Search This Blog

Wednesday, July 19, 2017

Cyber law .. Article in malayalam

ഫയറായി മാറുന്ന  ഷെയറും ലൈക്കും....
(Article on Cyber Law in India)

സ്വീറ്റിയും ഷുക്കൂറും കുടുവും അന്ന് അത് മനസ്സിലാക്കി. നിയമം അറിഞ്ഞില്ല എന്നത് കുറ്റാരോപണത്തില്‍ നിന്നു രക്ഷപെടാനുള്ള ഒരു മറുപടിയല്ല എന്ന കാര്യം. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ പല പ്രവര്‍ത്തികിളിലും ഡെമൊക്ളീസിന്‍റെ വാള്‍ പോലെ സൈബര്‍ നിയമം  തലക്കുമുകളില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്. ഗൂഗിളിലോ യൂ ട്യൂബിലൊ പരതി ഒരു പുതിയ സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നതു മുതല്‍ മൊബൈലില്‍ പൊതു സ്ഥലത്തു ഫോട്ടോ എടുക്കുന്നതും ഫെയിസ്ബുക്ക് ഷെയറും വരെ സൂക്ഷിച്ചില്ലെങ്കില്‍ കേസില്‍ ഉള്‍പ്പെടാം.

ഒരു 66 എ - യുടെ കുറവ്

ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി നിയമത്തില്‍ പ്രധാനപ്പെട്ട ഒരു വകുപ്പായിരുന്നു 66 എ എന്നത്. എന്നാല്‍  സുപ്രീം കോടതി ആ വകുപ്പ് റദ്ദാക്കിയതിനാല്‍ ഇന്ന് അങ്ങനെ ഒരു നിയന്ത്രണം ഇല്ല. താന്‍ സ്വന്തം കാശുകൊടുത്ത് വാങ്ങിയ തകര്‍പ്പന്‍ ഫോണില്‍ സ്വന്തം ചെലവില്‍ എസ് എം എസ് അയച്ചാല്‍ ആരാണ് ചോദിക്കാന്‍ വരുന്നതെന്നായിരുന്നു അവന്‍റെ വിചാരം. ടിന്‍റു മോന്‍റെയും സര്‍ദാര്‍ജിയുടെയും ചില ഇക്കിളി മെസ്സേജുകള്‍ ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടിയപ്പോള്‍ കുഡുവിനു തോന്നി അതൊക്കെ കിട്ടുന്നവരും ഒന്നാഘോഷിക്കുമെന്ന്. അവനും കൊടുത്തു എസ് എം എസ്, രണ്ടാഴ്ച മുമ്പ് മിസ്ഡ് കാളടിച്ച് പരിചയപ്പെട്ട സ്വീറ്റിക്ക്.
സ്വീറ്റി എന്നു തന്നെയാണൊ പേര് എന്ന് കുഡുവിന് ഉറപ്പില്ല, പക്ഷെ ശബ്ദം സ്വീറ്റാണ്. ഒരു പതിനേഴ് വയസ്സിന്‍റെ ശബ്ദം. ദിവസം രണ്ടു മൂന്നു കഴിഞ്ഞു; എസ് എം എസ് കുറെ കൈമാറി, ഇതു വരെ കാണാത്ത സ്വീറ്റി മറുപടിയും നല്‍കി. പിന്നെ ഇങ്ങോട് എസ് എം എസ് ഇല്ല; കുഡു നിരാശനായില്ല, രസികന്‍ ഇക്കിളി മെസേജുകള്‍ വണ്‍സൈഡഡ് ആയി പറന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുഡുവിന് ഒരു കോള്‍. സൈബര്‍ സെല്ലില്‍ നിന്നാണത്രെ, ഉടനെ എത്താന്‍ പറഞ്ഞു. കുഡു ചെന്നു. അമ്പതു വയസ്സു തോന്നുന്ന ഒരു സ്ത്രീ എസ് ഐ യുടെ മുന്നില്‍ ഇരിക്കുന്നു. ചെന്നപാടെ കുഡുവിന്‍റെ ഫോണ്‍ എസ് ഐ വാങ്ങി, ഇന്‍ ബോക്സും സെന്‍റ് ബോക്സും ഒന്നു ഓടിച്ചു നോക്കി, കുഡുവിനെ നോക്കി ഒരു ഇരയെക്കിട്ടിയ മാതിരി ഒരു ചിരി.  താന്‍ അയച്ച എസ് എം എസ് കള്‍ കിട്ടിയത് താനുമായി പരിചയമുണ്ടാക്കിയ സ്വീറ്റിക്കല്ല, അവളുടെ മാഡത്തിന്‍റെ പേരിലുള്ള ഫോണിലാണ് സന്ദേശങ്ങള്‍ കൈമാറിയിരുന്നതെന്ന് പോലീസ് സ്റ്റേഷനില്‍ വച്ചാണ് പിടികിട്ടിയത്.

അക്കാലത്ത് നിലവിലുണ്ടായിരുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം - 66 എ -. ന്‍റെ വലയില്‍ കുടു കുടുങ്ങി. മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി കുഡു കോടതി കയറിയിറങ്ങി നടക്കവെ ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീം കോടതി 66 എ എന്ന വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണെന്ന വാദം അംഗീകരിച്ച് ആ വകുപ്പ് റദ്ദാക്കി, കുടു തല്‍ക്കാലം ഫ്രീയായി.  അതോടൊപ്പം, ഇതിന് സമാനമായിട്ടുള്ള കേരള പോലീസ് നിയമം വകുപ്പ്  119(ഡി) യും റദ്ദാക്കി.

കമ്പ്യൂട്ടറിലൂടെയോ, മറ്റ് ഉപകരണങ്ങളിലൂടെയോ അയക്കുന്ന ഇലക്ട്രോണിക് സന്ദേശങ്ങള്‍ മറുവശത്ത് അത് ലഭിക്കുന്ന ആള്‍ക്ക് ശല്യം ഉണ്ടാക്കുന്നതാണെങ്കില്‍ 66 എ  കുറ്റം ചാര്‍ത്തപ്പെടും. തെറ്റാണെന്നു അറിഞ്ഞുകൊണ്ട് അയക്കുന്ന സന്ദേശങ്ങള്‍, ഭീഷണി, സ്പര്‍ദ എന്നിവയുണ്ടാക്കുന്ന സന്ദേശങ്ങള്‍ ഒക്കെ പ്രശ്നങ്ങളാണ്. കിട്ടിയ ആള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണെങ്കില്‍ പോലും കേസാകും. പക്ഷെ ഈ വകുപ്പ് റദ്ദാക്കിയതോടെ അതുപ്രകാരം എടുത്തിരുന്ന കേസുകളെല്ലാം റദ്ദായി. എന്നാല്‍ ഇതിനു സമാനമായി ഇത്തരം കുറ്റകൃത്യങ്ങള്‍ തടയ്നുള്ള മറ്റ് വകുപ്പുകള്‍ ഉണ്ടാക്കിയെടുക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും മറിച്ചൊരു അഭിപ്രായമില്ലാത്തതിനാല്‍ അങ്ങയെ ഒരു ആലോചനയിലാണ് ഇപ്പോള്‍ നിയമനിര്‍മ്മാണ സഭ.

ഒരു ഷെയര്‍... അത് ഫയറായി മാറി

ഷുക്കൂറിനെയും നിങ്ങള്‍ അറിയും. ആദ്യം ഫെയിസ് ബുക്ക് അവന് ഒരു അല്‍ഭുതമായി തോന്നി. പിന്നെ രസമായി, ഒടുവില്‍ ഹരമായി. ഇപ്പോള്‍ ദിവസവും അതില്‍ കയറി ഒരു കറങ്ങണം. കാണുന്നതിതൊക്കെ ലൈക്കും കൊടുക്കണം. എന്നാലല്ലേ തനിക്കും ലൈക്ക് കിട്ടൂ എന്നായിരുന്നു ഷൂക്കൂര്‍ കരുതിയത്. കള്ളുകുടിച്ചിരിക്കുന്ന ഫോട്ടോ, മദ്യക്കുപ്പികള്‍ക്കു മുന്നില്‍ ഇരിക്കുന്ന ഫോട്ടോ, എന്നിങ്ങനെ വീരനാകാന്‍ പലതരം ഫോട്ടോകള്‍ പല പോസില്‍.  (ഫഹദ് ഫാസില്‍ എന്ന നടന്‍ മദ്യക്കുപ്പിക്ക് മുമ്പിലിരുന്ന് അഭിയിച്ച പോസ്റ്റര്‍ അടിച്ചതിന് കേസ് ആയത് ഷുക്കൂര്‍ അറിഞ്ഞില്ല; നിയമവാര്‍ത്തകള്‍ പണ്ടെ ഷുക്കൂര്‍ ശ്രദ്ധിക്കാറില്ല.) പലരെയും താറടിക്കുന്ന രീതിയിലുള്ള കമന്‍റുകള്‍, തന്‍റെ മുറിക്കുള്ളില്‍ ഇരുന്ന് തന്‍റെ ലാപ് ടോപ്പില്‍ ചെയ്യുന്നതിന് ആരെ പേടിക്കാന്‍.? അതായിരിന്നു ചിന്ത. കുത്തിയിരുന്ന ചെയ്യുന്ന ജോലിയുടെ മടുപ്പു മാറ്റാന്‍ ഒരു വഴിയും.. അതായിരുന്നു ഷുക്കൂറിന് ഫെയിസ് ബുക്ക്. ഒടുവില്‍ പ്രസിദ്ധനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്‍റെത് എന്ന് പറഞ്ഞ് പരിഹസിച്ചുകൊണ്ട് ഒരു കൊട്ടാരസദൃശ്യമായ വീടിന്‍റെ ഫോട്ടോ ആരോ ഷൂക്കൂറിന് ഷെയര്‍ ചെയ്തു. അല്‍പ്പം വലതു പക്ഷ രക്തം ഉള്ളതു കൊണ്ട് കിട്ടിയ പാടെ ഷുക്കൂറും അത് ഷെയര്‍ ചെയ്തു തുടങ്ങി. ഒരാള്‍ക്കല്ല, പലര്‍ക്ക്, പല ഗ്രൂപ്പുകളിലേക്ക്. വിഷയം നേതാവറിഞ്ഞു. സൈബര്‍ സെല്‍ പരാതിയിന്‍മേല്‍ അന്വേഷണം തുടങ്ങി. ഏത് മുറിക്കുള്ളില്‍, മൂലയില്‍ ഇരുന്നാലും കമ്പ്യൗട്ടറിന്‍റെ ഐ പി അഡ്രസ്സ് തിരിച്ചറിഞ്ഞ് ഉടമസ്ഥനെ അറിയാന്‍ ഇന്ന് അധികം പണിയെന്നുമില്ല. ഷുക്കൂറിന്‍റെ വീട്ടുമുറ്റത്ത് പോലീസ് എത്തി. വാപ്പയും ഉമ്മയും അമ്പരന്നു. ഇതാനാണോ അവന്‍ ലാപ് ടോപ്പ് എന്ന സാധനം ഉൂണിലും ഉറക്കത്തിലും തൂക്കി നടന്നിരുന്നത്? അവര്‍ മാറത്തടിച്ച് കരഞ്ഞു. കൊണ്ടുപോയ പോലീസു തന്നെ ഒടുവില്‍ മറുവഴിയും പറഞ്ഞു കൊടുത്ത- രണ്ട് ജാമ്യക്കാരുമായി പുറകെ സ്റ്റേഷനിലേക്ക് വന്നോളാന്‍ ഉപദേശിച്ചു. അന്ന് ഷൂക്കൂര്‍ എടുത്ത തീരുമാനമായിരുന്നു, ഇനി മേലില്‍ ഫെയിസ് ബുക്കില്‍ കയറില്ലെന്ന്. വെറുതെ ചെയ്ത ഒരു ڇഷെയര്‍ڈ ഇത്രയും വലിയ ڇഫയര്‍ڈ ആയി തിരിച്ചടിക്കുന്നമെന്ന് അവന്‍ കരുതിയില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരമുള്ള മാനഹാനി, ശല്യം, നഷ്ടമുണ്ടാക്കുക, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമൊക്കെ ശിക്ഷിക്കാപ്പെടാം. ഇന്‍റര്‍നെറ്റിലൂടെയാകുമ്പോള്‍ കൃത്യം ചെയ്തതിന് തെളിവും കൃത്യമായി അവശേഷിക്കും.

സൈബര്‍ നിയമപ്രകാരമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍

66 എ പോയാലും മറ്റ് നിരവധി കുറ്റങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്കനോളജി നിയമത്തിന്‍റെ പരിധിയില്‍ വരും. യഥാര്‍ത്ഥ ലോകത്ത് മോഷണ വസ്തുക്കള്‍ സ്വീകരിക്കുന്നതുപോലെ തന്നെ സൈബര്‍ലോകത്തും അത് കുറ്റമാണ്. എതെങ്കിലും കമ്പ്യൂട്ടറില്‍ നിന്നോ ഇലക്ട്രോണിക് ഡിവൈസില്‍ നിന്നോ മോഷണം നടത്തിയെടുത്ത വിവരങ്ങള്‍ സ്വീകരിക്കുന്നത് 3 വര്‍ഷം ശിക്ഷയോ 1 ലക്ഷം രൂപ പിഴയോ കിട്ടാവുന്ന കുറ്റമാണ്. (66 ബി)

മറ്റൊരാളുടെ പാസ്വേര്‍ഡ്, ഡിജിറ്റല്‍ ഒപ്പ് അല്ലെങ്കില്‍ എന്തെങ്കില്‍ ഇലക്ട്രോണിക് തിരിച്ചറിയല്‍ സംവിധാനം എന്നിവ ഉപയോഗിച്ച് അയാളുടെ അക്കൗണ്ടില്‍ ആള്‍മാറാട്ടം നടത്തുന്നതും 3 വര്‍ഷം തടവു ശിക്ഷയും കൂടാതെ 1 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. (66 സി)

ആള്‍മാറാട്ടം നടത്തിയോ മറ്റൊരാളാണെന്ന് വിശ്വസിപ്പിച്ചോ വഞ്ചന നടത്തുന്നത് 3 വര്‍ഷം തടവു ശിക്ഷയും കൂടാതെ 1 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. (66 ഡി)

ഒരാളുടെ സമ്മതമില്ലാതെ രഹസ്യ ഭാഗങ്ങള്‍ വീഡിയോ, ഫോട്ടോ എടുത്തതിനു ശേഷം  അയാളുടെ സ്വകാര്യതയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ അയാളുടെ സമ്മതമില്ലാതെ ഇലക്ട്രോണിക് ഉപകരണത്തിലൂടെ അയക്കുന്നത് ശിക്ഷാര്‍ഹമാണ്. 3 വര്‍ഷം തടവു ശിക്ഷയും കൂടാതെ 2 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. (66 ഇ)

അശ്ളീലമായ കാര്യങ്ങള്‍ ഇലക്ട്രോണിക് ഉപകരണത്തിലൂടെ അയക്കുകയയോ അതിനു കാരണമാകുകയോ ചെയ്താലും കുറ്റകൃത്യമാണ്. 3 വര്‍ഷം തടവു ശിക്ഷയും കൂടാതെ 5 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. ( വകുപ്പ് 67)

ലൈംഗീകതയുള്ള കാര്യങ്ങള്‍ ഇലക്ട്രോണിക് ഉപകരണത്തിലൂടെ അയക്കുകയൊ അതിനു കാരണമാകുകയോ ചെയ്താല്‍ ആദ്യ തവണയുള്ള കുറ്റകൃത്യത്തിന് 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.  പിന്നീടുള്ള കുറ്റകൃത്യത്തിന് 7 വര്‍ഷം 10 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ. ( വകുപ്പ് 67 എ)

കുട്ടികള്‍ ഉള്‍പ്പെട്ടിരിക്കുന്ന ലൈംഗീക വീഡിയോ, ഫോട്ടോകള്‍ അയക്കുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും ആദ്യ തവണയുള്ള കുറ്റകൃത്യത്തിന് 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.  പിന്നീടുള്ള കുറ്റകൃത്യത്തിന് 7 വര്‍ഷം 10 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ.( വകുപ്പ് 67 ബി)

ഫോട്ടോ എടുക്കുന്നത് കുറ്റമാണോ ?

ഇക്കാലത്ത് എല്ലാ മൊബൈല്‍ ഫോണുകളിലും ക്യാമറ സംവിധാനങ്ങള്‍ ലഭ്യമായതിനാല്‍ ഇഷ്ടമുള്ളത് എന്തു കണ്ടാലും മൊബൈലില്‍ പകര്‍ത്താനുള്ള പ്രവണത കൂടുതലാണ്. എന്നാല്‍ ഇഷ്ടമുള്ളതെന്തും അങ്ങനെ പകര്‍ത്താനാകില്ല. ഇന്‍ഫര്‍മേഷന്‍ ടെക്ളോജി നിയമപ്രകാരം സ്വകാര്യ ഭാഗങ്ങള്‍ സമ്മതമില്ലാെ ത പകര്‍ത്തിയാല്‍ മാത്രമേ കുറ്റമാകുകയുളളൂ. പക്ഷെ കേരള പോലീസ് നിയമപ്രകാരം ഏതൊരു സ്ഥലത്തുവച്ചും സ്ത്രീകളുടെ ന്യായമായ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ ഫോട്ടോയോ വീഡിയോയോ എടുക്കുകയയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റമാണ്. 3 വര്‍ഷം തടവ് അല്ലെങ്കില്‍ പതിനായിരം രൂപ; ഇവ രണ്ടും കൂടിയോ ചുമത്താവുന്നതാണ്. അതു മാത്രമല്ല, ബന്ധപ്പെട്ട സ്ഥലത്തിന്‍റെ ചുമതലയുള്ള വ്യക്തി അങ്ങനെയുണ്ടാകുന്ന പരാതി അധികാരികളെ അറിയിക്കുന്നതിന് വീഴ്ച വരുത്തുന്നതും കുറ്റകരമാണ്. 

മറ്റു കുറ്റകൃത്യങ്ങള്‍

ഏതു കുറ്റകൃത്യമാണെങ്കിലും അത് ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ചെയ്താല്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും. ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 354 സി പ്രകാരം മറ്റാരും കാണരുത് എന്ന ഉദ്ദേശത്തോടെ ഒരു സ്ത്രീ ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ പ്രവര്‍ത്തികള്‍ നോക്കുന്നതോ ഫോട്ടോ,വീഡിയോ എടുക്കുന്നതതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
ഇന്‍റര്‍നെറ്റ്, ഇമെയില്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങിളൂടെ ഒരു സ്ത്രീയെ അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി പിന്തുടരുന്നതും ശിക്ഷാര്‍ഹമാണ്. (ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 354 ഡി)
സ്പൂഫിംഗ് -ഉറവിടം തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇമെയിലുകള്‍ അയക്കുക, ഫോണ്‍ നമ്പര്‍ ഉപയോഗിക്കുക എന്നിവയൊക്കെ സ്പൂഫിംഗ് എന്ന കുറ്റകൃത്യമായി കരുതാം.
ക്ളോണിംഗ് - ഒരാളുടെ സിം കാര്‍ഡ് ഉപയോച്ച് അതിന്‍റെ ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കി അതേ നമ്പര്‍ ദുരുപയോഗം ചെയ്യുന്ന കുറ്റമാണ് ക്ളോണിംഗ്.
ഇങ്ങനെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി കുറ്റകൃത്യങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. പക്ഷെ അവയ്ക്കുള്ള നിയമനടപടികള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, ഇന്‍ഫര്‍മെഷന്‍ ടെക്നോളജയിലെയും, പോലീസ് നിയമം പോലുള്ള നിയമങ്ങളുടെയും വകുപ്പുകളനുസരിച്ചായിരിക്കും കൈക്കാള്ളുന്നത്.

ഷെറി

No comments:

Post a Comment