Search This Blog

Wednesday, June 26, 2019

Post card and summons from criminal court... Can warrant be issued for non attendance ?

*താങ്കൾ പ്രതിയായ കേസ് 29/6/19 ന് വിചാരണയ്ക്ക് വച്ചിരിക്കുന്നു.*

*പോസ്റ്റ് കാർഡിന് എന്താ സമൻസിൽ കാര്യം ?*

താങ്കൾ പ്രതിയായ കേസ് 29/6/19 ന് വിചാരണയ്ക്ക് വച്ചിരിക്കുന്നു. അന്നേദിവസം നേരിട്ടോ വക്കീൽ മുഖാന്തിരമോ കോടതിയിൽ ഹാജരായി മറുപടി ബോധിപ്പിക്കണം.
ചിലർക്ക് ഇത്തരത്തിൽ പോസ്റ്റ് കാർഡുകൾ മജിസ്ട്രേറ്റ് കോടതിയിൽനിന്നും കിട്ടാറുണ്ട്. നിയമവിരുദ്ധമായി വാഹനമോടിച്ച കുറ്റങ്ങൾക്ക് ആയിരിക്കും കൂടുതലും. പെറ്റി കേസുകൾക്കും ഇങ്ങനെ കോടതിയിൽനിന്ന് പോസ്റ്റ് കാർഡ് കിട്ടാറുണ്ട്.

*സമൻസ് എങ്ങനെ അയക്കണം*

ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 62  പ്രകാരം ക്രിമിനൽ കേസുകളിൽ  സമൻസ് എത്തിക്കേണ്ടത് പോലീസോ അല്ലെങ്കിൽ പ്രത്യേകം നിശ്ചയിച്ചിരിക്കുന്ന ഉദ്യോഗസ്ഥനോ ആയിരിക്കണം. പോസ്റ്റ് കാർഡിൽ സമൻസ് അയക്കുന്നത് നിയമപരമല്ല. അതുകൊണ്ടുതന്നെയാകാം നിയമത്തെപ്പറ്റി ബോധ്യമുള്ള പല കോടതികളും പോസ്റ്റ് കാർഡിലൂടെ അറിയിച്ച പ്രതി ഹാജരായില്ലെങ്കിലും വാറണ്ട് ആക്കാറില്ല.

*എന്താണ് 279 IPC 185 MVA*

പോസ്റ്റ് കാർഡിന് മുകളിൽ  എഴുതിയിട്ടുണ്ടാകാൻ സാധ്യതയുള്ള രണ്ടു വകുപ്പുകൾ ആണ് മുകളിലെ തലക്കെട്ടിൽ ഉള്ളത്. പൊതുനിരത്തിൽ മനുഷ്യ ജീവന് അപകടം ഉണ്ടാകാൻ സാധ്യതയുള്ള വിധത്തിൽ വാഹനം ഉപയോഗിക്കുന്നതാണ് 279 ഐപിസി.  രക്തത്തിൽ 100 മില്ലി ലിറ്റർ കണക്കിൽ 30 മില്ലിഗ്രാം ആൽക്കഹോൾ ഉണ്ടെന്നു കണ്ടാൽ 185 മോട്ടോർ വാഹന വകുപ്പ് പ്രകാരം കേസ് ഉണ്ടാകും. മദ്യപിക്കാതെ അപകടകരമായി വാഹനമോടിച്ചാൽ 185 നു പകരം 184 മുമ്പ് ചേർക്കാറുണ്ടായിരുന്നു. മോട്ടോർ വാഹന വകുപ്പിലെ കുറ്റങ്ങൾ മാത്രമാണെങ്കിൽ പോലീസിന് നേരിട്ട് കേസെടുക്കാൻ ആകില്ല എന്ന നിയമവശം കോടതികൾ വീണ്ടും ഉറപ്പിച്ചപ്പോൾ അത് നിർത്തി. സാധാരണയായി നേരിട്ട് കോടതിയിൽ ഹാജരായി പിഴ അടയ്ക്കുകയോ വക്കീൽ മുഖാന്തരം അടയ്ക്കുകയോ ചെയ്യാം. (ബന്ധപ്പെട്ട വകുപ്പുകളുടെ സ്ക്രീൻഷോട്ട് ഇതോടൊന്നിച്ച് ഉണ്ട്)

© Sherry

https://m.facebook.com/story.php?story_fbid=456088418295757&id=256286001609334

Tuesday, June 25, 2019

Action against erring officers..local self government.

കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ അഴിമതിയും ക്രമക്കേടും കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടർ സർക്കുലറിലൂടെ ഉത്തരവായി. കെട്ടിട നിർമ്മാണ അനുമതിക്കായി ഗ്രാമപഞ്ചായത്തുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ ക്രമവിരുദ്ധമായി കാലതാമസം ഒഴിവാക്കി സമയബന്ധിത നടപടി സ്വീകരിക്കാൻ മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയാണ് സർക്കുലർ പുറപ്പെടുവിച്ചത്. കെട്ടിട നിർമ്മാണ അനുമതിക്കായി കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളിലും ജൂലൈ പത്തിന് മുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ഉചിതതീരുമാനം എടുത്ത് തീർപ്പാക്കണം. ഇത് സംബന്ധിച്ച് എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും പരിശോധന നടത്തി വസ്തുത റിപ്പോർട്ട് വീഴ്ചവരുത്തുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ പേര് വിവരങ്ങളും ശുപാർശയും സഹിതം ജൂലൈ 15 വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ്  directorofpanchayatcsection@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണം. മുൻഗണനാക്രമം തെറ്റിക്കാതെയും 15 ദിവസത്തിൽ കൂടുതൽ കാലതാമസമുണ്ടാക്കാതെയും കെട്ടിട നിർമ്മാണ അനുമതികൾ നൽകാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. സമയപരിധിക്കുള്ളിൽ കെട്ടിട നിർമ്മാണ അനുമതി ലഭിക്കാത്തവരുടെ പരാതി പരിശോധിക്കാനുള്ള കമ്മിറ്റി എല്ലാ ഗ്രാമപഞ്ചായത്തിലും രൂപീകരിച്ചിട്ടുണ്ടെന്നും യോഗം ചേർന്ന് നടപടി സ്വീകരിക്കുന്നുണ്ടെന്നും പെർഫോർമൻസ് ഓഡിറ്റ് വിഭാഗം പരിശോധിച്ച് ഉറപ്പാക്കണം. ഗ്രാമപഞ്ചായത്തുകളിൽ നിന്നും കെട്ടിട നിർമ്മാണചട്ടങ്ങൾ പ്രകാരം അനുമതി വാങ്ങിയും വാങ്ങാതെയും നിർമ്മാണം പൂർത്തീകരിച്ച പല കെട്ടിടങ്ങൾക്കും കെട്ടിട വിനിയോഗാനുമതി/കെട്ടിട നമ്പർ, കെട്ടിട നിർമ്മാണ ക്രമവത്ക്കരണം എന്നിവ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാവുന്നതായും ചില കെട്ടിടങ്ങൾക്ക് ഗ്രാമപഞ്ചായത്തുകൾ കെട്ടിട നമ്പർ നിഷേധിക്കുന്നതായും ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ജില്ലാ തലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ച് ജൂലൈ 31 നകം അദാലത്തുകൾ സംഘടിപ്പിക്കണം. 2019 മെയ് 31 വരെ കെട്ടിട നിർമ്മാണാനുമതി ലഭിക്കാത്തതും നിയമാനുസൃതം നിർമ്മാണം പൂർത്തിയാക്കിയിട്ടും കെട്ടിട വിനിയോഗാനുമതി, കെട്ടിട നമ്പർ എന്നിവ ലഭിക്കാത്തതുമായ അപേക്ഷകളാണ് അദാലത്തിന് പരിഗണിക്കേണ്ടത്. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 220 (ബി)പ്രകാരം എല്ലാ ഗ്രാമപഞ്ചായത്തുകളും നാഷണൽ ഹൈവേയോടോ, സംസ്ഥാന ഹൈവേയോടോ ജില്ലാ റോഡുകളോടോ ചേർന്നു കിടക്കുന്ന ഭൂമിയിൽ റോഡതിർത്തിയിൽ നിന്നും മൂന്ന് മീറ്റർ ദൂരത്തിനുള്ളിൽ കെട്ടിട നിർമ്മാണം കർശനമായി നിരോധിക്കണം. മൂന്ന് മീറ്റർ ദൂരപരിധി ബാധകമാക്കേണ്ടതായ പഞ്ചായത്തിലെ മറ്റ് റോഡുകളും പൊതുവഴികളും ഏതെല്ലാമായിരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് യോഗം ചേർന്ന് നിശ്ചയിച്ച് ഏതേത് റോഡുകളുടെ അതിർത്തിയിൽ നിന്നാണ് മൂന്ന് മീറ്ററിനുള്ളിൽ കെട്ടിടം പണി നിരോധിക്കേണ്ടത് എന്ന് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണം. ഇപ്രകാരം പഞ്ചായത്ത് യോഗം ചേർന്ന് തയ്യാറാക്കുന്ന റോഡ് ലിസ്റ്റ് പരസ്യപ്പെടുത്തണം. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന് മുമ്പ് അന്നത്തെ നിയമത്തിനനുസൃതമായി പെർമിറ്റ് വാങ്ങി നിർമ്മാണം നടത്തി നിയമാനുസൃതം പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് നിയമപ്രകാരം കെട്ടിട നമ്പർ അനുവദിക്കണം. ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈൻ ആപ്ലിക്കേഷനായി സങ്കേതം മുഖേന മാത്രമേ കെട്ടിട നിർമ്മാണാനുമതി അപേക്ഷകൾ സ്വീകരിക്കാനും, തുടർനടപടികൾ സ്വീകരിക്കാനും പാടുള്ളു. ഇക്കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ പരിശോധന നടത്തി ഉറപ്പ് വരുത്തണം. സങ്കേതം ആപ്ലിക്കേഷൻ മുഖേന കെട്ടിട നിർമ്മാണാനുമതി അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കുമ്പോൾ ക്ലാർക്ക് മുതൽ സെക്രട്ടറി/അസിസ്റ്റന്റ് എൻജിനിയർ വരെയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ ഫയൽ കുറിപ്പ് രേഖപ്പെടുത്തി മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ. കെ-സിഫ്റ്റ് ഓൺലൈൻ ആപ്ലിക്കേഷൻ മുഖേന ലഭിക്കുന്ന കെട്ടിട നിർമ്മാണാനുമതി അപേക്ഷകളിൽ സമയബന്ധിത നടപടികൾ സ്വീകരിക്കാതിരിക്കുകയും അതുവഴി അപേക്ഷകന് കല്പിത പെർമിറ്റ് ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ നിയമ തടസ്സങ്ങൾക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൂർണ്ണ ഉത്തരവാദി ആയിരിക്കും. 2018 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി)ആക്ട് നിലവിൽ വരുന്നതിന് മുമ്പ് അനുവദിച്ച കെട്ടിട നിർമ്മാണ പെർമിറ്റ് പ്രകാരം പൂർത്തീകരിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് കെട്ടിട വിനിയോഗാനുമതി/കെട്ടിട നമ്പർ അനുവദിക്കുന്നതിന് 30.12.2017 തീയതിക്ക് ശേഷം നിലവിൽ വന്ന ആക്ടിലെ വകുപ്പുകൾ പ്രകാരമുള്ള രേഖകൾ നിഷ്‌കർഷിക്കരുത്. 2018 ലെ കേരള പഞ്ചായത്ത് രാജ് (അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്തൽ) ചട്ടങ്ങൾ പ്രകാരം ലഭിച്ച അപേക്ഷകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്നവ ജൂലൈ 31 നകം തീർപ്പാക്കി ജില്ലാതല വിശദവിവരപട്ടിക പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ആഗസ്റ്റ് 10 നകം പഞ്ചായത്ത് ഡയറക്ടർക്ക് ലഭ്യമാക്കണം. അനധികൃത കെട്ടിട നിർമ്മാണം തടയാൻ രൂപീകരിച്ച ജില്ലാതല സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജ്ജിതമാക്കി പ്രവർത്തന റിപ്പോർട്ട് എല്ലാ മാസവും 15 നുള്ളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ പഞ്ചായത്ത് ഡയറക്ടർക്ക് ലഭ്യമാക്കണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ക്വാസി-ജുഡീഷ്യൽ അധികാരം ഉപയോഗിച്ച് അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമ്പോഴോ, പെർമിറ്റ് റദ്ദ് ചെയ്യുമ്പോഴോ സൈറ്റ് പരിശോധന നടത്തി ലംഘനങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കി നോട്ടീസ് പുറപ്പെടുവിക്കണം. അന്തിമ തീരുമാനം കൈക്കൊള്ളുംമുമ്പ് ബന്ധപ്പെട്ടവരെ നേരിൽ കേൾക്കാനുള്ള അവസരം നൽകണം. കെട്ടിട നിർമ്മാണാനുമതി, കെട്ടിട നിർമ്മാണ ക്രമവത്കരണാനുമതി, കെട്ടിട വിനിയോഗാനുമതി/കെട്ടിട നമ്പറിംഗ്, വിവിധ ലൈസൻസുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് ഓഫീസിൽ എത്തുന്ന പൊതുജനങ്ങളോട് സൗഹാർദ്ദപരമായും സഭ്യമായും ജീവനക്കാർ പെരുമാറണം. അപേക്ഷകളിൽ അധിക വിവരങ്ങൾ/രേഖകൾ ആവശ്യമായിട്ടുണ്ടെങ്കിൽ അപേക്ഷകനെ ബോധ്യപ്പെടുത്തി ചട്ട പ്രകാരം നോട്ടീസ് നൽകണം. ന്യൂനതകൾ പരിഹരിച്ചാൽ എത്രയുംവേഗം സേവനം നൽകണം. എല്ലാ മാസവും ഒന്നാം തീയതി മുതൽ 15 ാം തീയതി വരെയും 16 ാം തീയതി മുതൽ 31 ാം തീയതി വരെയും ലഭിക്കുന്ന കെട്ടിട നിർമ്മാണ അനുമതി അപേക്ഷകളെക്കുറിച്ചുള്ള വിവരങ്ങൾ ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും ഗ്രാമപഞ്ചായത്തിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം. കെട്ടിട നിർമ്മാണാനുമതി നൽകുന്നതിന് കാലതാമസം ഉണ്ടെങ്കിൽ കാരണം പ്രൊഫോർമയിലെ റിമാർക്‌സ് കോളത്തിൽ വ്യക്തമായിരിക്കണം. കെട്ടിട നിർമ്മാണാനുമതി നൽകുന്നതിന് ഗ്രാമപഞ്ചായത്തിൽ ഉപയോഗിക്കുന്ന ഓൺലൈൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷനായ സങ്കേതം എല്ലാ ദിവസവും സെക്രട്ടറി പരിശോധന നടത്തി കൃത്യത ഉറപ്പ് വരുത്തണം. കെട്ടിട നിർമ്മാണാനുമതി അപേക്ഷകളിൻമേൽ ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടി വിവരങ്ങൾ എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും എല്ലാ മാസവും അഞ്ചിന് മുമ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് സമർപ്പിക്കണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ലഭ്യമാക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാതല സമാഹൃത റിപ്പോർട്ട് എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ പഞ്ചായത്ത് ഡയറക്ടർക്ക് സമർപ്പിക്കണം. നിയമാനുസരണ രീതിയിൽ അല്ലാതെ കെട്ടിടനിർമ്മാണ അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയിട്ടുണ്ടെങ്കിൽ അത് ഏത് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് സർക്കുലർ നിർദേശിക്കുന്നു.
Source PRD

Circular by Kerala Police to curb cyber harassment and hate speech

Information Technology നിയമത്തിലെ വകുപ്പ് 66എ സുപ്രീംകോടതി എടുത്തുകളഞ്ഞപ്പോൾ ഇനി സാമൂഹ്യ മാധ്യമങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളും എന്തുമാകാമെന്ന് ധരിക്കുന്നവർക്ക് നിയന്ത്രണമേർപ്പെടുത്താൻ കേരള പോലീസ് 2019 ഫെബ്രുവരി മാസത്തിൽ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. Cyber Harassment, Hate Speech മുതലായവയ്ക്ക് നിയന്ത്രണം ആകുമെന്ന ഉദ്ദേശത്തിലാണ് ഈ സർക്കുലർ.


Monday, June 24, 2019

ഓരോ #സന്ദേശവും മറ്റുള്ളവർക്ക് അയച്ച് കൊടുക്കുന്നതിനു മുമ്പ് മനസ്സിരുത്തി ഒന്ന് വായിക്കണം
(Messages promoting enmity between different groups on grounds of religion, race, place of birth, residence, language, etc)

ജാതി, ജനിച്ചസ്ഥലം, വർഗ്ഗം, ഭാഷ, മതം തുടങ്ങിയ വിവിധ കാരണങ്ങളുടെ പേരിൽ ആളുകൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കുന്ന പ്രവർത്തനം നടത്തുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് #153A പ്രകാരം കുറ്റകരമാണ്. ഇങ്ങനെയുള്ള സ്പർദ്ദയ്ക്ക് കാരണമായേക്കാവുന്ന സന്ദേശങ്ങൾ ഏത് രീതിയിൽ പ്രചരിപ്പിക്കുന്നതും ഈ കുറ്റത്തിന്റെ പരിധിയിൽ വരും. ആളുകൾക്ക് അനഭിമതമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുത്തിരുന്ന ഇൻഫർമേഷൻ ടെക്നോളജി നിയമം വകുപ്പ് 66 എ ഇല്ലാതായതോടെ കൂടി ഇക്കാലത്ത് സോഷ്യൽ മീഡിയയിൽ ആർക്കും എന്തും പറയാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. 

എന്നാൽ സമീപകാല അളവിൽ നിരവധി കൊലപാതകങ്ങൾ തെറ്റായ സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വായിച്ച് ജനക്കൂട്ടത്തിന് ആവേശം ഉണ്ടായത് മൂലം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുകയുണ്ടായി. ഈയൊരു പശ്ചാത്തലത്തിൽ ഐപിസി 153 എ നിയമത്തിൻറെ ലംഘനമായി കണക്കാക്കാവുന്ന സംഭവങ്ങളെല്ലാം  കർശന നടപടികൾക്ക് വിധേയമാക്കണമെന്ന് രാജ്യത്തിൻറെ പരമോന്നത നീതിന്യായപിഠത്തിന് തന്നെ പറയേണ്ടി വന്നിരിക്കുന്നു. 
Civil Appeal 754.2016 J dated 18.7.18

*സ്വന്തം ഉത്തരക്കടലാസ് പരിശോധിക്കാൻ ഉദ്യോഗാർത്ഥിക്ക് അവകാശമുണ്ടോ?* #Right to information Act #RTI

*സ്വന്തം ഉത്തരക്കടലാസ് പരിശോധിക്കാൻ ഉദ്യോഗാർത്ഥിക്ക് അവകാശമുണ്ടോ?*
#Right to information Act #RTI
പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥിക്ക് തനിക്ക് ലഭിച്ച മാർക്ക് സംബന്ധിച്ച സംശയം ഉണ്ടായപ്പോൾ മൂല്യനിർണയം നടത്തിയ ഉത്തരകടലാസ് ഒന്ന് കാണണമെന്ന് തോന്നി. വിവരാവകാശ നിയമപ്രകാരം അതിന് അപേക്ഷ നൽകിയെങ്കിലും അധികാരികൾ അത് നിരസിച്ചു. എന്നാൽ ഉദ്യോഗാർഥിക്ക് സ്വന്തം പരീക്ഷയുടെ മാർക്കുകൾ നോക്കാൻ അവസരം നൽകുന്നത് പൊതുതാൽപര്യത്തിന് എതിരാവുകുകയോ
രാജ്യതാൽപര്യത്തിനെതിരാവുകയോ ചെയ്യുകയില്ല എന്ന് രാജ്യത്തെ പരമോന്നത നീതിപീഠം. ഉത്തരക്കടലാസ് പരിശോധിക്കാൻ ഉദ്യോഗാർത്ഥിക്ക് അവസരം നൽകി. (Civil Appeal 6723.2018)

Sunday, June 23, 2019

Why Chellanam sea erosion ?

*തീരം കരയുകയാണ് - താരാട്ട് അല്ല തിരിച്ചറിവാണ് ആവശ്യപ്പെടുന്നത്..*

കേരളത്തിലെ തീരം അക്ഷരാർത്ഥത്തിൽ കരയുകയാണ്. താരാട്ടും തലോടലും അല്ല അവർക്ക് വേണ്ടത് അടിയന്തര ശ്രദ്ധ ആവശ്യമുള്ള കാര്യമാണിത് എന്ന തിരിച്ചറിവ് അധികാരികൾക്ക് ഉണ്ടാകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

ഭൂമിയിൽ ആകെയുള്ള സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് പടുത്തുയർത്തിയ വീട്. ജനനം മുതൽ കണ്ടുവളർന്ന തിരമാലകൾ വീട് വിഴുങ്ങിയെടുത്തു, ചിലരുടേത് തകർത്തെറിഞ്ഞു. എങ്ങോട്ടു പോകും എന്നറിയാതെ വഴിയരികിൽ നിൽക്കുന്ന ജന്മങ്ങൾ. കേരളത്തിലെ തീരപ്രദേശത്ത് താമസിക്കുന്നവർ ആശങ്കയിലാണ്. കേരളത്തിന്റെ 550 കി.മീ നീളുന്ന കടലോര പ്രദേശത്തിൽ വെറും 43 കി.മീ മാത്രമാണ് സുരക്ഷിത തീരം എന്നാണ് ഫിഷറീസ് വകുപ്പ് തന്നെ പറയുന്നത്.

*എന്തുകൊണ്ടിങ്ങനെ* 

മനുഷ്യൻ മനസ്സിരുത്തി ചോദിക്കേണ്ട ചോദ്യമാണ്. കടൽ എന്തേ ഇങ്ങനെ. അതിനു മുമ്പ് നാം എന്തെ ഇങ്ങനെ എന്ന് സ്വയം ചോദിക്കണം. എറണാകുളം ആലപ്പുഴ ജില്ലകളുടെ കടലോരവാസികൾ ആണ് ഏറ്റവും കൂടുതൽ  ദുരിതത്തിലാക്കുന്നത്. ഈ ഭാഗത്ത് വൈപ്പിൻ എടവനക്കാടും  വെളിയത്താൻപറമ്പ് പ്രദേശവും ഫോർട്ട് കൊച്ചി മുതൽ അന്ധകാരനഴി വരെയുള്ള പ്രദേശവും കടൽക്ഷോഭത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങൾ ആയി നിലകൊള്ളുന്നു. 

ശാസ്ത്രീയമായ രീതിയിൽ നിശ്ചിത അകലത്തിൽ പുലിമുട്ടുകൾ ഉണ്ടാക്കി കടൽ ഭിത്തികളുടെ കൃത്യമായ അറ്റകുറ്റപ്പണികളും സമയബന്ധിതമായി നടത്തിയാൽ കടലാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ആകും. അതോടൊപ്പം കടലിനെ ആക്രമിക്കുന്ന വികസന പദ്ധതികളിൽ നിന്ന് പിന്മാറുകയും ഹാർബറുകൾ പോലുള്ള അത്യാവശ്യ നിർമാണങ്ങൾ നടത്തുമ്പോൾ അതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠനത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രതിവിധികൾ കൂടി കൃത്യമായി ചെയ്യുകയും വേണം. എന്നാൽ പുലിമുട്ട് നിർമിക്കാനും കടൽഭിത്തി നിർമ്മിക്കാനും കല്ലില്ല എന്ന ആശങ്കകളും നിലനിൽക്കുന്നു. അതേസമയം ജിയോ ട്യൂബുകളും ജിയോ ബാഗുകളും ഉപയോഗിക്കാമെന്ന കാഴ്ചപ്പാടും ഇവിടെ ചേർത്തു വായിക്കണം. 

വികസന പദ്ധതികളുടെ ഭാഗമായി ഉള്ള പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടുകൾ വേണ്ടത്ര ഗൗരവത്തോടെ നാം കണക്കിലെടുക്കുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോൾ ചെല്ലാനത്ത് അനുഭവപ്പെടുന്ന കടലാക്രമണം. ചെല്ലാനം ഹാർബർ നിർമ്മാണവുമായി ബന്ധപ്പെട്ട് കടലിൽ മീറ്ററുകളോളം നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയപ്പോൾ അതിൻറെ വടക്കുഭാഗം കേന്ദ്രീകരിച്ച് കടലാക്രമണ സാധ്യതകൾ ഉണ്ടാകാമെന്ന് പഠന റിപ്പോർട്ട് വേണ്ടത്ര ഗൗരവത്തിൽ എടുത്തിരുന്നെങ്കിൽ ഹാർബറിന് ഒപ്പം ഒപ്പം അതിൻറെ വടക്കു പ്രദേശവും കൃത്യമായി പുലിമുട്ടുകളും  കടൽ ഭിത്തികളും നിർമ്മിച്ചെടുക്കുന്നതിന് പ്രാധാന്യം നൽകുമായിരുന്നു.   

ആലപ്പുഴ ജില്ലയിലെ ഒറ്റമശ്ശേരി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കടലാക്രമണം രൂക്ഷമായപ്പോൾ എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യത്തിന് അവിടെയും മറുപടി ഇതുതന്നെ. പുലിമുട്ടുകൾ ശാസ്ത്രീയമായി ഇല്ലാത്തതും കടൽഭിത്തികൾ അറ്റകുറ്റപ്പണികൾ നടത്താത്തതും പലരുടെയും കിടപ്പാടം നഷ്ടമാകുന്നതിന് ഇടയാക്കി.

*ചെല്ലാനം ഫിഷിംഗ് ഹാർബർ - സാമൂഹിക ആഘാത പഠന റിപ്പോർട്ട്*

ചെല്ലാനം ഫിഷിംഗ് ഹാർബറുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് പരിശോധിച്ചാൽ ലഭ്യമാകുന്നത് ഹാർബർ എൻജിനീയറിങ് വകുപ്പിന് വേണ്ടി നടത്തിയ സാമൂഹിക ആഘാത പഠന റിപ്പോർട്ട് ആണ്. ഈ റിപ്പോർട്ടിലാകട്ടെ ചെല്ലാനം ഫിഷിംഗ് ഹാർബർ എൻറെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് കാര്യങ്ങൾക്കാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. ഹാർബർ രൂപീകരണത്തോട് അനുബന്ധിച്ച് നടത്തിയ പബ്ലിക് ഹിയറിങിൽ പ്രദേശവാസികൾ ആവശ്യപ്പെട്ട വിഷയങ്ങൾ റിപ്പോർട്ട് പതിനാലാമത്തെ പേജിൽ പറയുന്നുണ്ട്. ഭൂമി നഷ്ടമാകുന്നവർ നഷ്ടപരിഹാരത്തിന് പറ്റി സംസാരിച്ച് കാര്യങ്ങൾ ആണ് കൂടുതലും അതിൽ അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എങ്കിലും കടൽഭിത്തി ശക്തിപ്പെടുത്തുന്നതിനെ പറ്റിയും പുലിമുട്ടുകൾ നിർമ്മിക്കുന്നതിനെ പറ്റിയും  കൃത്യമായി ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അതിനൊക്കെ വിശദമായ പഠനത്തിനുശേഷമേ നടപ്പാക്കാനാവൂ എന്ന മറുപടിയാണ് രേഖപ്പെടുത്തി കാണുന്നത്. പ്രോജക്ടിനുവേണ്ടി കോരിയെടുക്കുന്ന മണലു കൊണ്ട് ബണ്ട് നിർമ്മിക്കണമെന്നും പ്രത്യേകമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മണ്ണ് ആശുപത്രി നിർമ്മാണത്തിനായി ആവശ്യം ഉണ്ട് എന്നായിരുന്നു മറുപടി. (പേജ് 14 മുതൽ 29 വരെ). 

*സാമൂഹിക ആഘാത പഠനത്തിൽ തീര സംരക്ഷണത്തെപ്പറ്റി ചെറിയ പരാമർശങ്ങൾ മാത്രം*

സാമൂഹിക ആഘാത പഠനത്തിൽ തന്നെ 2.7, 2.9 എന്നീ ഖണ്ഡികകളിൽ ആണ് പരിസ്ഥിതി ആഘാത പഠനവും പ്രതിവിധിയും ഉൾപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി യുടേത് മാത്രമായി മറ്റു വിശദമായ റിപ്പോർട്ടുകൾ ഒന്നും നിലവിൽ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമല്ല. 

രസകരമായ വസ്തുത മേല്പറഞ്ഞ രണ്ടു ഖണ്ഡികളുടെയും ഉള്ളടക്കം ഒന്നു തന്നെ. കമ്പ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ കട്ട് ആൻഡ് പേസ്റ്റ്. ഹാർബർ മായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാതം താൽക്കാലികം മാത്രമാണ് എന്നാണ് റിപ്പോർട്ട്. ചെറിയ പ്രശ്നങ്ങൾ ഒഴിവാക്കാനാകാത്തതാണ് എന്നും റിപ്പോർട്ട് ചെയ്യുന്നു. പ്രശ്നം നേരിടുന്നതിന് ഹാർബർ നിർമ്മാണസമയത്തും പ്രവർത്തന സമയത്തും  Environment Monitoring Plan പരിസ്ഥിതി നിരീക്ഷണ പദ്ധതി ഉണ്ടാകണമെന്നും പ്രദേശത്തെ സൗന്ദര്യ വൽക്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഗ്രീൻ ബെൽറ്റ് ഉണ്ടാക്കണം എന്നാണ് നിർദേശം. 

*ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ ദുരന്തങ്ങൾ നേരിടേണ്ടി വരും* 

ഫോർട്ട് കൊച്ചി മുതൽ അന്ധകാരനഴി വരെയുള്ള തീരപ്രദേശത്ത് ശാസ്ത്രീയമായി പുലിമുട്ടുകൾ നിർമ്മിക്കുകയും കടൽ ഭിത്തി തകർന്നു പോയ സ്ഥലങ്ങളിൽ കടൽ ഭിത്തി നിർമ്മിക്കുകയും സമയബന്ധിതമായി പരിപാലിക്കുകയും ചെയ്യുകയാണ് ആവശ്യം. അതിന് കല്ല് ലഭിക്കുന്നില്ലെങ്കിൽ കോൺക്രീറ്റ് സംവിധാനങ്ങളുപയോഗിച്ച് മറ്റു സംസ്ഥാനങ്ങളിൽ ചെയ്തിരിക്കുന്ന രീതി പിന്തുടരണം. ശാസ്ത്രീയമായ രീതിയിൽ ശാശ്വതമായ പരിഹാരമാണ് ആവശ്യം. അതിന് വലിയ വലിയ പഠനങ്ങളൊന്നും ഇനി ആവശ്യമില്ല, പ്രദേശവാസികളെ ഉൾപ്പെടുത്തി നാട്ടറിവ് കൂടി കണക്കിലെടുത്ത് തീരപ്രദേശം സുരക്ഷിതവും തീരവാസികൾക്ക്സംരക്ഷണം നൽകുകയും ആകണം പ്രഥമ പരിഗണന. (സാമൂഹിക ആഘാത പഠന റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട്) 
https://ernakulam.nic.in/document/chellanam-fishing-harbour-sia-study-report-publication-final-report/  ലിങ്കിൽ നിന്നും, www.niyamadarsi.com
എന്ന വെബ്സൈറ്റിൽ നിന്നും റിപ്പോർട്ട് പൂർണമായും ഡൗൺലോഡ് ചെയ്യാം. 

Adv Sherry J Thomas
23.06.19

Wednesday, June 19, 2019

New CRZ Notification and house construction

*CRZ Notification തീര നിയന്ത്രണ വിജ്ഞാപനം പുതിയ നോട്ടിഫിക്കേഷൻ - ഭവന നിർമ്മാണത്തിന് തയ്യാറെടുക്കുന്ന സാധാരണക്കാരെ എങ്ങനെ ബാധിക്കും ?*
Talk by Adv Sherry J Thomas

https://youtu.be/yt7UNlNQK6A

Saturday, June 15, 2019

Whether direct employee or employee of contractor ?

*തൊഴിലാളികൾക്കുള്ള ആനുകൂല്യം- കരാർ നിയമനവും നേരിട്ടുള്ള നിയമനവും  എങ്ങനെ തീരുമാനിക്കും?* 

പല സ്ഥാപനങ്ങളും നേരിട്ട് തൊഴിലാളികളെ  നിയമിക്കുന്നതിന് പകരം തൊഴിലാളി നിയമനത്തിന് മൊത്തമായി കരാർ നൽകും. അത്തരത്തിൽ ജോലി എടുക്കുന്ന തൊഴിലാളികൾ സ്ഥാപനത്തിൻറെ തൊഴിലാളികൾ ആണോ എന്നത് സംബന്ധിച്ച അവകാശവാദം പലപ്പോഴും തർക്കങ്ങൾക്ക് ഇടയാക്കാറുണ്ട്. BHEL (ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്) നടത്തിയ വ്യവഹാരത്തിൽ വിഷയം സുപ്രീംകോടതി വരെ എത്തി. മുമ്പ് 2011 ബംഗാളിലെ ഒരു കേസിലും ഇക്കാര്യം സുപ്രീം കോടതി വിശദീകരിച്ചിരുന്നു. 
തൊഴിൽ നിയമത്തിലെ തൊഴിലാളികൾ എന്ന നിർവചനത്തിൽ ഉൾപ്പെടണം എങ്കിൽ തൊഴിലുടമ എന്ന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സ്ഥാപനത്തിൻറെ നേരിട്ടുള്ള തൊഴിലാളികൾ ആയിരിക്കണം, അല്ലാതെ കരാർ നിയമനത്തിൽ ജോലിചെയ്യുന്നവർ ഈ നിർവചനത്തിൽ വരാത്ത  കരാർ തൊഴിലാളികൾ എന്നാണ് തർക്കത്തിനിടെയാണ് വാദം. ഇക്കാര്യം തീരുമാനിക്കുന്നതിന് രണ്ട് മാനദണ്ഡങ്ങൾ സുപ്രീംകോടതി വീണ്ടും എടുത്തുപറഞ്ഞു.
*എന്തൊക്കെയാണ് മാനദണ്ഡങ്ങൾ* 
1. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കുന്നത് (യഥാർത്ഥ തൊഴിലുടമ) സ്ഥാപനമാണോ കരാറുകാരൻ ആണോ എന്നത്.
2. തൊഴിലാളിയുടെ തൊഴിൽപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും യഥാർത്ഥ തൊഴിലുടമയാണോ എന്നത്.  
മേൽ സൂചിപ്പിച്ച BHEL കേസിൽ ഈ മാനദണ്ഡങ്ങൾ പരിശോധിച്ചതിൻറെ അടിസ്ഥാനത്തിൽ തൊഴിലുടമയുടെ നേരിട്ടുള്ള നിയമനത്തിലുള്ള തൊഴിലാളികൾ അല്ല എന്നാണ് കോടതി കണ്ടെത്തിയത്. 
Civil Appeal 1799.2019 dated 20.2.2019
© Sherry J Thomas
www.niyamadarsi.com
( First legal blog in Malayalam)

Thursday, June 13, 2019

ഒരിക്കൽ നൽകിയ #പെർമിറ്റ് റദ്ദാക്കുന്നതിന് മുമ്പ് പറയാനുള്ളത് കേൾക്കണം #Suspension and #revocation of building permit

#ഒരിക്കൽ നൽകിയ #പെർമിറ്റ് റദ്ദാക്കുന്നതിന് മുമ്പ് പറയാനുള്ളത് കേൾക്കണം
#Suspension and #revocation of building permit

തദ്ദേശ സ്ഥാപനത്തിൻറെ സെക്രട്ടറി നൽകിയ പെർമിറ്റ് പിന്നീട് അതിനെതിരെ പരാതി വന്ന സമയം ദുർബലപ്പെടുത്താനോ റദ്ദാക്കാനോ അധികാരം ഉണ്ടോ എന്ന് ചോദിച്ചാൽ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 16 അനുസരിച്ച് അതിനുള്ള അധികാരം ഉണ്ട് എന്നതിൽ തർക്കമില്ല.

തെറ്റായി നൽകിയ പെർമിറ്റ്, പ്രഥമ ദൃഷ്ടിയാ തെറ്റുകൾ ഉണ്ടെന്ന കണ്ടെത്തൽ, നിയമപരമായോ വസ്തുതാപരമായോ ഉണ്ടായ തെറ്റിദ്ധാരണ മൂലം നൽകിയ പെർമിറ്റ്,  നിർമ്മാണം ജീവനോ വസ്തുവിനോ അപായം ഉണ്ടാക്കുന്നത് - എന്നീ ഘട്ടങ്ങളിൽ സെക്രട്ടറിക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം. പക്ഷേ അത്തരത്തിൽ ചെയ്യുമ്പോൾ പെർമിറ്റിന് ഉടമസ്ഥന് കാരണം വിശദീകരിക്കുന്ന അതിനുള്ള മതിയായ അവസരം നൽകിയിരിക്കണം. അങ്ങനെ അവസരം ലഭിച്ച ഉടമസ്ഥൻ നൽകിയ വിശദീകരണം പരിഗണിക്കുകയും വേണം. ഇക്കാര്യം  കേരള  ഹൈക്കോടതി wpc 3694.2019 കേസിൽ വീണ്ടും ആധികാരികമായി പ്രസ്താവിച്ചിട്ടുണ്ട്.

© Sherry J Thomas

Destruction of will by burning or tearing will not invalidate a registered will

#വിൽപത്രം കീറിക്കളഞ്ഞാൽ  റദ്ദാകുമോ
#Destruction of will by burning or tearing will not invalidate a registered will

ഒരാളുടെ സ്വത്തുവകകൾ അയാളുടെ കാലശേഷം എങ്ങനെ വിഭജിച്ചു പോകണം എന്ന് മുൻകൂട്ടി തീരുമാനിച്ചിരിക്കുന്നത് ആണല്ലോ വിൽപത്രം. മരണശേഷം മാത്രം നടപ്പിലാകുന്ന വിൽപത്രം ജീവിതകാലത്ത് എപ്പോൾ വേണമെങ്കിലും മാറ്റി എഴുതാം. വിൽപത്രം റദ്ദാക്കണം എങ്കിൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ വകുപ്പ് 70 ൽ പറഞ്ഞിരിക്കുന്ന പ്രകാരം റദ്ദാക്കാനുള്ള കാര്യങ്ങൾ ചെയ്യണം. പുതിയൊരു വിൽപത്രം എഴുതി പഴയ വിൽപത്രം റദ്ദാക്കാനുള്ള ഉദ്ദേശം വ്യക്തമാക്കാം. അല്ലെങ്കിൽ കത്തിച്ചു കളയുകയോ കീറിക്കളയുകയോ മറ്റേതെങ്കിലും രീതിയിൽ നശിപ്പിക്കുകയോ ചെയ്തും  റദ്ദാക്കാം. 

#രജിസ്ട്രേഡ് വിൽപത്രം ആണെങ്കിലോ ?

രജിസ്റ്റർ ചെയ്ത വിൽപത്രം റദ്ദാക്കുന്നതിന് കത്തിച്ചു കളയുകയോ കീറി കളയുകയോ മറ്റൊരു രീതിയിൽ നശിപ്പിച്ചു കളയുകയോ ചെയ്തതുകൊണ്ട് ആവില്ല. അതേസമയം വിവാഹത്തിലൂടെയോ, മറ്റൊരു വിൽപത്രം ഉണ്ടാക്കിയതിലൂടെയോ  വിൽപത്രം റദ്ദാക്കണമെന്ന് ഉദ്ദേശിച്ചുള്ള മറ്റൊരു രേഖയിലൂടെയോ റദ്ദാക്കാം. രജിസ്റ്റർ ചെയ്ത വിൽപത്രങ്ങൾ റദ്ദാക്കുന്നതിന് അവ പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞത്കൊണ്ടോ, വിൽപത്രകിരൻറെ ഉദ്ദേശം റദ്ദാക്കണം എന്നായിരുന്നു എന്നതുകൊണ്ടോ വിൽപത്രം റദ്ദ് ആവില്ല. വിൽപത്രം ഇല്ലാതാക്കണമെന്ന് കൃത്യമായ നിർദ്ദേശം രേഖാമൂലം ഉണ്ടാകണം. കേരള ഹൈക്കോടതി ഈയിടെയും ഇക്കാര്യത്തിൽ സ്പഷ്ടീകരണം വരുത്തി ഉത്തരവിറക്കിയിരുന്നു.  
RSA 911.2008 Judgment Dated 4.2.19

© Sherry J Thomas 14.06.19

To get these kind of legal updates, subscribe Admin only WhatsApp group

https://chat.whatsapp.com/4ABB9he1iCV3bUewIQCbiz