വിഹാഹത്തിലൂടെ ജാതി മാറുമോ?
മിശ്രവിവാഹിതരുടെ മക്കളുടെ ജാതി എന്തായിരിക്കും?
മിശ്രവിവാഹിതരാകുന്ന ദമ്പതികളുടെ - ഉദാഹരണത്തിന് ഒരാൾ സീറോ മലബാർ മറ്റൊരാൾ ലാറ്റിൻ കാത്തലിക് എന്നിങ്ങനെവ്യത്യസ്ത ജാതിയിലുള്ള ആളുകൾ വിവാഹം കഴിക്കുമ്പോൾ വിവാഹം വഴി അവരുടെ ജാതിപദവി മാറുമോ എന്നതും അവരുടെമക്കൾക്ക് എന്ത് ജാതിയായിരിക്കും എന്നത് സംബന്ധിച്ചും നിയമപരമായ സംശയങ്ങൾ അനവധിയാണ്.
1. വിവാഹത്തിലൂടെ ഒരാൾക്ക് സ്വന്തം ജാതി നഷ്ടപ്പെടുകയോ പങ്കാളിയുടെ ജാതി ലഭിക്കുകയോ ചെയ്യുമോ?
വിവാഹം എന്നത് വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പ് മാത്രമാണ്; അതിലൂടെ ഒരാൾക്ക് ജനനത്താൽ ലഭിച്ച ജാതി നഷ്ടപ്പെടുകയോ, പങ്കാളിയുടെ ജാതിയിലുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കുകയോ ചെയ്യുന്നില്ല.
മുന്നോക്ക സമുദായത്തിൽ ജനിച്ച ഒരാൾ പട്ടികജാതി (SC), പട്ടികവർഗ്ഗ (ST), അല്ലെങ്കിൽ മറ്റ് പിന്നാക്ക വിഭാഗത്തിൽ (OBC) പെട്ടഒരാളെ വിവാഹം ചെയ്താലും, ആ വിവാഹത്തിന്റെ പേരിൽ മാത്രം അവർക്ക് സംവരണത്തിന് അർഹത ലഭിക്കില്ലെന്ന് സുപ്രീംകോടതി വത്സമ്മ പോൾ v. കൊച്ചിൻ യൂണിവേഴ്സിറ്റി കേസിൽ വ്യക്തമാക്കിയിട്ടുണ്ട്. മുന്നോക്ക വിഭാഗത്തിൽ ജനിച്ച് മികച്ചസാമൂഹിക സാഹചര്യങ്ങളിൽ വളർന്ന ഒരാൾ, വിവാഹത്തിലൂടെ പിന്നാക്ക വിഭാഗത്തിലേക്ക് മാറുന്നത് വഴി സംവരണ ആനുകൂല്യംനേടുന്നത് ഭരണഘടനയുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ്. ഭർത്താവിന്റെ സമുദായം അവരെ അംഗീകരിച്ചാൽ പോലുംസംവരണത്തിന് അർഹതയുണ്ടാകില്ല.
സംവരണ വിഭാഗക്കാർ സംവരണേതര വിഭാഗക്കാരെ വിവാഹം ചെയ്താൽ:
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ജനിച്ച ഒരു സ്ത്രീ മുന്നോക്ക വിഭാഗത്തിൽപ്പെട്ട പുരുഷനെ വിവാഹം ചെയ്താലും, വിവാഹത്തോടെ അവരുടെ ജാതിപദവി ഇല്ലാതാകുന്നില്ല. ജനനത്താൽ ലഭിച്ച ജാതിയും അതിന്റെ പേരിലുള്ള സാമൂഹികപിന്നാക്കാവസ്ഥയും വിവാഹം കൊണ്ട് മാഞ്ഞുപോകുന്നില്ലെന്നും, അവർക്ക് പട്ടികജാതി/പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമംഉൾപ്പെടെയുള്ള സംരക്ഷണങ്ങൾക്ക് തുടർന്നും അർഹതയുണ്ടെന്നും ബോംബെ ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധി (രാജേന്ദ്രശ്രീവാസ്തവ കേസ്) ഉദ്ധരിച്ചുകൊണ്ട് സുപ്രീം കോടതി രമേശ്ഭായ് ദഭായ് നായിക കേസിൽ ശരിവച്ചിട്ടുണ്ട്.
2. മിശ്രവിവാഹിതരായ ദമ്പതികളുടെ മക്കളുടെ ജാതി എന്തായിരിക്കും? (ഉദാഹരണത്തിന്: ലത്തീൻ കത്തോലിക്ക - സീറോമലബാർ / സീറോ മലങ്കര ദമ്പതികളുടെ മക്കൾ)
മിശ്രവിവാഹിതരുടെ മക്കൾക്ക് അച്ഛന്റെയോ അമ്മയുടെയോ ജാതി ലഭിക്കാവുന്നതാണ്; എന്നാൽ അത് യാന്ത്രികമായി ലഭിക്കുന്നഒന്നല്ല, മറിച്ച് കുട്ടി വളർന്ന സാഹചര്യത്തെ ആശ്രയിച്ചിരിക്കും.
രമേശ്ഭായ് ദഭായ് നായിക കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയതനുസരിച്ച്, മിശ്രവിവാഹത്തിലെ കുട്ടികൾക്ക് അച്ഛന്റെജാതിയാണ് ലഭിക്കുക എന്നൊരു പ്രാഥമിക അനുമാനം (Rebuttable Presumption) ഉണ്ടാകാമെങ്കിലും, അത് അന്തിമമല്ല. അച്ഛനോഅമ്മയോ ആരായാലും, സംവരണ വിഭാഗത്തിൽപ്പെട്ട രക്ഷിതാവിന്റെ സമുദായത്തിലാണ് കുട്ടി വളർന്നതെന്ന് തെളിയിക്കാൻകഴിഞ്ഞാൽ കുട്ടിക്ക് ആ സമുദായത്തിന്റെ ജാതിപദവി ലഭിക്കും.
കേരളത്തിൽ ലത്തീൻ കത്തോലിക്ക (Latin Catholic) വിഭാഗം മറ്റ് പിന്നാക്ക വിഭാഗത്തിൽ (OBC - SEBC) ഉൾപ്പെടുന്നവരുംസംവരണത്തിന് അർഹരുമാണ്. എന്നാൽ സീറോ മലബാർ (Syro-Malabar), സീറോ മലങ്കര (Syro-Malankara) വിഭാഗങ്ങൾപൊതുവെ മുന്നോക്ക (General/Forward) വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ ഇപ്പോൾ EWS- സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന വിഭാഗം സംവരണം അവർക്ക് ലഭ്യമാണ്.
ഇത്തരം വിവാഹത്തിൽ ജനിക്കുന്ന കുട്ടിക്ക് ലത്തീൻ കത്തോലിക്ക (OBC) പദവി ലഭിക്കണമെങ്കിൽ—പിതാവോ മാതാവോ ആരാണ്ലത്തീൻ കത്തോലിക്കർ എന്നതിനപ്പുറം—കുട്ടി വളർന്നത് ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലുംസാമൂഹിക ചുറ്റുപാടിലുമാണെന്നും, മുന്നോക്ക സമുദായത്തിന്റെ (സീറോ മലബാർ/മലങ്കര) സാമൂഹിക-വിദ്യാഭ്യാസആനുകൂല്യങ്ങളോടെയല്ല വളർന്നതെന്നും തെളിയിക്കേണ്ടതുണ്ട്. മറിച്ച്, കുട്ടി സീറോ മലബാർ/മലങ്കര ചുറ്റുപാടിലാണ്വളർന്നതെങ്കിൽ ലത്തീൻ കത്തോലിക്ക സംവരണത്തിന് അർഹതയുണ്ടാകില്ല. (കുറിപ്പ്: OBC വിഭാഗങ്ങളുടെ കാര്യത്തിൽഇതിനുപുറമെ നോൺ-ക്രീമിലെയർ (Non-Creamy Layer) വരുമാന പരിധിയും ബാധകമാണ്).
3. മിശ്രവിവാഹിതരുടെ മക്കൾക്ക് എങ്ങനെയാണ് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുക?
ജാതി സർട്ടിഫിക്കറ്റിനായി ബന്ധപ്പെട്ട റവന്യൂ അധികാരിക്ക് (തഹസിൽദാർ / വില്ലേജ് ഓഫീസർ) അപേക്ഷ നൽകുമ്പോൾ, ഓരോഅപേക്ഷയും വ്യക്തിഗതമായി പരിശോധിച്ച് സാമൂഹിക പിന്നാക്കാവസ്ഥ, ആചാരാനുഷ്ഠാനങ്ങൾ, സമുദായത്തിന്റെ അംഗീകാരം എന്നിവ പരിശോധിക്കും. സ്കൂൾ രേഖകൾ (SSLC ബുക്ക്), പ്രാദേശിക അന്വേഷണ റിപ്പോർട്ടുകൾ, സമുദായ സംഘടനകളുടെയോപ്രാദേശിക സമൂഹത്തിന്റെയോ സാക്ഷ്യപത്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തഹസിൽദാർ ഈ അന്വേഷണം നടത്തിസർട്ടിഫിക്കറ്റ് അനുവദിക്കുന്നത്.അതുകൊണ്ട്തന്നെ കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ നൽകുന്ന വിവരങ്ങൾ പോലും പ്രസക്തമാണ്.
Adv Sherry J Thomas
#intercaste_marriage_children_status_caste
#reservation_rights_intercaste_marriage_
No comments:
Post a Comment