Search This Blog

Monday, November 9, 2026

നിങ്ങളുടെ വാഹനത്തിന് പിഴ !

#FAKE 
നിങ്ങളുടെ വാഹനത്തിന് പിഴ ! 

നിങ്ങളുടെ വാഹനത്തിന് ഗതാഗത നിയമലംഘനത്തിന് പിഴയുണ്ടെന്നും ഉടൻ അടച്ചില്ലെങ്കിൽ ആർ.സി ഉടമസ്ഥാവകാശം മാറ്റാനോ എൻ.ഒ.സി ലഭിക്കാനോ കഴിയില്ലെന്നും കോടതി സമൻസ് വരുമെന്നും കാണിച്ചുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ പലർക്കും ലഭിക്കുന്നുണ്ട്. എന്നാൽ, ഇത്തരം സന്ദേശങ്ങളുമായി കേരള മോട്ടോർ വാഹന വകുപ്പിനോ (MVD) കേന്ദ്ര ഗതാഗത മന്ത്രാലയത്തിനോ യാതൊരു ബന്ധവുമില്ല.

വാട്‌സാപ്പ് വഴി എം.വി.ഡി പിഴ നോട്ടീസ് അയക്കാറില്ല. ട്രാഫിക് നിയമലംഘനങ്ങൾക്കോ ക്യാമറ പിഴകൾക്കോ ഔദ്യോഗികമായി വാട്‌സാപ്പ് വഴി പണമടയ്ക്കാനുള്ള ലിങ്കുകൾ അയക്കുന്ന സംവിധാനം കേരള മോട്ടോർ വാഹന വകുപ്പിനോ പോലീസിനോ ഇല്ല. ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് സാധാരണ എസ്.എം.എസ് (SMS) മാത്രമാണ് വരുന്നത്.
VehicleInfo  പോലുള്ള പേരുകളിൽ വരുന്ന സന്ദേശങ്ങൾ സ്വകാര്യ കൊമേഴ്‌സ്യൽ ആപ്പുകളുടേതാണ്.  ഔദ്യോഗിക 'വാഹൻ' ഡാറ്റാബേസിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളെ തങ്ങളുടെ ആപ്പിലേക്ക് ആകർഷിക്കാനും ഇൻഷുറൻസ് ബിസിനസ്സ് വർദ്ധിപ്പിക്കാനും അല്ലെങ്കിൽ സർവീസ് ചാർജ് ഈടാക്കാനുമാണ് ഇവർ ഇത്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്നത്. 
 
ഇത്തരം സന്ദേശങ്ങൾക്ക് സമാനമായി വ്യാജന്മാർ അയക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ കൂടെ വരുന്ന എ.പി.കെ (.apk) ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ ഫോണിലെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തപ്പെടാനും അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് സൈബർ പോലീസും എം.വി.ഡിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പിഴയുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

വാട്‌സാപ്പ് സന്ദേശങ്ങളിലെ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് പകരം സർക്കാർ പോർട്ടലുകൾ വഴി നേരിട്ട് പരിശോധിക്കാം.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ echallan.parivahan.gov.in
-Check Challan Status എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് വാഹന നമ്പർ നൽകിയാൽ
വാഹനം നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ പിഴയുടെ വിവരങ്ങൾ അവിടെ കാണാം.

സർക്കാർ ട്രഷറി പേയ്‌മെന്റ് ഗേറ്റ്‌വേ വഴി സുരക്ഷിതമായി പിഴ അടയ്ക്കാനും ഇതിലൂടെ സാധിക്കും.
പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ നേരിട്ട് ഇൻസ്റ്റാൾ ചെയ്ത ഔദ്യോഗിക mParivahan ആപ്പും ഉപയോഗിക്കാവുന്നതാണ്.
അപരിചിതമായ നമ്പറുകളിൽ നിന്നോ സ്വകാര്യ ആപ്പുകളിൽ നിന്നോ വരുന്ന ലിങ്കുകൾ വഴി ഒരു കാരണവശാലും പിഴ അടയ്ക്കരുതെന്നും വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്നും അധികൃതർ വ്യക്തമാക്കുന്നു.

No comments:

Post a Comment