Search This Blog

Saturday, January 28, 2017

Divorce granted by Ecclesiastical courts not valid in Indian Civil Law..An article in comparison with Muslim law.

-വിവാഹമോചനം നിയമങ്ങള്‍ ഒന്നാകുമൊ ?
അഡ്വ. ഷെറി ജെ തോമസ്

വിവാഹം നടന്നത്തിലെക്കാറെ വേഗത്തിലായിരുന്നു ജിതിന്‍റെ വിവാഹമോചനം. ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ പരസ്പരസമ്മതപ്രകാരമുള്ള ജോയിന്‍റ് പെറ്റീഷന്‍ ഫയല്‍ ചെയ്ത് ജിതിനും ഭാര്യ മരിയയും കുടുംബകോടതിയില്‍ നിന്ന് വിവാഹമോചനം തേടി. ആറ് മാസം കൊണ്ട് കേസ് കഴിഞ്ഞു വിധിയും കിട്ടി. ഇരുവര്‍ക്കും രണ്ടാം വിവാഹാലോചനകള്‍ സുലഭം. പക്ഷെ പള്ളിയില്‍ വച്ച് വീണ്ടും വിവാഹം കഴിക്കണമെന്ന് നിശ്ചയിച്ച ജിതിന്‍ ഇപ്പോഴും അരമനകോടതയില്‍ നിന്നുള്ള വിധിക്കായി കാത്തിരിക്കുന്നു. മരിയയാകട്ടെ അരമനക്കോടതിയില്‍ നിന്നുള്ള മോചനമൊന്നും വേണ്ട എന്ന് തീരുമാനിച്ച് രജിസ്റ്റര്‍ കച്ചേരിയില്‍ രണ്ടാം വിവാഹം നടത്തി.

ചുരുക്കം പറഞ്ഞാല്‍ അരമനക്കോടതിയില്‍ നിന്നുള്ള വിധി കിട്ടിയാലും ഇല്ലെങ്കിലും രണ്ടാം വിവാഹം നടക്കും. പക്ഷെ കുടുംബകോടതിയില്‍ നിന്നുള്ള വിവാഹമോചനം കിട്ടാതെ രണ്ടാം വിവാഹം കഴിച്ചാല്‍ ക്രിമിനല്‍ കുറ്റമാണ്താനും. ക്രിസ്ത്യന്‍ വിവാഹം നടക്കുന്നത് കാനന്‍ നിയമപ്രകാരമാണ്, അതുകൊണ്ട് വിവാഹബന്ധം അവസനാനിപ്പിക്കലും കാനന്‍ നിയമപ്രകാരം തന്നെ പോരേ ? ഇസ്ലാം മതപ്രകാരം നടക്കുന്ന വിവാഹം കുടുംബകോടതിയില്‍ പോകാതെ തലാക്കിലൂടെ വേര്‍പെടുത്തുന്നുണ്ടല്ലോ ? കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ നീതിന്യായ പീഠങ്ങളില്‍ നിന്ന് പുറത്തുവന്ന വിധി ന്യായങ്ങളിലൂടെ ഈ വിഷയം ഇന്ന്  അഖിലേന്ത്യ തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇത് പുതിയ വാര്‍ത്തയല്ല

അരമനക്കോടതികള്‍ വിവാഹബന്ധം അസാധുവാക്കുന്ന ഉത്തരവുകള്‍ക്ക് സിവില്‍ നിയമപ്രാബല്യമില്ലെന്നത് ക്രിസ്തുമതവിശ്വാസികള്‍ക്ക് പുതിയ അറിവല്ല. പ്രത്യേകിച്ച് ഒരു പഠനവുമില്ലാതെ സാമൂഹ്യ ഇടപെടലുകളിലൂടെ വിശ്വാസികള്‍ക്ക് അക്കാര്യം ബോധ്യവുമാണ്. പക്ഷെ ബാംഗ്ളൂരുകാരനായ 80 കഴിഞ്ഞ ഒരു അഭിഭാഷകന്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയപ്പോള്‍ അത് വീണ്ടും പൊതു സമൂഹത്തില്‍ വാര്‍ത്തയായെന്ന് മാത്രം. പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ (1980) ഡല്‍ഹി ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് ഈ ആവശ്യം നിരാകരിച്ചിട്ടുള്ളതാണ്. വീണ്ടും 1996 ല്‍ സുപ്രീം കോടതിയും ഇക്കാര്യം ഇതേ രീതിയില്‍ തീര്‍പ്പാക്കിയിട്ടുള്ളതാണ്. വരുന്ന മാര്‍ച്ച് 28 ന് സുപ്രീം കോടതി മുത്തലാക്കിനെതിരെ നല്‍കിയ കേസ് വാദം കേള്‍ക്കാനിരിക്കുന്നു എന്നതാണ് ഇപ്പോള്‍ ഈ വിധി വാര്‍ത്തയാക്കുന്നതിന്‍റെ സാംഗത്യം. അനുകൂലിക്കുന്നവരായാലും എതിര്‍ക്കുന്നവരായാലും ഇനി ഉയര്‍ന്നു വരുന്ന ഒരു ചോദ്യം ഇതായിരിക്കും - ക്രിസ്ത്യന്‍ വിവാഹമോചനത്തിന്‍റെ കാര്യത്തില്‍ വ്യക്തിനിയമത്തിനുമുകളില്‍ സിവില്‍ നിയമം; ഇസ്ലാം വിവാഹമോചനത്തിന്‍റെ നിയമ സാധുതയുടെ കാര്യത്തില്‍ എന്തായിരിക്കും കോടതി നിലപാട് ?

മതമില്ലാത്ത രാജ്യം

അതേസമയം ഇംഗ്ളീഷ് നിയമത്തില്‍ അരമനക്കോടതിയില്‍ നിന്നുള്ള വിവാഹമോചനത്തിന് സിവില്‍  സാധുതയുണ്ട്; കാരണം അവിടെ രാഷ്ട്രത്തിന് ഒരു മതമുണ്ട്. എന്നാല്‍ ഇന്ത്യ ഒരു മതേതരരാജ്യമായതിനാലാണ് ഇങ്ങനെയെന്ന് കോടതി കൂടുതല്‍ വിശദീകരിച്ചു. പള്ളിയില്‍ നടക്കുന്ന വിവാഹത്തിന് സിവില്‍ നിയമസാധുത നല്‍കുന്നുണ്ട്. മതാചാരപ്രകാരം വൈദീകന്‍ ആശീര്‍വദിക്കുന്ന വിവാഹം മറ്റ് സിവില്‍ നിയമനിബന്ധനകളൊന്നുമില്ലാതെ തന്നെ നിയമപരമായി സാധുതയുള്ളതാണ്. (തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നിയമം കൊണ്ടുവന്നിരുന്നു). അതുകൊണ്ട് വിവാഹമോചനത്തിനും അത്തരമൊരു സാധുത കാനന്‍ നിയമത്തിന് നല്‍കണമെന്നായിരുന്നു കേസിലെ വാദം. മുത്തലാക്ക് മുസ്ലീം ആചാരപ്രകാരമായ വിവാഹമോചനം മാത്രമാണ്; എന്നാല്‍ അതിന് സിവില്‍ നിയമസാധുതയുണ്ട്. അതുപോലെ കാനന്‍ നിയമപ്രകാരമുള്ള വിവാഹ റദ്ദാക്കലിനും സിവില്‍ നിയമസാധുത നല്‍കണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചത്.


ഒരൊറ്റ നിയമത്തിലേക്കുള്ള അകലം കുറയുന്നു

പല ഘട്ടങ്ങളിലായി വിവിധ മതവിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വവേചനപരമായ ആചാരങ്ങള്‍ കോടതിവിധികളിലൂടെ പലപ്പോഴും തിരുത്തപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ക്രിസ്യാനികള്‍ക്ക് പിരിഞ്ഞ് താമസിച്ച് രണ്ട് വര്‍ഷത്തിനുശേഷം മാത്രമെ അപേക്ഷിക്കാനാകുമായിരുന്നുള്ളൂ.  അതേസമയം പരസ്പര സമ്മത്തോടെയുള്ള ഹിന്ദുവിവാഹമോചനത്തിന് പിരിഞ്ഞ് താമസിച്ച് ഒരുവര്‍ഷം മതി. ഇത് വിവേചനമാണെന്ന് കണ്ട കോടതി ക്രിസ്ത്യന്‍ വിവാഹമോചനത്തിനും പിരിഞ്ഞ് താമസിച്ച് ഒരു വര്‍ഷം കാലാവധി മതിയെന്ന് ഉത്തരവിറക്കി. അതുപോലെ സ്വത്തുവിഭജനകാര്യത്തില്‍ മേരി റോയി കേസിലെ വിധിയും സിവില്‍ നിയമത്തിന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്നു.  കാനന്‍ നിയമത്തില്‍ അനുവാദമില്ലെങ്കിലും നിയമസാധുതയുള്ള ദത്തെടുപ്പ് അനുവദിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍, തുടങ്ങി ഇടപെടലുകള്‍ നിരവധിയുണ്ടായിട്ടുണ്ട്.


സര്‍ക്കാര്‍ നിലപാട്

തലാക്ക് വിഷയത്തിലും ക്രിസ്ത്യന്‍ വിവാഹകോടതികളുടെ വിവാഹമോചനകാര്യത്തിലും ഒരേ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്.  പല മുസ്ലീം രാജ്യങ്ങളിലും മുത്തലാക്ക് നിയമസാധുതയുള്ളതായി കണക്കാക്കുന്നില്ല. മുത്തലാക്ക് പുരുഷനുമാത്രമുള്ള അവകാശമായതിനാല്‍ അത് സ്ത്രീകളോടുള്ള വിവേചനമായി കൂടി കാണുന്നു. ഇസ്ലാം ഔദ്യോഗിക മതമായുള്ള രാജ്യങ്ങളിലും മുസ്ലീം ജനസംഖ്യ കൂടുതലുള്ളതുമായ രാജ്യങ്ങളില്‍ പോലും മുത്തലാക്ക് പ്രാകൃതമെന്ന് കണ്ട് മാറ്റങ്ങള്‍ വരുത്തിയതായി കാണാം. പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍,മൊറോക്കൊ, ടുണിഷ്യ, ടര്‍ക്കി, ഇന്തോനേഷ്യ, ഈജിപ്ത്, ശ്രീലങ്ക, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ കാര്യം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഫലയാക്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കത്തോലിക്ക സഭയില്‍ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം.

പ്രായോഗികമായി ചിന്തിച്ചാല്‍ കുടുബകോടതിയില്‍ നിന്ന് തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ 6 മാസം കൊണ്ട് വിവാഹമോചനം ലഭ്യമാക്കാം. പക്ഷെ അരമനക്കോടതിയില്‍ അത്രയും കാലം പോര. അതിന്‍റെ നാലിരട്ടി കാലം വേണം. ഈ സാഹചര്യത്തിലാണ് കത്തോലിക്കസഭയില്‍ വിവാഹം റദ്ദാക്കുന്നതിന്‍റെയും പുനര്‍വിവാഹം ചെയ്യുന്നതിന്‍റെയും നടപടി ലഘൂകരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. സിവില്‍ വിവാഹമോചന നിയമത്തില്‍ ഇത്രയേറെ മാറ്റങ്ങള്‍ വന്നപ്പോഴും സഭാകോടതികള്‍ക്ക് ചുവപ്പു നാടകള്‍ക്ക് യാതൊരു മാറ്റവും വന്നില്ല. ഈ പശ്ചാത്തലത്തിലാണ് ദമ്പതിമാര്‍ം ഒന്നിച്ച് അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ ബിഷപ്പിന് വിവാഹ നടപടികള്‍ നേരിട്ട് റദ്ദാക്കാമെന്ന് മാര്‍പാപ്പ ഉത്തരവിറക്കിയത്. വിവാഹം റദ്ദാക്കല്‍ ബിഷപ്പുമാരുടെ നേരിട്ടുള്ള ചുമതലയില്‍ ഒരു അതിവേഗ സംവിധാനത്തിലൂടെ വേണമെന്ന്  ഉത്തരവില്‍ പറയുന്നു. ഒരുമിച്ചുള്ള അപേക്ഷയില്‍ തീരുമാനത്തിനുമേല്‍ അപ്പീല്‍ ഉണ്ടാവുകയില്ല എന്നതും കക്ഷികള്‍ക്ക് സമയനഷ്ടം ഒഴിവാക്കാന്‍ പ്രയോജനപ്രദമാണ്.
എന്തായാലും രാജ്യത്തിന് ഇനി വ്യക്തിനിയമങ്ങള്‍ക്കു മുകളില്‍ സിവില്‍ നിയമങ്ങള്‍ വരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടെന്ന് ഈ കേസുകളില്‍ അവര്‍ ഫയലാക്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാണ്. വിവേചനം വച്ചുപുലര്‍ത്തുന്ന കീഴ്വഴക്കങ്ങള്‍ മാറണം, പക്ഷെ ആര്‍ക്കും പരാതിയില്ലാതെ പരമ്പരാഗതമായി പുലര്‍ത്തിപ്പോരുന്ന പല വ്യക്തിനിയമ സംഹിതകളും ഒറ്റയടിക്ക് മാറ്റുന്നതിന് മുമ്പ് മതിയായ ചര്‍ച്ചകള്‍ നടത്തണം.

No comments:

Post a Comment