കോഴിക്കോണൊ പ്രാധാന്യം കോഴിമുട്ടയ്ക്കാണോ ?
ചിലർക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ് കോഴിക്കോണൊ പ്രാധാന്യം കോഴിമുട്ടയ്ക്കാണോ എന്നത്. കോഴി ഉണ്ടെങ്കിലല്ലേ മുട്ട ഉണ്ടാകൂ, മുട്ട ഉണ്ടെങ്കിലല്ലേ കോഴി ഉണ്ടാകൂ... സംശയം അങ്ങനെ നീളും. ചില തദ്ദേശസ്ഥാപനങ്ങളിൽ ഇതുപോലുള്ള ഒരു സംശയമാണ് കൗൺസിൽ ആണോ വലുത് സെക്രട്ടറി ആണോ വലുത് എന്നുള്ളത്.
മുനിസിപ്പൽ കൗൺസിൽ ആണോ വലുത് സെക്രട്ടറിയാണൊ
മുനിസിപ്പാലിറ്റി നിയമം വകുപ്പ് 29 പ്രകാരം മുനിസിപ്പാലിറ്റിയുടെ ഭരണനിർവ്വഹണം നടത്തേണ്ടത് മുൻസിപ്പൽ കൗൺസിൽ ആണ്.കൗൺസിലിൻറെ തീരുമാനപ്രകാരം നിർദ്ദിഷ്ട ഉത്തരവാദിത്വങ്ങൾ ചെയർപേഴ്സണോ, സെക്രട്ടറിക്കോ, സ്റ്റാൻഡിങ് കമ്മിറ്റിക്കോ, മറ്റ് എന്തെങ്കിലും സമിതികൾക്കോ നൽകാം. മുനിസിപ്പാലിറ്റി നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ഭരണനിർവ്വഹണം നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി മുനിസിപ്പാലിറ്റി ആണ് നിർവഹിക്കേണ്ടത്. പലരും വിചാരിക്കുന്നത് പോലെ അത് സെക്രട്ടറിയുടെ അധികാരമല്ല, കൗൺസിലിനു വേണ്ടിയുള്ള ഉത്തരവാദിത്വമാണ്. കെട്ടിടനിർമ്മാണം മുതൽ നഗരസഭയിൽ ഉള്ളവരുടെ ആവാസ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിൽ വരും. കൗൺസിൽ കൈക്കൊള്ളുന്ന തീരുമാനം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥൻ ആണ് സെക്രട്ടറി. ഓഫീസ് സംബന്ധിച്ച കാര്യങ്ങളിൽ കൃത്യമായ ഏകോപനം സാധ്യമാക്കുന്നതിന് കൗൺസിലും സെക്രട്ടറിയും യോജിച്ച് പ്രവർത്തിക്കുന്നത് ഉത്തമം. എന്നുവച്ച് കൗൺസിൽ എടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്യാനോ മാറ്റം വരുത്താനോ സെക്രട്ടറിക്ക് അധികാരമില്ല. മുൻസിപ്പാലിറ്റി യുമായി ബന്ധപ്പെട്ട ഏതൊരു രേഖയും ഹാജരാക്കാൻ സെക്രട്ടറിയോട് നിർദ്ദേശിക്കാൻ കൗൺസിലിന് അധികാരമുണ്ട്. (വകുപ്പ്32). അതുപോലെതന്നെ സ്റ്റാൻഡിങ് കമ്മിറ്റിയുടെയോ മറ്റു സമിതികളുടെയോ മുനിസിപ്പാലിറ്റി യുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വിളിച്ചുവരുത്തുന്നതിന് കൗൺസിലിന് അധികാരമുണ്ട്, അത്തരം ആവശ്യപ്രകാരം രേഖകൾ സമർപ്പിക്കാൻ സെക്രട്ടറി ബാധ്യസ്ഥനുമാണ്. ( വകുപ്പ് 33)
കൗൺസിലിംഗ് കേവല ഭൂരിപക്ഷ തീരുമാനപ്രകാരം സെക്രട്ടറിയെ സ്ഥലം മാറ്റുന്നതിനും അധികാരമുണ്ട്. നിയമത്തിനു വിധേയമായി സെക്രട്ടറിയുടെ മേൽ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിനും കൗൺസിലിന് അധികാരമുണ്ട്.
കൗൺസിലർമാർക്ക് എന്ത് അധികാരം
മുൻസിപ്പാലിറ്റിയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ചെയർമാൻറെയോ സെക്രട്ടറിയുടെയോ ശ്രദ്ധ ക്ഷണിക്കുന്നതിനും യുക്തമെന്നു തോന്നുന്ന നിർദേശങ്ങൾ സമർപ്പിക്കുന്നതിനും കൗൺസിലർമാർക്ക് അധികാരമുണ്ട്. നിയമങ്ങൾക്ക് വിധേയമായി പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനും ഭരണപരമായ കാര്യങ്ങളിൽ ശ്രദ്ധ ക്ഷണിക്കുന്നതിനും അധികാരമുണ്ട്. സെക്രട്ടറിക്ക് അറിയിപ്പ് നൽകിയതിനുശേഷം ഓഫീസ് രേഖകൾ പരിശോധിക്കുന്നതിനും
അധികാരമുണ്ട്. (വകുപ്പ് 31)
സെക്രട്ടറിയുടെ ചുമതലകൾ
സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കുന്ന ഭരണചുമതലയുമായി ബന്ധപ്പെട്ടതും ചെയർപേഴ്സൻറെയും കൗൺസിലിൻറെയും സ്റ്റാൻഡിങ് കമ്മിറ്റിയുടെയും തീരുമാനങ്ങൾ സംബന്ധിച്ച് ആവശ്യമായ എല്ലാ കാര്യങ്ങളുടയും അഭിപ്രായം രേഖയാക്കണം, കൂടാതെ കൗൺസിൽ അല്ലെങ്കിൽ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനിക്കുന്ന പ്രമേയങ്ങൾ നടപ്പിലാക്കണം. എന്നാൽ ഏതെങ്കിലും പ്രമേയങ്ങൾ നിയമപരം അല്ല എന്നോ കൗൺസിലിൻറെ അധികാരത്തിന് അപുറത്താണ് എന്നോ അത് മതസൗഹാർദ്ദത്തിന്, പൊതു സുരക്ഷയ്ക്കു, സർക്കാർ നയത്തിന് എതിര് ആര് ആകുമെന്നോ അഭിപ്രായമുണ്ടെങ്കിൽ അക്കാര്യം കൗൺസിലിനെ രേഖാമൂലം അറിയിക്കുകയും പുനഃപരിശോധനയ്ക്ക് ശുപാർശകളോടെ അറിയിക്കുകയും വേണം. എന്നാൽ പിന്നീടും കൗൺസിൽ മുൻ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നാൽ ചെയർപേഴ്സനെ അറിയിച്ചുകൊണ്ട്, ഉചിതമായ തീരുമാനം എടുക്കുന്നതിന് അക്കാര്യം സർക്കാരിലേക്ക് അയക്കേണ്ടതാണ്. സർക്കാർ ഇക്കാര്യത്തിൽ 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ കൗൺസിൽ എടുത്ത മുൻതീരുമാനം സെക്രട്ടറി നടപ്പിലാക്കണം. (വകുപ്പ് 49)
അതുപോലെ ചെയർപേഴ്സൺ സെക്രട്ടറിയോട് നിർദ്ദേശിക്കുന്ന കാര്യങ്ങൾ എന്തെങ്കിലും നിയമപരമായി നിലനിൽക്കാത്തത് ആണെങ്കിൽ ചെയർപേഴ്സന് അക്കാര്യത്തെപ്പറ്റി അറിവ് നൽകിയതിനുശേഷവും ചെയർപേഴ്സൺ അക്കാര്യത്തിൽ നിർബന്ധം കാണിച്ചാൽ വിഷയം കൗൺസിലിൽ റിപ്പോർട്ട് ചെയ്യാൻ സെക്രട്ടറിക്ക് അവസരമുണ്ട്.
മുനിസിപ്പാലിറ്റിയുടെ മേൽ സർക്കാരിനുള്ള അധികാരങ്ങൾ
മുനിസിപ്പാലിറ്റി കൈകൊണ്ട ഏതെങ്കിലും പ്രമേയങ്ങൾ നിയമപരം അല്ല, അധികാര പരിധിക്ക് പുറത്താണ്, മനുഷ്യ ജീവന് അപകടം ഉണ്ടാകുന്നതാണ്, സുരക്ഷയ്ക്ക്, എതിരാണ് മതസൗഹാർദ്ദത്തിന് എതിരാണ്, ലഹള ഉണ്ടാകാനിടയുള്ളതാണ്, സർക്കാർ മാനദണ്ഡങ്ങൾക്കും എതിരാണ് എന്ന് സ്വമേധയാ അല്ലെങ്കിൽ ചേയർപേഴ്സൺ/ സെക്രട്ടറി / കൗൺസിലർ അല്ലെങ്കിൽ എങ്കിലും പൗരൻ നൽകുന്ന പരാതിയുടെപുറത്ത് പ്രമേയങ്ങൾ സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ സർക്കാരിന് അധികാരം ഉണ്ട്. എന്നാൽ അങ്ങിനെ ചെയ്യുന്നതിനുമുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാന് വിവരം നൽകുകയും വേണം. അതുപോലെ ധനകാര്യം, കണക്ക് സൂക്ഷിപ്പ്, പദ്ധതികളുടെ കാര്യം, ഗുണഭോക്താക്കളുടെ കാര്യം, വാർഡ് സഭകളുടെയും ക്ഷേമപദ്ധതികളുടെയും കാര്യങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിനുള്ള കാര്യങ്ങളിൽ ഇൽ സംസ്ഥാന-ദേശീയ നിയമങ്ങൾക്കനുസൃതമായി നിർദേശം നൽകാൻ സർക്കാരിന് അധികാരം ഉണ്ട്. (വകുപ്പ് 58)
No comments:
Post a Comment