ഏകീകൃത സിവില്‍ കോഡ് - ഭൂരിപക്ഷ അഭിപ്രായമോ സമവായമോ അഭികാമ്യം ?
#UniformCivilCode
UNITED NATION NEED NOT NECESSARILY HAVE UNIFORMITY-പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്തിൻറെ ഭരണഘടന രൂപീകരണ വേളയിൽ ഉയർന്നുവന്ന ആശയങ്ങളിൽ ഒന്നാണ് ഇത്. രാജ്യം ഒരുമിച്ച് നില്‍ക്കുന്നതിന് എല്ലാം ഒരുപോലെ തന്നെ ആകണം എന്ന് നിര്‍ബന്ധമില്ല എന്ന തത്വം രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷം ആഘോഷിച്ച ഇക്കാലത്തും പ്രസക്തമാണോ എന്ന ചോദ്യങ്ങൾ യൂണിഫോം സിവിൽ കോഡ് ചർച്ചകളിൽ ഉയരുകയാണ്. ഭൂരിപക്ഷം ജനങ്ങളുടെ താല്പര്യം നോക്കിയാണ് ഏകീകൃത സിവിൽ നിയമം സംബന്ധിച്ച് തീരുമാനമെടുക്കുന്നതെങ്കിൽ അധികം ചർച്ചകളുടെ ആവശ്യമില്ല. എന്നാൽ കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ഇന്ത്യയെന്ന ബഹുസ്വര രാഷ്ട്രത്തിൽ വിവിധ ന്യൂനപക്ഷങ്ങളുടെ കൂടി താല്പര്യങ്ങൾ സംരക്ഷിച്ച് ഭരണഘടന രൂപീകൃത അസംബ്ലി ഉണ്ടാക്കിയ ഭരണഘടനയുടെ അന്തസത്ത ഉൾക്കൊള്ളുന്ന സാഹചര്യമാണുള്ളതെങ്കിൽ ഭൂരിപക്ഷനിലപാട് എന്നതിനപ്പുറത്ത് ആശയപരമായ ചർച്ചകൾക്ക് സാധ്യതയുണ്ട്.
ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് ഭരണഘടനാ ശില്പി അംബേദ്കര്‍ ഇടപെട്ട ചർച്ചകളിൽ രേഖപ്പെടുത്തിയിട്ടുള്ളത് - ഭാവിയില്‍ ഇന്‍ഡ്യയില്‍ ഒരുപക്ഷെ ഏകീകൃത സിവില്‍ കോഡ് വന്നേക്കാം. പക്ഷെ അത് നിര്‍ബന്ധമായി അടിച്ചേല്‍പിക്കപ്പെടുന്നതാകരുത്, ആളുകളില്‍ ആശങ്ക ജനിപ്പിക്കുന്ന തരത്തില്‍ ആകരുത് എന്നാണ്. ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചിരുന്ന ആളുകളാണ് നെഹ്റുവും അംബേദ്കറുമെങ്കിലും അവ നിർബന്ധപൂർവ്വം നടപ്പാക്കേണ്ടതല്ല എന്ന നിഗമനത്തിലാണ്, രാജ്യത്ത് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണം എന്ന ഭരണഘടന ഭാഗം- (ആര്‍ട്ടിക്കിള്‍ 44) മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്താതെ നിര്‍ദേശകതത്വങ്ങളില്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ളതും. (മൗലികാവകാശങ്ങൾ പോലെ നിർബന്ധമായും ഓരോ വ്യക്തിക്കും ലഭിക്കേണ്ട അവകാശം എന്ന നിലയിൽ അല്ല നിർദ്ദേശങ്ങളായി മാത്രമാണ് ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ- Directive Principles of State Policy ഉള്ളത്)
*ഇപ്പോൾ എന്താണ് ചർച്ചാവിഷയം*
രാജ്യത്ത് ഇരുപത്തി രണ്ടാമത് നിയമ കമ്മീഷന്‍ 2023 ജൂണ്‍ 14 നു ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് വിധ മത വിഭാഗങ്ങളില്‍ നിന്ന് പൊതു അഭിപ്രായം ചോദിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് നല്‍കിയതാണ് ഇപ്പോൾ ചർച്ചാവിഷയം. വിവരങ്ങള്‍ മറുപടിയായി അറിയിക്കാനുള്ളവര്‍ 30 ദിവസത്തിനകം മറുപടി നല്‍കണം എന്ന് അറിയിച്ചുകൊണ്ടാണ് ജൂണ്‍ 14 പൊതു നോട്ടീസ് ഇറക്കിയിട്ടുള്ളത്.
ഇരുപത്തി ഒന്നാമത് നിയമ കമ്മിഷന്‍ ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നതും, വിശദമായ പഠനം നടത്തി 2018 ഓഗസ്റ്റ് മാസത്തില്‍ കൂടിയാലോചന പത്രിക പുറത്തിറക്കിയിരുന്നതുമാണ്. വീണ്ടും ഇത്തരത്തില്‍ ഒരു കമ്മീഷനെ നിയമിക്കാന്‍ കാരണമായി പൊതു നോട്ടീസില്‍ പറഞ്ഞിരിക്കുന്നത് അത്തരത്തിലുള്ള കൂടിയാലോചനാപത്രികയില്‍ നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു എന്നും ആ പത്രിക സമര്‍പ്പിച്ച് 3 വര്‍ഷ കാലാവധി കഴിഞ്ഞുപോയെന്നും വിഷയത്തില്‍ കോടതി വിധികള്‍ ഉണ്ട് എന്നും അതുകൊണ്ടുതന്നെ ഈ വിഷയം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ്.
*2018 ലെ കൂടിയാലോചനാപത്രിക*
ഇരുപത്തി ഒന്നാമത് നിയമ കമ്മിഷന്‍ പഠനത്തെ തുടര്‍ന്ന് 182 പേജ് വരുന്ന കൂടിയാലോചന പത്രിക 2018 ഓഗസ്റ്റ് 31 നു പുറത്തിറക്കിയിരുന്നു. ആ പത്രിക പ്രകാരം വിവിധ വ്യക്തി നിയമങ്ങളില്‍ തുല്യത വരുത്തുന്നതിനും അവ നീതീകരിക്കുന്നതിനും വേണ്ടി ഭേദഗതികള്‍ വരുത്തുന്ന കാര്യങ്ങള്‍ ഓരോ നിയമത്തിന്‍റെയും അടിസ്ഥാനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് ഏകീകൃത സിവില്‍കോഡ് വരേണ്ട അത്യാവശ്യമില്ല എന്നും അത് ഇപ്പോൾ അഭികാമ്യമല്ല എന്നുമാണ് 2018 ലെ റിപ്പോര്‍ട്ടില്‍ ഇരുപത്തൊന്നാമത് നിയമ കമ്മിഷന്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.
*വിവേചനങ്ങള്‍ ഇല്ലാതാകണം*
രാജ്യത്ത് വ്യക്തി നിയമങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെയുള്ള മത സ്വാതന്ത്ര്യത്തില്‍ സംരക്ഷിക്കപ്പെടുന്നതാണോ എന്നത് 2018 ലെ നിയമ കാര്യ കമ്മിഷന്‍ മുമ്പാകെ ഉയര്‍ന്നു വന്ന പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. വിവിധ മതങ്ങളുടെ വ്യക്തി നിയമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പല നിയമ വ്യവസ്ഥകളും വിവേചനങ്ങള്‍ ഉള്‍പ്പെടുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. അത്തരത്തിലുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിന് വിവിധ തരത്തിലുള്ള ഭേദഗതികള്‍ നിലവിലുള്ള വ്യക്തി നിയമങ്ങളില്‍ 2018 ലെ നിയമ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. കോടതി വിധികളിലൂടെയും അത്തരത്തിലുള്ള വിവേചനങ്ങള്‍ ഒഴിവായതായും പല കോടതിവിധികളും പരിശോധിച്ചാലും കാണാനാകും. വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്ത് വൈവിധ്യങ്ങളോട് കൂടിയ വ്യക്തിഗത നിയമങ്ങള്‍ നിലനില്‍ക്കെ തന്നെ മൗലീക അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ളവായൊന്നും ഉണ്ടാകരുത് എന്നത് ഉള്‍പ്പെടെ ഉള്ള ചര്‍ച്ചകളും 2018 ലെ കമ്മീഷന്‍ പത്രികയില്‍ ഉണ്ട്.
ഭരണഘടന പറയുന്ന മൗലീക അവകാശമായ തുല്യത ആര്‍ട്ടിക്കിള്‍ 14 വ്യത്യസ്ത വ്യക്തി നിയമങ്ങളെ പ്രത്യേകമായി എടുത്ത് പരിഗണിച്ച് മുഴുവന്‍ വ്യക്തികള്‍ക്കും ഇടയില്‍ ഒരേപോലെ തുല്യത വരുത്തുന്നതിന് പകരം അതാത് വ്യക്തി നിയമങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീയു പുരുഷനും തമ്മില്‍ തുല്യത ഉണ്ട് എന്ന് ഉറപ്പാക്കുകയാണ് ആവശ്യം എന്നത് സുപ്രധാനമായമൊരു വാദമാണ്. സതി എന്ന വ്യവസ്ഥ, അടിമത്വ വ്യവസ്ഥ, ദേവദാസി സമ്പ്രദായം, സ്ത്രീധനം, മുത്തലാക്ക് മൊഴി ചൊല്ലല്‍, ശൈശവ വിവാഹം, എന്നിങ്ങനെ നിരവധി ആചാരങ്ങള്‍ വിവിധ മതങ്ങളില്‍ ഉണ്ടായിരുന്നത് രാജ്യത്തെ നിയമ പ്രകാരം തന്നെ നിരോധിക്കപ്പെട്ടിട്ടുള്ളവയാണ്. അത്തരം നിരോധനങ്ങള്‍ വന്നത് ഏകീകൃത സിവില്‍കോഡ് ഉണ്ടായതിന്‍റെ അടിസ്ഥാനത്തിലല്ല, പകരം ഇവ വ്യക്തിസ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും എതിരാണ് എന്ന വിവിധ കോടതികളെയും നിയമഭേദഗതികളെയും തുടര്‍ന്നാണ്. ശൈശവ വിവാഹം പല വ്യക്തി നിയമങ്ങളിലും പറയുന്നുവെങ്കിലും അത്തരത്തിലുള്ള വിവാഹങ്ങൾ ഇന്ന് ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും ഇതര നിയമങ്ങൾ പ്രകാരവും കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ എടുക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ നിയമവിരുദ്ധമായ, വിവേചനപരമായ വ്യക്തിനിയമങ്ങൾ പ്രയോഗത്തിൽ ഇല്ലാതെ വരും. അതോടൊപ്പം ഓരോ മതവിഭാഗവും തങ്ങളുടെ മതാചാരങ്ങൾ പ്രകാരമുള്ളതെങ്കിലും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കെതിരായതും വിവേചനപരമായതുമായവ, ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ അത് വേണ്ടെന്നു വയ്ക്കാൻ സ്വയം മുന്നോട്ടു വരണം.
*ഏകീകൃത സിവില്‍കോഡും ക്രിസ്ത്യൻ വ്യക്തി നിയമങ്ങളും.*
വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, എന്നീ കാര്യങ്ങൾ കേരളത്തിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നിലവിൽ രാജ്യത്തെ സിവിൽ നിയമപ്രകാരം തന്നെയാണ് നടക്കുന്നത്. Indian Christian marriage act 1872, Divorce at 1869, Indian succession act 1925, Indian succession rules (Kerala) 1968, Cochin Christian civil marriage act 1095, Guardian and wards act 1890, Guidelines governing the adoption of children 2011, Central adoption resource authority (CARA) എന്നിവയൊക്കെയാണ് പ്രാദേശിക നിബന്ധനകൾക്ക് വിധേയമായി കേരളത്തിൽ ക്രൈസ്തവർക്കുവേണ്ടി നിലവിലുള്ള നിയമങ്ങൾ.
അതേസമയം ബഹുഭൂരിപക്ഷം ക്രൈസ്തവരുടെയും വിവാഹം നടക്കുന്നത് മതാചാരപ്രകാരമാണ്. കാനന്‍ നിയമ പ്രകാരമുള്ള ആചാരങ്ങള്‍ പാലിച്ച് പള്ളിയില്‍ നടക്കുന്ന കൂദാശയാണ് നിലവില്‍ ക്രിസ്ത്യന്‍ വിവാഹം. വ്യക്തിനിയമത്തിനുള്ള അംഗീകാരമെന്ന നിലയില്‍ ഇത്തരം വിവാഹങ്ങള്‍ കാനന്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ചാണെങ്കില്‍ നിയമപരമായി സാംഗത്യമുള്ളതാണ്. ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം 1872 തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങളില്‍ ബാധകമല്ല. കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ വിവാഹ നിയമം 1095, ആണ് കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പുള്ള കൊച്ചി മേഖലയില്‍ ബാധകം. എന്നാല്‍ യാതൊരു തരത്തിലുള്ള നിര്‍ബന്ധിത നിയമ ഇടപെടലുകളും ക്രിസ്ത്യന്‍ വിവാഹത്തില്‍ ഇല്ല. കേരളത്തിനു മുഴുവനായി ഒരു ഏകീകൃത നിയമമില്ല, കാനന്‍ നിയമപ്രകാരമുള്ള വ്യക്തിനിയമപ്രകാരമാണ് വിവാഹങ്ങള്‍ നടക്കുന്നത്. അതേ സമയം രാജ്യത്തെ സിവിൽ നിയമപ്രകാരമുള്ള പ്രായപൂർത്തിപ്രായം എന്നത് ഉൾപ്പെടെ പള്ളിയില്‍ കാനന്‍ നിയമപ്രകാരം നടക്കുന്ന വിവാഹങ്ങളില്‍ നിയമവിരുദ്ധവും വിവേചനപരവുമായ കാര്യങ്ങൾ നടക്കുന്നുവെന്ന് പരാതിയില്ല; അഥവാ ഉണ്ടെങ്കിൽ തന്നെ രാജ്യത്തെ നിയമവ്യവസ്ഥ പ്രകാരം നടപടികൾക്ക് വിധേയമാക്കപ്പെടും.
*മതാചാരപ്രകാരമുള്ള വിവാഹവും സിവിൽ രജിസ്ട്രേഷനും*
2008 മുതല്‍ മതാചാരപ്രകാരം നടക്കുന്ന വിവാഹം തദ്ദേശഭരണകൂടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. അത് വിവാഹത്തിന്‍റെ സാധുതസംബന്ധിച്ച നടപടിയല്ല, പകരം വ്യക്തിനിയമപ്രകാരം നടന്ന സാധുവായ ഒരു വിവാഹത്തിന്‍റെ കേവലം സര്‍ക്കാര്‍ രേഖ എന്ന അര്‍ത്ഥത്തിലുള്ളതാണ്. അതേ സമയം കാനന്‍ നിയമപ്രകാരമുള്ള വിവാഹ റദ്ദാക്കല്‍ സിവില്‍ നിയമപ്രകാരം സാംഗത്യമുള്ളതായി കണക്കാക്കില്ലയെന്നും ഇന്ത്യന്‍ ഡൈവോര്‍സ് നിയമപ്രകാരം കുടുംബകോടതിയില്‍ നിന്ന് വിവാഹം അസാധുവാക്കുന്ന ഉത്തരവുകള്‍ അതിനുണ്ടാകണമെന്നും കോടതി വിധികള്‍ ഉണ്ട്. കുട്ടിക്കും ഭാര്യയ്ക്കും ഭര്‍ത്താവ് ചെലവിനു നല്‍കുകയന്നെതും കുട്ടികളുടെ കസ്റ്റഡിയും ദത്തെടുക്കലും, ഒന്നും എഴുതിവയ്ക്കാതെ മരണമടയുന്ന ക്രൈസ്തവരുടെ പിന്തുടര്‍ച്ചാവകാശവും നിലവില്‍ സിവില്‍ നിയമപ്രകാരം തന്നെയാണ്.
കാനന്‍ നിമയപ്രകാരം പള്ളിയില്‍ നടക്കുന്ന വിവാഹത്തിന്‍റെ നിയമപരമായ നിലനില്‍പ്പ് ഏകീകൃത സിവില്‍ നിയമം നടപ്പിലായാല്‍ പരിമിതമാകും. വിവാഹം എന്ന കൂദാശ ഒരാചാരമായി ക്രൈസ്തവര്‍ ആചരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ അത് ഭരണഘടനാപരമായ മൗലികാവകാശമായി ആര്‍ട്ടിക്കിള്‍ 25 ലൂടെ വിവക്ഷിക്കാം. എന്നാല്‍ ഏകീകൃത സിവില്‍ നിയമം വരുമ്പോള്‍ മതരപരമായ ഒരു ചടങ്ങായി ഇപ്പോള്‍ നടന്നുവരുന്ന വിവാഹത്തിന് നിയമപരമായ സാധുത ഉണ്ടാകണമെന്നില്ല. അത്തരം ആചാരങ്ങളുടെ നിയമസാംഗത്യം സംരക്ഷിക്കുന്ന, ഏത് തരത്തിലുള്ള നിയമമാണ് വരുന്നതെന്ന കരട് ലഭ്യമാക്കാതെ ആശങ്കകള്‍ അവസാനിക്കില്ല. ഏതെങ്കിലും ആചാരങ്ങൾ ഭരണഘടന നൽകുന്ന തുല്യത (ആർട്ടിക്കിൾ 14) എന്ന മൗലികാവകാശത്തിനെതിരാണെങ്കിൽ അവയ്ക്ക് മതപരമായ ആചാരങ്ങൾ പാലിക്കാൻ അവകാശം നൽകുന്ന ആർട്ടിക്കിൾ 25 ഉണ്ട് എന്നതിന്റെ പേരിൽ നിലനിൽപ്പുമില്ല എന്നതും പ്രസക്തമാണ്. അതേസമയം സിവിൽ നിയമപ്രകാരം അനുവദനീയമായ തരത്തിലുള്ള ആചാരങ്ങൾ ഭരണഘടനയിൽ പറയുന്ന മൗലികാവകാശം എന്ന നിലയ്ക്ക് തുടരാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന വാദത്തിനെ ഏകീകൃത സിവിൽ നയമം എന്നതിന്റെ പേരിൽ പാടെ തള്ളിക്കളയാനുമാവില്ല.
ഫലത്തിൽ ഏതുതരത്തിലുള്ള ഏകീകൃത നിയമമാണ് വരാൻ പോകുന്നതെന്നും നിലവിൽ നിയമവിധേയമായി മതാചാരപ്രകാരം നടക്കുന്ന ക്രിസ്ത്യൻ വിവാഹമെന്ന കൂദാശയെ പുതിയ കോഡ് എങ്ങനെ ബാധിക്കുന്നുവെന്നതും ആശ്രയിച്ചുമായിരിക്കണം ക്രൈസ്തവരുടെ നിലപാടുകൾ. വിവിധ ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഉൾപ്പെടെ വിവാഹം അല്ലാതെയുള്ള മറ്റു കാര്യങ്ങളിലും നിയമവിധേയമായി തുടർന്നുപോരുന്ന ആചാരങ്ങൾ നിലനിൽക്കണം എന്നതും മൗലിക അവകാശമായി ഉന്നയിക്കപ്പെടും.
_അഡ്വ ഷെറി ജെ തോമസ്_
No comments:
Post a Comment