വിവാഹത്തിനുള്ള ഒരുക്കത്തേക്കാൾ എളുപ്പത്തിൽ വിവാഹമോചനം !
വിവാഹം നടത്തുന്നതിന് വർഷങ്ങളും മാസങ്ങളും ഒരുങ്ങിയാണ് പലരും കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ തെറ്റായ കൂടിച്ചേരലായിരുന്നു വിവാഹം എന്ന് ബോധ്യം വന്നാൽ ഒരു കാത്തിരിപ്പും ഇല്ലാതെ ബന്ധം ഒഴിവാക്കാം. പരസ്പര സമ്മതത്തോടെയുള്ള ക്രൈസ്തവ വിവാഹമോചനത്തിന് വിവാഹത്തിനുശേഷം ഒരു വർഷക്കാലം പിരിഞ്ഞു താമസിക്കണം എന്ന നിയമപരമായ നിബന്ധന കോടതി റദ്ദാക്കി എന്നത് അധികം വാർത്തയായിരുന്നില്ല. . ചുരുക്കത്തിൽ വിവാഹശേഷം എപ്പോൾ വേണമെങ്കിലും പരസ്പര സമരത്തോടെ ബന്ധം വേർപെടുത്താവുന്ന സാഹചര്യം ഇന്ന് നിയമപരമായി സംജാതമായിരിക്കുന്നു.
വിവാഹം എന്നത് കേവലം ഒരു ഉടമ്പടിയല്ല; ആത്മീയവും സാമൂഹികവുമായ വിശുദ്ധി കൽപ്പിച്ചുപോരുന്ന ഒന്നാണ്. "ദൈവം ചേർത്തതിനെ മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ" (മത്തായി 19:6) എന്ന ബൈബിൾ വചനം വൈവാഹിക ജീവിതത്തിന്റെ പവിത്രതയെ അടയാളപ്പെടുത്തുന്നു. എന്നാൽ പ്രായോഗിക ജീവിതത്തിൽ എല്ലാ വിവാഹങ്ങളും വിജയകരമാകണമെന്നില്ല. ഒത്തുപോകാൻ സാധിക്കാത്ത ഒരു ബന്ധത്തിൽ കുടുങ്ങിപ്പോയെന്ന് തിരിച്ചറിയുന്ന ദമ്പതികളെ, നിയമപരമായ സാങ്കേതികത്വങ്ങളുടെ പേരിൽ ഒരു വർഷക്കാലം നിസ്സഹായരായി തുടരാൻ ഭരണകൂടം നിർബന്ധിക്കുന്നത് നീതീകരിക്കാനാകുമോ എന്ന് ചോദ്യമാണ് കേരള ഹൈക്കോടതിയുടെ ബെഞ്ചിന് മുന്നിലെത്തിയത്.
ഈ ഗൗരവതരമായ ചോദ്യത്തിനാണ് [2022 (7) KHC 532] ചരിത്രപ്രസിദ്ധമായ വിധിയിലൂടെ കേരള ഹൈക്കോടതി തീർപ്പുകൽപ്പിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, 1869-ലെ ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ (Divorce Act, 1869) സെക്ഷൻ 10A പ്രകാരമുള്ള നിർബന്ധിത ഒരു വർഷത്തെ വേർപിരിയൽ കാലാവധി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കി. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെയും (ആർട്ടിക്കിൾ 14) അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും (ആർട്ടിക്കിൾ 21) ലംഘനമാണിതെന്ന് കോടതി നിരീക്ഷിച്ചു.
കേസിന്റെ പശ്ചാത്തലം
2022 ജനുവരി 30-നായിരുന്നു ക്രിസ്തീയ ആചാരപ്രകാരം ആ രണ്ടു ചെറുപ്പക്കാരുടെ വിവാഹം നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഒത്തുപോകാൻ കഴിയില്ലെന്നും വിവാഹബന്ധം പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്നും ഇരുവരും തിരിച്ചറിഞ്ഞു.
പരസ്പരം ചെളിവാരിയെറിഞ്ഞ് കോടതി കയറിയിറങ്ങുന്നതിന് പകരം, പരസ്പര സമ്മതത്തോടെ സമാധാനപരമായി വേർപിരിയാൻ അവർ തീരുമാനിച്ചു. വിവാഹം കഴിഞ്ഞ് വെറും നാലു മാസങ്ങൾക്കകം—2022 മെയ് 31-ന്— കുടുംബക്കോടതിയിൽ സെക്ഷൻ 10A പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജി അവർ സമർപ്പിച്ചു.
എന്നാൽ, നിയമപ്രകാരം ഒരു വർഷത്തെ വേർപിരിയൽ കാലയളവ് പൂർത്തിയാകാത്തതിനാൽ കുടുംബക്കോടതി ഈ ഹർജി ഫയലിൽ സ്വീകരിക്കാൻ വിസമ്മതിച്ചു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്.
നിയമപരമായ പരിണാമം
ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച 1869-ലെ ആക്ട് പ്രകാരം ക്രിസ്ത്യാനികൾക്ക് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് വ്യവസ്ഥയുണ്ടായിരുന്നില്ല. 2001-ൽ വരുത്തിയ ഭേദഗതിയിലൂടെയാണ് സെക്ഷൻ 10A ഉൾപ്പെടുത്തിയത്. എന്നാൽ ഇതിൽ രണ്ട് വർഷത്തെ വേർപിരിയൽ കാലയളവ് നിർബന്ധമാക്കിയിരുന്നു. ഹിന്ദു വിവാഹ നിയമത്തിലും (സെക്ഷൻ 13B), സ്പെഷ്യൽ മാര്യേജ് ആക്ടിലും (സെക്ഷൻ 28) ഇത് ഒരു വർഷമായിരിക്കെ, ക്രിസ്ത്യൻ വിഭാഗത്തിന് മാത്രം രണ്ട് വർഷം നിഷ്കർഷിച്ചത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി 2010-ൽ കേരള ഹൈക്കോടതി ഈ കാലാവധി ഒരു വർഷമായി ചുരുക്കി.
എങ്കിലും ഒരു വലിയ വിടവ് അപ്പോഴും നിലനിന്നിരുന്നു:
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 14 പ്രകാരവും, സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 29 പ്രകാരവും അസാധാരണമായ ദുരിതമോ പ്രതിസന്ധിയോ (exceptional hardship) അനുഭവിക്കുന്ന ഘട്ടങ്ങളിൽ ഒരു വർഷത്തെ കാത്തിരിപ്പൊഴിവാക്കാൻ കോടതികൾക്ക് വിവേചനാധികാരമുണ്ട്.
എന്നാൽ ക്രിസ്ത്യൻ വിവാഹ നിയമത്തിൽ ഇത്തരമൊരു ഇളവ് നൽകാൻ കോടതികൾക്ക് യാതൊരു നിയമപരമായ പഴുതും വ്യവസ്ഥ ചെയ്തിരുന്നില്ല.
സെക്ഷൻ 10 പ്രകാരം പരസ്പരം പഴിചാരിയും (Fault grounds) വിവാഹം പൂർത്തീകരിച്ചിട്ടില്ലെന്ന കുറ്റപ്പെടുത്തലുകൾ പരസ്യമായി ഉന്നയിച്ചും ഒരാൾ കോടതിയിലെത്തിയാൽ, ഒരു വർഷത്തെ കാത്തിരിപ്പില്ലാതെ തന്നെ വിവാഹമോചന ഹർജി സമർപ്പിക്കാം. എന്നാൽ, ഇരുകൂട്ടരും മാന്യതയോടെയും പരസ്പര ബഹുമാനത്തോടെയും രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച് സെക്ഷൻ 10A പ്രകാരം മുന്നോട്ട് വന്നാൽ വിവാഹശേഷം ഒരു വർഷം വേർതിരിഞ്ഞ് താമസിക്കണം. അതായത്, സമാധാനപരമായ വേർപിരിയലിന് കാത്തിരിപ്പും, തർക്കങ്ങളുടെ പേരിലുള്ള വിവാഹ വചനത്തിന് വേണമെങ്കിൽ ഉടനടി ഹർജി നൽകുകയും ചെയ്യാവുന്ന അവസ്ഥ.
ഭരണഘടനാപരമായ നിരീക്ഷണങ്ങൾ
1. വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനം: ജോൺ സ്റ്റുവർട്ട് മില്ലിന്റെ 'ഓൺ ലിബർട്ടി' എന്ന പുസ്തകവും റൊണാൾഡ് ദ്വോർക്കിന്റെ സിദ്ധാന്തങ്ങളും ഉദ്ധരിച്ച കോടതി, സമൂഹ നന്മയ്ക്കായി ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വ്യക്തികളുടെ അന്തസ്സും സ്വാതന്ത്ര്യവും ഹനിക്കുന്നതാകരുതെന്ന് ചൂണ്ടിക്കാട്ടി. അസാധാരണ സാഹചര്യങ്ങളിൽ പോലും ഇളവില്ലാത്ത നിയമപരമായ കാർക്കശ്യം ഭരണകൂട പീഡനമായി മാറും.
2. നീതിന്യായ പരിഹാരത്തിനുള്ള അവകാശം: അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിൽ (ആർട്ടിക്കിൾ 21) സമയബന്ധിതമായി നീതി ലഭിക്കാനുള്ള അവകാശവും ഉൾപ്പെടുന്നു. അനാവശ്യമായ കാത്തിരിപ്പിലൂടെ നീതി നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ്.
ഇക്കാരണങ്ങളാൽ, സെക്ഷൻ 10A-യിലെ നിർബന്ധിത ഒരു വർഷത്തെ വേർപിരിയൽ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി റദ്ദാക്കി.
ഏകീകൃത വിവാഹ കോഡിനായുള്ള ആഹ്വാനം
ഭരണഘടനയുടെ ആർട്ടിക്കിൾ 44 പരാമർശിച്ചുകൊണ്ട് കുടുംബ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വരണമെന്ന് ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു.
ഇന്നത്തെ കുടുംബക്കോടതികൾ പലപ്പോഴും ദമ്പതികൾ പരസ്പരം പഴിചാരുന്ന യുദ്ധക്കളങ്ങളായി മാറുന്നത് വിവാഹ നിയമങ്ങൾ തെറ്റുകൾ കണ്ടെത്താൻ (fault-based) നിർബന്ധിക്കുന്നതുകൊണ്ടാണ്. മതപരമായ വ്യത്യാസങ്ങൾക്കപ്പുറം പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതും, കലഹങ്ങളില്ലാതെ വ്യക്തികളുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഒരു ഏകീകൃത വിവാഹ കോഡ് (Uniform Marriage Code) കൊണ്ടുവരുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കേണ്ട സമയമാണിതെന്നും കോടതി നിരീക്ഷിച്ചു.
ഈ വിധി നൽകുന്ന പ്രധാന ആശ്വാസങ്ങൾ
നിർബന്ധിത കാത്തിരിപ്പില്ല: കേരളത്തിലെ ക്രിസ്ത്യൻ ദമ്പതികൾക്ക് അസാധ്യമായ ദാമ്പത്യ ബന്ധങ്ങളിൽ നിന്ന് വേർപിരിയാൻ ഇനി ഒരു വർഷത്തെ വേർപിരിയൽ കാലാവധി നിർബന്ധമല്ല.
വ്യാജ ആരോപണങ്ങൾ ഒഴിവാക്കാം: വേഗത്തിൽ വിവാഹമോചനം നേടാൻ വേണ്ടി പരസ്പരം അടിസ്ഥാനരഹിതമായ കുറ്റപ്പെടുത്തലുകൾ ഉന്നയിക്കേണ്ടി വരുന്ന സാഹചര്യം ഇല്ലാതായി.
മാനസിക പീഡനം ലഘൂകരിക്കുന്നു: ദാമ്പത്യം പൂർണ്ണമായും തകർന്നുവെന്ന് വ്യക്തമായ സാഹചര്യങ്ങളിൽ അനാവശ്യ കോടതി ഹാജരാകലുകൾ ഒഴിവാക്കി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.
വിവാഹത്തിൽ പ്രവേശിക്കുന്നത് പോലെ തന്നെ, ഒരുമിച്ചു പോകാൻ സാധിക്കാത്ത ബന്ധത്തിൽ നിന്ന് പുറത്തുകടക്കാനുള്ള അവകാശവും ഒരു പൗരന്റെ മൗലികാവകാശമാണെന്ന് കോടതി രേഖപ്പെടുത്തി. അതേസമയം ഇങ്ങനെ ഒരു വർഷം എങ്കിലും വേണം എന്ന കാലാവധി ഉള്ളതു കാരണം എടുത്തുചാടിയുള്ള അപക്വ തീരുമാനങ്ങൾ ഒഴിവാക്കാനും വിവാഹത്തിന്റെ പവിത്രത ആശയപരമായി ഉൾക്കൊള്ളാനുമൊക്കെയാണ് ഈ കാത്തിരിപ്പ് കാലാവധി എന്ന മറുവശവും ഉണ്ട്.
No comments:
Post a Comment