Search This Blog

Monday, December 6, 2021

നാരങ്ങാ വെള്ളം വില്ക്കാനും പഞ്ചായത്ത് ലൈസന്‍സ് വേണോ?

നാരങ്ങാ വെള്ളം വില്ക്കാനും പഞ്ചായത്ത് ലൈസന്‍സ് വേണോ?

 വിവിധ ആവശ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണകൂടങ്ങളുടെ ലൈസന്‍സ് ആവശ്യമാണെന്ന് നമുക്ക് പൊതുവെ അറിയാം.  ഏതൊക്കെ കാര്യങ്ങള്‍ക്കാണ് ലൈസന്‍സ് ആവശ്യമുള്ളത് എന്ന് ചോദിച്ചാല്‍ പഞ്ചായത്ത് രാജ് നിയമത്തിന്‍റെ വകുപ്പ 232, ഫോക്ടറി, ട്രേഡ്, സംരഭകത്വ പ്രവര്‍ത്തനങ്ങള്‍, മറ്റ് സേവനങ്ങള്‍ എന്നിവ പറയുന്ന നിയമത്തിന്‍റെ - കേരള പഞ്ചായത്ത് രാജ് - (ഇഷ്യൂ ഓഫ് ലൈസന്‍സ് ടു ഡെയിഞ്ചറസ് & ഒഫന്‍സീവ് ട്രേഡ്സ് & ഫാക്ടറീസ്) റൂള്‍സ് 1996 - ഷെഡ്യൂള്‍ 1 പ്രകാരം 159 മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ലൈസന്‍സ് ആവശ്യമായി പറയുന്നത് https://drive.google.com/file/d/1Pnq-qtX2Lo5duov_TIscphtmtyzYfefh/view?usp=drivesdk. ഷെഡ്യൂള്‍ 2-ല്‍ ലൈസന്‍സിനുവേണ്ടി അടയ്ക്കേണ്ട തുകയെപ്പറ്റിയും പറയുന്നു.  

 അത്തരത്തില്‍ ലൈസന്‍സ് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ് എന്ന് ചോദിച്ചാല്‍ കൂള്‍ഡ്രിംഗ്സ് വില്ക്കുന്നതിനും, ശേഖരിച്ചുവെയ്ക്കുന്നതിനും, മുതല്‍ പടക്ക വില്പനക്കുവരെ ലൈസന്‍സ് ആവശ്യമായിട്ടു വരുന്നു എന്നു കാണാം. ലൈസന്‍സ് ആവശ്യമാണെന്ന് ഈ പട്ടികയില്‍ പറഞ്ഞരിക്കുന്ന കാര്യങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായിട്ട് കണക്കാക്കും.

 കേരള പഞ്ചായത്ത് രാജ് - (ഇഷ്യൂ ഓഫ് ലൈസന്‍സ് ടു ഡെയിഞ്ചറസ് & ഒഫന്‍സീവ് ട്രേഡ്സ് & ഫാക്ടറീസ്) റൂള്‍സ് 1996 പ്രകാരമുള്ള ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ -ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ചായക്കടകള്‍, ബാര്‍ബര്‍ ഷൊപ്പ്, എന്നിവയൊക്കെയാണെങ്കില്‍ അവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കണം.  അതായത്, ഒരു കാരണവശാലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന തരത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തിക്കൂടാ എന്ന് ഈ നിയമത്തിന്‍റെ 4-ാം ചട്ടത്തില്‍ എടുത്തു പറയുന്നു.  

 സ്ഥാപനം നടത്തുന്നയാള്‍ ശ്രദ്ധിയ്ക്കേണ്ടത്  ?

ഇപ്രകാരം ലൈസന്‍സ് ലഭിച്ച് നടത്തിപ്പോരുന്ന സ്ഥാപനം താഴെ പറയുന്ന  കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം എന്നാണ് നിയമം പറയുന്നത്  

 -ഓരോ ദിവസവും പ്രവര്‍ത്തി സമയത്തിനുശേഷം സ്ഥാപനം കൃത്യമായി ക്ലീന്‍  ചെയ്യണം.   

 -സ്ഥാപനനടത്തിപ്പുമായി ബന്ധപ്പെട്ട മാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കുകയും,  അത് നീക്കം ചെയ്യുകയും ചെയ്യണം.  

 - സ്ഥാപനത്തിന്‍റെ ഉള്‍വശമുള്ള മതിലുകള്‍, തറ, ഫുട്പാത്ത് എന്നിവയെല്ലാം നല്ല  രീതിയില്‍ പരിപാലിക്കുകയും, ഏതെങ്കിലും കരത്തിലുള്ള മാലിന്യങ്ങളോ,  ചോര്‍ച്ചയോ, ഒന്നും ഉണ്ടാകാത്ത രീതിയില്‍ കൈകാര്യം ചെയ്തു പോരണം.  

 - സ്ഥാപനവുമായി ബന്ധപ്പെടുത്തി മാലിന്യങ്ങള്‍ ഒഴുക്കുന്നതിനുള്ള ഡ്രെയിനേജ്  സംവിധാനം നല്ല രീതിയില്‍ പരിപാലിക്കണം.  

 -ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ച വ്യാധികള്‍, രോഗങ്ങള്‍ ഉള്ളവരെ ജോലിക്ക്  നിയോഗിക്കരുത്.  

 - ലൈസന്‍സി സ്ഥാപനത്തിന്‍റേ പേരും, രജിസ്റ്റര്‍ നമ്പറും, ലൈസന്‍സ് നമ്പറും  ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു കാണാന്‍ പാകത്തില്‍  പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകണം.  

 നിയമഭേദഗതി

 ലൈസന്‍സ് നല്കുന്ന നിയമത്തില്‍ ഭേദഗതികള്‍ (2018) വരുത്തി വാണിജ്യം, ഫാക്ടറി എന്നതിന്‍റെ കൂടെ സംരംഭകത്വപ്രവര്‍ത്തനങ്ങളും, മറ്റു പ്രവര്‍ത്തനങ്ങളും എന്നതുകൂടി  കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചട്ടങ്ങളുടെ തലക്കെട്ട് വായിക്കുമ്പോള്‍ ഒരു പക്ഷേ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് വേണമോ എന്ന ആശങ്ക ഇത്തരത്തില്‍ ഭേദഗതി വന്നതോടുകൂടി ഇല്ലാതായി.  നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥാപനം ഹോസ്പിറ്റല്‍, ക്ലിനിക്ക് പാരാമെഡിക്കല്‍ സ്ഥാപനം, കെമിക്കല്‍ ലാബോറട്ടറി അല്ലെങ്കില്‍ എന്തെങ്കിലും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവയൊക്കെയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭ്യമാക്കേണ്ടതാണ് എന്നുകൂടി ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 
 
ശല്യങ്ങള്‍ നീക്കം ചെയ്യാന്‍

 ഇത്തരത്തില്‍ ലൈസന്‍സ് നേടിയ ഫാക്ടറി, ജോലി സ്ഥലം, മറ്റു സ്ഥലങ്ങള്‍ എന്നിവയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ശല്യം - വൈബ്രേഷനിലൂടെ, ശബ്ദത്തിലൂടെ, മാലിന്യങ്ങള്‍ പുറത്തുവിടുന്നതിലൂടെ, അല്ലെങ്കില്‍ മോശപ്പെട്ട മണം, പുക, പൊടി - ഉണ്ട് എന്ന് തദ്ദേശ ഭരണകൂട സെക്രട്ടറിക്ക് ബോദ്ധ്യപ്പെട്ടാല്‍  അത്തരത്തിലുള്ള ശല്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് ഉത്തരവിടാവുന്നതാണ്.  ഇത് സംബന്ധിച്ച ശല്യം നിര്‍ണ്ണയിക്കുന്നതിന് വിദഗ്ദ അഭിപ്രായം പഞ്ചായത്തിന് തേടാവുന്നതും, അതിന്‍റെ ചിലവ് ബന്ധപ്പെട്ട ഉടമസ്ഥനില്‍ നിന്ന് ഈടാക്കാവുന്നതുമാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുവാനും ഉത്തരവിടാവുന്നതാണ്.   
#Panchayath_license
(Link for PDF of this Article) https://drive.google.com/file/d/1PVuUxRD5ifgq8JM5crwx1yJwNR-Yu5Om/view?usp=drivesdk

No comments:

Post a Comment