Search This Blog

Sunday, October 16, 2022

ഭിന്നശേഷിയുള്ളവരുടെ ഭൂമി ആധാരം ചെയ്യുമ്പോൾ - National Trust Act 1999

ഭിന്നശേഷിയുള്ളവരുടെ ഭൂമി ആധാരം ചെയ്യുമ്പോൾ ...

വർഷങ്ങൾക്കു മുമ്പ് എഴുതിയ ധനനിശ്ചയ ആധാരമാണ്. സഹോദരങ്ങൾ തമ്മിൽ യാതൊരു തർക്കവുമില്ല. പക്ഷേ അവരിൽ ഒരാൾ ഭിന്നശേഷിയുള്ള ആളായതിനാൽ മൂത്ത സഹോദരൻ ഭിന്നശേഷിക്കാരന് വേണ്ടി കൂടി രക്ഷിതാവായി ആധാരത്തിൽ ഒപ്പിട്ടു. ആധാരം ഒരു തടസവും കൂടാതെ അന്ന് രജിസ്റ്റർ ചെയ്തു. വർഷങ്ങൾക്കുശേഷം അവകാശികളിൽ ഒരാൾക്ക് ബാങ്ക് ബന്ധപ്പെട്ട് ആധാരത്തിന്റെ പകർപ്പ് സമർപ്പിച്ചപ്പോൾ ധന നിശ്ചയാധാരത്തിൽ ഒപ്പിട്ടിരിക്കുന്ന ഒരാൾ നിയമപ്രകാരമുള്ള അനുവാദത്തോടുകൂടി അല്ലാതെ രക്ഷകർത്താവായി ഒപ്പിട്ടിരിക്കുന്നതിനാൽ മുന്നാധാരത്തിൽ ഇത്തരം ഒരു ന്യൂനത ബാങ്ക് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഭിന്നശേഷി ഉള്ളവരുടെ അവകാശം സംബന്ധിച്ച് കൃത്യമായ നിയമവശങ്ങൾ പാലിച്ചു വേണം നടപടികൾ ഉണ്ടാകേണ്ടത്. 

നാഷണൽ ട്രസ്റ്റ് നിയമം 

1999 ലെ നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള സംരക്ഷണവും സേവനവും ഭിന്നശേഷിക്കാർക്ക് അവകാശമുണ്ട്. ബുദ്ധിമാന്ദ്യം, സെറിബ്രൽ പാൾസി, ഓട്ടിസം, മൾട്ടിപ്പിൾ ഡിസബിലിറ്റി മുതലായ ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനാണ് നാഷണൽ ട്രസ്റ്റ് നിയമപ്രകാരം ജില്ലാ കളക്ടർ അല്ലെങ്കിൽ ജില്ലാ കളക്ടർ ചെയർമാനായി ലോക്കൽ ലെവൽ കമ്മിറ്റികൾ എല്ലാ ജില്ലയിലും സ്ഥാപിതമായിട്ടുള്ളത്. ഭിന്നശേഷിക്കാർക്ക് വേണ്ടി നിയമപരമായ രക്ഷിതാവിന് നിയമിക്കുന്നതും അവരുടെ ജീവനും സ്വത്തും സംരക്ഷണം നൽകുന്നതിനും നടപടികൾ കൈക്കൊള്ളുന്നതിനാണ് ഈ കമ്മിറ്റി. 

എന്തൊക്കെ കാര്യങ്ങൾക്കാണ് ഉത്തരവുകൾ ലഭിക്കുക

 ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായുള്ള നാഷണൽ ട്രസ്റ്റ് നിയമപ്രകാരമുള്ള സേവനം പൂർണ ലഭ്യമാക്കാൻ സംസ്ഥാനത്തെ എല്ലാ സഭ ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബോർഡുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

കുടുംബ ഓഹരിയുമായി ബന്ധപ്പെട്ട ആധാരങ്ങൾ ചെയ്യുമ്പോൾ ബുദ്ധിമാന്ദ്യം ഓട്ടിസം മൾട്ടിപ്പിൾ ഡിസിബിലിറ്റി എന്നീ അവസ്ഥയിലുള്ള പ്രത്യേക പരിഗണന ആവശ്യമായ വ്യക്തികൾ കുടുംബത്തിൽ ഇല്ല എന്ന് ഉറപ്പുവരുത്തുക, ഭിന്നശേഷിയുള്ള വ്യക്തികൾ ഉൾപ്പെടുന്ന കുടുംബസത്തിൽ അവരുടെ അവകാശം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക, ഭിന്നശേഷിയുള്ള വ്യക്തികളുടെ കുടുംബ ഓഹരി ഭാഗം വെക്കുക, ക്രയവിക്രയം ചെയ്യുക തുടങ്ങിയവയിൽ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല കമ്മിറ്റിയുടെ അനുവാദത്തോടുകൂടി മാത്രം ചെയ്യുക, ഭിന്നശേഷിക്കാരുടെ വസ്തുവകകൾ നിയമവിരുദ്ധമായി ക്രയവിക്രയത്തിലൂടെ അന്യാധീനപ്പെട്ട് പോകുന്നത് തടയുക, ഭിന്നശേഷിയുള്ളവരുടെ പേരിൽ വസ്തുക്കൾ പോക്കുവരവ് ചെയ്യുന്നതിന് മുമ്പ് ജില്ലാതല കമ്മിറ്റിയുടെ രേഖാമൂലമുള്ള അനുമതി വാങ്ങുക എന്നിവയൊക്കെ പാലിച്ചാണ് ഇപ്പോൾ ആധാരങ്ങൾ ചെയ്യേണ്ടത്. അതല്ലാതെ ചെയ്യുന്ന ആധാരങ്ങൾ നിയമവിരുദ്ധമാണ്, പിന്നീട് റദ്ദ് ചെയ്യപ്പെടാവുന്നതാണ്.
 

No comments:

Post a Comment