Search This Blog

Thursday, September 26, 2019

Harassment to children- discipline

*നത്തിങ്*

അവൻറെ കൈയുടെ മുട്ടിന് മുകളിലേക്കുള്ള ഭാഗത്ത് ചുവന്നിരിക്കുകയാണ്. ചോദിച്ചപ്പോൾ മറുപടി 'നത്തിങ്' എന്നായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ പിന്നെയും മറുപടി 'നത്തിങ്' തന്നെ.  പിന്നെയാണ് അറിഞ്ഞത് സ്കൂളിൽ ഇംഗ്ലീഷ് സംസാരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു. അന്ന് അവൻ ഇംഗ്ലീഷ് സംസാരിച്ചില്ല. ടീച്ചർ അതിനു നൽകിയ നുള്ളൽ ശിക്ഷയാണ് കയ്യിലെ ചുവപ്പുനിറം. അവൻറെ നിഷ്കളങ്കമായ മറുപടി  ഞാൻ രാവിലെ മുതൽ ഇംഗ്ലീഷ് സംസാരിച്ചു ക്ഷീണിച്ചു, അതുകൊണ്ട് ഉച്ചയ്ക്ക് ശേഷം മലയാളത്തിൽ സംസാരിച്ചു ഒരു ആശ്വാസത്തിന് ! വീട്ടിലും ഇംഗ്ലീഷ് സംസാരിക്കണം എന്ന് സ്കൂളിൽനിന്ന് നിർദ്ദേശമുണ്ടായിരുന്നു അതാണ് അവൻ ഇംഗ്ലീഷിൽ മറുപടി പറഞ്ഞത് 'നത്തിംഗ്'

*കുട്ടിയുടെ വിവരങ്ങൾ ഷെയർ ചെയ്യുന്നത് കുറ്റമാണോ*

ഇംഗ്ലീഷ് സംസാരിക്കാ തരുന്നതിന് അധ്യാപിക ഉപദ്രവിച്ച കുട്ടിയുടെ പേരും വിവരവും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യപ്പെട്ടിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമം വകുപ്പ് 74 പറയുന്നത് നിയമത്തിൻറെ പരിധിയിൽ 'ഇര' എന്ന് വിളിക്കാവുന്ന കുട്ടിയുടെ തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുന്ന രീതിയിൽ സംഭവത്തിന്റെ അന്വേഷണം സംബന്ധിച്ചോ, നിയമനടപടികൾ സംബന്ധിച്ചോ ഏതെങ്കിലും മാധ്യമങ്ങളിലൂടെ ആശയവിനിമയങ്ങൾ നടത്തുന്നത് ആറുമാസം തടവും ഒരു ലക്ഷം രൂപ പിഴയും രണ്ടിൽ ഏതെങ്കിലുമോ ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണ് എന്നാണ്.

*അദ്ധ്യാപകൻ കുട്ടിയെ ശിക്ഷിക്കുന്നത് കുറ്റമാണോ*

സ്കൂളിൽ പഠിക്കുന്ന കാലത്ത് മാഷിൻറെ തല്ല് പേടിച്ച് നന്നായ ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട്. പക്ഷേ കാലം മാറി. ഇന്ന് നമ്മൾ തന്നെ ഉണ്ടാക്കിയ നിയമപ്രകാരം കുട്ടികളെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമാണ്. 
കുട്ടിയുടെ ചുമതലയോ ഉത്തരവാദിത്വമോ ഏൽപ്പിക്കപ്പെട്ടിട്ടുള്ളയാൾ കുട്ടിയെ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചീത്ത പറയുകയോ ചെയ്യുകയും അത്തരം പ്രവർത്തി കുട്ടിക്ക് ശാരീരികമായോ മാനസികമായോ പീഡനമായി അനുഭവപ്പെട്ടാൽ മൂന്ന് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. അത് സ്കൂൾ അധ്യാപകൻ ആണെങ്കിലും നിയമത്തിൻറെ  പരിധിയിൽ വരും. എന്നാൽ യഥാർത്ഥ മാതാപിതാക്കൾ അവരുടേതല്ലാത്ത കാരണങ്ങളാൽ ഇത്തരം സാഹചര്യങ്ങളിൽ ഉൾപ്പെട്ടാൽ ക്രിമിനൽ ശിക്ഷാ നടപടികളിൽ ഇളവ് തേടാം. 

*ന്യായമായ ശിക്ഷ കുറ്റമല്ലെന്ന് ഹൈക്കോടതി*

അതേസമയം സ്കൂളിൽ അധ്യാപകൻ ന്യായമായ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നത് കുറ്റം ആവില്ല എന്ന് പരാമർശിച്ച മാസങ്ങൾക്ക് മുമ്പ് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ സ്കൂളിൽ അധ്യാപകൻ ഉപദ്രവിച്ചു എന്ന കേസിൽ പോലീസ് എടുത്ത ക്രിമിനൽ കേസ് റദ്ദാക്കുകയുണ്ടായി. കുട്ടിയുടെ ദേഹത്ത് പരിക്കുകളൊന്നും ഇല്ല എന്ന് വിധിന്യായത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ 'ന്യായമായ ശിക്ഷ' എന്ന പരിഗണന ദുരുപയോഗങ്ങൾ ഇടയാക്കുമെന്ന് കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവർ അന്നേ തന്നെ എതിർപ്പ് ഉന്നയിച്ചിരുന്നു.

ഏതായാലും ഒരു കാര്യം വ്യക്തം- ഒന്നുകിൽ അധ്യാപകർ ഈ നിയമം അറിയാതെ കുട്ടികളെ ഇത്തരത്തിലുള്ള ശിക്ഷണ നടപടികൾക്ക് വിധേയരാക്കുന്നു; അല്ലെങ്കിൽ കുട്ടികളുടെ നല്ലതിനുവേണ്ടി ആ റിസ്ക് ഏറ്റെടുക്കാൻ അവർ തയ്യാറാകുന്നു. 

ജുവനൈൽ ജസ്റ്റിസ് നിയമത്തിൻറെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിർവചനത്തിൽ പരിധിയിൽ വരുന്ന  സ്ഥാപനങ്ങളിലാണ് ഇത്തരത്തിൽ പീഡനം നടക്കുന്നത് എങ്കിൽ കൂടുതൽ ഗുരുതരമായ ശിക്ഷയാണ് ഉള്ളത്.

കൂടുതൽ പഠനത്തിന് താല്പര്യമുള്ളവർക്കായി ജുവനൈൽ ജസ്റ്റിസ് നിയമത്തിൻറെ ലിങ്ക് ഷെയർ ചെയ്യുന്നു. https://drive.google.com/file/d/1-3HouinbGKdJzTApIHTch0dfmM45twH2/view?usp=drivesdk

ഇത്തരത്തിലുള്ള കുറിപ്പുകൾ ലഭിക്കുന്ന, അഡ്മിൻ മാത്രം പോസ്റ്റ് ചെയ്യുന്ന ഗ്രൂപ്പിൽ ചേരാനുള്ള ലിങ്ക് -
https://chat.whatsapp.com/4ABB9he1iCV3bUewIQCbiz

© Sherry 20.09.19

No comments:

Post a Comment