Search This Blog

Wednesday, November 13, 2019

Reservation in aided college appointments..


കേരളത്തിലെ എയിഡഡ് വിദ്യാഭ്യസ സ്ഥാപനങ്ങളിൽ നിയമനത്തിൽ സംവരണം ഉണ്ടോ?നിയമസഭയിൽ ചോദ്യം!

കേരളത്തിലെ എയിഡഡ് കോളേജുകളിൽ അധ്യാപക-അനധ്യാപക നിയമനത്തിന് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗ  ഉദ്യോഗാർത്ഥികൾക്ക് സംവരണം നൽകണമെന്ന് 25.5.15 തീയതി കേരള ഹൈക്കോടതി വിധിച്ചിരുന്നു. അതിനെതിരെ  നൽകിയ അപ്പീൽ മാനേജ്മെന്റുകൾക്ക് അനുകൂലമായി. നിയമപരമായി നിലനിൽക്കാത്തതിനാൽ  സംവരണം നൽകേണ്ടതില്ല എന്നതായിരുന്നു വിധി. അതേ സമയം സർക്കാർ നയം സംവരണം നൽകണം എന്നതായതിനാൽ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി കേസ് നിലവിലിരിക്കുന്നു. ഈ കേസിൽ വിധി വനതിന് ശേഷം സംവരണം നടപ്പിൽ വരുത്തുമെന്നാണത്രെ സർക്കാർ തീരുമാനം.
അതേ സമയം,18.11.18 തീയതിയിലെ സർക്കാർ ഉത്തരവ് പ്രകാരം ഭിന്നശേഷിക്കാർക്ക് 4 ശതമാനം നിയമന സംവരണം എയ്ഡഡ് സ്കൂൾ/കോളേജുകളിൽ നൽകുന്നതിന് നടപടികൾ നടക്കുന്നു എന്നാണ് നിയമസഭയിൽ  നൽകിയ മറുപടി. സർവ്വകലാശാല നിയമങ്ങളും കേരള വിദ്യാഭ്യാസ ചട്ടങ്ങളും ഇക്കാര്യത്തിന്  ഭേദഗതി ചെയ്യേണ്ടതുണ്ട്.

Private protection by police

*സ്വകാര്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും പോലീസ് സുരക്ഷ*
Central Intrusion Monitoring System
4.10.19 മുതൽ  സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി നിരീക്ഷണത്തിന് 24 മണിക്കൂറും സജ്ജമായ കൺട്രോൾ റൂം കേരള പോലീസ് ആസ്ഥാനത്ത് !

Thursday, November 7, 2019

The Kerala Prevention of Damage to Private Property and Payment of Compensation Ordinance 2019

സമരത്തിൻറെ പേരിൽ സ്വകാര്യമുതൽ നശിപ്പിച്ചാലും ഇനി അഴി എണ്ണണം

The Kerala Prevention of Damage to Private Property and Payment of Compensation Ordinance 2019
സമരത്തിനും പ്രതിഷേധത്തിനും ഇടയിൽ പൊതുമുതൽ നശിപ്പിച്ചാൽ ആയിരുന്നു ജാമ്യമില്ലാത്ത കേസുകൾ ഉണ്ടായിരുന്നത്. എന്നാൽ സ്വകാര്യ മുതൽ നശിപ്പിച്ചാലും സമരത്തിൽ പങ്കെടുത്തവർക്കെതിരെ ജാമ്യമില്ലാ കേസ് എടുക്കുന്ന തരത്തിൽ പുതിയ ഓർഡിനൻസ് നിലവിൽ വന്നു കഴിഞ്ഞു. അഞ്ചു വർഷമാണ് തടവ് ശിക്ഷ. അറസ്റ്റിൽ ആയാൽ കേടു വരുത്തിയ സാധനങ്ങളുടെ വിലയുടെ പകുതി കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. സമരം, ഹർത്താൽ, ബന്ദ്, പ്രകടനം, സമ്മേളനം തുടങ്ങിയവയൊക്കെ ഇതിൻറെ പരിധിയിൽ വരും.
ഓർഡിനൻസിനെ പൂർണ രൂപം ഈ ലിങ്കിൽ ലഭ്യമാണ്
https://drive.google.com/file/d/1-oMcJLPHLPDG5RHg7oNHg4GduZDJmMmA/view?usp=drivesdk

CRZ violation report called for- Kerala

https://m.facebook.com/story.php?story_fbid=3028164463866134&id=100000178303786

കേരളത്തിലെ 10 തീരദേശ ജില്ലകളിൽ തീര നിയന്ത്രണ വിജ്ഞാപനത്തിലെ ലംഘനം സംബന്ധിച്ച കാര്യങ്ങൾ കണ്ടെത്താൻ സമിതിയെ നിയമിച്ചു. ജില്ലാ കളക്ടർ ചെയർമാൻ ആയിരിക്കും. അഞ്ചംഗ സമിതിയുടെ കണ്ടെത്തൽ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരം ഉണ്ടാകും. അതിനുശേഷം അന്തിമ റിപ്പോർട്ട് (final crz violation report) ജനുവരി 12ന് മുമ്പ് സർക്കാരിന് സമർപ്പിക്കും.
ഉത്തരവിൻറെ പൂർണ്ണരൂപം ഈ ലിങ്കിൽ ലഭ്യമാണ്. https://drive.google.com/file/d/1-xFyvX3HXTM1HqHpDIdfsV_uwtc91eOl/view?usp=drivesdk

New traffic fine amount- Kerala

https://m.facebook.com/story.php?story_fbid=3043792098970037&id=100000178303786

*പിഴ തുകയെത്ര ?*
ട്രാഫിക് ലംഘനങ്ങളുടെ പിഴ കേരള സർക്കാർ പുതുക്കി നിശ്ചയിച്ചു.
അസിസ്റ്റൻറ് മോട്ടോർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, പോലീസ് സബ് ഇൻസ്പെക്ടർ റാങ്കിന് മുകളിലുള്ള  ഉദ്യോഗസ്ഥർക്കാണ് പിഴ തുക കോമ്പൗണ്ട് ചെയ്യുന്നതിന് അധികാരം ഉള്ളത്.
സർക്കാർ ഉത്തരവ്
ഈ ലിങ്കിൽ ലഭ്യമാണ്.
https://drive.google.com/file/d/10d0k9Z8Vedehwasgl7Ey6ug_KSrYiywH/view?usp=drivesdk

പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിന് നിലവിലുള്ള നിരക്ക് 500/- രൂപ എന്നത് 250/- രൂപയായും അത് ആവര്‍ത്തിച്ചാലുള്ളതിന് 1500/ രൂപ എത് 500/ രൂപയായും പുതുക്കി നിശ്ചയിച്ചു. അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നല്‍കല്‍ കുറ്റത്തിനും 2000/രൂപ എന്നത് 1000/- രൂപയായും കുറച്ച് നിശ്ചയിച്ചിട്ടുണ്ട്. കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10000/- രൂപ എന്നത് 1000/- രൂപയാക്കി കുറച്ചു. അമിത വേഗത്തിന് വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 1000/- രൂപ മുതല്‍ 2000/- രൂപ വരെയുള്ളത് 1500/ രൂപയായും  മീഡിയം/ ഹെവി വെഹിക്കിളുകള്‍ക്ക്  2000/- മുതല്‍ 4000/- രൂപ വരെയുള്ളത് 3000 രൂപയായി നിജപ്പെടുത്തി. അപകടകരമായ ഡ്രൈവിംഗിന് (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000/- രൂപ, കൂടിയത് 5000/- രൂപ എന്നത് പൊതുവായി 2000/-  രൂപയായി നിശ്ചയിച്ചു. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 10000/- രൂപ എന്നത് 5000/- രൂപയായി പുതുക്കി നിശ്ചയിച്ചു. പന്തയ ഓട്ടം ആദ്യകുറ്റത്തിന് 5000/- രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 10000/ രൂപയായും നിശ്ചയിച്ചു. റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍/ ശബ്ദ-വായു മലിനീകരണം ആദ്യകുറ്റത്തിന് 10000/- രൂപ എന്നത് 2000/- രൂപയായി കുറച്ചു. പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍ 10000 / രൂപ എന്നത് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ / ടു വീലര്‍ & ത്രീ വീലര്‍ ആദ്യകുറ്റത്തിന് 3000 / രൂപയായും ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 7500/- രൂപയായും നിജപ്പെടുത്തി. അമിതഭാരത്തിന് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 2000 രൂപ  എന്ന നിരക്കില്‍) പരമാവധി 20000/- രൂപ എന്നത്  (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 1500/- രൂപ  എന്ന നിരക്കില്‍) പരമാവധി 10000/- രൂപയായി കുറച്ചിട്ടുണ്ട്. അമിതഭാരം, നിര്‍ത്താതെ പോയാല്‍ 40000/- രൂപ എന്നത് 20000/- രൂപയായി കുറച്ചു. അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 200/ രൂപ വീതം എന്നത് 100/ രൂപയായി കുറച്ചു നിശ്ചയിച്ചു. സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും കുറച്ചു നിശ്ചയിച്ചു. ആംബുലന്‍സ്/ ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 10000/- രൂപ എന്നത് 5000/- രൂപയായി കുറച്ചു. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ ആദ്യകുറ്റത്തിന് പിഴയില്‍ മാറ്റമില്ല. 2000 / രൂപ. എന്നാല്‍ ഇത് ആവര്‍ത്തിച്ചാല്‍ 4000 /- രൂപയാവും പിഴ. രജിസ്റ്റര്‍ ചെയ്യാതെ / ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഉപയോഗിക്കല്‍ ആദ്യകുറ്റത്തിന് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 2000/- രൂപ എന്നത് 3000/- രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഇവിടെ സൂചിപ്പിക്കാത്ത മറ്റ് വകുപ്പുകളില്‍ 01.09.2019 മുതല്‍ നിലവില്‍ വന്ന നിരക്ക് തന്നെ തുടരുന്നതാണ്.

National Anthem in theatres

https://m.facebook.com/story.php?story_fbid=3046538988695348&id=100000178303786

*52 സെക്കൻഡ് നിങ്ങൾക്ക് രാജ്യത്തിനു വേണ്ടി ചെലവഴിച്ചു കൂടെ? മൂന്നു മണിക്കൂർ സിനിമ കാണാൻ സമയം ഉണ്ടല്ലോ ?*

സിനിമ തീയേറ്ററിൽ ദേശീയഗാനം ആലപിച്ച സമയം എഴുന്നേറ്റില്ല എന്ന കാരണത്താൽ ബംഗളുരുവിൽ ബഹളം ഉണ്ടായ സമയം കേട്ട ആക്രോശം ആണ് ഇത്. യഥാർത്ഥത്തിൽ സിനിമാ തീയേറ്ററിൽ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കാതിരിക്കുന്നത് കുറ്റമാണോ ?

2016 നവംബർ 30ന് സുപ്രീം കോടതി പറഞ്ഞതിങ്ങനെ - എല്ലാ സിനിമ തിയേറ്ററുകളിലും സിനിമയ്ക്ക് മുമ്പായി ദേശീയഗാനം നിർബന്ധമായും ആലപിക്കുന്ന സംവിധാനമുണ്ടാകണം. ദേശഭക്തിയും ദേശീയതയും ഉണ്ടാക്കാൻ ആണത്രേ ഇത്. ആലാപന സമയത്ത് എഴുന്നേറ്റുനിന്ന് ബഹുമാനം കാണിക്കണം എന്നും വിധിയിൽ പറഞ്ഞു. എന്നാൽ 2018 ജനുവരി 9ന് ഈ വിധി പിൻവലിച്ചു. ദേശീയ ഗാനാലാപനം സിനിമ തീയേറ്ററുകളിൽ നിർബന്ധമില്ല എന്ന് അതേ കോടതി തന്നെ പറഞ്ഞു. 

ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കണം എന്ന് പറയുന്ന നിയമം നമ്മുടെ നാട്ടിൽ ഇല്ല. നാഷണൽ ഹോണർ ആക്ട് പറയുന്നത് ദേശീയഗാനം പാടുന്നതിൽ നിന്ന് മനപ്പൂർവ്വം തടയുന്നതും, ദേശീയ ഗാനം ആലപിക്കുന്ന സമൂഹത്തിൽ തടസ്സങ്ങൾ ഉണ്ടാക്കുന്നതും ശിക്ഷാർഹമാണ് എന്നാണ്. (നിയമത്തിലെ വകുപ്പ് മൂന്ന്). ആലപിക്കുന്ന സമയത്ത് നിൽക്കണമെന്നോ ഇരിക്കരുത് എന്നോ ഈ നിയമത്തിൽ പറയുന്നില്ല. എന്നാൽ ദേശീയ ഗാനം ആലപിക്കുന്ന സമയം കേൾക്കുന്നവർ എഴുന്നേറ്റ് ശ്രദ്ധയോടുകൂടി വർത്തിക്കണമെന്ന് പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. മാർഗ്ഗനിർദ്ദേശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
https://drive.google.com/file/d/10dVXaU__djsdSEGwCYQTCrqtINoDPRXg/view?usp=drivesdk

Kerala flood 2018- compensation appeals at Permanent Lok Adalat

https://m.facebook.com/story.php?story_fbid=3057718370910743&id=100000178303786

*പ്രളയദുരന്തം 2018*
*Permanent lok adalat to hear appeals on claims of flood victims*

🛑അപ്പീലുകൾ സ്ഥിരം ലോക് അദാലത്തിൽ എത്തുമ്പോൾ...

പ്രളയ ദുരന്തത്തെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ വീടുകൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക നിയമാനുസൃതം ലഭിക്കേണ്ടത് മുഴുവനായും ഇനിയും ലഭിച്ചിട്ടില്ല എന്ന കാരണത്താൽ നൂറുകണക്കിന് ആളുകളാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് മുന്നിൽ അപ്പീലുകൾ ഫയൽ ചെയ്തത്. നിഷ്പക്ഷമായ രീതിയിൽ അപ്പീലുകൾ തീർപ്പാക്കേണ്ടതുണ്ട് എന്ന കാരണത്താൽ സ്ഥിരം ലോക് അദാലത്ത് ഇത്തരം അപ്പീലുകൾ ഫയൽ ആക്കാനുള്ള സംവിധാനമായി  നിർദേശിച്ചുകൊണ്ട് കേരള ഹൈക്കോടതി 2019 ഫെബ്രുവരിയിൽ ഉത്തരവിട്ടിരുന്നു. (മുൻജില്ലാ ജഡ്ജിയും എറണാകുളം സ്ഥിരം അദാലത്ത് ചെയർമാനുമായിരുന്ന ഡി പാപ്പച്ചൻറെ ഉപദേശം കണക്കിലെടുത്ത്  കേസിൽ അമിക്കസ്ക്യൂറിയും ഈ നിർദേശം സമർപ്പിച്ചിരുന്നു). അതുപ്രകാരം നൂറുകണക്കിന് അപ്പീലുകളാണ് അദാലത്തിൽ ഇനിയും ഫയൽ ചെയ്യാൻ ഉള്ളത്.

🛑എന്താണ് സ്ഥിരം ലോക് അദാലത്ത്

ലീഗൽ സർവീസസ് അതോറിറ്റി നിയമം വകുപ്പ് 22 ബി പ്രകാരം പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള പൊതു സേവന സംവിധാനങ്ങൾ സംബന്ധിച്ച പരാതികൾ ആണ് സ്ഥിരം അദാലത്തിൽ സമർപ്പിക്കുന്നത്. പ്രളയദുരിത അപ്പീലുകൾ അത്തരത്തിൽ സമർപ്പിക്കാമെന്ന് ഹൈക്കോടതി പ്രത്യേകം നിർദ്ദേശിക്കുകയായിരുന്നു. പരാതികളിൽ വകുപ്പ് 22 സി പ്രകാരം എതിർ കക്ഷികളായ പൊതു സംവിധാനങ്ങളുടെ ഉത്തരവാദിത്വപ്പെട്ടവരെ വിളിച്ചു വരുത്തുകയും വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും. അത്തരത്തിൽ പരിഹാരമായില്ലെങ്കിൽ സിവിൽ നടപടികൾ പ്രകാരമുള്ള തെളിവെടുപ്പിലേക്ക് കടക്കും. അതേ തുടർന്നുണ്ടാകുന്ന വിധി സിവിൽ കോടതിയുടെ വിധിക്ക് തുല്യമായിരിക്കും. ഇതിനെതിരെ സാധാരണ സിവിൽ കേസുകൽ പോലെ അപ്പീലുകൾ ഫയൽ ചെയ്യാനാകില്ല.

🛑public utility service” means any
(i) Transport  services for the carriage of passengers or goods by air, road or water or
(ii) Postal telegraph or telegraph or telephone service or
(iii) Supply of power, light or water to the public by any establishment or
(iv) Postal telegraph or telegraph or telephone service or
(v) Service in hospital or dispensary or
(vi) Insurance  service

🛑കോടതി ഫീസ് വേണ്ട

സ്ഥിരം ലോക് അദാലത്തിൽ കേസ് നടത്താൻ കോടതി ഫീസ് കെട്ടേണ്ട. എതിർകക്ഷിയെ വിളിച്ചു വരുത്താൻ പോസ്റ്റൽ സ്റ്റാംപ് സാധാരണഗതിയിൽ വേണ്ട. എന്നാൽ പ്രളയ അപ്പീലുകളിൽ എതിർകക്ഷിയെ അറിയിക്കാൻ പോസ്റ്റൽ സ്റ്റാമ്പ് വാങ്ങുന്നുണ്ട്. സ്ഥിരം അദാലത്തിൽ ആവശ്യത്തിന്ഉദ്യോഗസ്ഥർ ഇല്ലാത്തതും പണ്ട് ഇല്ലാത്തതും ആകാം കാരണം.

🛑പ്രളയ അപ്പീലുകൾക്ക്
നിശ്ചിത മാതൃക

പ്രളയ അപ്പീലുകൾ നൽകുന്നതിന് നിശ്ചിത മാതൃക ലഭ്യമാണ്. അപ്പീൽ നിരസിച്ച ഉത്തരവിന്റെ പകർപ്പ്, ദുരന്തം തെളിയിക്കുന്നതിനുള്ള ഫോട്ടോ, മറ്റ് ആവശ്യമായ രേഖകൾ, വീട് സംബന്ധിച്ച മറ്റു വിവരങ്ങൾ മുതലായവ അപ്പീലിന് ഒപ്പം സമർപ്പിക്കണം. സമയബന്ധിതമായി അപ്പീലുകൾ തീർപ്പാക്കുക എന്നത് ഭാരിച്ച പ്രവർത്തനം തന്നെയായിരിക്കും.

Banking online fraud- account holder not liable

https://m.facebook.com/story.php?story_fbid=3064897550192825&id=100000178303786

*ഓൺലൈൻ തട്ടിപ്പ്- പണം നഷ്ടമായാൽ ബാങ്ക് അക്കൗണ്ട് ഉടമ ഉത്തരവാദിയല്ല !*
Banking law- online fraud - disputed transactions

ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് മുതലായ തരത്തിലുള്ള  തട്ടിപ്പുകളിലൂടെ   ഓൺലൈൻ ആയി ബാങ്ക് അക്കൗണ്ടിൽ നിന്ന് മൂന്നാമതൊരാൾ പണം പിൻവലിക്കുന്നത് തട്ടിപ്പിനിരയായ ബാങ്ക് അക്കൗണ്ട് ഉടമകളുടെ പിടിപ്പുകേട് കൊണ്ടാണ് എന്ന് ബാങ്കുകൾക്ക് പറയാനാകില്ല. അത്തരത്തിൽ പറയണമെങ്കിൽ  സിവിൽ കോടതിയിലൂടെ അക്കൗണ്ട് ഉടമ ഉത്തരവാദിയാണ് എന്ന് ബാങ്കുകൾക്ക്തെളിയിക്കേണ്ടതുണ്ട്. പോലീസ് അന്വേഷണത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് വ്യക്തമായ കേസുകളിൽ റിസർവ് ബാങ്കിൻറെ സർക്കുലറിൽ സൂചിപ്പിക്കുന്നത് പോലുള്ള സീറോ ലൈബിലിറ്റി എന്ന സംരക്ഷണം ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ലഭിക്കും. ബാങ്കുകൾക്ക് ചെയ്യാവുന്ന നടപടി സിവിൽ കോടതിയിലൂടെ, തട്ടിപ്പിന് ഉത്തരവാദികളായ ആളുകളിൽനിന്ന് പണം തിരിച്ചുപിടിക്കുക എന്നതാണ്. Disputed transaction എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഇടപാടുകളിൽ സിവിൽ കോടതിയിൽ അക്കൗണ്ട് ഉടമയുടെ ഉത്തരവാദിത്വം തെളിയിക്കാൻ ബാങ്കുകൾക്ക്ആയില്ലെങ്കിൽ   അക്കൗണ്ട് ഉടമയിൽനിന്ന് ബാങ്കുകൾക്ക് പണം തിരികെ പിടിക്കാനാവില്ല എന്ന് സാരം!.

WPC 28823.2017 dated 11.10.19