Search This Blog

Sunday, January 25, 2026

മാതാപിതാക്കളുടെ ഭൂമി മക്കൾക്ക് ലഭിക്കുമോ?

മാതാപിതാക്കളുടെ ഭൂമി മക്കൾക്ക് ലഭിക്കുമോ?

​പിന്തുടർച്ചാവകാശ നിയമപ്രകാരം മാതാപിതാക്കളുടെ കാലശേഷം അവരുടെ ഭൂമി മക്കൾക്ക് സ്വാഭാവികമായി ലഭിക്കുമോ എന്നതാണ് ചോദ്യം!

ഇന്ത്യയിൽ വിവിധ മതവിഭാഗങ്ങളുടെ സ്വത്ത് സംബന്ധമായ പിന്തുടർച്ചാവകാശ നിയമങ്ങൾ വ്യത്യസ്തമാണ്.
ക്രിസ്ത്യാനികളുടെ കാലശേഷം സ്വത്ത് വിഭജനം നടക്കുന്നത് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരമാണ് (Indian Succession Act 1925).  എന്നിരുന്നാലും ജീവിച്ചിരിക്കുന്ന കാലയളവിൽ തങ്ങളുടെ ഭൂമി ഇഷ്ടമുള്ളതുപോലെ എഴുതി വെക്കാൻ ഉടമസ്ഥന് അവകാശമുണ്ട്. വിൽപ്പത്രങ്ങൾ മുഖേനയോ ധനനിശ്ചയം,  ഇഷ്ടദാനം, തീറ് എന്നിങ്ങനെ ആധാരങ്ങൾ മുഖേനയോ ഭൂമി കൈമാറ്റം ചെയ്യാം.സ്വന്തമായി ഉടമസ്ഥതയിലും കൈവശത്തിലും ഇരുന്നു വരുന്നതും വില്ലേജ് രേഖകളിൽ തണ്ടപ്പേര്  പിടച്ച് സമ്പൂർണ്ണ അവകാശത്തോടുകൂടി കൈകാര്യം ചെയ്തുവരുന്ന ഭൂമിയുമാണ് ഇത്തരത്തിൽ എഴുതി നൽകാൻ അവകാശമുള്ളത്.
അതേസമയം, പ്രമാണങ്ങളൊന്നും എഴുതിവെക്കാതെ മരണമടഞ്ഞാൽ അങ്ങനെയുള്ള ഭൂമി പിന്തുടർച്ചാവകാശ പ്രകാരം നിലവിലുള്ള അവകാശികളിൽ വന്നുചേരും.

എങ്ങനെയാണ് അവകാശികൾക്ക് നിയമപ്രകാരം ഭൂമി കൈവശമാകുന്നത്?

ഉടമസ്ഥന്റെ കാലശേഷം ശേഷിക്കുന്ന അവകാശികളിൽ നിയമം അനുശാസിക്കുന്ന പ്രകാരമുള്ള വിഹിതത്തിലാണ് ഭൂമി വന്നുചേരുന്നത്.   ഒരു വ്യക്തിയുടെ കാലശേഷം അയാളുടെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം ഭാര്യക്കും ശേഷിക്കുന്ന മൂന്നിൽ രണ്ടു ഭാഗം മക്കൾക്കും ലഭിക്കും. മക്കളില്ല, ഭാര്യയും അയാളുടെ മറ്റു സഹോദരീ സഹോദരന്മാരുമാണ് അവശേഷിക്കുന്നതെങ്കിൽ പകുതി അവകാശം ഭാര്യക്കും ശേഷിക്കുന്ന പകുതി അവകാശം സഹോദരീ സഹോദരന്മാർക്കുമായി വീതിച്ചു ലഭിക്കും. (ഭർത്താവോ ഭാര്യയോ ഇരുകൂട്ടർക്കും ഇതുപോലെ ലഭിക്കുന്നതിന് അവകാശമുണ്ട്). ഭാര്യ അല്ലെങ്കിൽ ഭർത്താവ് മാത്രമാണ് അവശേഷിക്കുന്നത് മറ്റ് സഹോദരീ സഹോദരന്മാരൊന്നുമില്ലെങ്കിൽ മുഴുവൻ സ്വത്തും അവർക്ക് ലഭിക്കും. (ക്രൈസ്തവരുടെ  സ്വത്ത് വിഭജനമാണ് വിവരിച്ചത്) 

നടപടിക്രമങ്ങൾ എങ്ങനെ?

മരണമടഞ്ഞയാളുടെ  ഡെത്ത് സർട്ടിഫിക്കറ്റ് തദ്ദേശ ഭരണകൂടത്തിൽ നിന്നും എടുക്കേണ്ടതുണ്ട്.
അതിനുശേഷം  മറ്റു പ്രാഥമിക അന്വേഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസിൽ നിന്നും ബന്ധുത്വ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്.

അത്തരത്തിൽ ബന്ധുത്വ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം നിലവിലുള്ള അവകാശികൾ ഭൂമി തങ്ങളുടെ പേരിലേക്ക് പോക്കുവരവ് ചെയ്യുന്നതിന് അവകാശ പോക്കുവരവ് അപേക്ഷ റവന്യൂ ഓഫീസിൽ  നൽകണം. അനന്തരാവകാശ പോക്കുവരവ് ചെയ്യുന്നത് തഹസിൽദാർ ആണ്. തർക്കമില്ലാത്ത കേസുകളിൽ പിന്തുടർച്ച അവകാശ പോക്കുവരവ് വില്ലേജ് ഓഫീസർക്ക് തന്നെ നടത്താവുന്നതാണ് എന്ന് 19/92 എന്ന 17. 1. 1992 തീയതിയിലെ സർക്കാർ ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വില്ലേജ് ഓഫീസറുടെ/തഹസിൽദാരുടെ  അന്വേഷണത്തിനും നടപടികൾക്കും ശേഷം നിലവിലുള്ള നിയമപ്രകാരമുള്ള അവകാശികളുടെ പേരിലേക്ക് കൂട്ടായി വശം തിരിയാത്ത ഭൂമി പോക്കുവരവ് ചെയ്ത് ലഭിക്കും. ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കാണിച്ചിട്ടുള്ള ഒരു വിജ്ഞാപനം വില്ലേജ്, പഞ്ചായത്ത്, താലൂക്ക് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ  പ്രസിദ്ധീകരിക്കേണ്ടതാണ്.  തർക്കങ്ങൾ ഇല്ലാത്തപക്ഷം ഉടൻതന്നെ തഹസിൽദാർക്ക് പോക്കുവരവ് അനുവദിക്കാവുന്നതാണ്. വിൽപത്രം മുതലായ  തർക്കങ്ങൾ ഉണ്ടെങ്കിൽ സിവിൽ കോടതിയിൽ കേസ് ഉണ്ട് എന്നത്  സംബന്ധിച്ച  പ്രസ്താവന മൂന്നുമാസത്തിനകം തഹസിൽദാർക്ക് നൽകേണ്ടതാണ്. അല്ലാത്ത സാഹചര്യത്തിൽ മൂന്നുമാസം കാലയളവ് അവസാനിക്കുന്ന മുറയ്ക്ക് പോക്ക് വരവ്  ചെയ്ത് ലഭിക്കും.

അവകാശികൾ തമ്മിൽ തർക്കമാണെങ്കിൽ എന്തുചെയ്യും?

കാലശേഷം അവകാശികൾ തമ്മിൽ തർക്കം ഉടലെടുത്താൽ ഭൂമിയുടെ ഭാഗം ആവശ്യപ്പെടുന്ന അവകാശിക്ക് സിവിൽ കോടതി മുഖാന്തരം പാർട്ടീഷൻ കേസ്  നൽകാം.
കോടതി അവകാശികളെ സമൻസ് അയച്ചു വിളിച്ചുവരുത്തും.
കക്ഷികൾക്ക് കോടതിയിൽ മറുപടി ബോധിപ്പിക്കാം. മറുപടിക്ക് ശേഷം കോടതി പ്രിലിമിനറി ഡ്രിക്രി എന്ന പേരിൽ ആരൊക്കെയാണ് അവകാശികൾ എന്ന് നിശ്ചയിക്കുകയും ബന്ധപ്പെട്ട വസ്തു യഥാർത്ഥത്തിൽ അങ്ങനെ ഭാഗം വെക്കുന്നതിന് അർഹതപ്പെട്ടതാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു.

അതിനുശേഷം  ഭൂമി അവകാശികളുടെ  ഓഹരി അനുസരിച്ച് അളന്നു തിരിക്കുന്നതിന് ഒരു അഭിഭാഷക കമ്മീഷണറെ സർവേയറുടെ സഹായത്തോടുകൂടി നിയോഗിക്കുന്നു.  ഭൂമി സന്ദർശിച്ച് അളവുകൾ തിരിച്ച് നിശ്ചിത ഭാഗം  അവകാശികൾക്ക് വേണ്ടി തരംതിരിച്ച സ്കെച്ച് ഉണ്ടാക്കുന്നു.

അങ്ങനെ ഫയൽ ചെയ്യുന്ന റിപ്പോർട്ടിൽ അവകാശികൾക്ക് ആക്ഷേപങ്ങൾ ബോധിപ്പിക്കാം. അതിനുശേഷം കോടതി ഫൈനൽ ഡിക്രി എന്ന പേരിൽ ഓഹരി ഭാഗങ്ങൾ ഓരോരുത്തർക്കും നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും.
തീരെ ചെറിയ ഭൂമി, വിഭജനത്തിന് സാധ്യമല്ലെങ്കിൽ അത് വിൽപ്പന നടത്തി അവകാശികൾക്ക് അതിന്റെ വീതം ലഭിക്കുന്നതിനും സാധ്യതകളുണ്ട്.

ഫൈനൽ ഡിഗ്രി ഉത്തരവിന് ശേഷം അപേക്ഷിക്കുന്ന മുറയ്ക്ക്  അവരവരുടെ ഭാഗങ്ങൾ  പേരിലേക്ക് നിയമപ്രകാരം കോടതി ഉദ്യോഗസ്ഥൻ സ്ഥലത്ത് വന്ന് ഭൂമി കൈവശം നടത്തി നൽകുന്നു. വ്യവഹാരമധ്യേ കക്ഷികൾ ധാരണ ആയാൽ കോടതിക്ക് പുറത്ത്  നേരിട്ട് രജിസ്റ്റർ ഓഫീസിൽ ഭാഗാധാരം, ധന നിശ്ചയം, ഒഴുമുറി എന്നിങ്ങനെയുള്ള പ്രമാണങ്ങൾ   ചെയ്യുകയുമാകാം.

#ക്രൈസ്തവരുടെ സ്വത്ത് വിഭജനം പിന്തുടർച്ച അവകാശ നിയമം 
#Indian Succession Act 
#partition 

No comments:

Post a Comment