Search This Blog

Thursday, September 19, 2019

CRZ .. why this notification not discussed in legislative bodies ?

https://m.facebook.com/story.php?story_fbid=2955598284456086&id=100000178303786

*എന്തുകൊണ്ടിങ്ങനെ ?*
#CRZ Notification

പുതിയ തീര നിയന്ത്രണ വിജ്ഞാപനം മാസങ്ങൾക്കകം കേരളത്തിൽ പ്രാബല്യത്തിലാകും. അതുപ്രകാരം ദ്വീപുകൾക്ക്  ജലാശയത്തിൽ നിന്നും 20 മീറ്ററാണ് നിർമ്മാണ നിരോധിത മേഖല. CRZ II ൽ ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് പഴയപോലെ തന്നെ അംഗീകൃത നമ്പറിട്ട കെട്ടിടത്തിന്റെയോ നിർദ്ദിഷ്ട റോഡിൻറെയോ കര ഭാഗത്തേക്ക് ദൂരപരിധി കണക്കാക്കാതെ നിർമ്മാണങ്ങൾ നടത്താം. അതേസമയം ടൂറിസം മേഖലയ്ക്ക് അവസരം നൽകുന്നു എന്ന പേരിൽ അതിഭീകരമായ ഒഴിവുകൾ തീരമേഖലയിൽ CRZ III മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ പോലും നൽകുന്നു. തദ്ദേശവാസികൾ തീരപ്രദേശത്തു നിന്ന് പറിച്ച് എറിയപ്പെടാൻ ഇനി അധികം കാലം വേണ്ട. കടലിനഭിമുഖമായി പോലും ടൂറിസത്തിന്റെ പേരിൽ താൽക്കാലിക നിർമ്മാണങ്ങൾ അനുവദിക്കുന്നതാണ് പുതിയ വിജ്ഞാപനം. ആറുമാസത്തിനകം പുതിയ CZMP പൂർത്തിയാക്കി പ്ലാൻ പ്രസിദ്ധീകരിക്കണമെന്ന് ഉത്തരവ് ഇറങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.

*നിയമനിർമാണ സഭകൾ അറിയാത്ത നിയമനിർമ്മാണം*

സാധാരണ നിയമനിർമ്മാണ സഭകൾ അറിയാതെ നിയമനിർമാണങ്ങൾ നടത്തുന്നത് അത്യാവശ്യഘട്ടങ്ങളിൽ സഭകൾ ചേരാൻ സമയമില്ലാത്ത സാഹചര്യങ്ങളിൽ ആയിരിക്കും. എന്നാൽ തീര നിയന്ത്രണ വിജ്ഞാപനം മൂന്നുതവണ പുറത്തിറക്കിയിട്ടും ഒരിക്കൽപോലും നിയമനിർമ്മാണ സഭകളിൽ അത് ചർച്ചചെയ്യപ്പെട്ട് പുറത്തിറങ്ങിയില്ല. തൽഫലമായി ജനപ്രതിനിധികൾക്ക് അഭിപ്രായം പറയാൻ അവസരം ഉണ്ടായില്ല. 1991, 2011, 2018 എന്നീ വർഷങ്ങളിലൊക്കെ കരട് പുറത്തിറക്കിയെങ്കിലും ഒരു നിയമനിർമ്മാണ സഭയിലും അത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടായില്ല. ബിൽ ആയി അവതരിപ്പിച്ച് നിയമമായി മാറേണ്ട സമയബോധം മൂന്ന് പതിറ്റാണ്ടായിട്ടും ഉണ്ടായില്ല, പകരം ഉദ്യോഗസ്ഥ നിയമനിർമാണം ആയി ജനാധിപത്യരാജ്യത്ത് ഈ വിജ്ഞാപനം ഇന്നും നിലനിൽക്കുന്നു.

*കരയ്ക്ക് അപ്പുറവും ഇപ്പുറവും രണ്ട് രാജ്യങ്ങൾ അല്ല പക്ഷെ രണ്ടു നിയമം*

എറണാകുളം മറൈൻ ഡ്രൈവിൽ കായലിനോട് ചേർന്ന് നിർമ്മാണങ്ങൾ ആകാം, എന്നാൽ കരയ്ക്കപ്പുറം ബോൾഗാട്ടിയിലും മുളവുകാടും ഇന്ന് 50 മീറ്റർ പരിധി പാലിക്കണം. അതേ കരയിൽ തന്നെ വമ്പൻമാർക്ക് ഇളവുണ്ട് അത് വേറെ കാര്യം. അതുപോലെതന്നെ മരടിന് മറുകരയിൽ തേവരയിൽ കായലിനോട് ചേർന്ന് പണിയാം. ഇത്തരം അപാകതകൾ ഒഴിവാകുന്നതിനാണ് നിയമനിർമാണ സഭകളിൽ ചർച്ച ചെയ്യപ്പെട്ട് നിയമങ്ങൾ ഉണ്ടാകണം എന്ന് പറയുന്നത്.

*ഭവനനിർമ്മാണത്തിന് അനുവാദം കാത്ത് ആയിരങ്ങൾ*

വൈദ്യുതി ലൈൻ വലിക്കുന്നതിന് ഭൂമി വിട്ടു കൊടുത്താൽ പോലും നഷ്ടപരിഹാരം കിട്ടും. വികസനത്തിന് ഭൂമി ഏറ്റെടുത്താലും പണം കിട്ടും. പക്ഷേ crz ബാധകമായ ഭൂമിയാണെങ്കിൽ ഒരു പ്രയോജനവും ഇല്ലാതെ, കൈവശം വയ്ക്കാം എന്ന് മാത്രം. 5 ppt ഉപ്പുരസമുള്ള കേരളത്തിലെ എല്ലാ ജലാശയങ്ങളും ഇതിൻറെ പരിധിയിൽ വരും. പറമ്പിന് സമീപം ചെറിയ കൈത്തോട് ഒഴുകുന്നു ഉണ്ടെങ്കിൽ പോലും നിയന്ത്രണങ്ങൾ എന്നർത്ഥം. ജലാശയങ്ങൾ അനവധിയുള്ള
കേരളത്തിലെ നിരവധി സ്ഥലങ്ങളിൽ പരമ്പരാഗത ഭൂമി കൈവശം ഉണ്ടായിട്ടുപോലും പുതിയ തലമുറയ്ക്ക് പകുത്തു കൊടുക്കാൻ ആകാതെ, ഭവന നിർമ്മിക്കാനുള്ള അവസരം ലഭിക്കാതെ കരയുന്ന അനേകായിരങ്ങളുടെ മുറവിളി കേട്ടാണ് 2011 ൽ ദ്വീപുകളിൽ ദൂരപരിധി 50 മീറ്ററും പിന്നീട് 2019 ൽ 20 മീറ്ററും ആയി ചുരുക്കിയത്. 1991 വിജ്ഞാപനത്തിൽ crz iii മേഖലയിൽ 200 മീറ്റർ ആണ് നിർമ്മാണ നിരോധിത മേഖല. ആ കാലഘട്ടത്തിൽ ഇത് ലംഘിച്ച് നിർമ്മിച്ച നിർമാണങ്ങളുടെ യഥാർത്ഥ കണക്ക് പുറത്തു വന്നാൽ വമ്പൻമാരും കുഞ്ഞൻമാരും ഉൾപ്പെടെ വലിയ പട്ടിക തന്നെ ഉണ്ടാവും.
പഠനത്തിന് താല്പര്യമുള്ളവർക്കായി മൂന്ന് വിജ്ഞാപനങ്ങളുടെയും ലിങ്ക് ലഭ്യമാക്കുന്നു.

1991 വിജ്ഞാപനം.
http://environmentclearance.nic.in/writereaddata/SCZMADocument/CRZ%20Notification,%201991.pdf

2011 വിജ്ഞാപനം
http://panchayatguide.net/crz/crz2011eng.pdf

2019 വിജ്ഞാപനം
http://egazette.nic.in/WriteReadData/2019/195679.pdf

© ഷെറി 19.09.19

No comments:

Post a Comment