There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger. Mail: sherryjthomas@gmail.com Call @ 9447200500
Search This Blog
Monday, October 2, 2023
വിവാഹബന്ധം വളരെ എളുപ്പം ഒഴിവാക്കുമ്പോൾ ! (ക്രൈസ്തവരുടെ പരസ്പര സമരപ്രകാരമുള്ള വിവാഹമോചനത്തിന് ഒരു വർഷം കാത്തിരിപ്പ് ആവശ്യമില്ല എന്ന കേരള ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലുള്ള അവലോകനം)
വിവാഹബന്ധം വളരെ എളുപ്പം ഒഴിവാക്കുമ്പോൾ ....
“അവർ മേലിൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”—മത്തായി 19:6 എന്ന ബൈബിൾ വാക്യം ഉദ്ധരിച്ചുകൊണ്ട് കേരള ഹൈക്കോടതിയിൽ നിന്ന് പുറത്തു വന്ന വിധിന്യായം പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിന്റെ കാത്തിരിപ്പ് കാലയളവ് മാറ്റിയിരിക്കുന്നു. ഒരുകാലത്ത് പരസ്പരസമതം പ്രകാരമുള്ള ക്രിസ്ത്യൻ വിവാഹമോചന ഹർജി നൽകണമെങ്കിൽ വിവാഹം കഴിഞ്ഞ് രണ്ടുവർഷം എങ്കിലും വേർപിരിഞ്ഞ് താമസിക്കണമായിരുന്നു. അതേസമയം സ്പെഷ്യൽ മാരേജ് നിയമത്തിലും ഹിന്ദു വിവാഹ നിയമത്തിലും പാഴ്സി മാരേജ് ഡൈവോഴ്സ് നിയമത്തിലും അപ്രകാരമുള്ള കാലയളവ് ഒരു വർഷം മതി. അക്കാര്യങ്ങൾ പരിഗണിച്ച് 2010 ൽ ക്രൈസ്തവ വിവാഹമോചനത്തിനും വേർപിരിഞ്ഞു ഒരു വർഷം മതി എന്ന രീതിയിൽ കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. (2010 1 KHC 811, 2010 1 KLT 869). അതിന്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകൾ വരെ ക്രൈസ്തവ വിവാഹങ്ങളും വേർപിരിഞ്ഞ് രണ്ടുവർഷം കാത്തു നിൽക്കാതെ ഒരു വർഷം കഴിഞ്ഞാൽ തന്നെ പരസ്പരസമ്മതപ്രകാരം വിവാഹമോചന ഹർജികൾ നൽകിവന്നിരുന്നു.
ഇപ്പോൾ എന്താണ് വിഷയം ?
ഇപ്പോൾ ചർച്ചയ്ക്ക് കാരണമായ വിഷയം അതല്ല. ക്രൈസ്തവ വിവാഹമോചനം വിവാഹം കഴിഞ്ഞ് (വേർപിരിഞ്ഞ്) വർഷം പോലും കാത്തുനിൽക്കാതെ വിവാഹത്തിനുശേഷം എപ്പോൾ വേണമെങ്കിലും പരസ്പരസമ്മത പ്രകാരം വിവാഹമോചനം ആകാമോ എന്നതാണ് ചോദ്യം.
വിവാഹം കഴിഞ്ഞ ഉടനെ തന്നെ വിവാഹമോചന ഹർജി നൽകിയ കേസിൽ എതിർകക്ഷിക്ക് എതിർപ്പില്ല എന്നതിൻറെ പേരിൽ പരസ്പര സമ്മത പ്രകാരം ആ ഹർജി നൽകാനാകുമോ എന്ന് ചോദിച്ചാൽ നിലവിലെ നിയമപ്രകാരം പറ്റുമായിരുന്നില്ല.
ഹിന്ദു, പാഴ്സി, സ്പെഷ്യൽ മാരേജ് ആക്ട് എന്നീ നിയമങ്ങളിലൊക്കെ പറയുന്നതുപോലെ ഒരു വർഷം ക്രൈസ്തവർക്കും കാത്തിരിക്കണം.
മറ്റു നിയമങ്ങളിലെ വ്യവസ്ഥ
സ്പെഷ്യൽ മാരേജ് നിയമത്തിലെ വകുപ്പ് 29ലും ഹിന്ദു മാരേജ് നിയമത്തിലെ വകുപ്പ് 14 ലും വിവാഹമോചന ഹർജികൾ വിവാഹ തീയതിക്ക് ഒരു വർഷത്തിനുള്ളിൽ ഫയൽ ചെയ്യാൻ പാടില്ല എന്ന് പറയുകയും, അതേസമയം നിശ്ചിത കാരണങ്ങൾ ഉണ്ടെങ്കിൽ വിവാഹ തീയതിക്ക് ശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ ഹർജികൾ ഫയൽ ആക്കണമെങ്കിൽ കോടതിയുടെ പ്രത്യേക അനുവാദം വാങ്ങി ചെയ്യാനും വ്യവസ്ഥയുണ്ട്. ക്രൈസ്തവരുടെ വിവാഹമോചനം പറയുന്ന ഡൈവേഴ്സ് ആക്ടിൽ സാധാരണ വിവാഹമോചന ഹർജികൾ ഫയൽ ആക്കുന്നതിന് മേൽ പറഞ്ഞതുപോലെ ഒരു വർഷം കാത്തുനിൽക്കണമെന്നില്ല. അതുകൊണ്ടുതന്നെ സ്പെഷ്യൽ മാരേജ് നിയമത്തിലെയും ഹിന്ദു നിയമത്തിലെയും മേൽപ്പറഞ്ഞ വകുപ്പുകൾക്ക് സമാനമായ രീതിയിൽ പ്രത്യേക വ്യവസ്ഥ ഡൈവേഴ്സ് ആക്ടിൽ ഇല്ല.
ഒരു കാര്യം ഇവിടെ വ്യക്തമാണ് - വിവാഹമോചന ഹർജി ഏതു രീതിയിലുള്ള ആയാലും, നൽകുന്നതിന് ഒരു വർഷം കാത്തിരിക്കണം എന്ന വ്യവസ്ഥ സ്പെഷ്യൽ മാരേജ് നിയമത്തിലും ഹിന്ദു വിവാഹ നിയമത്തിലും ഉള്ളതുകൊണ്ടാണ് നിശ്ചിത കാരണങ്ങളുടെ അടിസ്ഥാനത്തിൽ അനുമതിയോടുകൂടി വേണമെങ്കിൽ ഒരു കാലയളവ് ഒഴിവാക്കി കിട്ടുന്ന കാര്യത്തിന് അവിടെ വ്യവസ്ഥകൾ ഉള്ളത്. അതേസമയം പരസ്പര സമരത്തോടുകൂടിയുള്ള വിവാഹത്തിന് ഹിന്ദു, സ്പെഷ്യൽ മാരേജ്, പാർസി, ക്രിസ്ത്യൻ നിയമങ്ങളിൽ എല്ലാം ഇപ്പോഴും ഒരു വർഷം കാത്തിരിക്കണം എന്നാണ് നിയമം.
പരസ്പര വിവാഹമോചനത്തിൽ ക്രൈസ്തവർക്ക് മാത്രമല്ല ഒരു വർഷം എന്ന വ്യവസ്ഥ
സാഹചര്യം ഇതായിരിക്കെ ക്രൈസ്തവരുടെ വിവാഹമോചനം സംബന്ധിച്ച് ഡൈവേഴ്സ് ആക്ടിൽ 10 A വകുപ്പിൽ പറയുന്ന പരസ്പര സമ്മതത്തോടുകൂടിയുള്ള വിവാഹമോചന ഹർജി ഫയലാക്കാൻ വേർപിരിഞ്ഞ് ഒരു വർഷം ആകണം എന്ന വ്യവസ്ഥ നിയമവിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി റദ്ദാക്കി. വിവാഹം കഴിഞ്ഞുവെങ്കിലും ഇരുകൂട്ടരും ദാമ്പത്യബന്ധം പോലും ഇല്ലാതെ ജീവിക്കുന്ന സാഹചര്യത്തിൽ ഒരു വർഷം കാത്തിരിക്കണം എന്ന വ്യവസ്ഥ വ്യക്തി അവകാശത്തിന് എതിരാണ് എന്ന പരിഗണനയിലാണ് ഒരു വർഷം കാലയളവ് പ്രവർത്തനങ്ങൾ വേണമെന്ന വ്യവസ്ഥ കഴിഞ്ഞ ഡിസംബറിൽ റദ്ദാക്കിയത്. (OPFC 398/2022 & WPC 28317/2022; 2022 7 KHC 532, 2022 6 KLT 902)
മറ്റു മതസ്ഥരുടെ നിയമത്തിൽ ഒരു വർഷത്തിനുള്ളിൽ തന്നെ വിവാഹമോചനം നടത്തുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഉണ്ട് എന്നതിനാലും ക്രൈസ്തവരുടെ ഡ്രൈവേഴ്സ് ആക്ടിൽ അങ്ങനെയില്ല എന്നും ഈ വിധിന്യായത്തിന് കാരണമായി പരാമർശം ഉണ്ട്. യഥാർത്ഥത്തിൽ ഏതുതരം വിവാഹമോചനം ഹർജി ഫയൽ ആക്കുന്നതിനും ഒരു വർഷം കാത്തിരിപ്പ് കാലയളവ് ഉള്ള മതവിഭാഗങ്ങൾക്കിടയിലാണ് അത്തരത്തിൽ ഇളവിനുള്ള വ്യവസ്ഥ ഉള്ളത്. ക്രൈസ്തവ വിഭാഗങ്ങളുടെ പൊതുവിലുള്ള വിവാഹമോചനത്തിന് അങ്ങനെ ഒരു കാത്തിരിപ്പ് നിയമപ്രകാരം വ്യവസ്ഥയില്ലാത്തതുകൊണ്ട് ഇളവിന്റെ കാര്യവും പറയണമെന്നില്ല എന്നും വേണമെങ്കിൽ വ്യാഖ്യാനിക്കാം.
മതപരമായ കൂദാശ
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു കൂദാശയാണ്. അതിനർത്ഥം മതപരമായി വളരെ പവിത്രമായി കാണുന്ന ഒരു നടപടി. അത്തരത്തിൽ പവിത്രമായ ഒരു ബന്ധം വളരെ പെട്ടെന്ന് വേർപെടുത്തി ഇല്ലാതാക്കുന്നത് ശരിയല്ല എന്ന് തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പാർലമെൻറിൽ ഈ നിയമം ഉണ്ടാക്കിയപ്പോഴും പിന്നീട് ഭേദഗതികൾ വരുത്തിയപ്പോഴും വിവാഹമോചനം സംബന്ധിച്ച കാര്യങ്ങൾ കടുപ്പമായി തന്നെ നിലനിർത്തിയത് എന്ന പൊതു നിലപാട് ഉള്ളവരാണ് ആ വിഭാഗത്തിൽ ഉള്ളവരിൽ കൂടുതലും.
നിയമവാഖ്യാനങ്ങൾക്കപ്പുറത്ത് വൈവാഹിക ബന്ധങ്ങൾ വളരെ എളുപ്പത്തിൽ വേർപിരിക്കുന്നത് പുതിയ കാലഘട്ടത്തിൽ എങ്ങനെയാകും എന്നത് കാത്തിരുന്നു തന്നെ കാണേണ്ട കാര്യമാണ്. ഒരുപക്ഷേ ഇതര വിഭാഗങ്ങളിലും ഇതേ ചുവടുപിടിച്ച് വളരെ എളുപ്പത്തിൽ പരസ്പര വിവാഹമോചന സാധ്യതകൾ വന്നേക്കാം. അതല്ലെങ്കിൽ നിലവിൽ ഇത്തരത്തിൽ നൽകിയ ഇളവ് പുന പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്തേക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment