Search This Blog

Tuesday, November 12, 2013

No discriminatory Power to police to 'wait and see' in complaints disclosing serious offences, other than registering FIR. Supreme Court says....

http://www.mathrubhumi.com/story.php?id=405912

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം പോലീസ് സ്വമേധയാ കേസെടുക്കേണ്ട കുറ്റങ്ങളില്‍ പരാതി ലഭിച്ചാല്‍, പ്രാഥമിക അന്വേഷണമില്ലാതെതന്നെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍.) രജിസ്റ്റര്‍ചെയ്യണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം പരാതികളില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിച്ചു. 

ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വ്യവസ്ഥകള്‍ വളരെ വ്യക്തമാണെന്നും എഫ്.ഐ.ആര്‍. എന്നത് നിര്‍ബന്ധമാണെന്നും കോടതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരന്റെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യുന്നതിന് ഉത്തര്‍പ്രദേശ് പോലീസ് കൈക്കൂലി ചോദിച്ചിരുന്നു. 

സ്വമേധയാ കേസെടുക്കേണ്ട കുറ്റങ്ങളില്‍പ്പെടുന്നതെന്ന് സൂചനയില്ലാത്ത പരാതികളില്‍ ആവശ്യമെങ്കില്‍ പ്രാഥമികാന്വേഷണം നടത്താമെന്ന് കോടതി വ്യക്തമാക്കി. അത്തരം കുറ്റമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയാല്‍ എഫ്.ഐ.ആര്‍. തയ്യാറാക്കണം. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയാല്‍ അക്കാര്യം ഏഴുദിവസത്തിനകം പരാതിക്കാരനെ കാര്യകാരണസഹിതം അറിയിക്കണമെന്നും ജസ്റ്റിസുമാരായ ബി.എസ്. ചൗഹാന്‍, രഞ്ജനപ്രകാശ് ദേശായ്, രഞ്ജന്‍ ഗൊഗോയ്, എസ്.എ. ബോബ്‌ഡെ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. 

ലഭിച്ച വിവരത്തിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനല്ല പ്രാഥമികാന്വേഷണം. ലഭിച്ച വിവരം അല്ലെങ്കില്‍ പരാതി ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം സ്വമേധയാ കേസെടുക്കേണ്ട വിഭാഗത്തില്‍പ്പെടുന്നതാണോ എന്ന് കണ്ടെത്തുന്നതിനാണ്. സ്വത്തുതര്‍ക്കം, കുടുംബവഴക്ക്, സാമ്പത്തികകുറ്റങ്ങള്‍, അഴിമതിക്കേസുകള്‍, സംഭവം നടന്ന് വളരെ വൈകിലഭിക്കുന്ന പരാതികള്‍ തുടങ്ങിയവയിലാണ് പ്രാഥമികാന്വേഷണം നടത്തേണ്ടതെന്ന് കോടതി വിശദീകരിച്ചു. 

പ്രാഥമികാന്വേഷണം ഏഴുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. ജനറല്‍ ഡയറിയില്‍ കാലതാമസം വിശദീകരിക്കണം. പോലീസ്‌സ്റ്റേഷനില്‍ ലഭിക്കുന്ന എല്ലാ വിവരങ്ങളുടെയും രേഖയാണ് ജനറല്‍ ഡയറി. അതിനാല്‍, എഫ്.ഐ.ആര്‍. തയ്യാറാക്കുന്നതും പ്രാഥമികാന്വേഷണം നടത്താനുള്ള തീരുമാനവുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കണം. 
ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കേണ്ട കുറ്റങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മൂന്നുകൊല്ലത്തിലധികം ശിക്ഷ ലഭിക്കാവുന്ന ഇത്തരം കുറ്റങ്ങളില്‍ വാറന്റില്ലാതെതന്നെ ഒരാളെ അറസ്റ്റുചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ട്. കോടതി വഴി മാത്രമേ ജാമ്യം ലഭിക്കൂ. 
പോലീസിന് ലഭിക്കുന്ന പരാതിയില്‍ ഇത്തരം കുറ്റത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ എഫ്.ഐ.ആര്‍. എടുത്തേ പറ്റൂ. പരാതി സത്യമാണോയെന്നും മറ്റുമുള്ള കാര്യങ്ങള്‍ എഫ്.ഐ.ആര്‍. തയ്യാറാക്കിയ ശേഷമുള്ള അന്വേഷണത്തിന്റെ ഭാഗമായി വരേണ്ടതാണ്. അന്വേഷണത്തില്‍ ലഭിച്ച വിവരം അല്ലെങ്കില്‍ പരാതി വ്യാജമാണെന്ന് കണ്ടാല്‍ വ്യാജ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് കുറ്റവിചാരണയുള്‍പ്പെടെയുള്ള നടപടികള്‍ക്ക് വ്യവസ്ഥയുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.

No discriminatory Power to police to 'wait and see' in complaints disclosing serious offences, other than registering FIR. Supreme Court says....

FIR must in complaints about serious offences: SC http://toi.in/s_9Lpb