Search This Blog

Tuesday, November 14, 2023

മാനവ വിഭവ ശേഷിയും വികസനവും സാധ്യതകളും- വൈപ്പിന്‍ വികസന സെമിനാര്‍

മാനവ വിഭവ ശേഷിയും വികസനവും സാധ്യതകളും. 

(2023 -വൈപ്പിന്‍ വികസന സെമിനാറില്‍ അവതരിപ്പിച്ച വിഷയം-പിന്നീട് ലിഖിത രൂപത്തിലാക്കിയത്)

ലോകജനസംഖ്യ നിലവില്‍ 804.5 കോടി എന്നാണ് കണക്ക്. ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ 2023 ജൂണ്‍ മാസത്തോടുകൂടി മുന്നിലെത്തും എന്ന് ഐക്കരഷ്ട്ര സഭയുടെ ജനസംഖ്യ ഫണ്ട് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ജനസംഖ്യ 142.86 കോടി ആയി ഉയരുന്നു എന്നതാണ് അയ കണക്കിന് പിന്നിലെ വാസ്തവം. അതെ സമയം ചൈനയിലെ ജനസംഖ്യ 142.57 കൂടിയും. അതായത് ഇന്ത്യയുടെ ജനസംഖ്യ ചൈനയുടെ ജനസംഖ്യയേക്കാള്‍ 29 ലക്ഷം അധികമായി എന്ന് സാരം. 34 കോടി ജനസംഖ്യയുമായി അമേരിക്ക ലോകത്തിലെ മൂന്നാമത്തെ ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യമായി നിലനില്‍ക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന ജനസംഖ്യ എന്നത് മാത്രമല്ല പ്രാധാന്യമര്‍ഹിക്കുന്ന കാര്യം . ഇന്ത്യയുടെ ജനസംഖ്യയില്‍ നാലിലൊന്ന്  14 വയസ്സിനു താഴെ ഉള്ളവരാണ്. 68 ശതമാനം ജനങ്ങള്‍ 15 വയസ്സിനും 64 വയസ്സിനും ഇടയിലുള്ളവരാണ്. ജനസംഖ്യ 165 കോടി വരെ എത്തുമെന്നും പിന്നീട കുറഞ്ഞു തുടങ്ങും എന്നുമാണ് കണക്കുള്ളത്. ഇതൊക്കെ സൂചിപ്പിക്കുന്നത് തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള ആരോഗ്യമുള്ള ആളുകളുടെ എണ്ണം 66 ശതമാനത്തോളം വരുമെന്നാണ്. അതുകൊണ്ടുതന്നെ ലോകത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതിനോടൊപ്പം തന്നെ ഏറ്റവും കൂടുതല്‍ മാനവ വിഭവ ശേഷിയുള്ള രാജ്യമായിട്ടുകൂടി ഇന്ത്യ മാറുന്നു എന്നര്‍ത്ഥം. 


മാനവ വിഭവ ശേഷിയുടെ വികസനത്തിന് ആവശ്യമുള്ള ഘടകങ്ങള്‍.

മാനവ വിഭവ ശേഷി കൂടുതലായി ഉള്ളത് കൊണ്ട് മാത്രം കാര്യമില്ല, ഉള്ള ശേഷി കൃത്യമായി വികസിപ്പിച്ചെടുക്കുന്നതിലാണ് കാര്യം. ഒരു രാഷ്ട്രത്തിന്‍റെ മാനവ വിഭവ ശേഷി വികസിപ്പിച്ചെടുക്കുന്നതിനു 3 തരത്തിലുള്ള കാര്യങ്ങളില്‍ ഊന്നല്‍ നല്‍കേണ്ടി വരും. (1) വ്യക്തിപരം, (2) തൊഴില്‍പരം, (3) സാമുഹികം. വ്യക്തിപരവും തൊഴില്‍പരവും സാമൂഹികവുമായ വളര്‍ച്ചയാണ് രാഷ്ട്രത്തിന്‍റെ വികസനതിനുപയോഗിക്കാവുന്ന തരത്തില്‍ മാനവ വിഭവ ശേഷിയെ ഉയര്‍ത്തുന്നത്. ഒരാളുടെ കൈവശമുള്ള അറിവും അതോടൊപ്പം തന്നെയുള്ള വിഭവങ്ങളും കാര്യക്ഷമമായി ഉപയോഗിക്കുക എന്നുള്ളതാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. വ്യക്തിപരമായ വളര്‍ച്ച ഓരോ മനുഷ്യനും പ്രാപ്തമാക്കുന്നതിന് എത്രമാത്രം അവസരങ്ങള്‍ ഉണ്ട് എന്നത് വിദ്യാഭ്യാസ അവസരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിപരവും തൊഴില്‍പരവും സാമൂഹികവുമായ വളര്‍ച്ചക്കു വിദ്യാഭ്യാസത്തിന്‍റെ പങ്ക് വളരെ വലുതാണ്. ജീവിത വെല്ലുവിളികള്‍ നേരിടുന്നതിനു വിദ്യാഭ്യാസപരമായ  അടിസ്ഥാനം പ്രയോജനപ്പെടും. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ മാനവ വിഭവ ശേഷിയുടെ വികസനത്തിനു വിദ്യാഭ്യാസത്തിനുള്ള പങ്ക് പല രീതിയില്‍ അക്കമിട്ട് പറയാനാകും. ജീവിത വെല്ലുവിളികള്‍ നേരിടുക എന്നതോടൊപ്പം സമൂഹത്തോട് സഹാനുഭൂതിയുള്ളവരായി ജീവിക്കുക എന്നതും വിദ്യാഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കാവുന്ന കാര്യമാണ്. ഒരു മനുഷ്യന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നതും ഉത്പാത്നക്ഷമത വര്‍ധിപ്പിക്കുക എന്ന സാമാന്യ തത്വവും വിദ്യാഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കാനാവും. യുക്തിബോധം മനുഷ്യന് ചിന്താശേഷി വര്‍ധിപ്പിക്കും. യുക്തിബോധം ഉണ്ടാവുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. എന്ന് കരുതി എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും യുക്തിബോധം നല്‍കണമെന്നില്ല. സാമ്പത്തിക പുരോഗതിയും സര്‍ഗാത്മക അഭിലാഷവും വിദ്യാഭ്യാസത്തിനു കാര്യമായ അവസരം എന്നതും ശ്രദ്ധിക്കേണ്ടെ കാര്യമാണ്. ചുരുക്കത്തില്‍ മാനവ വിഭവ ശേഷിയുടെ വികസനത്തിന്വിദ്യാഭ്യാസത്തിന്‍റെ പങ്ക് നിര്‍വചിക്കാനാവാത്തതാണ്. അതുകൊണ്ട് തന്നെ മാനവ വിഭവ ശേഷിയെ ഉയര്‍ത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും അടിസ്ഥാനപരമായി വിദ്യാഭ്യാസത്തിനു കൂടി അവസരം ഉണ്ടാക്കികൊടുക്കുക എന്നുള്ളതും പ്രധാനപ്പെട്ടൊരു കാര്യം തന്നെയാണ്. 


മാനവ വിഭവ ശേഷിയുടെ വിവിധ തലങ്ങള്‍ 

പ്രകൃതിയില്‍ നിന്നുള്ള വിഭവങ്ങള്‍ ശരിയായി ഉപയോഗിക്കാന്‍ മനുഷ്യന് സാധിക്കണമെങ്കില്‍ അതിനു തക്ക പരിശീലനവും ബോധവും ആവശ്യമുണ്ട്. മാനവ വിഭവ ശേഷി ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവമാണെന്ന് പറയുമ്പോള്‍ തന്നെ പ്രകൃതിയുമായി ബന്ധപ്പെടുത്തി അത് പ്രവര്‍ത്തിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ കൂടുതലായി ഉപയോഗിക്കണം. അത്തരത്തില്‍ ഉപയോഗിക്കപ്പെടുന്ന മാനവ വിഭവ ശേഷി ഒരു രാജ്യത്തിന്‍റെ സമ്പദ്ഘടന സുസ്ഥിരമാക്കുന്നതിനു മുഖ്യമായ പങ്ക് വഹിക്കുന്നു. അതിനായി മാനവ വിഭവ ശേഷിയില്‍ ആവശ്യമായ നിക്ഷേപം നടത്തേണ്ടതുണ്ട്. അതല്ലാതെ തനിയെ വളര്‍ന്നു വരുന്ന മാനവ വിഭവ ശേഷിയെ ഉപയോഗിക്കുന്നത് കൊണ്ട് പരിധിയില്‍ കവിഞ്ഞുള്ള ക്രിയാത്മകമായ വളര്‍ച്ച ഉണ്ടാകണമെന്നില്ല. 

ഐക്യരാഷ്ട്രസഭയുടെ (UNDP)  വികസന പദ്ധതി പ്രകാരം മാനവ വിഭവ ശേഷിയിലുള്ള നിക്ഷേപം 3 തലത്തില്‍ നടത്താം. അത് വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും ആരോഗ്യ സംരക്ഷണത്തിലൂടെയും മാനവ വിഭവ ശേഷിയില്‍ നിക്ഷേപങ്ങള്‍ നടത്താം എന്നാണു തത്വം. ആദ്യം സൂചിപ്പിച്ചത് പോലെ ജനങ്ങളില്‍ വിദ്യാഭ്യാസം ശരിയായ രീതിയില്‍ നല്‍കുകയും ആവശ്യമായ പരിശീലനം നല്‍കുകയും അതേ സമയം അവരെ ആരോഗ്യപരമായി സുരക്ഷിതരായി നില്‍ക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്താല്‍ ശക്തമായ മാനവ വിഭവ ശേഷി ആയി. വിദ്യാഭ്യാസത്തിന്‍റെ കാര്യം പറഞ്ഞത് പോലെ തന്നെ ലഭിച്ച വിദ്യാഭ്യാസം ശെരിയായി ഉപയോഗിക്കുന്നതിനും അതല്ലെങ്കില്‍ അത്തരത്തിലുള്ള സ്കില്‍ (skill)  ഉപയോഗിക്കുന്നതിനും മതിയായ പരിശീലനം ആവശ്യമാണ്. പരിശീലനവും വിദ്യാഭ്യാസവും ലഭിച്ച് തയ്യാറായി ഇരിക്കുന്ന ജനതക്ക് സ്ഥിരമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും ആരോഗ്യ സംരക്ഷണവും ഉണ്ടാകേണ്ടതാണ്. 

സാമ്പത്തിക കാര്യങ്ങളെ പ്രധാനമായും 3 തരത്തില്‍ തിരിക്കാം. (1) പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ (primary activities) (2) ദ്വിതീയ പ്രവര്‍ത്തനങ്ങള്‍ (secondary activities) (3) ത്രിതീയ പ്രവര്‍ത്തനങ്ങള്‍ (tertiary activities)). ഈ മൂന്നു തരത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വികസന രേഖയുടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ആദ്യം സൂചിപ്പിച്ച പ്രാഥമിക പ്രവര്‍ത്തനങ്ങളില്‍ കൃഷി, മത്സ്യ ബന്ധനം, ക്വാറി, മൃഗങ്ങളെ വളര്‍ത്തല്‍, ഹോര്‍ട്ടികള്‍ച്ചര്‍, കോഴിവളര്‍ത്തല്‍ (poultry) എന്നിവ ഉള്‍പ്പെടുന്നു. അതേസമയം ദ്വിതീയ പ്രവര്‍ത്തനങ്ങളില്‍ ഉത്പ്പാതന  പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു. ത്രിതീയ പ്രവര്‍ത്തനങ്ങളില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങളും ദ്വിതീയ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളാണ് വരുന്നത്. ഉദാഹരണത്തിന് ബാങ്കിംഗ് മേഖല, ഗതാഗത മേഖല, സാമ്പത്തിക മേഖല, അങ്ങനെ വിവിധ തരത്തിലുള്ള സര്‍വ്വീസുകള്‍. 

സാമ്പത്തിക കാര്യങ്ങളെ തന്നെ വീണ്ടും 2 തരത്തില്‍ വേര്‍തിരിക്കാം. (1) വിപണി പ്രവര്‍ത്തനങ്ങള്‍ (market activities) (2) വിപണീതര പ്രവര്‍ത്തനങ്ങള്‍ (non-market activities). വിപണി പ്രവര്‍ത്തനങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിപണിയില്‍ വില്‍പ്പന നടത്താവുന്ന പ്രവര്‍ത്തനങ്ങളാണ്. അതിനു വേണ്ടി ഉദ്പ്പാദിപ്പിക്കുന്ന കാര്യങ്ങളെയാണ് വിപണി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. അതേസമയം സ്വയം ഉപയോഗിക്കുന്നതിനു വേണ്ടി ഉണ്ടാക്കുന്ന കാര്യങ്ങളെയാണ് വിപണിയേതര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. ഏത് രീതിയില്‍ ആയാലും മനുഷ്യ വിഭവങ്ങള്‍ ഭൂവിഭവത്തെക്കാളും ധന വിഭവത്തെക്കാളും മുന്‍പന്തിയില്‍ നില്‍ക്കും. കാരണം ധനവിഭവത്തെയും ഭുവിഭവത്തെയും ഉപയോഗിക്കാന്‍ മാനവ വിഭവ ശേഷിക്കു കഴിയും എന്നതാണ് അതിനു കാരണം. 

മാനവ വിഭവ ശേഷിയിലൂടെ നേടിയെടുക്കേണ്ട വികസന സൂചികകള്‍.

ഓരോ രാഷ്ട്രത്തിനും പ്രതിശീര്‍ഷക വരുമാനം പ്രധാനപ്പെട്ടതാണ്. അതെ സമയം കേവലം പ്രതിശീര്‍ഷക വരുമാന കണക്കുകളില്‍ മാത്രമല്ല, യഥാര്‍ത്തത്തില്‍ ഓരോ പ്രദേശത്തും വ്യക്തികളും കുടുംബങ്ങളും ഈ പ്രതിശീര്‍ഷക വരുമാനത്തിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആകുമ്പോഴാണ് വികസനം പൂര്‍ണ്ണമാകുന്നത്. ഒപ്പം തന്നെ ഭൗതീക ഗുണ നിലവാര സൂചികയും ഇതിനുല്ലൊരു മാനദണ്ഡമാണ്. വികസനം ഒരു വശത്ത് നടകുമ്പോഴും പ്രാദേശികമായി ജനങ്ങള്‍ക്ക് അവരുടെ ഭൗതീക ജീവിതത്തിന്‍റെ ഗുണം എത്രത്തോളം എന്ന് കാഴ്ച്ചയില്‍ തന്നെ നമുക്ക് അളക്കാനാവുന്ന തരത്തില്‍ ഉയര്‍ന്നു നില്‍ക്കേണ്ടാതായിട്ടുണ്ട്. അതോടൊപ്പം തന്നെ എടുത്തു പറയേണ്ട വികസന സൂചികകളില്‍ ഒന്നാണ് മാനവ വികസന സൂചിക. മാനവ വികസനത്തിന് മുമ്പ് പറഞ്ഞ രീതിയിലുള്ള വിദ്യാഭ്യാസവും ആരോഗ്യവും പരിശീലനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുന്നത് വികസനത്തിന്‍റെ വളര്‍ച്ചയ്ക്കുള്ള പ്രധാനപ്പെട്ട ഘടകം തന്നെയാണ്. അതോടുകൂടെത്തന്നെ ചേര്‍ത്ത് പറയേണ്ട മറ്റൊരു കാര്യമാണ് മാനവ സന്തോഷ സൂചിക. ആരോഗ്യകരമായ ജീവിതം, ജീവിതാഭിലാഷങ്ങളുടെ യാഥാര്‍ത്ഥ്യം, അഴിമതി രഹിത സംസ്കാരം, സാംസ്കാരിക മൂല്യങ്ങളില്‍ ഉയര്‍ന്ന ജീവിതം, സമയം പലപ്പോഴുമായി ഉപയോഗിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍, മാനസികാരോഗ്യങ്ങള്‍ ഇവയെല്ലാം മാനവ സന്തോഷ സൂചികയുടെ ഭാഗമായി ചേര്‍ത്ത് പറയേണ്ട കാര്യങ്ങളാണ്. 

മേല്പറഞ്ഞ രീതിയിലുള്ള വികസന സൂചികകളിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗം- ഒന്നാമതായി മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ എല്ലായിടത്തും ഉണ്ടാക്കികൊടുക്കുക. ആ പ്രദേശത്തുള്ള ആളുകള്‍ക്ക് വിദ്യാഭ്യാസം പ്രാപ്തമാകുന്നതിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ അതതരത്തിലുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുക എന്നതൊയൊണ്.. അതോടൊപ്പം തന്നെ കൂടുതല്‍പേര്‍ വിദ്യാഭ്യാസം തേടുന്നു എന്നും ഉറപ്പാക്കണം. സൗകര്യങ്ങള്‍ പരിമിതമായി ചിലര്‍ക്കുമാത്രമായി പ്രയോജനപ്പെടുതുന്നതിലല്ല, കൂടുതല്‍ ആളുകള്‍ക്ക് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ള സാഹചര്യം ഉണ്ടാകുന്നതും വികസന സൂചികയുടെ വളര്‍ച്ചയ്ക്കുള്ള ഘടകമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കി കൂടുതല്‍ പേര്‍ക്ക് അത്തരം വിദ്യാഭ്യാസം നല്‍കി അവര്‍ക്ക് നല്ല ജോലി സാധ്യത ഉണ്ടാക്കുക എന്നതും ഇതിനോട് ചേര്‍ത്ത് പറയേണ്ട കാര്യം. അതിനെ  തുടര്‍ന്ന് വരുമാനം, അതുപോലെ വാങ്ങല്‍ ശേഷി എന്നിവ വര്‍ധിക്കുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസവും കൂടുതല്‍ പേര്‍ക്ക് വിദ്യാഭ്യാസവും ജോലി സാധ്യതയുള്ള വിദ്യാഭ്യാസവും ലഭിച്ചു കഴിയുമ്പോള്‍ അവര്‍ക്ക് വരുമാനവും അതുവഴി വാങ്ങല്‍ ശേഷിയും വര്‍ധിക്കുന്നു. അത്തരത്തില്‍ വാങ്ങല്‍ ശേഷി വര്‍ധിച്ച് വരുമാനം വര്‍ദ്ധിച്ച് കഴിയുമ്പോള്‍ മികച്ച ജീവിത സാഹചര്യങ്ങള്‍ അവര്‍ കൂടുതലായി തേടുന്നതിനുള്ള അവസരം ഒരുങ്ങുന്നു. 

മാനവ വിഭവ ശേഷി- സാധ്യതകള്‍- വൈപ്പിന്‍ നിയോജക മണ്ഡലം.

ലോകത്തിലെ ഏറ്റവും ജനസാന്ത്രത കൂടിയ ദ്വീപുകളില്‍ ഒന്നാണ് വൈപ്പിന്‍. വൈപ്പിന്‍ നിയോജക മണ്ഡലം 2021 ലെ കണക്ക് പ്രകാരം 1,72,086 വോട്ടെര്‍മാര്‍ ഉണ്ട് എന്നാണു രേഖകള്‍. 8 ദ്വീപുകള്‍ അടങ്ങുന്നതാണ് വൈപ്പിന്‍ നിയോജക മണ്ഡലം. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, എളംകുന്നപ്പുഴ, ഞാറക്കല്‍, മുളവുകാട്, കടമക്കുടി, എന്നിങ്ങനെയുള്ള 8 ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വൈപ്പിന്‍ നിയോജക മണ്ഡലം. മുളവുകാടും കടമക്കുടിയും ദ്വീപു സമൂഹങ്ങളുടെ ഭാഗമായി തന്നെ ചേര്‍ന്ന് നില്‍ക്കുന്നു. പ്രകൃതി രമണീയമായ പ്രദേശം കൂടിയാണ് വൈപ്പിന്‍. പ്രാദേശികമായ പ്രത്യേകതകള്‍ കൊണ്ട് തന്നെ മാനവ വിഭവ ശേഷി കൃത്യമായി ഉപയോഗിക്കാനായാല്‍ വലിയ വികസന സാദ്യതകള്‍ ഉള്ള പ്രദേശം. നിലവില്‍ മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍, കൊച്ചിന്‍ refinery യുടെ പുതുവൈപ്പ് SPM  പ്രൊജക്റ്റ്, പുതുവൈപ്പ് LNG ടെര്‍മിനല്‍, IOC യുടെ Bottling Plant,, ലൈറ്റ് ഹൗസ്,Container ടെര്‍മിനല്‍ ഇവയെല്ലാം വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്നു. ഇതില്‍ തന്നെ ജനങ്ങള്‍ക്കു ആശങ്ക ഉളവാക്കിയിരുന്ന പല പദ്ധതികളും ഉണ്ടായിരുന്നു, അതിനെതിരെ സമരങ്ങളും മറ്റും നടന്നിരുന്നതും ഇപ്പോള്‍ അതെല്ലാം ഇനി നേരില്‍ കണ്ട് തിരിച്ചറിയാം എന്നാ രീതിയിലേക്ക് സമരങ്ങളെല്ലാം അവസാനിച്ച ഘട്ടത്തിലുമാണ്. ഇതിനു പുറമേ പ്രാദേശികമായ സാധ്യതകളെ പറ്റി സൂചിപ്പിക്കുമ്പോള്‍ പുതിയ പാലങ്ങള്‍ വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ ആവശ്യമുണ്ട് എന്നുള്ളതില്‍ തര്‍ക്കമില്ല. അതോടൊപ്പം തന്നെ തീരദേശ റെയില്‍വേ ഇപ്പോള്‍ വല്ലാര്‍പാടത്ത് വന്നു അവസാനിക്കുന്ന റെയില്‍വേ തീരദേശത്തേക്ക് കൂടി നീട്ടണം എന്നുള്ള സ്വപ്ന പദ്ധതികളും പലരുടെയും മനസിലുണ്ട്. പുതിയ പാലങ്ങള്‍ക്കായി വൈപ്പിന്‍ വല്ലാര്‍പാടം പാലങ്ങള്‍ക്കും ബോള്‍ഗാട്ടി എറണാകുളം പാലത്തിനും 2021  22 ബഡ്ജെറ്റില്‍ ടോക്കണ്‍ വെച്ചിട്ടുള്ളതായും രേഖകള്‍ കാണാം. അതുപോലെ തന്നെ മെട്രോബോട്ട് സംവിധാനം ഞാറക്കല്‍ വരെ നീട്ടുക എന്നുള്ളതും ഇതിനോട് ചേര്‍ത്ത് പറയാവുന്ന വികസനപരമായ ഒരാവശ്യം തന്നെയാണ്. ഏറ്റവും പ്രധാനപ്പെട്ടത് വൈപ്പിനിലൂടെ പോകുന്ന സ്വകാര്യ ബസ്സുകള്‍ക്ക് നഗരത്തിലേക്ക്  പ്രവേശനമില്ല എന്നുള്ളതും ദീര്‍ഘ നാളായി അത്തരത്തില്‍ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടു നടത്തി വരുന്ന സമ്മര്‍ദ്ദങ്ങളുമാണ്. ഇതനുവനുദിക്കുന്ന തരത്തിലാണ് നാറ്റ്പാറ്റ് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതെങ്കിലും, മാസങ്ങള്‍ക്കുമുമ്പ് പുറത്തിറക്കിയ ഒരു സര്‍ക്കാര്‍ ഉത്തരവ് മുഖാന്തരം അത് KSRTC  ബാസ്സുകള്‍ക്കായുള്ള റൂട്ട് ദേശ സാല്‍കരണം എന്ന തലത്തില്‍ ഇറങ്ങി എന്നും ആശങ്കകള്‍ ഉണ്ട്. 

കാര്‍ഷിക മേഘലയിലെ പ്രവര്‍ത്തനങ്ങളെ പ്പറ്റി പ്രത്യേകമായി സൂജിപ്പിച്ചാല്‍ വൈപ്പിനില്‍ പോക്കാളിപ്പാടങ്ങള്‍ ഉള്‍പ്പെടെയുള്ള സാധ്യതകളുള്ള പ്രദേശമാണ്. കൃത്യമായ രീതിയില്‍ പൊക്കാളി കൃഷി നടത്താന്‍ വെല്ലുവിളികള്‍ ഏറെയാണെങ്കിലും അതിനും സാധ്യതയുള്ള സ്ഥലമാണ് എന്നതില്‍ തര്‍ക്കമില്ല. മൃഗ പരിപാലനം സംബന്ധിച്ച കാര്യങ്ങള്‍ക്കും അതുപോലെ തന്നെ മത്സ്യ ബന്ധനം സംബന്ധിച്ച കാര്യങ്ങള്‍ക്കും ചീന വല, മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കൂടു കൃഷി, ഉള്‍നാടന്‍ മത്സ്യങ്ങളുടെ ഉദ്പ്പാദനം,  പൊതു സ്വകാര്യ കുളങ്ങളുടെ ഉപയോഗം, മത്സ്യ സംഭരണം, സംസ്കരണം എന്നിവയുള്ള കാര്യങ്ങള്‍ക്കെല്ലാം കൃത്യമായ വിഭവശേഷി ഉപയോഗിക്കപ്പെട്ടു കഴിഞ്ഞാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുള്ള പ്രദേശമാണ്. 

നിര്‍മ്മാണ മേഖലയിലും അനന്തമായ സാദ്ധ്യതകള്‍ വൈപ്പിനില്‍ ഉണ്ട്. തീരനിയന്ദ്രണ വിജ്ഞാപനത്തിന്‍റെ പുതിയ കരടു മാപ്പ്  പ്രകാരം വൈപ്പിനിലെ പള്ളിപ്പുറം, കുഴുപ്പുള്ളി, എടവനക്കാട് ഒഴികെയുള്ള പഞ്ചായത്തുകള്‍ എല്ലാം CRZ  3 ല്‍ നിന്ന് 2 ഗണത്തിലേക്ക് വന്നു. അതിനര്‍ത്ഥം അവിടെ കൂടുതല്‍ നിര്‍മ്മണങ്ങള്‍ക്ക് ഇനി അവസരം ഉണ്ടാവും എന്നുള്ളതാണ്. CRZ 2 ല്‍ വന്നുകഴിയുമ്പോള്‍ അംഗീകൃത റോഡിനു കരഭാഗത്തേക്കും നിര്‍മ്മാണങ്ങള്‍ നടത്താനാകും. സാങ്കേതികമായി അതിനുള്ള മാപ്പിന്‍റെ അന്തിമ ചര്‍ച്ചകള്‍ നടന്നു വരികയാണ്. അത്തരത്തില്‍ നിര്‍മ്മാണങ്ങള്‍ക്ക് വലിയ സാധ്യത ഉണ്ടാകുന്നൊരു പ്രദേശമായി വൈപ്പിന്‍ ദ്വീപു മേഖല മാറുമ്പോള്‍ അവിടെ നിര്‍മ്മാണ പ്രവര്‍ത്തന മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി ആളുകള്‍ക്ക് അനവധി അവസരങ്ങള്‍ ഉണ്ടാകുന്നു. കേവലം നിര്‍മ്മാണ തൊഴിലാളികളായി മാത്രം മാറുന്നതിനു പുറമേ വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്ന തലങ്ങളിലേക്കും ആളുകള്‍ക്ക് മാറാന്‍ അവസരമുള്ള കാലം.

പുഴയില്‍ നിന്നും മണല്‍ വാരല്‍  സംബന്ധിച്ച് നിലവില്‍ സംസ്ഥാന നിയമങ്ങള്‍ ഉള്ളപ്പോള്‍ തീരനിയന്ത്രണ വിജ്ഞാപനത്തിലെ ഭേതഗതിപ്രകാരം കടലില്‍ നിന്ന് മണല്‍ വാരുന്നതിന് പ്രത്യേക അവകാശം തദ്ദേശവാസികള്‍ക്ക് ലഭിക്കുന്ന സാഹചര്യം വരുന്നു. ഓരോ വര്‍ഷവും ഇത്തരം കരാറുകള്‍ കൊടുക്കും തദ്ദേശ ഭരണകൂടങ്ങള്‍ മുഖാന്തിരം തദ്ദേശവാസികള്‍ക്ക് നല്‍കുന്നതാണ് ഇത്തരത്തില്‍ ഉള്ള കരാറുകള്‍. അങ്ങനെ മണല്‍ വാരുന്നതിന് മെഷീന്‍ ഉപയോഗിക്കാത്ത വഞ്ചികളിലൂടെയും സഞ്ചികളിലൂടെയും ആണ് അനുവാദം നല്‍കിയിട്ടുല്ലത്.  ഏതൊക്കെ പ്രദേശങ്ങളില്‍ നിന്നാണ്, എത്ര അളവില്‍ വാരാം എന്നത് സംബന്ധിച്ചും പ്രാദേശിക വിജ്ഞാപനങ്ങള്‍ ഇറക്കാന്‍ CRZ ലെ നിയമ ഭേദഗതി അനുവാദം നല്‍കുന്നു.

ഹോം സ്റ്റേ നിര്‍മ്മാണങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന രീതിയിലും സി ആര്‍ ഇസഡ് നിയമത്തില്‍ ഭേദഗതി വന്നിരിക്കുന്നത് പൊതുവേ ഇത്തരം പ്രദേശങ്ങളില്‍ ടൂറിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആളുകള്‍ക്ക് പ്രയോജനപ്പെടും. നിലവില്‍ 'OCCUPANCY'  മാറ്റം വരുന്നതിനു തടസങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഹോം സ്റ്റേ സംവിധാനങ്ങള്‍ ഔദ്യോഗികമായി സാധ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ CRZ 2 ഗണത്തിലേക്ക് വന്നതോടുകൂടി ഹോം സ്റ്റേ സംവിധാനങ്ങളും യഥേഷ്ടം നടത്താനാകും. അതോടൊപ്പം തന്നെ താല്‍കാലിക ഷെഡുകള്‍ CRZ പ്രദേശത്തും ടുറിസം പരിഗണന മുന്നില്‍ നിര്‍ത്തി നിര്‍മ്മാണങ്ങള്‍ നടത്തുന്നതിന് അവസരം പുതിയ ഭേദഗതിയിലൂടെ വന്നിടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം തീരനിയന്ത്രണ വിജ്ഞാപനം  നിയന്ത്രണ പരിധിക്കു അപ്പുറത്തേക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളായി മാറി എന്നുള്ളതും ഈ വിജ്ഞാപനത്തിന്‍റെ നിലവില്‍ വന്നിട്ടുള്ള ഭേതഗതികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ പ്രത്യേകമായി ഉണ്ടാകേണ്ടതാണ്. 

ടുറിസം മേഖലയില്‍ ബോട്ട് , കായല്‍, ടുറിസം ബോട്ടുകളുടെ ലഭ്യത, ബോട്ടുകള്‍ കൃത്യമായി നിയമത്തിന്‍റെ ചട്ടക്കൂടുകള്‍ പാലിച്ച് ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാക്കുകയും കായലിലും ടുറിസം സാധ്യതകള്‍ ഉണ്ടാക്കുകയും അതുപോലെതന്നെ ഇത്തരത്തിലുള്ള ഫാമുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എല്ലാം ടുറിസം മേഖലയില്‍ കൃത്യമായി ഉപയോഗപ്പെടുത്തി പ്രയോജനപ്പെടുത്താവുന്നതാണ്. അതോടൊപ്പം CRZ 2 ലേക്ക് വരുന്നതുകൊണ്ട് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ സാധ്യതകള്‍ക്ക് തുടക്കം കുറിക്കുകയാണ്. 

ബസ്സുകളുടെ പ്രവേശനം പ്രത്യേകമായി ഗുണം ചെയ്യുന്നത് സാധാരണക്കാരെയാണ്. നിരവധി ആളുകള്‍ വൈപ്പിന്‍ പ്രദേശത്ത് നിന്ന് ഗാര്‍ഹിക തൊഴിലെടുക്കാന്‍ നഗരങ്ങളിലേക്ക് പോവുന്നവരുണ്ട്. നിലവില്‍ അവരെല്ല ഒന്നിലധികം ബസ്സുകള്‍ കയറിയാണ് അത്തരം കാര്യങ്ങള്‍ക്ക് പോകുന്നത്. ഏതെങ്കിലും ഒരു പൊതു ഇടത്തിലേക്ക് നഗരത്തിനകത്തേക്ക് ബസ്സുകള്‍ കയറുന്ന പക്ഷം അവര്‍ക്ക് ഒരു ബസ്സില്‍ പോവാനും അത് മൂലം പ്രതിമാസം നല്ലൊരു തുക ലാഭം കണ്ടെത്താനും കുടുംബാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ബസ്സുകളുടെ നഗരപ്രവേശനം സാധ്യമാകും എന്നതിലും തര്‍ക്കമില്ല. 

ഒരുമിച്ചുള്ള മുന്നേറ്റം അനിവാര്യം

വെപ്പിന്‍ ദീപുസമൂഹങ്ങളുടെ മാനവവിഭവശേഷി ഇനിയും വളരെയേറെ തിരിച്ചറിയപ്പെടാനുള്ളതാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരമ്പരാഗത രീതികളും നാട്ടറിവുകളും ആധുനിക അറിവുകളുമായി ചേര്‍ത്ത് വച്ച് കൃത്യമായ മാസ്റ്റര്‍പ്ളാനോടു കൂടി പ്രവര്‍ത്തിച്ചാല്‍ അതിവേഗം വികസിതമായി മാറുന്ന ഒരു പ്രദേശമായി വൈപ്പിന്‍ മാറും. രാജ്യത്തിന്‍റെ നിയമങ്ങള്‍ പ്രകാരം പരിമിതികള്‍ എങ്ങനെ മറികടക്കാമെന്ന് കാര്യങ്ങള്‍ പഠിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അനന്തമായ സാധ്യതകള്‍ ഇവിടെയുണ്ട്. വിഷയങ്ങള്‍ ശരിയായി അപഗ്രഥനം ചെയ്യാതെ തൊലിപ്പുറത്തുള്ള പ്രവര്‍ത്തനങള്‍ ഗുണം ചെയ്യില്ല. മാനവ വിഭവ ശേഷിയെ മൂല്യങ്ങള്‍ക്കനുസൃതമായി, ധാര്‍മ്മിക ചിന്തയോടെ എങ്ങയൊക്കെ ഉപയോഗിക്കാം എന്ന് തിരിച്ചറിഞ്ഞാല്‍, മാതൃകാപരമായ ഒരു മുന്നേറ്റം ഇവിടെ ദൃശ്യമാകും.   

അഡ്വ. ഷെറി ജെ തോമസ്

#vypinseminar

#development_vypin_island

#human_resourse_vypin_ernakulam

#adv_sherry_J_Thomas_article_vypin_seminar


No comments:

Post a Comment