Search This Blog

Saturday, January 28, 2017

The Scheduled Caste Status for Dalit Christians are still miles away. The case before the supreme court is pending for years- Article by Sherry J Thomas, pointing out the plight of Dalits who converted from Hinduism to Christianity

നീതിയുടെ ഹീലിംഗ് ടച്ച് കാത്ത്...
അഡ്വ. ഷെറി ജെ തോമസ്


സ്വതന്ത്ര ഭാരതത്തിലെ ഒരു കോടതിമുറിയാണ് രംഗം. മൊബൈല്‍ ഫോണില്‍ ആരും അറിയാതെ കോടതിയില്‍ നടന്നതു റെക്കോര്‍ഡ് ചെയ്ത് ഒരാള്‍ പുറത്തിറങ്ങി. ഏതോ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ്. ആ കോടതിയാകട്ടെ, അഭിഭാഷകരോടും, കക്ഷികളോടും ദേഷ്യവും, സ്ഥിരതയില്ലാത്തെ പെരുമാറ്റവും പതിവുമാക്കിയ ഒരു ജഡ്ജിയുടേതാണത്രെ. മാധ്യമപ്രവര്‍ത്തകന്‍റെ സ്വന്തം കേസ് അന്ന് കോടതിയിലുണ്ടായിരുന്നു. കുപ്രസിദ്ധമായ പെരുമാറ്റ രീതിയില്‍ എല്ലാവരും മടുത്തുവെങ്കിലും കോടതിയും ജഡ്ജിയും മാറ്റമില്ലാതെ തുടര്‍ന്നു. ഒടുവില്‍ സഹികെട്ട് മേലിധാരികളോട് പരാതിപ്പെടാനും വേണ്ടിവന്നാല്‍ ഒരു ബ്രേക്കിംഗ് ന്യൂസായി ഉപയോഗിക്കാനും ഉതകുന്ന തരത്തിലുള്ള ക്ളിപ്പിംഗുകള്‍ അയാള്‍ക്കു കിട്ടി. അത് പ്രസിദ്ധപ്പെടുത്താന്‍ ഒരുമ്പെട്ടപ്പോള്‍ സുഹൃത്തുക്കള്‍ വിലക്കി. കോടതിയാണ്, രാഷ്ട്രീയക്കാരുടെ ക്ളിപ്പിംഗ് കാണിക്കുന്നതു പോലെയല്ല അതു വേണ്ട.  ഇതു വരെ അത് ഒരു മാധ്യമത്തിലും വന്നിട്ടില്ലെങ്കിലും ഇന്നും അയാള്‍ ആ ക്ളിപ്പിംഗ് സൂക്ഷിച്ചു വച്ചിട്ടുണ്ട്. കോടതി രംഗങ്ങളും പച്ചയായി മാധ്യമങ്ങളില്‍ വരുന്ന ഒരു ദിവസവും കാത്ത്. ഇതു പോലെ വ്യാഖ്യാനങ്ങളുടെ വൈവിധ്യത്താല്‍, സ്ഥിരതയില്ലാത്ത നിയമനിര്‍മ്മാണങ്ങളാല്‍, ആളെണ്ണവും ഭൂരിപക്ഷ വികാരവും ഒക്കെ നോക്കി നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങളാല്‍  അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു വലിയ വിഭാഗം ഇന്ന് സ്വതന്ത്ര്യ ഭാരതത്തിലുണ്ട്. അതിന് ഉത്തമ ഉദാഹരമാണ് സംവരണത്തിനു വേണ്ടി വര്‍ഷങ്ങളായി മുറവിളികൂട്ടുന്ന ദളിത് ക്രൈസ്തവര്‍.  

നീതിയില്ലാത്ത നിയമവാഴ്ച !

നിയമം മാത്രം ആശ്രയിച്ചിട്ടു കാര്യമില്ല. നിയമത്തിന്‍റെ വ്യാഖ്യാനവും കൂടി ആശ്രയിച്ചാണ് കാര്യങ്ങള്‍. ഒരേ നിയമം തന്നെ വെവ്വേറെ രീതിയില്‍ വ്യാഖ്യാനവും വരാം. ഭൂരിപക്ഷ ജന ഹിതമനുസരിച്ച് നിയമനിര്‍മ്മാണങ്ങളും വരും. അതിന് എപ്പോഴും ڇഒരു നീതി ടച്ച് ڈ ഉണ്ടാകണമെന്നില്ല. പക്ഷെ ഭൂരിപക്ഷത്തെ സുഖിപ്പിക്കുന്ന ڇഒരു പൊളിറ്റിക്കല്‍ ടച്ച്  ڈ അതിനുണ്ടാകും. 
സാമൂഹികവും വിദ്യാഭ്യാസപരുമായി പിന്നാക്കം നില്‍ക്കുന്നവരാണ് എല്ലാ ദളിതരും. അവിടെ ക്രീമിലെയര്‍ എന്നൊന്നില്ല. അവര്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താലും പിന്നാക്കാവസ്ഥക്കു മാറ്റമില്ല. അപ്പോള്‍ പിന്നെ ഭരണഘടനാപരമായി അവര്‍ക്ക് ലഭിക്കേണ്ട ഒരു അവകാശമല്ലേ സംവരണം. നിയമം പച്ചയായി വായിച്ചാല്‍ അതെ. പക്ഷെ അത് യാഥാര്‍ത്ഥ്യമാക്കി വ്യാഖ്യാനിച്ചെടുക്കാന്‍ ഇനിയും കാലം അകലെ. ഭൂമിക്ക് കീഴിലുള്ള എന്തിനും നിയമനിര്‍മ്മാണം നടത്താന്‍ നിയമനിര്‍മ്മാണ സഭകള്‍ക്കു തടസ്സമില്ല. അത് ഭരണഘടനാ വിരുദ്ധമാകരുതെന്ന് മാത്രം.  അവരും ദളിത് ക്രൈസ്തവരുടെ കാര്യത്തില്‍ ഒന്നും ചെയ്തു കാണുന്നില്ല. 
ദളിത് വിഭാഗത്തില്‍ പെട്ട ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും സിക്കു മതക്കാര്‍ക്കും സംവരണമുണ്ട് പക്ഷെ ക്രൈസ്തവര്‍ക്കില്ല. പക്ഷെ ദളിതതരായിട്ടും ക്രൈസ്തവരായതു കൊണ്ടു മാത്രം സംവരണത്തിനു പുറത്തുപോയവര്‍ എത്ര കാലമായി മുറവിളി കൂട്ടുന്നു അത് തിരികെ കിട്ടാന്‍. ചരിത്രപരമായ ഒരു പ്രസിഡന്‍ഷ്യല്‍ ഉത്തരവും പിന്നീട് സമ്മര്‍ദ്ദം ചെലുത്തി ദളിത് സിക്കുകാര്‍ക്കും, ദളിത് ബുദ്ധമതക്കാര്‍ക്കും ആ ഉത്തരവില്‍ ഭേദഗതി വരുത്തി സംവരണം സാധ്യമാക്കിയപ്പോള്‍ ദളിത് ക്രൈസ്തവരെ മാത്രം മാറ്റി നിര്‍ത്തി. 
ഇന്ത്യന്‍ ഭരണഘടനയില്‍ അനുഛേദം 341 (1) ല്‍ നല്‍കിയ അധികാരം പ്രകാരം പ്രസിഡന്‍റ് ഇറക്കിയ 1950 ലെ ഉത്തരവില്‍ മൂന്നാമത്തെ ഖണ്ഡികയില്‍ ഹിന്ദുമതമല്ലാതെ മറ്റൊരു മതത്തില്‍ വിശ്വസിക്കുവരയൊരെയും  ദളിതരായി  കണക്കാക്കില്ല എന്നു ചേര്‍ത്തവച്ചപ്പോള്‍ അത് മതത്തിന്‍റെ പേരില്‍ മാത്രമായി ആരേയും വിവേചിക്കരുതെന്ന തത്വത്തിനു തന്നെ എതിരാവുകയായിരുന്നു. പിന്നീട് അത് 1956 ലും 1990 ലും സിഖിനും ബുദ്ധര്‍ക്കും വേണ്ടി ഭേദഗതിവരുത്തിയപ്പോഴും ദളിത് ക്രൈസ്തവര്‍ക്ക് അത് അന്യമായി. 

ധീരമായ ഇടപെടലുകളും അന്യമല്ല

എന്തു നിയമമുണ്ടാക്കിയാലും അത് ഭരണഘടനാ വിരുദ്ധമാണെങ്കില്‍ കര്‍ക്കശമായി ഇടപെട്ട കോടതികളുടെ ചരിത്രം സ്വതന്ത്ര്യ ഭാരതത്തിന് അന്യമല്ല. വഴിയരുകില്‍ യോഗങ്ങള്‍ നടത്തി ജനത്തെ ബുദ്ധിമുട്ടിച്ചപ്പോള്‍, സമരങ്ങളും ഹര്‍ത്താലുകളും നടത്തി സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയപ്പോള്‍, കുടിവെള്ളവും, നല്ല റോഡും  നിഷേധിക്കപ്പെട്ടപ്പോള്‍ ഒക്കെ നീതിദേവത ഇടപെട്ട സംഭവങ്ങള്‍ അന്യമല്ല. സിനിമാതിയേറ്ററുകളില്‍ പോലും ദേശീയഗാനം കേട്ട് ജനം ദേശഭക്തി പ്രകടിപ്പിക്കണമെന്ന് വിധിച്ച കോടതികള്‍. അതേ കോടതികളില്‍ തന്നെയാണ് ദളിത് ക്രൈസ്തവരുടെ സംവരണം സംബന്ധിച്ച കേസുകള്‍  കാലങ്ങളായി വാദം കേള്‍ക്കാന്‍ കാത്തുകിടക്കുന്നത്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യക്ഷത്തില്‍ പലതും പറഞ്ഞുവെങ്കിലും കോടതിയില്‍ എന്തു നിലപാട് എടുത്തുവെന്ന് അറിയില്ല. പക്ഷെ തമിഴ്നാട്ടില്‍ നിന്ന് ജയലളിത ശക്തമായ ഭാഷയില്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.  മതവിഭാഗം നോക്കി ദളിതര്‍ക്ക് സംവരണം നല്‍കുന്ന രീതി ഭരണഘടനാവിരുദ്ധമാണെന്നും, സുപ്രീം കോടതിയില്‍ ഇക്കാര്യം കാണിച്ച് സത്യവാങ്മൂലം ഫയല്‍ ആക്കണമെന്നുമാണ് അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.  പക്ഷെ ശക്തമായ ഒരിടപെടല്‍ കേരളത്തില്‍ നിന്നുണ്ടായിട്ടില്ല. 

കമ്മീഷനുകള്‍ ശുപാര്‍ശ ചെയ്തത്

ദളിത് ക്രൈസ്തവരുടെ സംവരണക്കാര്യത്തില്‍ നിരവധി കമ്മീഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുകയും അവരൊക്കെ റിപ്പോര്‍ട്ട് ഫയലാക്കുകയും ചെയ്തിട്ടുണ്ട്. 1969 ല്‍ ഇളയപെരുമാള്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്, ഹിന്ദുമതത്തിലേക്കല്ലാതെയും പരിവര്‍ത്തനം ചെയ്ത എല്ലാ ദളിതര്‍ക്കും സംവരണാവകാശങ്ങള്‍ നല്‍കണമെന്നാണ്. 1975 ല്‍ ചിദംബരം കമ്മിറ്റി റിപ്പോര്‍ട്ട് സൂചിപ്പിച്ചത്, ദളിത് ക്രൈസ്തവര്‍ തികച്ചും ദരിദ്രനാരായണന്‍മാര്‍ തന്നെയാണെന്നാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് (1980) ല്‍ പറഞ്ഞത് വിശ്വാസം മാറിയത് കൊണ്ട് സാമൂഹികാവസ്ഥയ്ക്കു മാറ്റം വരില്ല എന്നാണ്. 
2007 ല്‍ രംഗനാഥ മിശ്ര  കമ്മീഷന്‍ കുറച്ചു കൂടി പ്രായോഗികമായ നിര്‍ദ്ദേശം മുന്നോട്ടുവച്ചു. 1950 ലെ പ്രസിഡന്‍റിന്‍റെ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് നിര്‍ദ്ദേശിച്ചത്. പതിറ്റാണ്ടുകളായി ദളിത് ക്രൈസ്തവര്‍ മുന്നോട്ടുവയ്ക്കുന്ന സംവരണ നീതിക്ക് ഇത് ഒരു പരിഹാരം തന്നെയാണ്. 1950 ലെ ഉത്തരവിലെ ഖണ്ഡിക 3 ല്‍ പറഞ്ഞിരിക്കുന്ന വാചകങ്ങളാണ് സംവരണത്തിനെതിരു നില്‍ക്കുന്നത്. ڇ ഹിന്ദു മതമല്ലാതെ മറ്റ് ഏതൊരു മതവിശ്വാസിയെയും പട്ടിക ജാതി വിഭാഗമായി കണക്കാക്കാനാകില്ലڈ  എന്ന ഭാഗം ഭേദഗതി ചെയ്താല്‍ ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം ലഭിക്കും. 

യേസ് മൈ ലോര്‍ഡ്

കോടതി എന്തു പറഞ്ഞാലും യെസ് മൈ ലോര്‍ഡ് എന്നു പറഞ്ഞു നടുവു കുനിക്കുന്നവരല്ല സുപ്രീം കോടതിയില്‍ ദളിത് സംവരണക്കേസ് വാദിക്കുന്നത്. എന്തായാലും 2004 മുതല്‍ ദളിത് ക്രൈസ്തവര്‍ക്കുള്ള പട്ടിക ജാതി സംവരണത്തിന്‍റെ കേസ് സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നു. പല ബെഞ്ചുകളും മാറി മാറി ഒടുവില്‍ വലിയ ബഞ്ചില്‍ വാദം കേള്‍ക്കാന്‍ എത്തിയിരിക്കുന്നു. 
കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ ജഡ്ജി പറഞ്ഞ മറുപടി, 1950 ല്‍ വന്ന നിയമത്തിനെതിരെ നിങ്ങള്‍ 54 വര്‍ഷം കഴിഞ്ഞല്ലേ കേസ് നല്‍കിയത്, പിന്നെ ഇപ്പോള്‍ എന്തിന് ധൃതിയെന്നാണ്. മറ്റൊരവസരത്തില്‍, വര്‍ഷങ്ങളായി കേസ് തീര്‍പ്പാകാതെ കിടക്കുന്നവെന്നു പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി , ഇത് ഒരു സെന്‍സിറ്റീവ് വിഷയമാണെന്നാണ്. രാജ്യത്തെ കെട്ടിക്കിടക്കുന്ന കേസുകളെ പറ്റി പഠനം തന്നെ നടത്തി കീഴ്കോടതികളില്‍ പുത്തന്‍ സംവിധാനങ്ങള്‍ വരുത്തുന്നതിന് എപ്പോഴും  മുന്‍കൈയെടുക്കുന്ന ഒരു ജുഡീഷ്യല്‍ സംവിധാനമാണ് ഇന്ത്യയിലുള്ളത്. അവിടെ തന്നെയാണ് രണ്ടു തലമുറകളുടെ ഭരണഘടനാപരമായ അവകാശത്തിന് ഇന്നും തീര്‍പ്പില്ലാതെ കെട്ടിക്കിടക്കുന്നത്. എന്തുകൊണ്ട് കേസ് നല്‍കാന്‍ 54 വര്‍ഷം കാത്തിരുന്നു എന്നു ചോദിച്ച കോടതിയോട് പറയാന്‍ ഒന്നേ ഉള്ളൂ മറുപടി. 54 വര്‍ഷം വേണ്ടിവന്നു ഈ കൊടും അപരാധത്തെ ചോദ്യം ചെയ്യുന്നതിന് ഉന്നതനീതിന്യായ പീഠത്തില്‍ എത്തിക്കാന്‍, എന്നതുതന്നെയാണ് അവരുടെ പിന്നാക്കാവസ്ഥയ്ക്ക് ഏറ്റവും വലിയ തെളിവ്. 
2004 ല്‍ നല്‍കിയ കേസില്‍,  വിഷയം പഠിച്ചകൊണ്ടിരിക്കുകയാണെന്നും, വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യാനുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 2013 ആയിട്ടും  ഇതു സംബന്ധിച്ച്  ഒരു സത്യവാങ്മൂലം കോടതിയില്‍ ഫയലാക്കാന്‍ ആകാത്തത് ഇനിയും പഠനം കഴിയാത്തതുകൊണ്ടല്ല, വോട്ട് ബാങ്ക് പൊളിറ്റിക്സ് കൊണ്ടു മാത്രമാണെന്ന് ആര്‍ക്കാണറിയാത്തത്. 

മതം സംവരണത്തിന്‍റെ അടിസ്ഥാനമാകുമോ

ഇന്ത്യയുടെ ഭരണഘടന പ്രകാരം മതപരമായ ഒരു സംവരണമില്ല. സാമൂഹിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് സംവരണം. അങ്ങനെയെങ്കില്‍ മതം ഒരു ഘടകമാക്കി ദളിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതി സംവരണം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലേ. ഭരണഘടനാ വിരുദ്ധമായ ഒരു ഉത്തരവ് അത് പ്രസിഡന്‍റ് ഇറക്കിയാലും നീതി പിഠം അതില്‍ ഇടപെടാതിരിക്കുന്നതങ്ങെനെ. ഇക്കാര്യങ്ങള്‍ ഉന്നത നീതിപീഠത്തില്‍ വ്യാഖ്യാനത്തിനെത്തുമ്പോള്‍ വരുന്ന തീരുമാനമനുസരിച്ചിരിക്കും അന്തിമ വിധി. അതിന് ഊഴം കാത്ത് കിടക്കുന്ന കേസുകെട്ടുകളില്‍, സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും അനുകൂല സത്യവാങ്മൂലം കൂടിയുണ്ടായാല്‍ പതിറ്റാണ്ടുകള്‍ നീണ്ട ഈ നീതി നിഷേധത്തിന് ഒരു ഹീലിംഗ് ടച്ച് കിട്ടുക തന്നെ ചെയ്യും. പക്ഷെ തമിഴ്നാട്ടില്‍ നിന്ന് ജയളലിത ആവശ്യപ്പെട്ടതുപോലെ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇടപെടലുകള്‍ ഉണ്ടാകണം. കേവലം ഒ ബി സി സംവരണത്തില്‍ ഒതുക്കി തീര്‍ക്കാവുന്നതല്ല ദളിത് ക്രൈസ്തവര്‍ക്ക് നല്‍കേണ്ട സംവരണം. ഒരു വിഭാഗത്തിന്‍റെ ജന്മാവകാശത്തെ എത്ര കാലം തടഞ്ഞു വയ്ക്കാനാകുമെന്നതാണ് പ്രശ്നം. പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും  നീതിയുടെ പടവാള്‍ എല്ലാ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ജാതീയ സുഖപ്പിക്കലുകള്‍ക്കും അതീതമായി പോരാടിത്തെളിയും. 

ഭരണഘടനാപരമായ വഞ്ചന

മതവിശ്വാസത്തിന്‍റെ പേരില്‍ സംവരണം ഇല്ല എന്ന് ഭരണഘടന അടിവരയിട്ടു പറയുമ്പോഴും ഹിന്ദുമതവിശ്വാസികളായ ദളിതര്‍ക്കു മാത്രം പട്ടിക ജാതി സംവരണം എന്ന് ഉത്തരവിറങ്ങിയത് ഭരണഘടനാപരമായ വഞ്ചനയാണ്. അത് ആര് ഇറക്കിയ ഉത്തരവാണെങ്കിലും ഭരണഘടനയോടും അത് ഉയര്‍ത്തുന്ന മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണ്. പക്ഷെ ഇത്രയും കാലം, കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി ഈ വഞ്ചന തുടരുമ്പോള്‍ എന്തുകൊണ്ട് ഒരു ഇടപെടല്‍ ഉണ്ടാകുന്നില്ല എന്നതാണ് ചോദ്യം. ദളിതരുടെ സാമൂഹിക പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മീഷനുകള്‍ എല്ലാം തന്നെ അവരുടെ ദുരവസ്ഥ വിവരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതു പൊതുവെ എല്ലാവര്‍ക്കും ഒരു ഐച്ഛിക വിഷയമാണ്. മുഖ്യ വിഷയങ്ങള്‍ പലതിന്‍റെയും കൂട്ടത്തില്‍ ഇടയ്ക്കെക്കെ ഉന്നയിക്കപ്പെടുന്ന ഒന്ന്. ഈ സ്ഥിതിയില്‍ നിന്ന് മാറ്റമുണ്ടാകണം. ഇടയ്ക്കിടെ മുടങ്ങാതെ മുഴങ്ങുന്ന തേങ്ങലായി ദളിത് ക്രൈസ്തവരുടെ പട്ടിക ജാതി സംവരണം ഉയരുന്നനിപ്പുറം, ഐച്ഛികമായ താല്‍പ്പര്യങ്ങള്‍ക്കപ്പുറത്ത് മുഖ്യ അജണ്ടയായി ഇക്കാര്യം മാറണം. അല്ലെങ്കില്‍ ഭരണഘടനാപരമായ ഈ വഞ്ചന അവസാനമില്ലാതെ തുടരും. 

No comments:

Post a Comment