Search This Blog

Friday, November 21, 2025

കുടികിടപ്പ് - സർട്ടിഫിക്കറ്റ് നഷ്ടമായാൽ പുതിയത് ലഭിക്കാൻ


കൂടുതൽ ഭൂമിയുള്ളവരിൽ നിന്ന് ഭൂമി ഏറ്റെടുത്ത്  ഭൂമി ഇല്ലാത്തവർക്ക് പതിച്ച് നൽകുന്നതിനുള്ള നിയമനിർമ്മാണമാണ് 1963ലെ കേരള ഭൂപരിഷ്കരണ നിയമം. അങ്ങനെയാണ് ജന്മിയുടെ ഭൂമിയിൽ താമസിച്ചുവന്നിരുന്ന കുടികിടപ്പുകാർ, കുടിയാന്മാർ എന്നിവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നതിന് കേരളത്തിൽ സാഹചര്യമുണ്ടായത്. വ്യക്തികൾക്കും കുടുംബത്തിനും സ്ഥാപനത്തിനും കൈവശം വയ്ക്കാനുള്ള ഭൂമിയുടെ പരിധി നിശ്ചയിച്ച് നിയമം അനുവദിച്ചിരിക്കുന്ന പരിധിയിൽ അധികമുള്ള ഭൂമി ആരെങ്കിലും ആർജ്ജിച്ചാൽ അങ്ങനെ അധികമുള്ള ഭൂമി സർക്കാരിലേക്ക് നിക്ഷിപ്തമാക്കി ഏറ്റെടുത്ത മിച്ചഭൂമി അർഹരായവർക്ക് വിതരണം ചെയ്യുക എന്നീ ലക്ഷ്യമാണ് പ്രധാനമായും ഭൂപരിഷ്കരണ നിയമം ഉദ്ദേശിക്കുന്നത്. മറ്റു പല നിയമങ്ങളെയും പോലെ തുടർച്ചയായി
ആധുനികകാലത്ത് അധികം ഉപയോഗിക്കപ്പെടുന്നില്ലെങ്കിലും ചില ഘട്ടങ്ങളിൽ ഇത് അറിഞ്ഞിരിക്കേണ്ടതുണ്ട്.

ലാൻഡ് ട്രൈബ്യൂണലുകളിൽ അപേക്ഷ നൽകിയാണ് കുടികിടപ്പുകാരൻ, കുടിയാൻ എന്നിവർ കൈവശ ഭൂമി പതിച്ച് വാങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ താലൂക്ക് തഹസിൽദാർ തന്നെയാണ് ചുമതല വഹിക്കുന്നത്. ബാക്കിയുള്ള ജില്ലകളിൽ പ്രത്യേകം ലാൻഡ് ട്രൈബ്യൂണലുകൾ രൂപീകരിച്ചിട്ടുണ്ട്. കുടികിടപ്പ് അപേക്ഷകൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള ചുമതല വില്ലേജ് ഓഫീസർക്കാണ്.

ലാൻഡ് ട്രൈബ്യൂണുകളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ

സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയതിന്റെ പേരിൽ കരം അടച്ചു കിട്ടാത്ത നിരവധി വ്യക്തികൾ ഉണ്ട്. വീണ്ടും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആദ്യം അനുവദിച്ചത് സംബന്ധിച്ച കേസ് റെക്കോർഡ്, ഓഫീസ് കോപ്പി, വിധി ന്യായം, പട്ടയ വിതരണ റജിസ്റ്റർ, ഓർഡർ ഷീറ്റ് തുടങ്ങി എന്തെങ്കിലും രേഖ ലാൻഡ് ട്രൈബ്യൂണലിൽ ലഭ്യമാണെങ്കിൽ പുതിയ ഒരു നടപടിക്രമവും സർട്ടിഫിക്കറ്റും സൃഷ്ടിച്ച് ക്രയ സർട്ടിഫിക്കറ്റ് പകർപ്പ് നൽകാവുന്നതാണ്.  അതേസമയം സർട്ടിഫിക്കറ്റ് ലഭിച്ചതായോ ജന്മാവകാശം ലഭിച്ചതായോ യാതൊരു രേഖയും ലാൻഡ് ട്രൈബ്യൂണലിൽ  ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ അപേക്ഷകനിൽ നിന്ന് പുതിയ അപേക്ഷ വാങ്ങി അതിൻറെ അടിസ്ഥാനത്തിൽ പരാമർശഭൂമിക്ക്  കുടികടപ്പ് ഉണ്ടായിരുന്നു എന്ന് ഒരിക്കൽ കൂടി പരിശോധിക്കുന്നതും ഉണ്ടായിരുന്നെങ്കിൽ ഒരു നടപടിക്രമം സൃഷ്ടിച്ച് അതിൻറെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ്  പുനസൃഷ്ടിച്ച് ഫയലിൽ സൂക്ഷിച്ച് അതിൻറെ പകർപ്പ് നൽകാവുന്നതാണ്.

കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ്

കേരളത്തിൽ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് പ്രതിപാദിക്കുന്നത് സ്റ്റാൻഡേർഡ് ഏക്കർ എന്ന യൂണിറ്റിന്റെ അടിസ്ഥാനത്തിലാണ്. അവിവാഹിതനായ മുതിർന്ന ഒരാൾക്ക് അഞ്ച് സ്റ്റാൻഡേർഡ് ഏക്കർ ഭൂമിയാണ് കൈവശം വയ്ക്കുന്നത്. (6-7.5 ഏക്കർ). രണ്ടു മുതൽ അഞ്ചുവരെ അംഗങ്ങൾ ഉള്ള കുടുംബത്തിന് 10 സ്റ്റാൻഡേർഡ് ഏക്കർ. ( 10 - 15 സാധാരണ ഏക്കർ).  അഞ്ച് അംഗങ്ങളിൽ കൂടുതലുള്ള കുടുംബത്തിന് 10 + അഞ്ചിൽ കൂടുതലുള്ള ഓരോ അംഗങ്ങൾക്കും ഓരോ സ്റ്റാൻഡേർഡ് ഏക്കർ വീതം. (12 - 20). സ്ഥാപനങ്ങൾ കമ്പനികൾ എന്നിവയ്ക്ക് 10 സ്റ്റാൻഡേർഡ് ഏക്കർ. (12 - 15). പതിനഞ്ച് സാധാരണ ഏക്കറിൽ കൂടുതൽ കൈവശം വയ്ക്കാൻ സർക്കാരിൽ നിന്ന് പ്രത്യേകം ഇളവു വാങ്ങണം.

ഭൂപരിധി നിർണയത്തിനായി ഉൾപ്പെടുത്താൻ പാടില്ലാത്ത ഭൂമികൾ (ഇളവ്)

ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 81 ലാണ് ഇളവുകൾ പറയുന്നത്. സർക്കാർ ഭൂമി, സ്വകാര്യ കാടുകൾ, തോട്ടങ്ങൾ, അമ്പലങ്ങൾ, പള്ളികൾ സെമിത്തേരികൾ, ശ്മശാനങ്ങൾ, വെയർ ഹൗസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവശം വച്ചിരിക്കുന്ന ഭൂമി പ്രത്യേകിച്ച് സ്ഥാപനത്തിൻറെ ഉപയോഗത്തിനും കളിക്കളത്തിനും വേണ്ടിയുള്ളവ, യൂണിവേഴ്സിറ്റികൾ, പൊതുസ്വഭാവമുള്ള മതപരവും ധർമ്മപരവുമായ സ്ഥാപനങ്ങൾ മുതലായവയൊക്കെ ഭൂപരിധി നിർണയത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത ഭൂമികളാണ്.

ഒരു വ്യക്തിക്ക് മിച്ചഭൂമി ഉണ്ടോ എന്ന് നിർണയിക്കാനുള്ള നിയമപരമായ അധികാരം താലൂക്ക് ലാൻഡ് ബോർഡുകൾക്ക് മാത്രമാണ് ഉള്ളത്. മിച്ചഭൂമിയായി പ്രഖ്യാപിച്ചതിനുശേഷം മാത്രമേ പ്രസ്തുത ഭൂമിയുടെ മേൽ സർക്കാരിനെ അവകാശം ഉണ്ടാവുകയുള്ളൂ. സർക്കാരിലേക്ക് ഏറ്റെടുക്കുന്നത് വരെ ആ ഭൂമിക്ക് ഉള്ള കരമടവ് പെർമിറ്റുകൾ തുടങ്ങിയ റവന്യൂ അവകാശങ്ങൾ കൈവശക്കാരന്റെ പേരിൽ തന്നെ നിലനിൽക്കും.

ഏതെങ്കിലും ഭൂമി പ്രത്യേക ആവശ്യത്തിന് ഉപയോഗിക്കേണ്ട സാഹചര്യത്തിൽ തോട്ടമായി പരിവർത്തനം ചെയ്യുന്നതിന് നിലവിലുള്ള തോട്ടത്തിന്റെ വികസനത്തിന് സംരക്ഷണത്തിനും ആവശ്യമായി വരുമ്പോഴോ മതപരമോ, ധർമ്മപരമോ , വ്യവസായിക വാണിജ്യ ശാസ്ത്രീയ പരമായ കാര്യങ്ങൾക്കോ ആവശ്യമാകുമ്പോഴോ പൊതു താൽപര്യാർത്ഥം അത്തരം ഭൂമികളെ ഭൂപരിധ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കി നൽകാൻ സർക്കാരിന് അധികാരമുണ്ട്. ഇത്തരം നടപടികൾ ജില്ലാ കളക്ടറുടെ ഓഫീസിലാണ് നടത്തേണ്ടത്. 

No comments:

Post a Comment