*തിരിച്ചറിവിന്‍റെ തെരഞ്ഞെടുപ്പ്*
അഡ്വ ഷെറി ജെ തോമസ്
9447200500
9447200500
രാജ്യം വീണ്ടും ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. സാധാരണ രാജ്യമല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇടതടവില്ലാതെ നാളിതുവരെ സ്വാതന്ത്ര്യവും അവകാശങ്ങളും നിലനിര്‍ത്തിപ്പോരുന്ന രാജ്യം. അങ്ങനെയുള്ള രാജ്യമാണ് പതിനേഴാമത് പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത്.
*ഭരണഘടനാപരമായ ബാധ്യത*
സമ്മതിദാനാവകാശം പൗന്‍റെ മൗലിക അവകാശമാണ്. ഒരുകാലത്ത് സ്വന്തമായി ഭൂമി ഉള്ളവര്‍ക്ക് മാത്രം വോട്ടവകാശമുള്ള നാടായിരുന്നു നമ്മുടേത്. ജാതിയുടെയും സമ്പത്തിന്‍റെയും അടിസ്ഥാനത്തില്‍ സമ്മതിദാനാവകാശം പോലും എല്ലാവര്‍ക്കും ഇല്ലാതിരുന്ന കാലം ഇന്ന് ചരിത്രം മാത്രം. അതേസമയം ഭരണഘടനാപരമായ ഈ അവകാശം ശരിയായി വിനിയോഗിക്കണം എന്നുള്ളത് ഓരോ പൗരനും തിരിച്ചറിയേണ്ട കടമയാണ്. ഭരണഘടനയുടെ മൗലിക അവകാശങ്ങളില്‍ രാജ്യം പൗരന് നിര്‍ബന്ധമായും നല്‍കേണ്ടതായ ജീവിക്കാനുള്ള അടിസ്ഥാന വിഭവങ്ങള്‍ വര്‍ഷങ്ങളായി ലഭ്യമല്ലാത്തവരുടെ എണ്ണം കൂടിവരുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. ഒരുപക്ഷേ അതുകൊണ്ടാവാം ഇത്തവണ രാഷ്ട്രീയകക്ഷികള്‍ ജീവിക്കാനുള്ള വേതനം ഉറപ്പാക്കുന്ന രീതിയില്‍ പ്രകടനപത്രികകള്‍ പുറത്തിറക്കിയിട്ടുള്ളത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ആയ മതേതരത്വം ഉള്‍പ്പെടെയുള്ള നിലപാടുകള്‍ എത്ര ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയാലും ഭേദഗതികള്‍ വരുത്തികൂടാ എന്നാണ് നിലവില്‍ രാജ്യത്തെ പരമോന്നത നീതിപീഠം പറഞ്ഞിട്ടുള്ളത്. ആ പറഞ്ഞതൊക്കെ അങ്ങനെതന്നെ ഇനിയും നിലനില്‍ക്കണം. പലഘട്ടങ്ങളിലും നീതി പീഠങ്ങളുടെ വരെ വിശ്വാസ്യതയെ അതിനുള്ളില്‍ ഉള്ളവര്‍ തന്നെ ചോദ്യംചെയ്ത സാഹചര്യങ്ങളും നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇനിയും ജനാധിപത്യം അഭംഗുരം തുടര്‍ന്നു കൊണ്ടുപോകുന്നതിന് തങ്ങളുടെ സമ്മതിദാനാവകാശം വിവേകപൂര്‍വം വിനിയോഗിക്കാന്‍ ഓരോ പൗരനും കടപ്പെട്ടിരിക്കുന്നു.
*ജനങ്ങളുടെ തെരഞ്ഞെടുപ്പ്*
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍ നിന്ന് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സംവിധാനം ജനങ്ങള്‍ക്ക് ആധിപത്യം നല്‍കുന്നു - അതുതന്നെയാണ് ജനാധിപത്യം. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് വേദിയൊരുങ്ങാറുള്ളത് എന്നും ഇന്ത്യയിലാണ്. 1952 മുതല്‍ തുടര്‍ന്നുപോരുന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനം, ഭരണഘടനാ അധികാരങ്ങളോടെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ വരവുകൂടിയായപ്പോള്‍ കൂടുതല്‍ പക്വത ആര്‍ജജിച്ചു. 1993 ആഗസ്ത് മാസത്തില്‍ തെരഞ്ഞെടുപ്പുകമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം നിലവില്‍ വന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും 1998 ല്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും തെരഞ്ഞെടുപ്പിന് കൃത്യതയും വേഗതയും നല്‍കി. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തടയാനും ജനാധിപത്യം സംശുദ്ധമായി നിലനിര്‍ത്താനുമുള്ള ശ്രമത്തിന്‍െറ 1951 ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതികളും വന്നു കഴിഞ്ഞു.
*പൊതു തെരഞ്ഞെടുപ്പിന്‍റെ ചരിത്രം*
ഭരണഘടന രൂപീകരിക്കുന്നതിനു വേണ്ടി നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ അല്ലാതെ രൂപംകൊണ്ട ആദ്യത്തെ അസംബ്ലി 1947 മുതല്‍ മൂന്നു വര്‍ഷക്കാലം തുടര്‍ന്നു. ജനാധിപത്യരീതിയില്‍ അല്ല തിരഞ്ഞെടുക്കപ്പെട്ടത് എങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പ്രാധിനിത്യം നല്‍കിയിരുന്നു. രണ്ടുവര്‍ഷം, 11 മാസം 17 ദിവസം കൊണ്ടാണ് ഈ രാജ്യത്തിന്‍റെ ഭരണഘടന ഉണ്ടാക്കിയത്.
1952 മുതല്‍ 57 വരെ ആയിരുന്നു ആദ്യത്തെ ലോകസഭ. അന്ന് 489 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. 17.3 പോടീ വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 364 സീറ്റ് നേടി. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 45 ശതമാനവും കോണ്‍ഗ്രസ് നേടി. ഭാരതീയ ജനസംഘം എന്ന ബിജെപിയുടെ മുന്‍ഗാമിക്ക് മൂന്ന് സീറ്റ്. അങ്ങനെ ജവഹര്‍ലാല്‍നെഹ്റു ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി.
രണ്ടാമത്തെ ലോകസഭ 1957 മുതല്‍ 62 വരെ. 494 സീറ്റുകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 371 സീറ്റ് നേടി. രണ്ടാമത്തെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ശേഷം സ്വതന്ത്രന്മാര്‍ ആണ് ഏറ്റവും കൂടുതല്‍ സീറ്റ് നേടി പ്രതിപക്ഷം ആകാന്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷനേതാവ് ഇല്ലാത്ത ലോകസഭ ആയിരുന്നു അത്. ജവഹര്‍ലാല്‍നെഹ്റു വീണ്ടും പ്രധാനമന്ത്രിയായി.
മൂന്നാമത് ലോകസഭ 1962 മുതല്‍ 67 വരെ. 494 സീറ്റുകളില്‍ 361 എണ്ണം കോണ്‍ഗ്രസ് നേടി. ജവഹര്‍ലാല്‍ നെഹ്റു മൂന്നാമതും പ്രധാനമന്ത്രിയായി എങ്കിലും അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന് ഗുല്‍സാരിലാല്‍ നന്ദ താല്‍ക്കാലിക പ്രധാനമന്ത്രിയായും ലാല്‍ ബഹദൂര്‍ ശാസ്ത്രി 19 മാസം കാലവും പിന്നീട് 1966 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്തു.
നാലാമത് ലോകസഭ 1967 മുതല്‍ 70 വരെ. അന്ന് വോട്ടര്‍മാരുടെ എണ്ണം 25 കോടിയായി. 520 സീറ്റുകളില്‍ 283 സീറ്റ് നേടി കോണ്‍ഗ്രസ് തുടര്‍ച്ചയായി നാലാമത്തെ തവണ പ്രധാനമന്ത്രി പദത്തില്‍ എത്തി. ഇന്ദിരാഗാന്ധി രണ്ടാംതവണയും പ്രധാനമന്ത്രിയായി.
അഞ്ചാമത് ലോകസഭ 1981 മുതല്‍ 77 വരെ. കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹങ്ങള്‍ ഉണ്ടാവുകയും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള വിഭാഗം 518 352 സീറ്റ് നേടി അധികാരത്തില്‍ എത്തി. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് 16 സീറ്റാണ് ലഭിച്ചത്. 1975-ലെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യത്തിന്‍റെ ജനാധിപത്യ സങ്കല്പങ്ങളില്‍ വലിയ പ്രതിഫലനം ഉണ്ടാക്കുകയും ചെയ്തു.
ആറാമത് ലോകസഭ 1977 മുതല്‍ 79 വരെ. ഭാരതീയ ലോക്ദള്‍ അഥവാ ജനതാപാര്‍ട്ടി രാജ്യത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അല്ലാത്ത ആദ്യത്തെ സര്‍ക്കാര്‍ ഉണ്ടാക്കി. 542 295 സീറ്റ് ബി എല്‍ ഡി നേടി. അതേസമയം കോണ്‍ഗ്രസിന് 154 സീറ്റ് മാത്രമേനേടാനായുള്ളൂ. മൊറാര്‍ജി ദേശായിയും പിന്നീട് ചരണ്‍സിംഗും പ്രധാനമന്ത്രിയായി.
ഏഴാമത് ലോകസഭ 1980 മുതല്‍ 84 വരെയായിരുന്നു. 529 353 സീറ്റ് നേടി കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി. പ്രതിപക്ഷത്തിന് നേതാവ് ഉണ്ടായിരുന്നില്ല.
എട്ടാമത് ലോകസഭ 1984 മുതല്‍ 89 വരെ. ഇന്ദിരാഗാന്ധിയുടെ മരണശേഷം കോണ്‍ഗ്രസ് 514 ല്‍ 404 സീറ്റ് നേടി വിജയിച്ചു. ബിജെപിക്ക് രണ്ട് രണ്ട് സീറ്റ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി.
ഒമ്പതാമത് ലോകസഭ 1989 മുതല്‍ 91 വരെ. തൂക്ക് മന്ത്രിസഭയാണ് നിലവില്‍ വന്നത്. വിപി സിംഗ് പ്രധാനമന്ത്രിയായി. പിന്നീട് ചന്ദ്രശേഖറും പ്രധാനമന്ത്രിയായി.
പത്താമത്തെ ലോകസഭ 1991 മുതല്‍ 96 വരെ. 521 സീറ്റില്‍ 232 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപി 120 സീറ്റ് നേടി. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകളില്‍ 27% ഒബിസി സംവരണം, അയോധ്യയിലെ ബാബറി മസ്ജിദ് വിഷയം എന്നിവയൊക്കെ പ്രചരണ വിഷയങ്ങളായിരുന്നു. പി വി നരസിംഹ റാവു പ്രധാനമന്ത്രിയായി.
പതിനൊന്നാമത് ലോകസഭ 1996 മുതല്‍ 98 വരെ. തൂക്ക് ഭരണത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അടല്‍ബിഹാരി വാജ്പേയി 13 ദിവസം രാജ്യത്തെ പ്രധാനമന്ത്രിയായി. പിന്നീട് കോണ്‍ഗ്രസ്സിന്‍റെ ഉള്‍പ്പെടെ പിന്തുണയോടുകൂടി എച്ച് ഡി ദേവഗൗഡ 18 മാസം പ്രധാനമന്ത്രിയായി, ശേഷം ഐ കെ ഗുജറാളും.
പന്ത്രണ്ടാമത് ലോകസഭ 1998 മുതല്‍ 99 വരെ. 543 182 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന് 141, മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് 101 സീറ്റ് കിട്ടി. ബിജെപി എന്‍ഡിഎ സഖ്യം ഉണ്ടാക്കി. അടല്‍ബിഹാരി വാജ്പേയി വീണ്ടും പ്രധാനമന്ത്രിയായി 13 മാസം.
പതിമൂന്നാമത് ലോകസഭ 1999 മുതല്‍ 2004 വരെ. കാര്‍ഗില്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 182 സീറ്റ് നേടി ബിജെപി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന് 114 സീറ്റ് മാത്രമേ നേടാനായുള്ളൂ. അതേസമയം പ്രാദേശിക പാര്‍ട്ടികള്‍ 158 സീറ്റ് നേടി. അഞ്ചു വര്‍ഷം നീണ്ടുനിന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അടല്‍ ബിഹാരി വാജ്പേയി മൂന്നാമതും പ്രധാനമന്ത്രിയായി.
പതിനാലാമത് ലോകസഭ 2004 മുതല്‍ 2009 വരെ. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പില്‍ ഇറങ്ങിയത്. പക്ഷെ 138 സീറ്റ് മാത്രമേ നേടാനായുള്ളൂ. കോണ്‍ഗ്രസിന് 145. പ്രാദേശിക പാര്‍ട്ടികള്‍ക്ക് 159. സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ വിസമ്മതിക്കുകയും മന്‍മോഹന്‍സിംഗ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയാവുകയും ചെയ്തു.
പതിനഞ്ചാമത് ലോകസഭ 2009 മുതല്‍ 14 വരെ. യു പി എയുടെ നേതൃത്വത്തില്‍ വിവരാവകാശം എന്ന വിപ്ലവകരമായ നിയമം പുറത്തു വന്ന സമയം. കോണ്‍ഗ്രസ് 206 സീറ്റ് നേടി വലിയ തിരിച്ചുവരവ് നടത്തി. ബിജെപിക്ക് 116 പ്രാദേശിക പാര്‍ട്ടികള്‍ക്ക് 146. രണ്ടാം തവണയും ഡോ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി.
പതിനാറാമത് ലോകസഭ 2014 മുതല്‍ 19 വരെ. അഴിമതി ആരോപണങ്ങള്‍ നിറഞ്ഞ യുപിഎ രണ്ടാം ഭരണം നരേന്ദ്രമോഡി എന്ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് മുന്നേറ്റത്തിന് ശക്തിപകര്‍ന്നു. 288 സീറ്റ് നേടി ബിജെപി അധികാരത്തില്‍ വന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയുമായി കോണ്‍ഗ്രസ് 44 സീറ്റില്‍ ഒതുങ്ങി. 1984 നു ശേഷം ഒരു പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ തെരഞ്ഞെടുപ്പ് ആയിരുന്നു അത്. ദുര്‍ബലനായ ഒരു പ്രധാനമന്ത്രിയായാണ് മന്‍മോഹന്‍സിംഗിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിശേഷിപ്പിച്ചിരുന്നത്.
*പുതുതലമുറയുടെ തെരഞ്ഞെടുപ്പ്*
ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത പുതുതലമുറ വോട്ടുകള്‍ കൂടുതലായി ഉണ്ടാകുമെന്നതാണ്. മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചരണരീതിയിലും പുതുമയുണ്ടാകും. പരമ്പരാഗത മാധ്യമങ്ങള്‍ക്കപ്പുറത്ത് നവ സാമൂഹിക മാധ്യമങ്ങള്‍ കൂടുതലായി കരുത്തുകാട്ടുന്ന തെരഞ്ഞടുപ്പുകൂടിയാണ് ഇത്. അത് കൊണ്ടു തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ ജാഗരൂകരായി രംഗത്തുണ്ട്. കൂടുതല്‍ സുതാര്യമായ രീതിയിലേക്ക് എല്ലാ പ്രക്രിയകളും കൈകാര്യം ചെയ്യാനാവും എന്ന് പ്രത്യാശിക്കാം. രാജ്യത്തിന്‍റെ ജനാധിപത്യം കരുത്തുറ്റകരങ്ങളില്‍ വരാന്‍, മതേതരത്വവും മതനിരപേക്ഷതയും പരമാധികാര റിപ്പബ്ളിക് എന്നതുള്‍പ്പെടെയുള്ള ഭരടഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ തകരാതെ, ഇനിയും കാലങ്ങള്‍ നിലനില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നമ്മുടെ രാജ്യം തുടരട്ടെ.
No comments:
Post a Comment