Search This Blog

Wednesday, July 19, 2017

Mutation of property after death ... Article by Sherry

മരണശേഷം അവകാശികളുടെ പേരിലേക്ക് എങ്ങനെ ഭൂമി പോക്കുവരവ് ചെയ്യാം ?

ഓരോ വ്യക്തിയും ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ക്കിഷ്ടമുള്ളപോലെ തന്‍റെ ഭൂമി അനന്തരാവകാശികള്‍ക്കോ, അല്ലാത്തവര്‍ക്കോ കൈമാറ്റം ചെയ്യാം.  എന്നാല്‍, മരണശേഷവും ഭൂമി അവശേഷിച്ചിരുന്നാല്‍ അപ്രകാരമുള്ള ഭൂമിയിന്മേല്‍ വില്‍പ്പത്രമോ, മറ്റു കരണങ്ങളോ ഒന്നും നടത്തിയിട്ടില്ലെങ്കില്‍ ആ ഭൂമി  അവകാശികള്‍ക്ക് കിട്ടും. പക്ഷെ വില്ലേജ് രേഖകളില്‍ കൂടി മാറ്റം വരുത്തണം. അതിന് ജമമാറ്റം അഥവാ പോക്കുവരവ് എന്നൊക്കെ പറയും. 1966 ലെ ട്രാന്‍സഫര്‍ ഓഫ് രജിസ്ട്രി ചട്ടപ്രകാരമാണ് പോക്കുവരവ് നടത്തുന്നത്.

പോക്കുവരവിന് ആസ്പദമായ വസ്തുവിന്‍റെ സര്‍വ്വേ നമ്പര്‍, വിസ്തീര്‍ണ്ണം, ഇനം, തരം, പട്ടാദാരുടെ പേര് നമ്പര്‍, കരണത്തിന്‍റെ സ്വഭാവം എന്നി വിഭാഗങ്ങളും ആരുടെ പേരിലാണ് പട്ടയം അപേക്ഷിച്ചിരിക്കുന്നതെന്നും (എ)  ഫോറത്തില്‍ കൃത്യമായി രേഖപ്പെടുത്തണം.  സബ് ഡിവിഷനില്‍ ഉള്‍പ്പെട്ട പോക്കുവരവുകേസുകള്‍ താലൂക്കിലാണ് അനുവദിക്കേണ്ടത്.  ജമ മാറ്റത്തിന് ആധാരമായ വസ്തു പ്രമാണപ്രകാരം വസ്തു ഉടമയോ അയാളുടെ പിന്‍ഗാമിയോ, വസ്തു കൈമാറ്റം ചെയ്യുന്നതില്‍ നിന്നും നിരോധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം മാത്രമല്ല യാതൊരു വിധമായ ബാദ്ധ്യതകളും അന്യാധീനതകളിലോ, സര്‍ക്കാര്‍ ജപ്തി, കോടതി ജപ്തി, തുടങ്ങിയവയിലോ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും, ഉള്‍പ്പെട്ടിട്ടില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതും, വിവരം ഫോറത്തില്‍ സാക്ഷ്യപ്പെടുത്തേണ്ടതുമാണ് എന്ന് ചട്ടം 7 അനുശാസിക്കുന്നു.

ഓരോ ഭൂമിയുടേയും പട്ടാദാര്‍ മരണമടഞ്ഞാല്‍ അയാളുടെ അനന്തരാവകാശികളുടെ പേരുവിവരം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ടുചെയ്തുകൊണ്ടുവേണം പിന്തുടര്‍ച്ചാവകാശകൈമാറ്റം, പോക്കുവരവ് ചെയ്തെടുക്കുവാന്‍. അവകാശതര്‍ക്കമുള്ള പക്ഷം അവകാശവിചാരണനടത്തി അതിനുമേല്‍ ജമമാറ്റം നടത്തി ചെയ്യാവുന്നതാണ്.

പട്ടാദാരെ (ഉടമസ്ഥനെ) 7 കൊല്ലത്തോളമായി കാണാതിരിക്കുകയും, അയാള്‍ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലാതിരിക്കുയും ചെയ്യുന്ന സാഹചര്യത്തില്‍ അയാള്‍ മരിച്ചതായി (സിവില്‍ ഡെത്ത്) കണക്കാക്കി അയാളുടെ അനന്തരാവകാശികളുടെ പേരില്‍ ജമമാറ്റം നടത്തുന്നതിന് ചട്ടം 27(2), 28 എന്നിവ അനുശാസിക്കുന്നു. നിയമപരമായി അവകാശികള്‍ ഇല്ലാതെവരുകയോ ഉടമാവകാശ രേഖകള്‍ ഇല്ലാതെ വരുകയോ ചെയ്താല്‍ വസ്തു കൈവശക്കാരന്‍റെ പേരില്‍ പോക്കുവരവ് ചെയ്യാം.

ജമ മാറ്റം സംബന്ധിച്ച കേസുകളില്‍ യാതൊരു കാരണവശാലും 15 ദിവസത്തിനുമേലില്‍ നടപ്പാക്കാതെ മാറ്റിവയ്ക്കുവാന്‍ പാടില്ലാ എന്നും ചട്ടം 12 (4) സൂചിപ്പിക്കുന്നു.  പോക്കുവരവ് കേസ് തീര്‍പ്പ് ചെയ്തുകഴിഞ്ഞാല്‍ തണ്ടപ്പേര് വിവരം രേഖപ്പെടുത്തണം.  അടിസ്ഥാനപ്രമാണങ്ങള്‍ ഒന്നുമില്ലാതെ തുടര്‍ച്ചയായി പന്ത്രണ്ടോ അതിലധികമോ വര്‍ഷം ഏതെങ്കിലും പട്ടയഭൂമി കൈവശം വച്ചിരുന്നാല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി പോക്കുവരവ് ചെയ്തു നല്‍കാന്‍ ചട്ടം 28 അനുശാസിക്കുന്നുണ്ട്.
ഷെറി

No comments:

Post a Comment