Search This Blog

Sunday, January 29, 2017

RIGHTS OF DOMESTIC WORKERS - ARTICLE BY ADVOCATE SHERRY J THOMAS

ക്ഷേമവും സാമൂഹിക സുരക്ഷയും -
ഗാര്‍ഹിക തൊഴിലാളിയുടെ സ്വപ്നം മാത്രമോ ?
sherryjthomas@gmail.com

സ്വന്തം കുടുംബത്തിന്‍റെ അടുക്കളയിലും വീട്ടുവളപ്പിലും അമ്മയും ഭാര്യയും സഹോദരിയും ജോലി ചെയ്യുന്നത് ഒരു തൊഴിലായി കണക്കാക്കാനാകുമോ ? ഇല്ല. പക്ഷെ വേറെ വല്ലവരുടെയും വീട്ടിലാണ് ജോലിയെങ്കിലോ ? ആയിരക്കണക്കിന് സ്ത്രീകളാണ് ഇന്ന് കേരളത്തില്‍ ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വീട്ടുജോലിക്ക് ആളെ അന്വേഷിക്കുന്ന ആവശ്യക്കാര്‍ ഏറെയുണ്ട്, അതിനനുസരിച്ച് ജോലിയെടുക്കാന്‍ ആളില്ല. എന്നാലും ആവശ്യക്കാരന്‍ - ലഭ്യത എന്ന തത്വമൊന്നും ഈ മേഖലയില്‍ ഇല്ല. ലഭ്യമായ ജോലിക്കാര്‍ക്ക് തന്നെ സംഘടിത തൊഴില്‍ യൂണിയനുകളില്‍  അംഗത്വമില്ല, അവകാശ സംരക്ഷണമില്ല, പിന്നെ അസംഘടിത തൊഴിലാളി സംഘാടന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സുമനസ്സുകളുടെ സഹായത്താല്‍ ഇന്ന് തങ്ങള്‍ക്കും അവകാശങ്ങള്‍ ഉണ്ട് എന്ന തിരിച്ചറിവിലേക്ക് പതുക്കെ നടന്നടുക്കുകയാണ് കേരളത്തിലെ ഗാര്‍ഹിക തൊഴിലാളികള്‍. 
ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കുമുള്ള നിയമം (Domestic Workers Welfare and Social Security Act 2010 )എന്ന പേരില്‍ 2010 ല്‍ കേന്ദ്ര സരക്കാര്‍ നിയമനിര്‍മ്മാണം നടത്തിയെങ്കിലും ഇന്നും അത് പൂര്‍ണ്ണമായി അറിയുകയോ അറിയിക്കുകയോ അതുപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല. ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ക്ഷേമവും സാമൂഹിക സംരക്ഷണവും നല്‍കാന്‍ 2010 ല്‍ നിയമം നിലവില്‍ വന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍റെ വെബ് സൈറ്റില്‍ ഉണ്ട്. പക്ഷെ വെബ്ബും സൈറ്റുമൊന്നുമില്ലാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അങ്ങയൊരു നിയമത്തിന്‍റ കാര്യമേ അറിയില്ല. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ബേര്‍ഡുകള്‍ ഉണ്ടാകണമെന്നും ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കാന്‍ അവര്‍ക്ക് അധികാരമുണ്ടെന്നും നിയമം പറയുന്നു. പക്ഷെ ബോര്‍ഡുകള്‍ തന്നെയില്ലാതെ എങ്ങനെ സംരക്ഷണം ഉറപ്പാക്കും. 

ആരാണ് ഗാര്‍ഹിക തൊഴിലാളി

വീടിനകത്തെ ജോലികള്‍ക്കായോ അനുബന്ധ ജോലികള്‍ക്കായോ വേതനം നല്‍കി നേരിട്ടോ ഏജന്‍സികള്‍ മുഖേനെയോ  താല്‍ക്കാലികമായോ കരാര്‍ അടിസ്ഥാനത്തിലോ സ്ഥിരമായോ നിയമിച്ചിരിക്കുന്ന ജോലിക്കൊരെല്ലാം ഗാര്‍ഹിക തൊഴിലാളി എന്ന പരിധിയില്‍ വരും. മുഴുവന്‍ സമയമായോ ദിവസവും അല്‍പ്പസമയത്തേക്കു മാത്രമായോ ഏര്‍പ്പാടാക്കിയിരിക്കുന്ന ജോലിക്കാരും അതില്‍ ഉള്‍പ്പെടും. ജോലിയെടുക്കുന്ന സ്ഥലത്തിന്‍റെ പൂര്‍ണ്ണ ചുമതലയുള്ള വ്യക്തിയാണ് തൊഴിലുടമ. ഏജന്‍സികളായി പ്രവര്‍ത്തിച്ച് ജോലിക്കാരെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നവരെയും നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്‍റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതൊഴിച്ചാല്‍ ഈ നിയമത്തിന് പ്രസിദ്ധികൊടുക്കാനോ ആളുകളെ അറിയിക്കാനോ ഒന്നു ചെയ്തതായി അറിവില്ല. ഗാര്‍ഹികതൊഴിലാളികള്‍ക്ക്  കുറഞ്ഞ വേതനം നിശ്ചയിക്കാന്‍  നിയമപരിധിയില്‍ അവരെയും ഉള്‍പ്പെടുത്താന്‍ സംസ്ഥാന സരക്കാര്‍ ശ്രമം നടത്തിയെങ്കിലും അതും പ്രായോഗികമായിട്ടില്ല.
  
ക്ഷേമത്തിന് ഉപദേശക സമിതികള്‍

എന്തൊക്കെ ബോര്‍ഡുകള്‍ ഉണ്ട് എന്നും അതില്‍ കയറിക്കൂടാനുള്ള മാനദണ്ഡമെന്ത് എന്നും ശരിക്കും അറിയണമെന്നങ്കില്‍ ഭരിക്കുന്ന പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളോട് ചോദിക്കണം. ബോര്‍ഡുകളുടെ എണ്ണവും അതില്‍ കയറിയിരിക്കാനുള്ള മാനദണ്ഡവും കൃതമായി അവര്‍ക്കറിയാനാകും. ഗാര്‍ഹിക തൊഴിലാളി ക്ഷേമബോര്‍ഡില്‍ തൊഴിലുടമകളെയും തൊഴിലാളിലാളികളെയും സര്‍ക്കാരിനെയും പ്രതിനിധീകരിക്കുന്ന തുല്യ എണ്ണം അംഗങ്ങള്‍ വേണം.  ദേശീയ തലത്തില്‍ ഉപദേശക സമിതിയാണ് ഉള്ളത്.  ഈ ഉപദേശക സമിതിയില്‍ ഗാര്‍ഹീക തൊഴിലാളികള്‍ ഉണ്ടാകണമെന്നില്ല. ഗാര്‍ഹിക തൊഴിലാളി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, തൊഴില്‍ നിയമവിദഗ്ദര്‍, കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരൊക്കെയാണ് ഉണ്ടാകേണ്ടത്. 
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്താന്‍ നിയമം എങ്ങനെ ശരിയായി നടപ്പിലാക്കാം എന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ദേശീയ ഉപദേശക സമിതിയുടെ ലക്ഷ്യം. സംസ്ഥാനങ്ങളില്‍ ഈ നിയമം എങനെ നടപ്പിലാക്കുന്നുവെന്നും അന്വേഷിക്കാന്‍ ദേശീയ ഉപദേശക സമിതിക്ക് അധികാരമുണ്ട്. ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമവും തൊഴില്‍ വ്യവസ്ഥകളും നീതിപൂര്‍വ്വമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും ഈ ദേശീയ ഉപദേശക സമിതിക്ക് ചുമതലയുണ്ട്
സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപദേശക സമിതിയില്‍ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും സര്‍ക്കാരിന്‍റെയും തുല്യ എണ്ണത്തിലുള്ള പ്രതിനിധികള്‍ ഉണ്ടാകണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമായും ദേശീയ ഉപദേശക സമിതികള്‍ ഉണ്ടാക്കണമെന്ന് നിയമത്തില്‍ നിര്‍കര്‍ഷിക്കുമ്പോള്‍, സംസ്ഥാന തലത്തില്‍ അത് ڇആവശ്യമെങ്കില്‍ڇ എന്ന പദമാണ് നിയമനിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ബാഹ്യവും സാമൂഹ്യവുമായ സമ്മര്‍ദദമുണ്ടെങ്കില്‍ മാത്രമേ അത്തരം സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കൂ. സമിതിയുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ദേശീയ സമിതിയെപ്പോലെ തന്നെ തൊഴിലാളി സുരക്ഷക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. 

ജില്ലാ ഗാര്‍ഹിക തൊഴില്‍ ക്ഷേമ ബോര്‍ഡ്

ജില്ലാതലത്തിലുള്ള ബോര്‍ഡുകളുടെ പ്രവര്‍ത്തനം ശരിയായി നടന്നെങ്കില്‍ മാത്രമെ സാധാരണ ഗാര്‍ഹിക തൊഴിലാളിക്ക് ഈ നിയമം കൊണ്ടുള്ള ക്ഷേമവും സുരക്ഷയും പ്രതീക്ഷിക്കാനാകൂ. 2011 ല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി കേരളത്തില്‍ പ്രത്യേക ബോര്‍ഡ് വന്നതോടുകൂടി നിലവിലുണ്ടായിരുന്നڈ പല ആനുകൂല്യങ്ങ്യളും നഷ്ടമായി എന്നാണ് അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരള ലേബര്‍ മൂവ്മെന്‍റ് ഉള്‍പ്പെടെയുള്ള സംഘടകള്‍ ആരോപിക്കുന്നത്. 2003 ല്‍ അവിദഗ്ധ തൊഴിലാളി ഇനത്തിലുളള ക്ഷേമനിധിയില്‍ ചേര്‍ന്നിരുന്നڈ അംഗങ്ങള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ നിലവിലെ ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ലഭിക്കുന്നില്ല.  പ്രസവാനുകൂല്യം, അംഗങ്ങളുടെ കുടുംബാംഗങ്ങളുടെ മരണാനന്തര ചിലവ്, മരണാനന്തര സഹായം,
കുടുംബ പെന്‍ഷന്‍, മുതലായ ആനുകൂല്യങ്ങള്‍ ഫണ്ട് ലഭ്യമല്ല എന്ന കാരണത്താല്‍ വിതരണം ചെയ്യുന്നില്ല എന്നാണ് പരാതി. 

രജിസ്ട്രേഷന്‍
ഗാര്‍ഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെയും പേരുവിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍, ഉണ്ടാക്കുകയും അത് സൂക്ഷിക്കുകയും ചെയ്യേണ്ടത് ജില്ലാ ബോര്‍ഡുകളാണ്. എല്ലാ തൊഴിലുടമയോ തൊഴിലാളിയോ അല്ലെങ്കില്‍ സര്‍വ്വീസ് പ്രൊവൈഡര്‍ ജോലി തുടങ്ങി ഒരു മാസത്തിനകം ജില്ലാ ബോര്‍ഡിന് നിശ്ചിത ഫീസ് സഹിതം രജിസ്ട്രേഷന് അപേക്ഷ നല്‍കണം. ഒന്നിലധികം സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളി നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. 
വിപുലമായ രീതിയിലാണ് സുരക്ഷാ സംരക്ഷണ നടപടികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. നിയമലംഘനങ്ങള്‍ക്കെതിരെയും, അവകാശ നിഷേധങ്ങള്‍ക്കെതിരെയും എന്തെങ്കിലും പരാതി നല്‍കിയാല്‍ നാളെ മുതല്‍ ജോലിക്ക് വരണ്ടായെന്ന് തൊഴിലുടമ പറഞ്ഞാല്‍ ആര് സംരക്ഷണം നല്‍കും എന്ന ചോദ്യമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടകളെയുള്‍പ്പെടെയുള്ളവര്‍ നേരിടുന്നത്. സംഘടിത തൊഴിലാളി സംഘടനകളുടെ ആള്‍ബലവും തടിമിടുക്കുമില്ലാത്ത പാവങ്ങളായ ഗാര്‍ഹിക തൊഴിലാളിള്‍ക്കു വേണ്ടി രണ്ടും കല്‍പ്പിച്ച് മുന്നിട്ടിറങ്ങാന്‍  ആര് മുന്നോട്ടുവരുമെന്നാണ് പ്രസക്തമായ ചോദ്യം. അതിനാണ് അവര്‍ കാത്തിരിക്കുന്നതും. 

No comments:

Post a Comment