Search This Blog

Monday, March 2, 2015

Water shortage issue in Kozhinjampara - Right Bank Canal- Moolathara Dam

സ്വപ്‌നങ്ങള്‍ കൊഴിഞ്ഞ് 
കൊഴിഞ്ഞാംപാറ                Adv Sherry J Thomas  sherryjthomas@gmail.com
പാലക്കാട്‌ ജില്ലയില്‍ തമിഴ്നാട് അതിര്‍ത്തിക്കടുത്തു കൊഴിഞ്ഞാംപാറയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ സ്വപ്‌നങ്ങള്‍ ഇല്ല. കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളായി സ്വപ്‌നങ്ങള്‍ കൊഴിഞ്ഞുതുടങ്ങിയിട്ട്. അതിപ്പോള്‍ അതി മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുന്നു. ഇനി പൊട്ടിത്തെറിയിലേക്ക് ഏതു നിമിഷവും നീങ്ങാം.
വളരെ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ, രണ്ടാം ലോക മഹാ യുദ്ധകാലത്ത് ആനമല പര്‍വ്വത നിരയില്‍ നിന്ന് കൊരയാര്‍, വരട്ടയാര്‍, ചിറ്റൂര്‍പുഴ എന്നിവിടങ്ങളിലൂടെ കൊഴിഞ്ഞാംപാറയിലേക്ക്‌ വെള്ളം കിട്ടുമായിരുന്നു. തമിഴ്നാട്ടില്‍ ആളിയാര്‍ ഡാം പണിതതോടുകൂടി അത് തടസ്സപ്പെട്ടു. പക്ഷെ പറമ്പിക്കുളം-ആളിയാര്‍ അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം കേരളത്തിന്‌ തമിഴ്നാട്   ചിറ്റൂര്‍പുഴയിലൂടെ 7.25 ടി എം സി വെള്ളം നല്‍കണം. എന്നാല്‍ ചിറ്റൂര്‍ പുഴയില്‍ നിന്നും കൊഴിഞ്ഞാംപാറയിലേക്ക് കനാല്‍ സംവിധാനം ഇല്ലാത്തതുകാരണം വെള്ളം പുഴയിലൂടെ ഒഴുകിപ്പോകും. കൊരയാരിലും വരട്ടായറിലും നിന്നൊക്കെ പതിനാലു സ്വകാര്യ ജലസേചന സംവിധാനത്തിലൂടെ ലഭിച്ചിരുന്ന വെള്ളം കൊഴിഞ്ഞാംപാറക്കാര്‍ക്ക് ഇല്ലാതായി. നദീതീരസ്ഥലത്തിന്റെ ഉടമക്ക് ലഭിക്കേണ്ട അവകാശം (riparian right) അങ്ങനെ കൊഴിഞ്ഞാംപാറക്കന്യമായി. കൊഴിഞ്ഞാംപാറ ഫിര്‍ക്കയില്‍ ഉള്‍പ്പെട്ട മൂന്ന് പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കുടിവെള്ളം ടാങ്കര്‍ ലോറിയിലൂടെയായി.

പുഴയുടെ ഇരുവശം കനാല്‍ -വെള്ളം ഒരുവശം മാത്രം
ഒരേ പുഴയുടെ ഒരു വശത്ത് വെള്ളത്തിന്‌ ഒരു നിയമവും മറുവശത്ത് മറ്റൊരു നിയമവും – അതാണ്‌ മൂലത്തറ റൈറ്റ് ബാങ്ക് കനാല്‍ നിര്‍മ്മാണത്തില്‍ കണ്ടത്. 1972 ഇല്‍ ഒരു തവണ കനാല്‍ നിര്‍മ്മാണത്തിന് ആഘോഷമായി കല്ലിട്ടു. അല്പ്പദൂരം മൂകില്‍മട വരെ എത്തി പണി നിര്‍ത്തി. പിന്നീട് 1980 ഇല്‍ വീണ്ടും ആഘോഷമായി പണിയാരംഭിച്ചു,   1986 ഇല്‍ നിര്‍ത്തി. അതിനുശേഷം 1995 ഇല്‍ പണി വീണ്ടും ആരംഭിച്ചു, 1996 ഇല്‍ നിര്‍ത്തി. പിന്നീടു ഹൈ കോടതി ഇടപെടല്‍ ഉണ്ടായി; പക്ഷെ ഒന്നും നടന്നില്ല.
അതെ സമയം ലെഫ്റ്റ് ബാങ്ക് കനലില്‍ വെള്ളം സുലഭമാണ്. ഡാമില്‍ നിന്ന് കനാലിലേക്ക് വെള്ളം കടക്കുന്ന  ഭാഗം കണ്ടാല്‍ തന്നെ രണ്ടു കാനാലുകളോടുമുള്ള വിവേചനം കാണാം. റൈറ്റ് ബാങ്ക് കനാലിലേക്ക് വെള്ളം കടത്തിവിടുന്ന ഭാഗത്ത്‌ ഉയര്‍ന്ന മതില്‍ നിര്‍മ്മിച്ചത് കൊണ്ട് ഡാമില്‍ വളരെ അധികം വെള്ളം ഉണ്ടെങ്കില്‍ മാത്രമേ അതിലേക്കു വെള്ളം പോകുകയുള്ളൂ. അതേസമയം ലെഫ്റ്റ് ബാങ്ക് കനാലില്‍ താഴ്ത്തി പണിതിരിക്കുന്ന മതിലിലൂടെ നല്ല രീതിയില്‍ വെള്ളം ഒഴുകും. അതുകൊണ്ടാണ് നിലവില്‍ കൊരയാര്‍ വരെ മാത്രം ഉണ്ടാക്കിയിരിക്കുന്ന കുറഞ്ഞ അളവ് വെള്ളം മാത്രം ലഭിക്കുന്നത്.

പേപ്പറില്‍ കോടികള്‍ ; കാഴ്ചയില്‍ വരണ്ട തോടുകള്‍
പതിറ്റാണ്ടുകള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ആശ്വാസമായി പ്രധാനമന്ത്രിയുടെ കാര്‍ഷിക പുനരിധവാസ പദ്ധതിയില്‍ ആര്‍ ബി കനാല്‍ പദ്ധതി ഉള്‍പ്പെടുത്തി. അന്പതിയഞ്ചു കോടി രൂപയുടെ പദ്ധതിയില്‍ ഇരുപത്തിയഞ്ച് കോടി രൂപ  ആര്‍ ബി കനാല്‍ നിര്‍മ്മാണത്തിന് വേണ്ടി വകയിരുത്തി. ചിറ്റൂര്‍പുഴ കനാല്‍ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുമ്പോള്‍ ശേഷിക്കുന്ന ഇരുപതു ശതാമാനം വെള്ളം വരള്ച്ചയിലാണ്ട് കിടക്കുന്ന കൊഴിഞ്ഞാംപാറ ഫിര്‍ക്കയിലൂടെ കടത്തിവിടാം എന്നായിരുന്നു പ്രൊജക്റ്റ്‌. 10-2- 07 ഇല്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണതലതിലുള്ള അനുമതിയും പദ്ധതിക്ക് കിട്ടി.
കാര്‍ഷിക പുനരധിവാസ പദ്ധതിയുടെ ഉദ്ദേശം തന്നെ പാഴാകും വെള്ളം സംരക്ഷിക്കുക എന്നതാണ്. അതുകൊണ്ടാണ് ചിറ്റൂര്‍പുഴ കനാല്‍ ആധുനികവല്‍ക്കരണത്തിന് ശേഷവും ബാക്കിവരുന്ന ഇരുപതു ശതമാനം വെള്ളം ആര്‍ ബി കനാല്‍ വഴി ഒഴുക്കന്‍ പ്രൊജക്റ്റ്‌ ചെയ്തത്. ആരുടേയും വെള്ളം കവര്‍ന്നെടുക്കാതെ പാഴാകുന്ന വെള്ളമാണ് ലഭിക്കുമായിരുന്നത്. അതുകൊണ്ടുതന്നെ ആര്‍ ബി കനാലില്‍ വെള്ളമുണ്ടാകാന്‍ എവിടെയും അധിക ജലം ഉണ്ടാകേണ്ടതില്ല.

വെള്ളം മൌലീക അവകാശം
കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കൊഴിഞ്ഞാംപാറ. ചിറ്റൂര്‍പുഴ വര്‍ഷത്തില്‍ 10 മാസത്തിലധികം കൃഷി ആവശ്യത്തിനായി വെള്ളം നല്‍കി വര്‍ഷത്തില്‍ രണ്ടു തവണ മാത്രം വെളവ് എടുക്കുമ്പോള്‍ മലമ്പുഴ, വാളയാര്‍, മീങ്കര, പൂത്തുണ്ടി, മംഗലം മുതലായവ വര്‍ഷത്തില്‍ 3-4  മാസം മാത്രം കൃഷി ആവശ്യത്തിനായി വെള്ളം നല്‍കി രണ്ടു തവണ തന്നെ വെളവ് എടുക്കുന്നുണ്ട്. നിശ്ചിത വെള്ളം ചിറ്റൂര്പുഴയില്‍ നിന്ന് കൊഴിഞ്ഞാംപാറ ഫിര്‍ക്കയിലേക്ക് ഒഴുക്കണമെന്നു കോടതി ഉത്തരവും സര്‍ക്കാര്‍ ഉത്തരവും ഉണ്ടായിട്ടും ഫലമില്ലാത്ത അവസ്ഥ. സാങ്കേതികമായി തന്നെ വെള്ളത്തിന്റെ കണക്കു നോക്കിയാല്‍ മതിയായ വെള്ളം കൊഴിഞ്ഞാംപാറ ഫിര്‍ക്കയിലേക്ക് ഒഴുക്കനാകും. പക്ഷെ തടസ്സങ്ങള്‍ രണ്ടാണ്- ഒന്ന്: മറ്റു പ്രദേശങ്ങളിലേക്കുള്ള വെള്ളം നഷ്ടമാകുമെന്ന വ്യാജ പ്രചരണം.  രണ്ട്: ഇത്തരം പ്രചാരണങ്ങള്‍ കാരണം ആര്‍ ബി കനാല്‍ നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിവച്ചത്. സ്ഥലമെടുപ്പിനു വേറെയും  കോടികള്‍ വേണമെന്ന് അധികാരികള്‍ തടസ്സമുന്നയിച്ചപ്പോള്‍ സൌജന്യമായി ഭൂമി വിട്ടുകൊടുക്കാന്‍ ഒപ്പിട്ട സമ്മതപത്രങ്ങള്‍ ഉയര്‍ത്തിക്കാണിച്ചിട്ടും അത് കാണാന്‍ ആളില്ല. കാരണം പ്രശ്നം വേറെ ചിലതാണ്.

സന്ധിയില്ലാ സമരം
സ്ഥലത്തെ മുന്‍ നിയമസഭാംഗത്തിന്റെ മകനായ കൊച്ചുകൃഷ്ണന്‍ എന്ന അഭിഭാഷകന്റെ നേത്രുത്വത്തില്‍ പതിറ്റാണ്ടുകളായി നടന്നു വരുന്ന ഫിര്‍ക്ക ഫാര്‍മേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് അവിടെ ജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ സന്ഘടിക്കുന്നത്. ഇപ്പോള്‍ സമരത്തിന്‌ പുതിയ മാനം കൈവന്നിരിക്കുന്നു. പാലക്കാട്‌ ഭാഗത്ത്‌ സുല്‍ത്താന്‍പേട്ട് എന്ന രൂപത കൂടി നിലവില്‍ വന്നപ്പോള്‍ ബിഷപ്പ് അന്തോണി സാമി വിഷയത്തില്‍ സജീവമായി ഇടപെട്ടുതുടങ്ങി. ആല്‍ബെര്‍ട്ട് എന്ന വൈദീകന്‍ കൂടി ഫിര്‍ക്ക ഫാര്‍മേഴ്സ് അസോസിയേഷനില്‍ കൂടിയപ്പോള്‍, പുതിയ സമരമാനങ്ങള്‍ക്ക് സഭ ഒപ്പം ചേര്‍ന്നു. വേദന അനുഭവിക്കുന്നവന്റെ പക്ഷം ചേരാന്‍ കേരളത്തിലെ മുഴുവന്‍ ലത്തീന്‍ സഭയും പിന്നെ മടിച്ചില്ല. സുരക്ഷിതമായ പള്ളിമാതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം ശിരസാവഹിച്ചത് മാതിരിയാണ് പ്രദേശത്തുള്ള പാതിരികള്‍ ഇപ്പോള്‍. കേരള റീജിയന്‍ ലാറ്റിന്‍ കാത്തോലിക് കൌന്സിലിന്റെ (KRLCC) യുടെ നേത്രുത്വത്തില്‍ പല തവണ പ്രതിനിധികള്‍ കൊഴിഞ്ഞാംപാറ  സന്ദര്‍ശിച്ചു അവര്‍ക്ക് പിന്തുണ നല്‍കി. മുഖ്യമന്ത്രിയെ കാണുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തു. ഇതില്‍ ജാതിയും മതവുമില്ല. വെള്ളം, വായു, ജലം എന്നിവ ജന്മാവകാശമാണ് എന്ന തിരിച്ചറിവില്‍ അവരോടൊപ്പം മനുഷ്യസ്നേഹികള്‍ കൂടി എന്ന് മാത്രം.

എന്തുകൊണ്ടിങ്ങനെ
നിഷ്കളങ്കരാണ് കൊഴിഞ്ഞാംപാറ നിവാസികള്‍. വഴി ചോദിച്ചാല്‍ കൂടെ അവിടെ വരെ വന്നു കാണിച്ചുതരുന്നവര്‍. പക്ഷെ അവര്‍ക്കിടയില്‍ ചെന്നായ്ക്കളുണ്ട്. കുഞ്ഞാടുകളുടെ നാട്ടിലെ ചെന്നയ്ക്കളാണ് ഇവര്‍ക്ക് ഇന്നും വെള്ളം കിട്ടാത്തതിനു കാരണം. ഇതിനു കാരണം. പൊരിവെയിലത്ത് KRLCC സംഘത്തെ ദിവസം മുഴുവന്‍ അനുധാവനം ചെയ്ത അവരുടെ കണ്ണുകള്‍ ഇനിയും പ്രതീക്ഷക്കു വകയുണ്ട് എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. മൂന്ന് പഞ്ചായത്തുകളിലാണ് കൊഴിഞ്ഞാംപാറ. അത് കൊണ്ട് അവരെ പിണക്കിയാലും ബാക്കിയുള്ള എട്ടു പഞ്ചായത്തുകളില്‍ നിന്നുള്ള വോട്ടു മതി ജയിക്കാന്‍. അത് അറിയാവുന്നതു കൊണ്ടാണ് അവരുടെ നോട്ട വോട്ടു പോലും ഫലമില്ലാതായത്. ഇനി ചെന്നയ്ക്കള്‍ക്കിടയില്‍ പടപൊരുതി നേടാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് അവര്‍. സുല്‍ത്താന്‍പേട്ട് രൂപത നിലവില്‍ വന്നത് അതിനൊരു നിമിത്തം മാത്രം.


No comments:

Post a Comment