Search This Blog

Thursday, October 12, 2023

സാമൂഹിക സാമ്പത്തിക ജാതി സെൻസസ്

സാമൂഹിക സാമ്പത്തിക ജാതി സെൻസസ് (SECC)

ജാതി സെൻസസ് ഇന്ന് രാജ്യത്ത് ചർച്ചാവിഷയമാണ്. അടിച്ചമർത്തലിന്റെയും വർണ്ണ വിവേചനത്തിന്റെയും കാലഘട്ടത്തിൽ ജാതി പറയരുത് എന്ന് ആഗ്രഹിച്ചിരുന്നവർ ഇന്ന് പരമ്പരാഗതമായി അനുഭവിച്ചു പോന്നിരുന്ന വിവിധ മേഖലകളിലെ മേഖലകളിലെ പ്രാതിനിധ്യമില്ലായ്മയിൽ നിന്ന് അധികാരത്തിൽ പങ്കാളിത്തം നേടിയെടുക്കുന്നതിനാണ് ഇപ്പോൾ ജാതി സെൻസസ് നടത്തി സാമൂഹിക സാമ്പത്തിക വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നത് എന്നതാണ്  വ്യത്യാസം.

വിവിധ മതവിഭാഗങ്ങളും അതിനേക്കാൾ ഏറെ ജാതികളും ഒരുമിച്ച് ചേരുന്നതാണ് ഇന്ത്യ എന്ന രാജ്യം. നാനാത്വത്തിൽ ഏകത്വം എന്ന സങ്കല്പം വിവിധ വിഭാഗങ്ങൾക്ക് അവരുടേതായ നിയമപരമായ രീതികൾ തുടരുന്നതിനും പരിപാലിച്ചു പോരുന്നതിനുള്ള അവകാശവും അവസരവുമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 340 പ്രകാരം പ്രസിഡണ്ടിന് രാജ്യത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന  വിഭാഗങ്ങളുടെ അവസ്ഥ പഠിക്കുന്നതിന് കമ്മീഷനെ നിയമിക്കാം.

ഭരണഘടനയും ജാതിയും

ഇന്ത്യൻ ഭരണഘടനയിൽ വിവേചനങ്ങൾ ഉണ്ടാകരുത് എന്ന് പറയുന്ന ഭാഗത്ത് ജാതിയുടെ പേരിൽ യാതൊരു വിവേചനം ഉണ്ടാകരുത് എന്ന് എടുത്തു പറയുന്നുണ്ട്. വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയും സർക്കാർ ഉദ്യോഗങ്ങളിൽ മതിയായ പ്രാതിനിത്യം ഇല്ല എന്നുവന്നാലും സാമൂഹികമായും വിദ്യാഭ്യാസമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും പ്രത്യേക അവസരങ്ങൾ ഉണ്ടാക്കുന്നതിന്, സംവരണം നൽകുന്നതിന് തുല്യത  (ആർട്ടിക്കിൾ 14) എന്ന നിർവചനം ഭരണകൂടത്തെ തടയുന്നില്ല. സാമൂഹികവും വിദ്യാഭ്യാസപരമായും  ഉള്ള പിന്നാക്ക അവസ്ഥ  എന്നതിനൊപ്പം പിന്നീട് ഭേദഗതിയിലൂടെ സാമ്പത്തികവും കൂടി കൂട്ടിച്ചേർത്തു.

ഏതാണ് ഈ 'വിഭാഗങ്ങൾ' ?

ഭരണഘടനയിൽ പറയുന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കം നൽകുന്ന വിഭാഗങ്ങൾ ഏതാണ് എന്ന ചോദ്യത്തിന് ഈ വിഭാഗങ്ങളെ കണ്ടെത്തുന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ് എന്നതാണ് മറുപടി. ഇത്തരത്തിൽ സംവരണത്തിന് പ്രത്യേക പ്രാധിനിത്യത്തിന് അർഹത ലഭിക്കുന്ന വിഭാഗങ്ങളെ ഓരോ ജാതിയുടെ തലക്കെട്ടിലാണ് ഈ വിഭാഗങ്ങളുടെ പട്ടികയിലേക്ക് ഉൾപ്പെടുത്തുന്നത്. അവയിൽ തന്നെ പിന്നാക്ക വിഭാഗങ്ങൾക്ക് ക്രീമിലെയർ എന്ന മാനദണ്ഡം സൃഷ്ടിച്ച് അതിൻറെ പരിധിയിൽ താഴെ വരുന്ന ആളുകളെ മാത്രമായി ചുരുക്കി. ഉദാഹരണത്തിന് പിന്നാക്ക വിഭാഗം എന്ന നിലയിൽ കേരളത്തിൽ പൊതു നിയമനങ്ങളിൽ വിദ്യാലയ പ്രവേശനത്തിൽ അവസരം ലഭിക്കുന്നതിന് നിശ്ചിത ശതമാനം ഒഴിവുകൾ മാറ്റി വെച്ചിട്ടുള്ളത് ഏത് വിഭാഗത്തിനാണ് എന്നത് അതത് ജാതികളുടെ അടിസ്ഥാനത്തിലാണ് കണക്ക് വരുന്നത്. ഇങ്ങനെയുള്ള വിഭാഗങ്ങൾക്ക് ജനസംഖ്യ അനുസരിച്ച് മാത്രമാണ് സംവരണ കണക്ക് നിശ്ചയിക്കേണ്ടത് എന്ന് പറഞ്ഞാലും പൂർണ്ണമായും ശരിയല്ല. ഉദ്യോഗത്തിന്റെ വിവിധ തലങ്ങളിൽ ഓരോ വിഭാഗത്തിനും ഉള്ള പങ്കാളിത്തവും പ്രാതിനിധ്യവും കണക്കിലെടുത്തു കൂടി വേണം തോത് മാറ്റം നിശ്ചയിക്കാൻ. വിവിധ തലങ്ങളിലുള്ള ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം ഇല്ലാതെ വരുന്നവർക്ക് പ്രത്യേക നിയമനം നൽകി അവസരസമത്വം ഉണ്ടാക്കിയെടുക്കുമ്പോഴാണ് അതിൻറെ അർത്ഥം പൂർണമാകുന്നത്. അതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 15 (4) ലും 16 (4) ലും പറയുന്നത്. രാജ്യത്ത് ഇങ്ങനെയുള്ള എല്ലാ വിഭാഗങ്ങൾക്കും അധികാരത്തിന്റെയും ഉദ്യോഗത്തിന്റെയും എല്ലാ ധാരയിലും പ്രാതിനിധ്യം  ലഭിക്കുന്നത് വരെയും ഇത്തരത്തിലുള്ള പ്രത്യേക അവസ്ഥ - പരിഗണന  തുടരണ്ടി വരും.

എന്നാണ്  സെൻസസ് സെൻസസ് ആരംഭിച്ചത്?

ഇന്ത്യയിൽ സെൻസസ് തുടക്കം കുറിച്ചത് 1881 ലാണ്. 1931 ൽ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് (SECC) ആദ്യമായി നടത്തി. ജാതി സെൻസസ് കേവലം ജനസംഖ്യയെ പറ്റി വിവരം നൽകുമ്പോൾ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് വിവിധ വിഭാഗങ്ങളുടെ നിലവിലെ അവസ്ഥയെപ്പറ്റിയുള്ള ചിത്രം  നൽകുന്നു. 1951ൽ ജാതി വിവരങ്ങൾ ശേഖരിക്കുന്ന സെൻസസ് നിർത്തിവച്ചു. അതിനു കാരണമായി അന്ന്  പറഞ്ഞത് വേർപിരിവ് ഉണ്ടാക്കാതിരിക്കാനും ദേശീയ അഖണ്ഡതയ്ക്കു വേണ്ടിയും എന്നാണ്. പക്ഷേ വിവിധ വിഭാഗങ്ങൾക്ക് സാമൂഹിക സാമ്പത്തിക തലത്തിലുള്ള സർക്കാർ പദ്ധതികളുടെ വിതരണം നീതിപൂർവ്വം നിർവഹിക്കാൻ ഇത്തരത്തിലുള്ള വിവരശേഖരണം അത്യാവശ്യമാണ് എന്ന  തിരിച്ചറിവും ഉണ്ടായി. മാറുന്ന ഓരോ വിഭാഗത്തിന്റെയും അധികാരത്തിലുള്ള പങ്കാളിത്തവും വിവിധ കേന്ദ്രങ്ങളിൽ ഉള്ള പ്രാതിനിധ്യവും തിരിച്ചറിഞ്ഞ് പരിഹാര നടപടികൾ നിർദ്ദേശിക്കുന്നതിന് ജാതി തിരിച്ചുള്ള സാമൂഹിക സാമ്പത്തിക സെൻസസ് അനിവാര്യമായി വന്നിരിക്കുന്നു.

ജാതി സെൻസസ് എങ്ങനെ ഉപയോഗപ്പെടാം

സമൂഹത്തിൽ നിലവിലുള്ള അവസരസമത്വമില്ലായ്മ പരിഹരിക്കുന്നതിന് ജാതി സെൻസസ് ഉപയോഗപ്പെടുത്താം. നയ രൂപീകരണത്തിൽ, ഉദ്യോഗ തലങ്ങളിലുള്ള പങ്കാളിത്തം എന്നിവയിൽ ഒക്കെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം എത്രമാത്രം ഉണ്ട് എന്ന് തിരിച്ചറിയാൻ ഇത് ഉപകരിക്കും.

അതുപോലെ വിഭവങ്ങൾ വിതരണം ചെയ്യുന്നതിന് ആർക്കൊക്കെ ഏതൊക്കെ അളവിൽ കൊടുക്കണം എന്നത് തീരുമാനിക്കുന്നതിനും വിവരങ്ങൾ ലഭ്യമാകുന്നത് ഉപകരിക്കും.

സർക്കാർ നയപരിപാടികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി നടത്തേണ്ട പഠനങ്ങളെ പറ്റിയും ഏതൊക്കെ മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നതിനെ പറ്റിയും ജാതി സംബന്ധമായി വിവിധ വിഭാഗങ്ങളുടെ അവസ്ഥ സംബന്ധിച്ച് ലഭിക്കുന്ന വിശദമായ വിവരങ്ങൾ ഉപകരിക്കപ്പെടും.

മതവും ജാതിയും

രാജ്യത്ത് മതത്തിൻറെ പേരിൽ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നു എന്ന അനുഭവം ശക്തമായി വരുന്ന ഘട്ടത്തിലാണ് ജാതിയുടെ പേരിൽ അവസരം നിഷേധിക്കപ്പെട്ട ആളുകൾക്ക് അതേ ജാതിയുടെ പേര് പറഞ്ഞു തന്നെ അവസരങ്ങൾ നേടിയെടുക്കുന്നതിനും മുഖ്യധാരയിലേക്ക്  വരുന്നതിനും ചർച്ചകൾ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ പറയുന്ന ജാതി ചർച്ചകൾ യഥാർത്ഥത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയല്ല എന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് എന്നും മറുവാദം ഉണ്ടാകാം. മണ്ഡൽ  കമ്മീഷൻ ശുപാർശ നടപ്പിലാക്കുന്ന ഘട്ടത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യം കണ്ട അരക്ഷിതാവസ്ഥയും ചരിത്രവുമായി നമ്മുടെ മുന്നിലുണ്ട്.

മതത്തിൻറെ പേരിൽ എങ്ങനെ കൂട്ടം ചേർന്നാലും അതിൽ ജാതി വരുമ്പോൾ അധികാര പങ്കാളിത്തവും പ്രാതിനിധ്യവും ചോദ്യചിഹ്നങ്ങൾ ആകുമ്പോൾ ആ കൂട്ടത്തിൽ ഭിന്നിപ്പ് ഉണ്ടാകും. ഒരുപക്ഷേ രാജ്യത്തിൻറെ ബഹുഭൂരിപക്ഷം വരുന്ന ശതമാനം വരുന്ന ദളിത് പിന്നാക്ക വിഭാഗങ്ങൾ തങ്ങളെ അധികാരത്തിൽനിന്ന്, പ്രാതിനിധ്യത്തിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നു എന്ന് തിരിച്ചറിയുന്ന കാലം ഇനിയും വിദൂരമാകാം. മതപരമായ കൂടിച്ചേരലിന്  ആധ്യാത്മികതയും വിശ്വാസവുമൊക്കെ ബലം ഉണ്ടാക്കുന്ന ഘടകങ്ങളാണ്. അതേസമയം വ്യത്യസ്ത ജാതികൾ ലക്ഷ്യം ഒന്നാണ് എന്ന് തിരിച്ചറിഞ്ഞ് ചേരുക എന്ന സാധ്യത മാത്രമാണ് ഉള്ളത്.

ബീഹാറിൽ ജാതി സെൻസസിന്റെ കണക്കുകൾ പുറത്തു വന്നപ്പോൾ 63% പിന്നാക്കർ ആരാണ് എന്നാണ് വെളിപ്പെട്ടത് അതിൽ തന്നെ 36% പേർക്ക് സർക്കാരിൻറെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത അതിപിന്നാക്കക്കാരാണ്. 

സംവരണ വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിൽ പരമാവധി 10% കൊടുക്കാം എന്ന് ഭരണഘടന ഭേദഗതി വന്ന ഉടൻ തന്നെ മുഴുവൻ 10% വും കൊടുത്ത അനുഭവമാണ് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഉള്ളത്. ജനസംഖ്യയുടെ എത്ര ശതമാനത്തിനു വേണ്ടിയാണ് അത്രയും കൊടുത്തത് എന്ന് ഈ കണക്കുകൾ പുറത്തു വരുമ്പോൾ വെളിപ്പെടും.

ജനസംഖ്യയുടെ കണക്ക് മാത്രം നോക്കി സംവരണത്തോത് പുനർ നിശ്ചയിക്കുമോ ?

നിലവിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് നൽകിവരുന്ന സംവരണത്തിന്റെ തോത് പുതുക്കിയ ജനസംഖ്യാന ശരണം പുനർ നിശ്ചയിക്കുമോ എന്നത് ഉയർന്നുവരുന്ന ഒരു ചോദ്യമാണ്. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും ഒരുപോലെയല്ല പിന്നാക്ക അവസ്ഥ ഉള്ളത്. 2001 ൽ  പുറത്തുവന്ന ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉദ്യോഗത്തിലെ ചില തലങ്ങളിലെ പിന്നോക്കാവസ്ഥ പുറത്തുവിട്ടിട്ടുണ്ട്. ചില വിഭാഗങ്ങൾക്ക് സംവരണത്തോടു പൂർണമായും പ്രയോജനപ്പെടുത്താൻ ആയതുകൊണ്ട് സംവരണ നഷ്ടം. അതേസമയം ഉള്ള സംവരണം പോലും ശരിയായി ലഭ്യമാക്കാൻ ആകാതെ അതിലും നിരവധി ഒഴിവു വന്നിട്ടുള്ള പല വിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളുടെ  പട്ടികയിൽ ഉണ്ട് എന്നതാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അത്തരത്തിൽ നോക്കിയാൽ കേവലം ജനസംഖ്യ അടിസ്ഥാനത്തിൽ മാത്രമല്ല, വിവിധ ശ്രേണികളിൽ നിലവിലുള്ള പ്രാതിനിധ്യത്തിൻറെ അടിസ്ഥാനം കൂടി  കണക്കിലെടുത്തുകൊണ്ടാകണം അത്തരം കാര്യങ്ങളെപ്പറ്റി തീരുമാനമെടുക്കേണ്ടത്. 

Sherry J Thomas 

No comments:

Post a Comment