Search This Blog

Sunday, January 29, 2017

Domestic Violence Act - misused provisions - Article.

പീഢകരുടെ പീഢകള്‍ ആരറിയാന്‍
sherryjthomas@gmail.com

ഗാര്‍ഹികപീഢനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് നടപ്പിലാക്കിയ ഗാര്‍ഹിക പീഢന നിരോധന നിയമം 2005 ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കി.  മാധവിയമ്മക്ക് അത് ശരിക്കും മനസ്സിലായി.
ആകെയുള്ള മകന്‍റെ വിവാഹം ഗംഭീരമാക്കി നടത്തി.  വിവാഹശേഷം മകനും, മരുമകളും വീട്ടില്‍  താമസം തുടങ്ങി. തനിക്ക് ഒരു കൂട്ടായല്ലോ എന്നു കരുതി  വിധവയായ മാധവിയമ്മ ആദ്യം സന്തോഷിച്ചു.  മാധവിയമ്മയുടെ പേരിലാണ് ആകെയുള്ള 10 സെന്‍റും, വീടും, ആധാരമെഴുതിയിരിക്കുന്നത്.  സ്വന്തമായി ഒരു പുരയിടവും സ്ഥലവും എങ്കിലും കൈവശമുണ്ടല്ലോഎന്ന ആശ്വാസം എപ്പോഴും അവര്‍ക്ക് ഉണ്ടായിരുന്നു.  വിവാഹം കഴിഞ്ഞതോടെ മകന്‍റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി.  സ്വത്തില്‍ ഓഹരി വേണമെന്നായി അവന്‍റെ ആവശ്യം.  വസ്തു എഴുതിക്കൊടുത്താലല്ലേ മകനാണെങ്കിലും ഭൂമി ലഭിക്കുകയുള്ളൂ  മാധിയമ്മയുടെ പരിമിതമായ   അറിവ്  അപ്രകാരമായിരുന്നു.  ഏതായാലും തന്‍റെ കാലശേഷം കൊടുക്കാമെന്നായിരുന്നു അവരുടെ തീരുമാനം. അത് അവനെ അറിയിച്ചപ്പോള്‍ അവന്‍ ദേഷ്യം പ്രകടമാക്കി. 
  മകന്‍ ചിലവിനുപോലും തരാതായപ്പോള്‍ പറമ്പിന്‍റെ ഒരു ഭാഗം വിറ്റ് ചികിത്സക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാന്‍ മാധവിയമ്മ തീരുമാനിച്ചു.   നിനച്ചിരിക്കാതെ മജിസ്റ്റ്രേറ്റ് കോടതിയില്‍ നിന്ന് അവര്‍ക്ക് ഒരു നോട്ടീസ് കിട്ടി.  കോടതിയില്‍ നിന്നുള്ള ഉത്തരവ് വായിച്ച് അവര്‍ ഞെട്ടി.  തന്‍റെ ആകെയുള്ള സമ്പാദ്യത്തില്‍ മരുമകള്‍ക്ക് അവകാശമുണ്ടെന്നും, അത് അന്യാധീനപ്പെടുത്തരുതെന്നും കോടതി ഉത്തരവിട്ടിരിക്കുന്നു.   മരുമകള്‍ വാദിയും മാധവിയമ്മയും, മകനും, എതിര്‍കക്ഷികളും; അങ്ങനെയാണ് കേസ്. സ്വന്തമായി ഭൂമി ഉണ്ടായിട്ടും അതില്‍ ഇഷ്ടാനുസരണം ക്രയവിക്രയംനടത്താന്‍ അധികാരമില്ലാത്ത പാപ്പരുപോലെയായല്ലോ താന്നെന്ന് അവര്‍ക്ക് തോന്നി.  ഇതുപോലെ നൂറുകണക്കിന് അമ്മമാര് ഇന്ന് ഇന്ത്യയിലുണ്ട്.  

നിയമം ഉപയോഗിച്ച് പീഢനം

ഒരു സ്ത്രീ പുരുഷനുമായി പങ്കുപറ്റി താമസിക്കുന്ന വീട്ടില്‍ തുടര്‍ന്നും അവര്‍ക്ക് താമസിക്കാനുള്ള അവകാശം നല്‍കുന്ന നിയമമാണ് ഗാര്‍ഹിക പീഢന നിരോധന നിയമം.  വിവാഹിതരാണെങ്കിലും, അല്ലെങ്കിലും, സ്ത്രീയും, പുരുഷനും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ടെങ്കില്‍, തോന്നും പോലെ അവരെ വഴിയില്‍ ഇറക്കിവിടുകയോ, സാമ്പത്തിക-ശാരീരിക-മാനസീക പീഢനങ്ങള്‍ നടത്തുകയോ ചെയ്യുന്നതില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനുള്ള നിയമമാണ് ഇത്.  പക്ഷേ, കണക്കുകള്‍ വ്യക്തമാക്കുന്നത് ഈ നിയമം വളരെയധികം ദുരുപയോഗം ചെയ്യുന്നുവെന്നാണ്.  സ്വത്ത് ലഭിക്കുന്നതിനുവേണ്ടി ഭര്‍തൃമാതാപിതാക്കളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
  പങ്കുപറ്റി താമസിക്കുന്ന വീടിനെക്കുറിച്ച് അവ്യക്തമായ നിര്‍വ്വചനം നല്‍കിയിരിക്കുന്നതിനാല്‍ നിരവധി ആളുകള്‍ക്ക് മാധവിയമ്മയുടേതുപോലെ വിലക്കുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.  ഇത്തരം സാഹചര്യങ്ങളില്‍ പരസ്പരം ഇഷ്ടപ്പെട്ട് സ്വയം നടത്തുന്ന വിവാഹങ്ങളാണെങ്കില്‍ ഭര്‍തൃമാതാപിതാക്കളുടെ പേരിലുള്ള ഭൂമിയില്‍ താമസിക്കുന്നതിനുള്ള ഉത്തരവ് ലഭിക്കുകയില്ലെന്നും, അതേസമയം മാതാപിതാക്കള്‍ ഉറപ്പിക്കുന്ന വിവാഹം ആണെങ്കില്‍ ഭര്‍തൃമാതാപിതാക്കളുടെ പേരിലുള്ള ഭൂമിയില്‍ താമസിക്കുന്നതിനുള്ള ഉത്തരവ് ലഭിക്കും എന്നുവം വരെ കോടതി ഉത്തരവുണ്ടായി.  കുഴഞ്ഞുമറിഞ്ഞ നിര്‍വ്വചനം വീണ്ടും അപ്പീല്‍ കോടതികളില്‍ എത്തി.  
ഒരു സ്ത്രീ വിചാരിച്ചാല്‍ ഭര്‍ത്താവുമായി ഒത്തുനിന്നുകൊണ്ട് വീട്ടുകാരെ മുഴുവന്‍ കോടതി കയറ്റാനും കാരണവരുടെ പേരിലുള്ള ഭൂമിയില്‍ അവരുടെ അവകാശങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുവാന്‍ കഴിയുമെന്നായി.  നേരായ രീതിയില്‍ ഉപയോഗിച്ചാല്‍ ഈ നിയമം ഒരു വിപ്ലവം തന്നെയാണ്.  സ്ത്രീയായതിന്‍റെ പേരില്‍ ശാരീരികമായോ, മാനസീകമായോ, സാമ്പത്തീകമായോ, വൈകാരികമായോ യാതൊരു ഉപദ്രവവും ഒരു സ്ത്രീക്കും ഉണ്ടാകരുതെന്നാണ് ഈ നിയമത്തിന്‍റെ ഉദ്ദേശ്യം.  പീഢനമെന്നുകേട്ടാല്‍ ലൈംഗികപീഢനം എന്നുമാത്രം വാര്‍ത്തകളുണ്ടാകുന്ന നാട്ടില്‍ സ്ത്രീക്ക് വേറെയും ഒരുപാട് അവകാശങ്ങളുണ്ടെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുവാന്‍ ഇത് ധാരാളം മതി.

ഭര്‍തൃമാതാപിതാക്കളുടെ പേരിലുള്ള ഭൂമിയില്‍ ഇനി അവകാശമില്ല 

നിര്‍വ്വചനത്തിലെ അവ്യക്തതള്‍ തല്‍ക്കാലം ഇല്ലാതായി. വിവാഹം കഴിച്ചു വന്ന സ്ത്രീക്ക് ഭര്‍തൃമാതാപിതാക്കളുടെ പേരിലുള്ള ഭൂമിയില്‍ അവരുടെ അവകാശങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് താമസ അവകാശം സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ ഇനിയുണ്ടാവുകയില്ല.  
കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചു. സുപ്രീം കോടതിയുടെ ഒരു വിധിന്യായം ഉദ്ധരിച്ചുകൊണ്ടാണ് കോടതി ഈ നിഗമനത്തിലെത്തിയത്.  നിര്‍വ്വചനത്തിലെ അവ്യക്തതകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇനി ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ ഒരുമിച്ചു താമസിച്ചു എന്നതിന്‍റെ പേരില്‍ മാത്രം ഒരു സ്ത്രീക്കും, ഭര്‍തൃമാതാവിന്‍റെയോ, പിതാവിന്‍റെയോ, പേരിലുള്ള വീട്ടില്‍ അമിതമായ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനാകില്ല.  പുരോഗമനപരമായ ഒരു വീക്ഷണത്തില്‍ അപ്രകാരം ഒരു അവകാശം ആവശ്യമായേക്കും എങ്കിലും നിലവിലെ നിയമമനുസരിച്ച് അങ്ങനെ പ്രത്യേക അവകാശമൊന്നും വ്യാഖ്യാനിച്ചു നല്‍കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ചിലെ തന്നെ ഒരു ന്യായാധിപന്‍ അഭിപ്രായപ്പെട്ടപ്പോള്‍ വസ്തു കൈകാര്യം ചെയ്യുന്നതിനുള്ള ഭരണഘടനാപരമായ അവകാശം ഒരു നിയമത്തിനും മറികടക്കാനാവില്ലെന്ന് സഹോദര ന്യായാധിന്‍ വിധിയെഴുതി.

No comments:

Post a Comment