*തീരം കരയുകയാണ് - താരാട്ട് അല്ല തിരിച്ചറിവാണ് ആവശ്യപ്പെടുന്നത്..*
കേരളത്തിലെ തീരം അക്ഷരാർത്ഥത്തിൽ കരയുകയാണ്. താരാട്ടും തലോടലും അല്ല അവർക്ക് വേണ്ടത് അടിയന്തര ശ്രദ്ധ ആവശ്യമുള്ള കാര്യമാണിത് എന്ന തിരിച്ചറിവ് അധികാരികൾക്ക് ഉണ്ടാകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
ഭൂമിയിൽ ആകെയുള്ള സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് പടുത്തുയർത്തിയ വീട്. ജനനം മുതൽ കണ്ടുവളർന്ന തിരമാലകൾ വീട് വിഴുങ്ങിയെടുത്തു, ചിലരുടേത് തകർത്തെറിഞ്ഞു. എങ്ങോട്ടു പോകും എന്നറിയാതെ വഴിയരികിൽ നിൽക്കുന്ന ജന്മങ്ങൾ. കേരളത്തിലെ തീരപ്രദേശത്ത് താമസിക്കുന്നവർ ആശങ്കയിലാണ്. കേരളത്തിന്റെ 550 കി.മീ നീളുന്ന കടലോര പ്രദേശത്തിൽ വെറും 43 കി.മീ മാത്രമാണ് സുരക്ഷിത തീരം എന്നാണ് ഫിഷറീസ് വകുപ്പ് തന്നെ പറയുന്നത്.
*എന്തുകൊണ്ടിങ്ങനെ*
മനുഷ്യൻ മനസ്സിരുത്തി ചോദിക്കേണ്ട ചോദ്യമാണ്. കടൽ എന്തേ ഇങ്ങനെ. അതിനു മുമ്പ് നാം എന്തെ ഇങ്ങനെ എന്ന് സ്വയം ചോദിക്കണം. എറണാകുളം ആലപ്പുഴ ജില്ലകളുടെ കടലോരവാസികൾ ആണ് ഏറ്റവും കൂടുതൽ ദുരിതത്തിലാക്കുന്നത്. ഈ ഭാഗത്ത് വൈപ്പിൻ എടവനക്കാടും വെളിയത്താൻപറമ്പ് പ്രദേശവും ഫോർട്ട് കൊച്ചി മുതൽ അന്ധകാരനഴി വരെയുള്ള പ്രദേശവും കടൽക്ഷോഭത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങൾ ആയി നിലകൊള്ളുന്നു.
ശാസ്ത്രീയമായ രീതിയിൽ നിശ്ചിത അകലത്തിൽ പുലിമുട്ടുകൾ ഉണ്ടാക്കി കടൽ ഭിത്തികളുടെ കൃത്യമായ അറ്റകുറ്റപ്പണികളും സമയബന്ധിതമായി നടത്തിയാൽ കടലാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ആകും. അതോടൊപ്പം കടലിനെ ആക്രമിക്കുന്ന വികസന പദ്ധതികളിൽ നിന്ന് പിന്മാറുകയും ഹാർബറുകൾ പോലുള്ള അത്യാവശ്യ നിർമാണങ്ങൾ നടത്തുമ്പോൾ അതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠനത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രതിവിധികൾ കൂടി കൃത്യമായി ചെയ്യുകയും വേണം. എന്നാൽ പുലിമുട്ട് നിർമിക്കാനും കടൽഭിത്തി നിർമ്മിക്കാനും കല്ലില്ല എന്ന ആശങ്കകളും നിലനിൽക്കുന്നു. അതേസമയം ജിയോ ട്യൂബുകളും ജിയോ ബാഗുകളും ഉപയോഗിക്കാമെന്ന കാഴ്ചപ്പാടും ഇവിടെ ചേർത്തു വായിക്കണം.
വികസന പദ്ധതികളുടെ ഭാഗമായി ഉള്ള പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടുകൾ വേണ്ടത്ര ഗൗരവത്തോടെ നാം കണക്കിലെടുക്കുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോൾ ചെല്ലാനത്ത് അനുഭവപ്പെടുന്ന കടലാക്രമണം. ചെല്ലാനം ഹാർബർ നിർമ്മാണവുമായി ബന്ധപ്പെട്ട് കടലിൽ മീറ്ററുകളോളം നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയപ്പോൾ അതിൻറെ വടക്കുഭാഗം കേന്ദ്രീകരിച്ച് കടലാക്രമണ സാധ്യതകൾ ഉണ്ടാകാമെന്ന് പഠന റിപ്പോർട്ട് വേണ്ടത്ര ഗൗരവത്തിൽ എടുത്തിരുന്നെങ്കിൽ ഹാർബറിന് ഒപ്പം ഒപ്പം അതിൻറെ വടക്കു പ്രദേശവും കൃത്യമായി പുലിമുട്ടുകളും കടൽ ഭിത്തികളും നിർമ്മിച്ചെടുക്കുന്നതിന് പ്രാധാന്യം നൽകുമായിരുന്നു.
ആലപ്പുഴ ജില്ലയിലെ ഒറ്റമശ്ശേരി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കടലാക്രമണം രൂക്ഷമായപ്പോൾ എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യത്തിന് അവിടെയും മറുപടി ഇതുതന്നെ. പുലിമുട്ടുകൾ ശാസ്ത്രീയമായി ഇല്ലാത്തതും കടൽഭിത്തികൾ അറ്റകുറ്റപ്പണികൾ നടത്താത്തതും പലരുടെയും കിടപ്പാടം നഷ്ടമാകുന്നതിന് ഇടയാക്കി.
*ചെല്ലാനം ഫിഷിംഗ് ഹാർബർ - സാമൂഹിക ആഘാത പഠന റിപ്പോർട്ട്*
ചെല്ലാനം ഫിഷിംഗ് ഹാർബറുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് പരിശോധിച്ചാൽ ലഭ്യമാകുന്നത് ഹാർബർ എൻജിനീയറിങ് വകുപ്പിന് വേണ്ടി നടത്തിയ സാമൂഹിക ആഘാത പഠന റിപ്പോർട്ട് ആണ്. ഈ റിപ്പോർട്ടിലാകട്ടെ ചെല്ലാനം ഫിഷിംഗ് ഹാർബർ എൻറെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് കാര്യങ്ങൾക്കാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. ഹാർബർ രൂപീകരണത്തോട് അനുബന്ധിച്ച് നടത്തിയ പബ്ലിക് ഹിയറിങിൽ പ്രദേശവാസികൾ ആവശ്യപ്പെട്ട വിഷയങ്ങൾ റിപ്പോർട്ട് പതിനാലാമത്തെ പേജിൽ പറയുന്നുണ്ട്. ഭൂമി നഷ്ടമാകുന്നവർ നഷ്ടപരിഹാരത്തിന് പറ്റി സംസാരിച്ച് കാര്യങ്ങൾ ആണ് കൂടുതലും അതിൽ അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എങ്കിലും കടൽഭിത്തി ശക്തിപ്പെടുത്തുന്നതിനെ പറ്റിയും പുലിമുട്ടുകൾ നിർമ്മിക്കുന്നതിനെ പറ്റിയും കൃത്യമായി ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അതിനൊക്കെ വിശദമായ പഠനത്തിനുശേഷമേ നടപ്പാക്കാനാവൂ എന്ന മറുപടിയാണ് രേഖപ്പെടുത്തി കാണുന്നത്. പ്രോജക്ടിനുവേണ്ടി കോരിയെടുക്കുന്ന മണലു കൊണ്ട് ബണ്ട് നിർമ്മിക്കണമെന്നും പ്രത്യേകമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മണ്ണ് ആശുപത്രി നിർമ്മാണത്തിനായി ആവശ്യം ഉണ്ട് എന്നായിരുന്നു മറുപടി. (പേജ് 14 മുതൽ 29 വരെ).
*സാമൂഹിക ആഘാത പഠനത്തിൽ തീര സംരക്ഷണത്തെപ്പറ്റി ചെറിയ പരാമർശങ്ങൾ മാത്രം*
സാമൂഹിക ആഘാത പഠനത്തിൽ തന്നെ 2.7, 2.9 എന്നീ ഖണ്ഡികകളിൽ ആണ് പരിസ്ഥിതി ആഘാത പഠനവും പ്രതിവിധിയും ഉൾപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി യുടേത് മാത്രമായി മറ്റു വിശദമായ റിപ്പോർട്ടുകൾ ഒന്നും നിലവിൽ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമല്ല.
രസകരമായ വസ്തുത മേല്പറഞ്ഞ രണ്ടു ഖണ്ഡികളുടെയും ഉള്ളടക്കം ഒന്നു തന്നെ. കമ്പ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ കട്ട് ആൻഡ് പേസ്റ്റ്. ഹാർബർ മായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാതം താൽക്കാലികം മാത്രമാണ് എന്നാണ് റിപ്പോർട്ട്. ചെറിയ പ്രശ്നങ്ങൾ ഒഴിവാക്കാനാകാത്തതാണ് എന്നും റിപ്പോർട്ട് ചെയ്യുന്നു. പ്രശ്നം നേരിടുന്നതിന് ഹാർബർ നിർമ്മാണസമയത്തും പ്രവർത്തന സമയത്തും Environment Monitoring Plan പരിസ്ഥിതി നിരീക്ഷണ പദ്ധതി ഉണ്ടാകണമെന്നും പ്രദേശത്തെ സൗന്ദര്യ വൽക്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഗ്രീൻ ബെൽറ്റ് ഉണ്ടാക്കണം എന്നാണ് നിർദേശം.
*ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ ദുരന്തങ്ങൾ നേരിടേണ്ടി വരും*
ഫോർട്ട് കൊച്ചി മുതൽ അന്ധകാരനഴി വരെയുള്ള തീരപ്രദേശത്ത് ശാസ്ത്രീയമായി പുലിമുട്ടുകൾ നിർമ്മിക്കുകയും കടൽ ഭിത്തി തകർന്നു പോയ സ്ഥലങ്ങളിൽ കടൽ ഭിത്തി നിർമ്മിക്കുകയും സമയബന്ധിതമായി പരിപാലിക്കുകയും ചെയ്യുകയാണ് ആവശ്യം. അതിന് കല്ല് ലഭിക്കുന്നില്ലെങ്കിൽ കോൺക്രീറ്റ് സംവിധാനങ്ങളുപയോഗിച്ച് മറ്റു സംസ്ഥാനങ്ങളിൽ ചെയ്തിരിക്കുന്ന രീതി പിന്തുടരണം. ശാസ്ത്രീയമായ രീതിയിൽ ശാശ്വതമായ പരിഹാരമാണ് ആവശ്യം. അതിന് വലിയ വലിയ പഠനങ്ങളൊന്നും ഇനി ആവശ്യമില്ല, പ്രദേശവാസികളെ ഉൾപ്പെടുത്തി നാട്ടറിവ് കൂടി കണക്കിലെടുത്ത് തീരപ്രദേശം സുരക്ഷിതവും തീരവാസികൾക്ക്സംരക്ഷണം നൽകുകയും ആകണം പ്രഥമ പരിഗണന. (സാമൂഹിക ആഘാത പഠന റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട്)
https://ernakulam.nic.in/document/chellanam-fishing-harbour-sia-study-report-publication-final-report/ ലിങ്കിൽ നിന്നും, www.niyamadarsi.com
എന്ന വെബ്സൈറ്റിൽ നിന്നും റിപ്പോർട്ട് പൂർണമായും ഡൗൺലോഡ് ചെയ്യാം.
Adv Sherry J Thomas
23.06.19
No comments:
Post a Comment