറ്റ് നേടി. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകളില്‍  27% ഒബിസി സംവരണം, അയോധ്യയിലെ ബാബറി മസ്ജിദ് വിഷയം എന്നിവയൊക്കെ പ്രചരണ വിഷയങ്ങളായിരുന്നു. പി വി നരസിംഹ റാവു പ്രധാനമന്ത്രിയായി.
പതിനൊന്നാമത് ലോകസഭ 1996 മുതല്‍ 98 വരെ. തൂക്ക് ഭരണത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അടല്‍ബിഹാരി വാജ്പേയി 13 ദിവസം രാജ്യത്തെ പ്രധാനമന്ത്രിയായി. പിന്നീട് കോണ്‍ഗ്രസ്സിന്‍റെ ഉള്‍പ്പെടെ പിന്തുണയോടുകൂടി എച്ച് ഡി ദേവഗൗഡ 18 മാസം പ്രധാനമന്ത്രിയായി, ശേഷം ഐ കെ ഗുജറാളും. 
പന്ത്രണ്ടാമത് ലോകസഭ 1998 മുതല്‍ 99 വരെ. 543 182 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന് 141, മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് 101 സീറ്റ് കിട്ടി. ബിജെപി എന്‍ഡിഎ സഖ്യം ഉണ്ടാക്കി. അടല്‍ബിഹാരി വാജ്പേയി വീണ്ടും പ്രധാനമന്ത്രിയായി 13 മാസം. 
പതിമൂന്നാമത് ലോകസഭ 1999 മുതല്‍ 2004 വരെ. കാര്‍ഗില്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 182 സീറ്റ് നേടി ബിജെപി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന് 114 സീറ്റ് മാത്രമേ നേടാനായുള്ളൂ. അതേസമയം പ്രാദേശിക പാര്‍ട്ടികള്‍ 158 സീറ്റ് നേടി. അഞ്ചു വര്‍ഷം നീണ്ടുനിന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അടല്‍ ബിഹാരി വാജ്പേയി മൂന്നാമതും പ്രധാനമന്ത്രിയായി. 
പതിനാലാമത് ലോകസഭ 2004 മുതല്‍ 2009 വരെ. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പില്‍ ഇറങ്ങിയത്. പക്ഷെ 138 സീറ്റ് മാത്രമേ നേടാനായുള്ളൂ. കോണ്‍ഗ്രസിന് 145. പ്രാദേശിക പാര്‍ട്ടികള്‍ക്ക് 159. സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ വിസമ്മതിക്കുകയും മന്‍മോഹന്‍സിംഗ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയാവുകയും ചെയ്തു. 
പതിനഞ്ചാമത് ലോകസഭ 2009 മുതല്‍ 14 വരെ. യു പി എയുടെ നേതൃത്വത്തില്‍ വിവരാവകാശം എന്ന വിപ്ലവകരമായ നിയമം പുറത്തു വന്ന സമയം. കോണ്‍ഗ്രസ് 206 സീറ്റ് നേടി വലിയ തിരിച്ചുവരവ് നടത്തി. ബിജെപിക്ക് 116 പ്രാദേശിക പാര്‍ട്ടികള്‍ക്ക് 146. രണ്ടാം തവണയും ഡോ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി. 
പതിനാറാമത് ലോകസഭ 2014 മുതല്‍ 19 വരെ. അഴിമതി ആരോപണങ്ങള്‍ നിറഞ്ഞ യുപിഎ രണ്ടാം ഭരണം നരേന്ദ്രമോഡി എന്ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് മുന്നേറ്റത്തിന് ശക്തിപകര്‍ന്നു. 288 സീറ്റ് നേടി ബിജെപി അധികാരത്തില്‍ വന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയുമായി കോണ്‍ഗ്രസ് 44 സീറ്റില്‍ ഒതുങ്ങി. 1984 നു ശേഷം ഒരു പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ തെരഞ്ഞെടുപ്പ് ആയിരുന്നു അത്. ദുര്‍ബലനായ ഒരു പ്രധാനമന്ത്രിയായാണ് മന്‍മോഹന്‍സിംഗിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിശേഷിപ്പിച്ചിരുന്നത്.
*പുതുതലമുറയുടെ തെരഞ്ഞെടുപ്പ്*
ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത പുതുതലമുറ വോട്ടുകള്‍ കൂടുതലായി ഉണ്ടാകുമെന്നതാണ്. മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചരണരീതിയിലും പുതുമയുണ്ടാകും. പരമ്പരാഗത മാധ്യമങ്ങള്‍ക്കപ്പുറത്ത് നവ സാമൂഹിക മാധ്യമങ്ങള്‍ കൂടുതലായി കരുത്തുകാട്ടുന്ന തെരഞ്ഞടുപ്പുകൂടിയാണ് ഇത്. അത് കൊണ്ടു തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ ജാഗരൂകരായി രംഗത്തുണ്ട്. കൂടുതല്‍ സുതാര്യമായ രീതിയിലേക്ക് എല്ലാ പ്രക്രിയകളും കൈകാര്യം ചെയ്യാനാവും എന്ന് പ്രത്യാശിക്കാം. രാജ്യത്തിന്‍റെ ജനാധിപത്യം കരുത്തുറ്റകരങ്ങളില്‍ വരാന്‍, മതേതരത്വവും മതനിരപേക്ഷതയും പരമാധികാര റിപ്പബ്ളിക് എന്നതുള്‍പ്പെടെയുള്ള ഭരടഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ തകരാതെ, ഇനിയും കാലങ്ങള്‍ നിലനില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നമ്മുടെ രാജ്യം തുടരട്ടെ. 

Monday, April 1, 2019

Creamy Layer

*ക്രീമിലെയർ*
What is called Creamy Layer - Only the income of parents will be considered- Salary will be excluded in case of government employees. 

പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർക്ക് സംവരണം ലഭിക്കണമെങ്കിൽ  അവർ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടുന്നവർ അല്ല എന്ന് എന്ന് റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മണ്ഡൽ കേസ് എന്ന് അറിയപ്പെടുന്ന ഇന്ദിരാ സാഹ്നി കേസിൽ (AIR 1993 SC 477) സുപ്രീം കോടതി വിധിയെ തുടർന്നാണ് ക്രീമിലെയർ വ്യവസ്ഥ സംവരണത്തിന് ബാധകമാക്കിയത്. 16.11.92 ലെ ഈ വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നിയമിച്ച ജസ്റ്റിസ് ആർ എൻ പ്രസാദ് അധ്യക്ഷനായ ക്രിമിലയർ നിർണയ കമ്മിറ്റി 10.03.93 ൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രിമിലയർ മാനദണ്ഡങ്ങൾ ആദ്യമായി നിശ്ചയിച്ചുകൊണ്ട് കേന്ദ്രസർക്കാർ 36012/22/93 Esst (SCT) Dated 8.9.93 എന്ന നമ്പറിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാനദണ്ഡങ്ങൾ തന്നെയാണ് ഇന്നും നിലവിലുള്ളത്. വരുമാനപരിധി 8 ലക്ഷം രൂപയായി ഉയർത്തി നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള നിലവിലുള്ള ഉത്തരവ് G.O(P) No.81/2009/SCSTDD Dated 26.9.2009  പ്രകാരമാണ് ഉത്തരവായത്.

*കുറിപ്പ്*- ഉദ്യോഗാർത്ഥികളുടെ മാതാപിതാക്കളുടെ മാത്രം സ്റ്റാറ്റസ് വിലയിരുത്തിയാണ് സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്.ഉദ്യോഗാർഥികളുടെയും സഹോദരങ്ങളുടെയും അവർ വിവാഹിതരാണെങ്കിൽ പങ്കാളിയുടെയും വരുമാനമോ പദവിയോ പരിഗണിക്കാൻ പാടില്ല.മാതാപിതാക്കൾ ഉദ്യോഗസ്ഥർ ആണെങ്കിൽ അവർ സർവീസിൽ നേരിട്ട് പ്രവേശിച്ച പദവിയാണ് പരിഗണിക്കേണ്ടത്.ക്ലാസ് 1, ക്ലാസ് 2 ഗ്രൂപ്പ് എ, ബി പദവികളിൽ നേരിട്ട് നിയമനം ലഭിച്ചവർ മാത്രമേ ക്രിമിലെയർ വിഭാഗത്തിൽ വരികയുള്ളൂ.
© Sherry J Thomas
9447200500
01.4.19