ക്രിമിനൽ കേസിൽ പ്രതിക്ക് മാനസികമാന്ദ്യം ഉണ്ടായാൽ നടപടികൾ എങ്ങനെ ?
അൽഷമേഴ്സ് രോഗമാണെങ്കിലും ഈ ആനുകൂല്യം ലഭിക്കുമോ ?
പഴയ ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 328 മുതൽ 339 വരെ പറയുന്നത് വിചാരണ നടന്നുകൊണ്ടിരിക്കെ പ്രതിക്ക് ബുദ്ധിമാന്ദ്യം (മാനസിക മാന്ദ്യം) ഉള്ളതാണെങ്കിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചാണ്. പുതിയ ഭാരതീയ നഗരിക സുരക്ഷ സമിതിയിൽ വകുപ്പ് 367 മുതൽ 378 വരെയാണ് ഇക്കാര്യങ്ങൾ പറയുന്നത്. ബുദ്ധിമാന്ദ്യം എന്നതിന് പകരം ബുദ്ധിപരമായ വൈകല്യം എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. മാനസിക മാന്ദ്യം മൂലം പ്രതിക്ക് വിചാരണ നടപടികളെ പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് തങ്കപ്പൻ Vs സ്റ്റേറ്റ് ഓഫ് കേരള 2024 KHC 487 എന്ന കേസിൽ കേരള ഹൈക്കോടതി വിധി പറഞ്ഞിട്ടുള്ളതാണ്. മെന്റൽ ഹെൽത്ത് സെൻറർ വഴി പരിശോധന നടത്തി പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന വിചാരണ കോടതിയുടെ നിർദ്ദേശം ചോദ്യം ചെയ്തതിലാണ് ഈ വിധിയായം ഉണ്ടായത്. മെന്റൽ ഹെൽത്ത് കെയർ നിയമം 2017 വകുപ്പ് 105 പ്രകാരം ഏതെങ്കിലും ഒരു ഭാഗം മാനസിക ആരോഗ്യം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുകയും എതിർഭാഗം തർക്കിക്കുകയും ചെയ്താൽ മെഡിക്കൽ ബോർഡിന്റെ പരിശോധനയ്ക്കായി കോടതി അയയ്ക്കും. ബോർഡ് അംഗങ്ങൾ തന്നെയോ അല്ലെങ്കിൽ വിദഗ്ധ അംഗങ്ങളെ കൊണ്ടോ പരിശോധന നടത്തിയതിന് ശേഷം കോടതിയിൽ അഭിപ്രായം സമർപ്പിക്കുകയും പ്രതിക്ക് വിചാരണ നേരിടാൻ കഴിയുമോ ഇല്ലയോ എന്നത് സംബന്ധിച്ച് കോടതി തീരുമാനത്തിൽ എത്താൻ ഈ അഭിപ്രായം അടിസ്ഥാന ഘടകമായി ഉപയോഗിക്കുകയും ചെയ്യും. ഭാരതീയ നഗരിക സുരക്ഷാ സംഹിത പ്രകാരം മാനസിക മാന്ദ്യത്തിന് പുറമേ ബുദ്ധിപരമായ വൈകല്യം എന്ന ഘടകവും കണക്കിലെടുക്കും. ബുദ്ധി വൈകല്യം എന്ന പരിധിയിൽ അൽഷമേഴ്സ് രോഗം മൂലം കേസിൽ പ്രതിരോധം നടത്താൻ കഴിയാത്ത വ്യക്തിയും ഉൾപ്പെടും. അത്തരം രോഗത്തിൻറെ പരിധിയിൽ വരുന്നവരും ക്രിമിനൽ നടപടി ക്രമത്തിലെ അധ്യായം 25 ൻ്റെയും ഭാരതീയ നഗരിക സുരക്ഷാ സംഹിതയുടെ അദ്ധ്യായം 27 ൻ്റെയും പരിരക്ഷ ലഭിക്കും. ബിഎൻഎസ്എസ് നടപ്പിലായ സമയം നിലവിലുള്ള എല്ലാ അപേക്ഷകളിലും ഈ പരിഗണന മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും.
No comments:
Post a Comment