Search This Blog

Tuesday, March 7, 2017

വനിതാ ദിനത്തില്‍ ഒരു അജണ്ട...

Sherry J Thomas
sherryjthomas@gmail.com
 
സ്ത്രീ-പുരുഷ സമത്വം, സ്ത്രീക്കും പുരുഷനും തുല്യാവകാശം, എന്ന മുദ്രാവാക്യങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങളിലും തുടക്കം മുതല്‍ തന്നെ പ്രാധാന്യം നല്‍കിയിട്ടുള്ളവയാണ്. 


സ്ത്രീ ക്ഷേമത്തിന്‍റെ അജണ്ട


അധികാര കേന്ദ്രങ്ങളില്‍ സ്ത്രീയുടെ സാന്നിദ്ധ്യം സംവരണത്തിലൂടെയും അല്ലാതെയും സജീവമാണെങ്കിലും സ്ത്രീയുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും അനിഷ്ഠസംഭവങ്ങള്‍ക്കും കുറവുവരുന്നില്ല. സ്ത്രീ സംരക്ഷണ നിയമത്തിന്‍റെ കുറവുണ്ടായിട്ടല്ല, മറ്റ് കാരണങ്ങള്‍ പലതുമാണ് സ്ത്രീക്കെതിരൊയ പീഡനങ്ങള്‍ അഭംഗുരം തുടരാന്‍ ഇടയാക്കുന്നതെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. ഏറ്റവും ഒടുവിലായി വന്ന ഗാര്‍ഹിക പീഡന നിയമവും ക്രിമിനല്‍ നടപടിക്രമ ഭേദഗതിയുമൊക്കെ സ്ത്രീയുടെ സംവരണം കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള നിയമങ്ങളാണ്. എന്നാല്‍ എല്ലാത്തരം സംരക്ഷണങ്ങളുടെയും ബാധ്യതയും ഉത്തരവാദിത്വവും പൊതു സമൂഹം ഏറ്റെടുത്താല്‍ മാത്രമെ പീഡനങ്ങള്‍ നിയന്ത്രിക്കാനാകൂ. ഗാര്‍ഹിക ജീവിതത്തിലെ പീഡനകഥകള്‍ക്കൊപ്പം തന്നെ തൊഴിലിടങ്ങളിലെ പീഡനകഥകളും കുറവല്ല. എന്നാല്‍ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സംരക്ഷണത്തിനായി സുപ്രീം കോടതിയില്‍ നിന്നും കേരള ഹൈക്കോടതിയില്‍ നിന്നും സ്ത്രീ ക്ഷേമ ഉത്തരവുകള്‍ ഉണ്ടെങ്കിലും അതുപ്രകാരമെന്നും കാര്യങ്ങള്‍ നടക്കുന്നില്ലെന്നതാണ് സത്യം. 

തൊഴിലിടങ്ങളില്‍ മാനം കാക്കാന്‍ കോടതി വിധികള്‍..


അമ്മ, ഭാര്യ എന്നീ വേഷങ്ങളില്‍ സ്ത്രീ വീട്ടില്‍ ഒതുങ്ങിക്കൂടുന്ന കാലം കഴിഞ്ഞു. കുടുംബത്തിന്‍റെ സാമ്പത്തിക ഭാരത്തിന്‍റെ പങ്ക് ഏറ്റെടുക്കാനും അല്ലാതെയുമൊക്കെയായി നിരവധി സ്ത്രീകള്‍ ഇന്ന് തൊഴില്‍ ചെയ്യുന്നു. സര്‍ക്കാര്‍, സ്വകാര്യ,പൊതുമേഖല, സര്‍വ്വീസ് മുതലായ സെക്ടറുകളിലാണ് സ്ത്രീകള്‍ പൊതുവെ ജോലി ചെയ്യുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നും ഒരു വിഷയമായതുകൊണ്ടു കൂടിയാകാം 1997 ല്‍  വിശാഖാ കേസില്‍ രാജ്യത്തെ പരമോന്നത നീതിപീഠം ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ തൊഴിലിടങ്ങളിലും അത് നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയതത്. നിലവില്‍ രാജ്യത്ത് ഇതു സംബന്ധിച്ച് ഒരു നിയമമുണ്ടാകുന്നതുവരെയും പാലിക്കാനാണ് നിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചതെങ്കിലും നാളിതുവരെയായും ഇതു സംബന്ധിച്ച് ഒരു നിയമവും നിലവിലില്ലാത്തതിനാല്‍ ഇപ്പോഴും ഈ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമായി പേരിനുവേണ്ടി ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണിപ്പോള്‍ ചെയ്തുവരുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിലും സ്ത്രി സമിതികള്‍ നിര്‍ബന്ധം..
വിശാഖാ കേസ് വിധി വന്ന് ഒരു ദശകത്തിലധികമായെങ്കിലും ഒരു സ്വകാര്യ സ്ഥാപനത്തില്‍ പോലും സ്ത്രീ പരാതി പരിഹാര സമിതി നിലവിലില്ല. ഇല്ലാത്തതിന്‍റെ പേരിലൊട്ടു നടപടിയുമില്ല. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയില്‍ നിന്ന് വിശാഖാ കേസ് വ്യാഖ്യാനിച്ചുകൊണ്ട് മറ്റൊരു വിധി കൂടി വന്നത്. കേരളത്തിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സ്ത്രീ പരാതി പരിഹാര സമിതികള്‍ നിലവില്‍ വരണമെന്ന് കോടതി വിധിച്ചു. വനിതാ ദിനങ്ങളിലെ പതിവുപരിപാടികള്‍ക്കപ്പുറത്ത് കാര്യക്ഷമമായി നടപ്പാക്കിയാല്‍ തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ഏറ്റവും നല്ല സുരക്ഷ ഉറപ്പുവരുത്താന്‍ ഈ വിധിന്യായത്തിലൂടെ സാധിക്കും. ക്രിയാത്മകമായി സ്ത്രീ സുരക്ഷ ഏറെ ഉറപ്പാക്കുന്ന വിധിന്യായമാണെങ്കിലും സമൂഹം അത് കാര്യമായി കണക്കിലെടുത്തിട്ടില്ല. സാക്ഷര കേരളത്തില്‍ സ്ത്രീ അവകാശങ്ങള്‍ക്കുവേണ്ടി ഘോരഘോരം വാദിക്കുന്നവരുടെ കൈയ്യില്‍ പോലും കേരളത്തില്‍ എത്ര സ്ഥാപനങ്ങളില്‍ ഇപ്രകാരമുള്ള സമിതിയുണ്ടെന്ന് കണക്കില്ല. അവിടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളാകട്ടെ ഇങ്ങനെയൊരണ്ണം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടാറുമില്ല. ഇതില്‍ നിന്നും രണ്ട് കാര്യങ്ങള്‍ അനുമാനിക്കാം- ഒന്നുകില്‍, കേരളത്തില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ യാതൊരു ബുദ്ധുമുട്ടും നേരിടുന്നില്ല എന്നത്; അല്ലെങ്കില്‍, എന്ത് ബുദ്ധിമുട്ടുകള്‍ നേരിട്ടാലും നിയമാനുസൃതം ഉണ്ടാകേണ്ടതായ സമിതി ഉണ്ടാകണെമെന്ന് പറയാന്‍ പോലും സ്ത്രീ തൊഴിലാളികള്‍ക്ക് സാധിക്കുന്നില്ല.
 

കോടതി ഉണ്ടാക്കിയ ചട്ടങ്ങള്‍ ..


തൊലില്‍ സ്ഥലത്ത് എല്ലാ തരത്തിലുമുള്ള സ്ത്രി പീഡനങ്ങള്‍ തടയുക, പരിഹാരമുണ്ടാക്കുക, നിയമനടപികള്‍ എടുക്കുക എന്നത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നാണ് ചട്ടം. ശരീരത്തില്‍ സ്പര്‍ശിക്കുക, ലൈംഗീക കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുക, ലൈംഗീക ചുവയുള്ള സംഭാഷണങ്ങള്‍, അശ്ളീല ചിത്രങ്ങള്‍ കാണിക്കുക, ലൈംഗീക പ്രസരിക്കുന്ന പെരുമാറ്റം, തൊഴില്‍ സുരക്ഷിതമാകുന്നതിനുവേണ്ടി സഹിക്കുന്ന അപമാനകരമായ അവസ്ഥ മുതലയാവയെല്ലാം പീഡനങ്ങളുടെ നിര്‍വ്വചനത്തില്‍ വരും. തൊഴിലിടങ്ങളില്‍ സ്ത്രി സംരക്ഷണത്തിനുവേണണ്ടി കൈക്കൊണ്ട കാര്യങ്ങള്‍ നോട്ടീസ് ബോര്‍ഡിലൂടെ പരസ്യപ്പെടുത്തണമെന്നാണ് വ്യവസ്ഥയെങ്കിലും കേരളത്തില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പോലും, എന്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ഇത്തരമൊരു പരസ്യം കാണാന്‍ ബുദ്ധിമുട്ടായിരിക്കും. 


ഈ വനിതാ ദിനത്തിലെ അജണ്ട


കോടതികള്‍ നിയമമുണ്ടാക്കുന്നത് ജനാധിപത്യ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നിടത്താണ്. നിലവില്‍ തൊഴിലിടങ്ങളില്‍ സ്ത്രീ സംരക്ഷണത്തിന് പ്രത്യേക നിയമമില്ലാത്തതിനാലാണ് കോടതി ചട്ടങ്ങളുണ്ടാക്കിയത്. ദശകം ഒന്നു കഴിഞ്ഞെങ്കിലും പുതിയ നിയമമുണ്ടാക്കാന്‍ ഭരണകൂടത്തിന് കഴിയാത്തതിനാല്‍ കോടതി പറഞ്ഞതു തന്നെ നിയമം. എന്നാല്‍ കേരളത്തില്‍ ഹൈക്കോടതി ഒന്നു കൂടി തറപ്പിച്ച് വ്യാഖ്യാനം നടത്തി സ്വകാര സ്ഥാപനങ്ങളില്‍ കൂടി സ്ത്രീ സുരക്ഷയ്ക്കായുള്ള സമിതികളും നടപടികളും ഉണ്ടാകണമെന്ന് വിധിച്ചിട്ടും ഒരു വനിതാ സംഘടനയും അത് ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടില്ല. ഹൈക്കോടതിയുടെ മൂക്കിനു താഴെയുള്ള കൊച്ചി നഗരത്തില്‍ പോലും തുണിക്കടകളിലും മറ്റ് സ്ഥാപനങ്ങളിലുമായി ആയിരക്കണക്കിന് സ്ത്രീകള്‍ ജോലിചെയ്യുന്നു. അവിടെ എത്ര സ്ഥലങ്ങളില്‍ സ്ത്രീ പരാതി പരിഹാര സമിതികള്‍ ഉണ്ട് എന്ന കണക്കെങ്കിലും ഈ വനിതാദിനാചരണ അജണ്ടയുടെ ഭാഗമായി വെളിച്ചത്തു വരണം. പീഡനങ്ങള്‍ നടന്നതിനുശേഷം മുറവിളിക്കുന്നതിനെക്കാള്‍ ഉചിതം, പീഡനങ്ങള്‍ മുളയിലേ നുള്ളാന്‍ നിലവിലുള്ള നിയമ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാണ്‌.
-------------------------------------------------------------------

എങ്ങനെ നിയമ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താം ?


വൈവാഹിക ജീവതത്തില്‍ പീഡനമുണ്ടായാല്‍ ?


വൈവാഹിക ജീവിതത്തില്‍ യാതൊരു കേസിനും കോടതിക്കും ഇടവരാതിരിക്കട്ടെ എന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ തീരെ നിവൃത്തിയില്ലാതെ വന്നാല്‍, സ്ത്രീ സംരക്ഷണത്തിന് നിയമം സമൃദ്ധമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ എന്ന വകുപ്പാണ് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃബന്ധുക്കളില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടിവരുന്നരുടെ പ്രധാന ആശ്രയം. സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുന്ന ഭര്‍ത്താവിനെതിരെയും ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ക്കെതിരെയും ഈ നിയമം രക്ഷയാകുന്നു. ക്രൂരത എന്നതു കൊണ്ട്, സ്ത്രീധനവുമായി ബന്ധപ്പെട്ടും അല്ലാതെയും സ്ത്രീയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന സംഭവങ്ങള്‍, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന സംഭവങ്ങള്‍ മുതലായവയെല്ലാം ഉള്‍പ്പെടും. ഈ നിയമം പുരുഷന്‍മാര്‍ക്കെതിരെ ദുരുപയോഗിക്കുവെന്നും ആക്ഷേപമുണ്ട്. വിവാഹിതയായ സ്ത്രീ വിവാഹശേഷം 7 വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്താല്‍ അത് ഭര്‍ത്താവിന്‍റെയോ ഭര്‍തൃബന്ധുക്കളുടെയോ പ്രേരണയാലാണാണെന്ന് അനുമാനിക്കാമെന്നാണ് നിയമം. അത് മറിച്ച് തെളിയിക്കാനുള്ള ബാധ്യത ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമാണ്. പീഡനം സംബന്ധിച്ച പരാതികള്‍ ലോക്കല്‍ പോലീസ് സ്റ്റേഷനിലോ കോടതിയില്‍ നേരിട്ടോ നല്‍കാം. 

സ്ത്രീധനം ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യും ?


സ്ത്രീധനം എന്നത് സ്വമനസ്സാലെ മകള്‍ക്ക് കൊടുക്കുന്ന ഒന്നായാണ് ഇന്ന് സാധാരണ കരുതുന്നത്. നിര്‍ബന്ധിച്ച് വാങ്ങുന്നതും ഗത്യന്തരമില്ലാതെ കൊടുക്കുന്നതും ആരം വെളിയില്‍ പറയാറില്ല. ഇനി ആരെങ്കിലും പ്രതികരിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ ചെയ്യേണ്ടത് - ആരുടെ വിവാഹത്തിനാണോ സ്ത്രീധനം ആവശ്യപ്പെട്ടത്, ആ വ്യക്തിയോ അവര്‍ക്കുവേണ്ടി വേറെയാരെങ്കിലുമോ പരാതി നല്‍കണം. പരാതിക്കാരി താമസിക്കുന്ന സ്ഥലത്തുള്ള കോടതിയിലായിരിക്കും കേസ് നടക്കുന്നത്.  സ്ത്രീധനം ആവശ്യപ്പെട്ടതിനുശേഷം അല്ലെങ്കില്‍ നല്‍കിയതിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കണം. നേരിട്ട് പോലീസ് സ്റ്റേഷനിലോ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലോ പരാതി നല്‍കണം. 

സ്ത്രീകളെ അശ്ളീലമായി ചിത്രീകരിക്കുന്നതിനെതിരെ ?


കുടുംബവുമായി യാത്ര ചെയ്യുമ്പോഴും വഴിവക്കിലുമൊക്കെ പരസ്യബോര്‍ഡുകളില്‍ കാണുന്ന അല്‍പ്പവസ്ത്രധാരികളായ സ്ത്രീകളുടെ ചിത്രം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ ? അശ്ളീലതയുടെ ചിത്രങ്ങള്‍, ലൈംഗീകത പ്രചോദിപ്പിക്കുന്ന ചിത്രങ്ങള്‍ മുതയായവയെല്ലാം പരാതിക്കാധാരമാകാം. സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ നിയമത്തിന്‍റെ നിര്‍വ്വചനത്തില്‍ അശ്ളീലതയായി കണക്കാക്കുന്ന എന്തും കുറ്റകരമാണ്. നേരിട്ട് പോലീസിലോ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലോ പരാതി നല്‍കാവുന്നതാണ്. 

സാക്ഷിമൊഴി എടുക്കാനും മറ്റും സ്ത്രീകളെ പോലീസിന് വിളിപ്പിക്കാമോ?


സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പോലീസ് വേണമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പരാതിക്കാരായും സാക്ഷികളായും സ്ത്രീകളെയും 15 വയസ്സിനു താഴെയുള്ള കുട്ടികളെയും അന്വേഷണത്തിന്‍റെ  ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നാണ് നിയമം. മാല മോഷണം പോയ പരാതിയുമായി ചെന്നാലും, സ്ത്രീ പീഡനപരാതിയുമായി ചെന്നാലും അന്വേഷണത്തിന്നെ പേരില്‍ പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം കാത്തിരിക്കുന്ന സ്ത്രീകളെ കാണാം. പരാതിക്കാരിയായി ഇനിയൊരു കേസില്‍ സ്റ്റേഷനില്‍ വരാന്‍ അവര്‍ മടിക്കും. എന്നാല്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 160 പറയുന്നത്, പോലീസിന് അന്വേഷണത്തിന്‍റെ ഭാഗമായി എന്തെങ്കിലും മൊഴിയെടുക്കണമെങ്കില്‍ (സ്ത്രീകളുടെയും 15 വയസ്സിനു താഴെയുള്ള കുട്ടികളുടെയും) അവര്‍ താമസിക്കുന്ന സ്ഥലത്തു ചെന്ന് വേണം അത് ചെയ്യാന്‍.
 

ഗാര്‍ഹിക ജീവിത്തിലെ പീഡനങ്ങള്‍ തടയാന്‍ ..


ഗാര്‍ഹിക ജീവിതത്തില്‍ സ്നേഹവും സമാധാനവും എന്നെങ്കിലും ഉണ്ടാകുമെന്ന പ്രീക്ഷയാല്‍ പീഡനങ്ങള്‍ പുറത്തറിയിക്കാതെ  സര്‍വ്വം സഹയായി ജിവിക്കുന്നവര്‍ക്കും തീരെ നിവൃത്തിയില്ലാതെ വന്നാല്‍ അവസാനനിമിഷം ആശ്രയിക്കാവുന്ന നിയമപരിരക്ഷയാണ് ഗാര്‍ഹിക പീഡന നിയമം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ ഗൃഹത്തില്‍ നിന്നുമുണ്ടാകുന്ന പീഡനങ്ങള്‍ക്കുമാത്രമേ പരിരക്ഷ നല്‍കുന്നുള്ളൂ; എന്നാല്‍  ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ ഗൃഹത്തില്‍ നിന്നുമുണ്ടാകുന്ന പീഡനങ്ങള്‍ക്കും പുറമെ സ്വന്തം വീട്ടില്‍ നിന്നായാലും ബന്ധുക്കളില്‍ നിന്നായാലും ഗാര്‍ഹിക പീഡന നിയമം സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നു.  വിവാഹത്തിലൂടെയോ മറ്റ് ബന്ധങ്ങളിലൂടെയോ,  രക്ത ബന്ധത്തിലൂടെയോ ഒരുമിച്ച് ഒരു വീട്ടില്‍ താമസിക്കാന്‍ ഇടവന്നിട്ടുള്ള ആളുകളില്‍ നിന്ന് പീഡനങ്ങളുണ്ടായാല്‍ ഈ നിയമത്തിലൂടെ  പരിരക്ഷ ലഭിക്കും. ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കണം. 
ശാരീരികവും മാനസീകവുമായ ആരോഗ്യം, സുരക്ഷ, ജീവന്‍, സൂഗമമായ ജീവിതം എന്നിവയ്ക്കെതിരെയുള്ള  പ്രവര്‍ത്തനങ്ങളെല്ലാം  പീഡനമാണ്.  ശാരീരിക ചൂഷണം, ലൈഗീക ചൂഷണം, ഭാഷാപരവും വൈകാരികവുമായ ചൂഷണം, സാമ്പത്തിക പീഡനത്തിന്‍െറ പരിധിയില്‍ വരും.നിയമപരമല്ലാത്തഏതെങ്കിലുംകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലേക്കായോ, സ്ത്രീധനത്തിനോ, വസ്തുവഹകള്‍ക്കായോ ഭീഷണിയോ സമ്മര്‍ദ്ദമോ ചെലുത്തുക മുതലായവയും പീഡനമാണ്.  മറ്റുവള്ളവരുടെ മുന്നില്‍ അപമാനിക്കുന്നതും പരിഹസിക്കുന്നതും ചീത്ത വിളിക്കുന്നതും കുട്ടികളുണ്ടാകാത്തതിനോ ആണ്‍ കുട്ടികളുണ്ടാകാത്തതിനോ അധിക്ഷേിപിക്കുന്നതും പീഡനമാണ്.   നിയമപ്രകാരമോ ആചാരപ്രകാരമോ ലഭിക്കേണ്ടതോ ഉപയോഗിക്കേണ്ടതോ ആയ അവകാശങ്ങളുടെ ധ്വംസനവും ഗാര്‍ഹിക പീഡനമാണ്. കൂട്ടവകാശമുള്ള വസ്തു സമ്മതമില്ലാതെ നല്‍കുക മുതലായവയും ഇതിന്‍െറ പരിധിയില്‍ വരും.




No comments:

Post a Comment