ഭൂമി തരം മാറ്റം - എപ്പോഴാണ് ആവശ്യം ?
Conversion of land - land laws Kerala - Wetland and Paddyland
ജോസഫിന്റെ ആധാരത്തിൽ പുരയിടം എന്നാണ് വസ്തു വിവരപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്രയും നാളും വില്ലേജിൽ കരം അടച്ചിരുന്നതും പുരയിടം എന്നുതന്നെ. മകൻറെ വിവാഹം അടുത്തുവരുന്നതിനാൽ വീട് അല്പം പുതുക്കി പണിയാൻ നിർമ്മാണ പെർമിറ്റിന് നഗരസഭയിൽ ചെന്നപ്പോൾ ഭൂമി കൃഷി ഓഫീസിലെ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടു കിടക്കുന്ന നിലം ആണെന്നും തരം മാറ്റം നടത്തിയാൽ മാത്രമാണ് വീട് പുതുക്കിപ്പണിയാൻ പെർമിറ്റ് തരാൻ സാധിക്കുകയുള്ളൂ നടക്കുകയുള്ള എന്നും അധികൃതർ. താൻ വീടുവച്ച് താമസിക്കുന്നത് എങ്ങനെ നിലമാകും എന്ന ജോസഫിന്റെ ചോദ്യം ഉത്തരമില്ലാതെ തുടർന്നു...
2008 ൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വന്നതിനുശേഷം, പ്രത്യേകിച്ച് 6.7.2018 രീതിയിൽ വന്ന ഭേദഗതിയോടുകൂടി ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ ഭൂമി തരം മാറ്റുന്നതിന് വേണ്ടി അപേക്ഷകൾ കൊടുക്കാൻ ഇടയായിട്ടുള്ളത്. ആധാരത്തിൽ പുരയിടം എന്ന് കാണിച്ചിട്ടുണ്ടെങ്കിൽ പോലും നികുതി അടയ്ക്കുന്ന റവന്യൂ രേഖകളിൽ പുരയിടം എന്ന് അല്ലെങ്കിൽ (നിലം, നഞ്ച എന്നിങ്ങനെയൊക്കെ എഴുതിയിട്ടുണ്ടെങ്കിൽ) തരം മാറ്റം നേടിയെടുക്കേണ്ടി വരും. കൃഷിക്ക് അനുയോജ്യമായ ഭൂമിയുടെ പട്ടിക ഉൾപ്പെടുന്ന ഡാറ്റാ ബാങ്കിൽ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽനിന്ന് ഒഴിവാക്കുന്നതിനും നടപടികൾ ചെയ്യേണ്ടിവരും.
എന്തിനാണ് ഭൂമിതരം മാറ്റം ?
കൃഷിയോഗ്യമായ നെൽവയലുകൾ തണ്ണീർത്തടങ്ങൾ എന്നിവയുടെ സർവ്വേ നമ്പറുകൾ വിസ്തീർണ്ണം തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന പട്ടികയാണ് ഡാറ്റാ ബാങ്ക്. എന്നാൽ നികന്നു കിടക്കുന്ന നിരവധി ഭൂമിയും ഈ ഡാറ്റാ ബാങ്കിൽ നികത്ത് പുരയിടം എന്നോ നിലം ആയിട്ട് തന്നെയോ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള വസ്തുക്കളുടെ റവന്യൂ രേഖയിലെ ഭൂമിയുടെ തരം നിലം എന്നൊക്കെയായിരിക്കാം. അത് പുരയിടം എന്ന് ആക്കി തരം മാറ്റിയില്ലെങ്കിൽ ഭൂമിയിൽ നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അനുവാദം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ആളുകൾ ഭൂമി തരംമാറ്റത്തിന് വേണ്ടി അപേക്ഷിക്കാൻ ഇടയാകുന്നത്.
എങ്ങനെയൊക്കെ ഭൂമി തരം മാറ്റാം
ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂമി ആദ്യം ഡാറ്റാ ബാങ്കിൽ നിന്ന് മാറ്റം ചെയ്യുന്നതിന് ഫോം 5 അപേക്ഷ നൽകണം. റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ ഓൺലൈനായി സമർപ്പിക്കുന്ന ഈ അപേക്ഷയിൽ കൃഷിഭൂമി ആണെങ്കിൽ കൃഷി ഓഫീസിൽ നിന്നും തണ്ണീർത്തണമെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും ഒരു മാസത്തിനകം റിപ്പോർട്ട് ലഭ്യമാക്കി കൊണ്ട് ആവശ്യമെങ്കിൽ നേരിട്ടും കേന്ദ്ര-സംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ തയ്യാറാക്കിയ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയും റവന്യൂ ഡിവിഷണൽ ഓഫീസർ മൂന്നുമാസങ്ങൾക്കകം ഡാറ്റാ ബാങ്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിക്കൊണ്ടോ ഡാറ്റ ബാങ്കിൽ നിന്നും പ്രസ്തുത രേഖപ്പെടുത്തുകൾ നീക്കം ചെയ്തുകൊണ്ടോ അല്ലെങ്കിൽ അപേക്ഷ നിരസിച്ചു കൊണ്ടോ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.
20.23 ആർ വരെയുള്ള ഭൂമി തരം മാറ്റാൻ ഫോം ആറും അതിനുമുകളിലുള്ള ഭൂമിക്ക് ഫോം ഏഴും നൽകി തരം മാറ്റത്തിന് അപേക്ഷിക്കാം. എന്നാൽ 1967ലെ ഭൂവിനിയോഗ ഉത്തരവിന്റെ പ്രാരംഭ തീയതിയായ 4.7 1967 മുമ്പായി നികത്തിയ ഭൂമി സംബന്ധിച്ച് ഫോം 9 ൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വീട് വയ്ക്കുന്നതിന് അനുയോജ്യമായ മറ്റു ഭൂമി ഇല്ലാത്ത കൃഷിഭൂമിയുടെ ഉടമസ്ഥന് നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയിൽ വീട് വയ്ക്കുന്നതിന് ഫോം 1 അപേക്ഷയാണ് നൽകേണ്ടത്.
തരം മാറ്റത്തിന് ഫീസ് അടക്കണമോ
25 സെൻറ് വരെ ഭൂമിക്ക് തരം മാറ്റം നടത്തി കിട്ടുന്നതിന് ഫീസ് അടക്കണ്ട. 2017 ഡിസംബർ 30-ആം തീയതി പ്രാബല്യത്തിൽ 25 സെൻറിൽ അധികം ഭൂമി ഉണ്ടാകരുത്. ആ തീയതിക്ക് ശേഷം മുറിച്ചു ചെറുതാക്കിയ ഭൂമിക്ക് സൗജന്യം ലഭിക്കില്ല. 25 മുകളിൽ ഒരേക്കർ വരെ ഭൂമിയുടെ ന്യായവിലയുടെ 10% ഫീസ് അടയ്ക്കണം. ഒരു ഏക്കറിന്റെ മുകളിൽ ഭൂമിയുടെ ന്യായവിലയുടെ 20% ഫീസ് അടക്കണം.
അപേക്ഷകളുടെ ബാഹുല്യം കാരണം നിരവധി അപേക്ഷകളാണ് റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ തരം മാറ്റത്തിനായി കാത്തു കിടക്കുന്നത്. അപേക്ഷകളുടെ പരിഗണന കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി കളക്ടർമാരെ നിയമിച്ചുകൊണ്ടും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഭൂമിയുടെ തരം മാറ്റം സംബന്ധിച്ച് തീരുമാനമെടുക്കുമ്പോൾ അപേക്ഷാവസ്തു കൃഷിക്ക് യോഗ്യമാണോ എന്നതും 2008 നു മുമ്പ് നികന്നതാണോ എന്നതും ഉൾപ്പെടെ ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് ആർ ഡി ഓ തന്നെ നേരിട്ട് ബോധ്യപ്പെട്ടു വേണം തീരുമാനമെടുക്കാൻ എന്നും നിരവധി കോടതിവിധികൾ ഉണ്ട്.
No comments:
Post a Comment