Search This Blog

Saturday, May 27, 2023

ജാഗ്രതയോടെ മുന്നേറി ജനജാഗ്രതാ സദസ്സുകള്‍ - CRZ 2019- DRAFT MAP- CZMP

 ജാഗ്രതയോടെ മുന്നേറി ജനജാഗ്രതാ സദസ്സുകള്‍

അഡ്വ: ഷെറി ജെ തോമസ്

തീരനിയന്ത്രണവിജ്ഞാപനത്തിന്‍റെ ഭാഗമായി ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിക്കപ്പെട്ട 2019 വിജ്ഞാപനം സംബന്ധിച്ച  പ്ലാന്‍ രൂപീകരിക്കുന്നതിനുവേണ്ടിയുള്ള കരട് മാപ്പ് പ്രസിദ്ധീകരിച്ച് അതിന്‍റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്.  കെല്‍ട്രോണിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് മാപ്പ് സംബന്ധിച്ച്  സാധാരണക്കാരായ തദ്ദേശവാസികളും, മത്സ്യത്തൊഴിലാളി സമൂഹവും എന്താണ് മറുപടി പറയേണ്ടത് ഏതു രീതിയില്‍ ഈ കരട് മാപ്പിനെ അഭിമുഖീകരിക്കണം എന്നതു സംബന്ധിച്ച് പ്രക്യേകിച്ച് യാതൊരു പൊതു നിര്‍ദ്ദേശങ്ങളും, ഇല്ല. സര്‍ക്കാര്‍ തലത്തിലുള്ള വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതും, ഹിയറിംഗ് തീയതികള്‍ രേഖപ്പെടുത്തിയ നോട്ടീസുകള്‍  വെബ്സൈറ്റിലും, പത്രങ്ങളിലും നല്കിയതുമല്ലാതെ ഏതൊക്കെ രീതിയില്‍ ഈ കരട് മാപ്പിനെ സംബന്ധിച്ച് ആക്ഷെപങ്ങള്‍ ബോധിപ്പിക്കണമെന്നും, എങ്ങനെ ഇത് ഭവന നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെയുള്ള  കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാക്കാം എന്നുള്ളതും, ജനം അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.  


ഈ സാഹചര്യത്തിലാണ് കേരളമെമ്പാടും ജനജാഗ്രതാ സദസ്സുകളുമായി കേരള ലാറ്റിന്‍ കാത്തലിക് അസ്സോസ്സിയേഷന്‍ ഈ കരടു മാപ്പ് പരിശോധനാ സംബന്ധിച്ച് പൊതു യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതിന് തുനിഞ്ഞിറങ്ങിയത്. എല്ലാത്തിനുമപരി തീരവാസികളുടെ ഭൂമിയില്‍ ഇത്തരത്തില്‍ നിയന്ത്രണണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിജ്ഞാപനം നീതിപൂര്‍വ്വമാണോ എന്നതു തന്നെ ഇപ്പോഴും പ്രസക്തമായ മറ്റൊരു ചേദ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി പോസറ്റീവ് നടപടികള്‍ ആകാം; പക്ഷെ വികസം നിരോധിച്ചുകൊണ്ടുള്ള നിരോധന നടപടികള്‍ തീരസമൂഹത്തിന് അവരുടെ ഭൂമി ഉപയോഗിക്കുന്നതിലുള്ള ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമല്ലേയെന്നും ചര്‍ച്ചകളുണ്ടാകേണ്ടിയിരിക്കുന്നു.

 

 ദ്വീപുകളുടെ ആനുകൂല്യം ലഭ്യമാകാത്ത കരട് പ്ളാന്‍

തീരനിയന്ത്രണവിജ്ഞാപനം 2019 -ന്‍റെ തീരപരിപാലനപ്ലാന്‍ ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് മാപ്പിനോടൊപ്പം  ദ്വീപുകള്‍ക്കായുള്ള 20 മീറ്റര്‍ എന്ന ഗുണം ലഭിക്കണമെങ്കില്‍ ഐ.ഐ.എം.പി. (ഇന്‍റഗ്രേറ്റഡ് ഐലന്‍റ് മാനേജ്മെന്‍റ് പ്ലാന്‍) എന്നതു കൂടി )ചേര്‍ന്നു വരണമായിരുന്നു.  എന്നാല്‍, അക്കാര്യങ്ങള്‍ ഇതോടൊപ്പം ഇല്ല എന്ന് സമ്മതിച്ചുകൊണ്ടുതന്നെയാണ് കരട് മാപ്പ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. ഈ കരട് മാപ്പ് ഔദ്യോഗികമായി പുറത്തിറക്കുന്ന ഘട്ടത്തില്‍ അടിയന്തിരമായി തന്നെ ഐ.ഐ.എം.പിയും തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണസാദ്ധ്യതകള പ്രാവര്‍ത്തികമാക്കുന്ന ഭാവികാല ഭവന നിര്‍മ്മാണ സാദ്ധ്യതകളുടെ പ്ലാനും പുറത്തിറക്കേണ്ടതാണ്.  ഇതിനും പറമേ, തദ്ദെശവാസികളുടെ ഭവന നിര്‍മ്മാണത്തിനായി തീരനിയന്ത്രണ വിജ്ഞാപനത്തിന്‍റെ തന്നെ ഭാഗമായി പറഞ്ഞിട്ടുള്ള ഭാവികാല ഭവന നിര്‍മ്മാണ സാദ്ധ്യതകള്‍ സൂചിപ്പിക്കുന്ന പ്രത്യേക പ്ല്ാന്‍ പുറത്തിറക്കണമെന്ന് ഇന്‍റഗ്രറ്റഡ് ഫിഷറീസ് വകുപ്പിന്‍റെ റിപ്പോര്‍ട്ടും കേരള ഹൈക്കോടതി വിധിന്യായവും ഉള്ളതാണ്.  അക്കാര്യം സംബന്ധിച്ചും പുതിയ മാപ്പില്‍ പരാമര്‍ശങ്ങളില്ല.  


കേരളത്തില്‍ വികസിതമായ പഞ്ചായത്തുകളാണ് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉള്ളത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ 333 പഞ്ചായത്തുകളെ സിആര്‍ഇസഡ് 3 ഗണത്തില്‍ നിന്ന് 2 ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍  ഉത്തരവിറക്കിയിരുന്നു.  എന്നാല്‍  നിലവില്‍  66 പഞ്ചായത്തുകളെ മാത്രമാണ് സിആര്‍ഇസഡ് 3 ഗണത്തില്‍ നിന്ന് 2 ഗണത്തിലേക്ക്  കരടില്‍ മാറിയിട്ടുള്ളത്.   സിആര്‍ഇസഡ് 3-ല്‍ നിന്നും 2-ലേക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന ഗുണങ്ങള്‍  - സിആര്‍ഇസഡ് 2-ല്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ക്ക് അംഗീകൃത നമ്പര്‍ ഇട്ട കെട്ടിടങ്ങളുടെയോ, അംഗീകൃതറോഡിന്‍റെയോ, കരഭാഗത്തെക്ക്  നിര്‍മ്മാണങ്ങള്‍  ജലാശയത്തില്‍ നിന്ന് അകലനിയന്ത്രണം ഇല്ലാതെ നടത്താം എന്നുള്ളതാണ്.  ഈ ആനുകൂല്യം നിലവില്‍ 66 പഞ്ചായത്തുകള്‍ക്കായി മാത്രം പരിമിതപ്പെട്ടിരിക്കുന്നു.  അതോടൊപ്പം നിലവിലുള്ള കോര്‍പ്പറേഷനുകള്‍ക്കും, മുനിസിപ്പാലിറ്റികള്‍ക്കും ഈ ഗുണം ലഭ്യമാകുകയും ചെയ്യും.  


തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിന് പ്ളാന്‍ വേണം

അതേസമയം സി ആര്‍ ഇസഡ് 2 ല്‍ ഉള്‍പ്പെടാതെയുള്ള ശേഷിക്കുന്ന പഞ്ചായത്തുകളില്‍ ജനസംഖ്യ ഒരു സ്ക്വയര്‍ കിലോമീറ്ററില്‍ 2161 എന്നതില്‍ അധികമുള്ള പഞ്ചായത്തുകളെ സിആര്‍ഇസഡ് 3എ എന്ന ഗണത്തിലും, അതിനുതാഴെ ജനസംഖ്യയുള്ള പഞ്ചായത്തുകളെ സിആര്‍ഇസഡ് 3 ബി എന്ന ഗണത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.  അതിന്‍റെ അടിസ്ഥാനത്തില്‍ കണക്കിലെടുത്താലും നിരവധി പഞ്ചായത്തുകള്‍ ഇപ്പോള്‍ ഭവന നിര്‍മ്മാണത്തിന് സാധ്യത കുറവുള്ള രീതിയില്‍ തുടരുകയാണ്.  ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിനാണ് തദ്ദെശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭാവികാല ഭവന നിര്‍മ്മാണ സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തുന്ന മാപ്പ് ഉണ്ടാക്കണം എന്ന കോടതി വിധി ഉള്‍പ്പെടെയുള്ളത്.  അതു സംബന്ധിച്ച് തദ്ദെശഭരണകൂടങ്ങളുമായി  കൂടിയാലോചനകള്‍ നടത്തുകയോ എവിടെയൊക്കെയാണോ ഇത്തരത്തില്‍ പ്ലാൻ ഉള്ളത് എന്ന് ചര്‍ച്ചകള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ല.  സിആര്‍ഇസഡ് 3-ല്‍ നിന്ന് 2ലേക്ക് മാറുന്ന പഞ്ചായത്തുകളുടെ എണ്ണത്തില്‍ കുറവു വന്ന ഈ സാഹചര്യത്തില്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തില്‍  നിര്‍മ്മാണസാദ്ധ്യതകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്ലാന്‍ വരിക എന്നത് അത്യന്താപേക്ഷിതമാണ്.  ദുരന്തനിവരണസംവിധാനങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍,ശുചിത്വസംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കി അത്തരത്തില്‍ പ്ലാനുകള്‍ ഉണ്ടാക്കാം  എന്ന വിജ്ഞാപനത്തിനും വിജ്ഞാപനത്തിനും എങ്ങനെ പ്ലാന്‍ ഉണ്ടാക്കാം എന്ന അനുബന്ധത്തിലും പറയുന്നുണ്ട്.  ഇക്കാര്യങ്ങള്‍ കൂടി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട തീരപരിപാലന അതോറിറ്റിയും സംസ്ഥന സര്‍ക്കാരും തയ്യാറാകണം.   


അനുവദനീയമാകുന്ന യു എ നമ്പറുള്ള വീടുകള്‍ ക്രമവല്‍ക്കരിക്കപ്പെടണം

പുതിയ മാപ്പ് നടപ്പിലാകുമ്പോള്‍ അനുവദനീയമാകുന്ന നിര്‍മ്മാണം ക്രമവല്‍ക്കരിക്കപ്പെടണം. യു.എ. നമ്പറുകളായി നല്കിയിട്ടുള്ള കെട്ടിടങ്ങള്‍ക്ക് ആ നമ്പറുകള്‍ ക്രമവത്ക്കരിക്കുന്നതിന് നിയമത്തിനു വിധേയമായി നിലവില്‍ ഈ മാപ്പിലൂടെ ചെയ്യുന്നതിന് തടസ്സങ്ങള്‍ ഉണ്ടെങ്കിലും ഭാവിയില്‍ ആ വിഷയം കൂടി പരിഹരിക്കുന്നതിനുള്ള സമ്മര്‍ദ്ദപരിപാടികള്‍ ആവിഷകരിക്കേണ്ടതുണ്ട്.  വ്യക്തിപരമായി അവരവരുടെ സര്‍വ്വേനമ്പറുകള്‍  പരിശോധിച്ച്  നടത്തുന്ന ആക്ഷേപങ്ങള്‍ക്കു പുറമേ നിലവില്‍ 25,000 ത്തോളം അണ്‍ഓഥറൈസ്ഡ് നമ്പറുകള്‍ രേഖകളില്‍ ഉള്ള കേരളത്തില്‍ ഏകദേശം 20000 ഓളം നമ്പറുകള്‍ തദ്ദെശവാസികളുടെ ഭവനങ്ങളാണ് എന്നാണ് കണക്കുകള്‍. പ്രുതിയ വിജ്ഞാപനത്തില്‍ പറയുന്നത് 2011-ല്‍ അനുവദനീയമായ  വീടുകള്‍ വ്യവസ്ഥകള്‍ക്കു വിധേയമായി ക്രമവത്ക്കരിക്കാം എന്നതുമാത്രമാണ്.  അതേസമയം, തങ്ങളുടെ വീടുകള്‍ പുതിയ വിജ്ഞാപനങ്ങള്‍ നടപ്പിലായിക്കഴിയുമ്പോള്‍ ക്രമവത്ക്കരിച്ചുതരണം എന്നുള്ള ആവശ്യം ഉന്നയിക്കപ്പെടേണ്ടതുണ്ട്.  


സംയാജിത ദ്വീപ് പരിപാലന പ്ളാന്‍ വേണം

അതുപോലെ തന്നെ, ഇപ്പോഴും ദ്വീപുകളായി തന്നെ സ്ഥലങ്ങളുടെ ദ്വീപുകളുടെ പൂര്‍ണ്ണരൂപം  ലഭ്യമാകണമെങ്കില്‍ (ഇന്‍റഗ്രേറ്റഡ് ഐലന്‍റ് മാനേജ്മെന്‍റ് പ്ളാന്‍) സംയോജിത ഐലന്‍റ് മാനേജ്മെന്‍റ് പ്ലാന്‍ ഉണ്ടാകണമെന്നത് സംബന്ധിച്ചും സമ്മര്‍ദ്ദങ്ങളും, തീരുമാനങ്ങളും ഉണ്ടാകേണ്ടതുണ്ട്.  അതിനുപുറമേ, നിലവില്‍ പഞ്ചായത്തുകളായി തുടരുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ചും തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണം സാദ്ധ്യമാക്കുന്നതിന്  ഭാവി കാല നിര്‍മ്മാണങ്ങള്‍ സാദ്ധ്യമാക്കുന്ന സ്ഥലങ്ങള്‍ സൂചിപ്പിക്കുന്ന പ്രത്യേക പ്ലാന്‍ തദ്ദേശഭരണകൂടങ്ങളുമായി കൂടിയാലോചന നടത്തി  പ്രഖ്യാപിക്കപ്പെടേണ്ടതുണ്ട്.  തീരനിയന്ത്രണ വിജ്ഞാപനത്തിന്‍റെ പരിധിയില്‍ ഭൂമി ഉള്ളവര്‍ക്ക് ഭവന നിര്‍മ്മാണത്തിനും, വിദ്യാഭ്യാസ വായ്പക്കും ഉള്‍പ്പെടയുള്ള വായ്പകള്‍ ലഭിക്കുന്നതിന്  പോലും സാദ്ധ്യമാകാത്ത തരത്തിലുള്ള സാഹചര്യമാണ് നിലവിലുള്ളത്.  അവരുടെ ഭൂമി ബാങ്കുകള്‍ പോലും ഈടായി സ്വീകരിക്കുകയോ, അത്തരം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയോ, ചെയ്യുന്നു.  ഇത് യഥാര്‍ത്ഥത്തില്‍ ഇതര പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളും, തീരപ്രദേശത്തു താമസിക്കുന്ന ആളുകളും, തമ്മില്‍ അവരുടെ ഭൂവിനിയോഗത്തിന് ഉണ്ടാകുന്ന വിവേചനമാണ്.  ഭൂവുടമസ്ഥതാവകാശം ഏവരുടേയും ഭരണഘടനാപരമായ അവകാശമാണ് എന്നിരിക്കെ, ഇത്തരത്തില്‍ സ്വന്തമായി ഭൂമി  ഉള്ളവര്‍ക്ക് ഇങ്ങനെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും, അവരുടെ ഭൂമി വിനിയോഗിക്കുന്നതിന് അര്‍ഹമായ അവസരവും, അവകാശവും, ലഭിക്കാതിരിക്കുന്നതിം, ഗുരുതരമായിട്ടുള്ള വിഷയമായിട്ടുള്ളതും അക്കാര്യത്തില്‍ വളരെ ഗൗരവമായ സമീപനം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുമാണ്.  സിആര്‍ഇസഡ് 2-ല്‍ഉള്‍പ്പെട്ടാലും 3-ല്‍ ഉള്‍പ്പെട്ടാലും സിആര്‍ഇസഡിന്‍റെ പരിധിയില്‍ വന്നു എന്നതിന്‍റെ പേരില്‍ തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ക്ക് വിധേയമാവുകയും ഭൂമിയുടെ വിനിയോഗത്തിന് കാരണമാകുകയും ചെയ്യുന്ന തീരസമൂഹത്തിന്‍റെ ആകുലതകള്‍ എത്രനാള്‍ കണ്ടില്ലെന്നു നടിക്കാനാകും എന്നതും പ്രസക്തമായ ചോദ്യമാണ്.   


അതോടൊപ്പം തന്നെ കേന്ദ്രതലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കി അയച്ച പഞ്ചായത്തുകളെ സിആര്‍ഇസഡ് 2-ലേക്ക് മാറ്റുന്നതില്‍ പരിമിതികള്‍ വരുത്തിയത് പുന;പരിശോധിച്ച്  അത്തരം പഞ്ചായത്തുകള കൂടി  സിആര്‍ഇസഡ് 2 ഗണത്തില്‍ വരുത്താനുള്ള സാഹചര്യങ്ങള്‍ കൂടി  ഉണ്ടകണം എന്നതും പൊതു ആവശ്യമായി ഉയര്‍ന്നുവരേണ്ടതുണ്ട്.  


ജനജാഗ്രതാ സദസ്സുകളിലൂടെ

നിരവധി പ്രദേശങ്ങളില്‍ ജനജാഗ്രതാസദസ്സുകള്‍ സംഘടിപ്പിച്ചുവരുകയാണ്.  കെഎല്‍സിഎ -യുടെ നേതാക്കള്‍ വൈദികരും, സഹകരിച്ചാണ് ഈ സദസ്സുകളിലേക്ക് ആളുകളെ എത്തിക്കുന്നത്.  പല സ്ഥലങ്ങളിലും തങ്ങളുടെ സര്‍വ്വേ നമ്പറുകളുമായി ഇതര മതസ്ഥര്‍ ഉള്‍പ്പെടെ ആളുകള്‍ നിറഞ്ഞു കവിയുന്ന സദസ്സുകളാണ് ഉണ്ടായിട്ടുള്ളത്. സദസ്സുകളില്‍ പ്രധാനമായും, ആളുകള്‍ക്ക് സഹായകരമായി ചെയ്യുന്ന കാര്യങ്ങള്‍ ഇവയൊക്കെയാണ്.

1. തങ്ങളുടെ സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടുന്ന പ്രദേശം മാപ്പില്‍ കണ്ടെത്താനും യഥാര്‍ത്ഥത്തിലുള്ള അവസ്ഥയില്‍ നിന്നും വ്യത്യസ്ഥമായിട്ടാണോ എന്തെങ്കിലും രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ അക്കാര്യങ്ങള്‍ക്ക് തിരുത്തലുകള്‍ രേഖപ്പെടുത്താനും അവരെ സഹായിക്കുന്നു.  

2. സിആര്‍ഇസഡ് 2-ലേക്ക് വന്നിരിക്കുന്ന പ്രദേശങ്ങളില്‍ എല്ലാ റോഡുകളും മാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നു.  

3. തൂമ്പ് ഗെയ്റ്റുകള്‍ ഉള്ള സ്ഥലങ്ങളില്‍ എല്ലാ പ്രദേശങ്ങളിലും തൂമ്പുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ഇല്ലാത്തിടത്ത്  അവ രേഖപ്പെടുത്തുന്നതിനും ഉള്ള പരാതി നല്കുന്നതിനും ജനങ്ങളെ സഹായിക്കുന്നു.  

4. ബഫര്‍ സോണ്‍ഉള്ള പ്രദേശങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ ആയി മാറിയിട്ടുള്ളവ സ്വകാര്യബഫര്‍ സോണുകളാങ്കെില്‍ കണ്ടല്‍ക്കാടുകള്‍ക്കു ചുറ്റും ബഫര്‍ സോണുകള്‍ ഉണ്ടകേണ്ടതില്ല.  ഇക്കാര്യങ്ങള്‍ ആളുകളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.  അതോടൊപ്പം തെറ്റായി ബഫര്‍സോണുകളായി കാണിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സര്‍വ്വെ നമ്പറുകള്‍ ചൂണ്ടിക്കാണിക്കണം. 

5. നിലവിലുള്ള മാപ്പുപ്രകാരം യഥാര്‍ത്ഥത്തിലുള്ള ഭൂമിയുടെ അവസ്ഥയില്‍ നിന്നും വ്യത്യാസം ഉണ്ടെങ്കില്‍ അത് വേലിയേറ്റരേഖയിലുള്ള വ്യത്യാസം ആണെങ്കിലും, ഏതെങ്കിലും പ്രദേശങ്ങള്‍ തെറ്റായി സിആര്‍ഇസഡ് പരിധില്‍ ഉള്‍പ്പെട്ടതാണെങ്കിലും അക്കാര്യങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാന്‍ ആളുകള്‍ക്ക് പരിശീലനം നല്കുന്നു.  


No comments:

Post a Comment