വാടക കെട്ടിടം - കോടതി മാത്രമല്ല ആശ്രയം
കേരള സംസ്ഥാനത്ത് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ചും അവയുടെ വാടക നിയന്ത്രിക്കുന്നത് സംബന്ധിച്ചും നിലവിലുള്ള നിയമം ആണ് കേരള കെട്ടിട വാടക നിയന്ത്രണ നിയമം 1965. വാടക സംബന്ധിച്ച് സിവിൽ തർക്കങ്ങളിൽ (ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലെങ്കിൽ) പോലീസിന് ഇടപെടാനാവില്ല. സാധാരണയായി ആളുകൾ നിവൃത്തി തേടുന്നത് റെൻറ് കൺട്രോളർ കോടതികളെയാണ്. ഏതെങ്കിലുമൊരു മുൻസിഫ് കോടതിക്കാണ് ഇത്തരം അധികാരം നൽകുന്നത്. എന്നാൽ അതാകട്ടെ അപ്പീലും റിവിഷനുമായി വർഷങ്ങൾ നീണ്ടുനിൽക്കാം. വാടക കെട്ടിടം സംബന്ധിച്ച വിഷയത്തിൽ തഹസിൽദാർമാർക്കും അധികാരങ്ങൾ ഉണ്ട്. അക്കോമഡേഷൻ കൺട്രോളർ ആയി നിയമിക്കപ്പെട്ട തഹസിൽദാർമാർക്കാണ് ഇത്തരത്തിൽ അധികാരങ്ങൾ ഉള്ളത്.
വാടക ഇടപാടിൽ തഹസില്ദാരുടെ പങ്കെന്ത്
കേരള കെട്ടിട വാടക നിയന്ത്രണ നിയമത്തിലെ വകുപ്പ് 2(2) പ്രകാരമുളള അക്കോമഡേഷൻ കൺട്രോളർ എന്ന തസ്തിക സർക്കാർ വിജ്ഞാപന പ്രകാരം തഹസിൽദാർമാരാണ് നിർവഹിക്കേണ്ടത്.
കേരള കെട്ടിട വാടക നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വാടക കൊടുക്കാൻ ഉള്ള കെട്ടിടങ്ങൾ വാടകക്കാർ ഒഴിഞ്ഞ് 15 ദിവസത്തിനകം കെട്ടിട ഉടമസ്ഥന്മാർ ബന്ധപ്പെട്ട തഹസില്ദാരെ (അക്കോമഡേഷൻ കൺട്രോളർ) അറിയിക്കാൻ ബാധ്യസ്ഥരാണ്.
വാടക കെട്ടിടങ്ങൾ ഒഴിഞ്ഞ് 15 ദിവസത്തിനകം കെട്ടിടം ഒഴിഞ്ഞ വിവരം രേഖാമൂലം ബന്ധപ്പെട്ട തഹസിൽദാരെ അറിയിക്കാൻ വാടകക്കും ബാധ്യതയുണ്ട്.
നിയമത്തിലെ 17 ആം വകുപ്പ് പ്രകാരം വാടകക്കാരന് അക്കോമഡേഷൻ വൻ കൺട്രോളറായി പ്രവർത്തിക്കുന്ന തഹസിൽദാരുടെ രേഖാമൂലമുള്ള അനുവാദം കൂടാതെ താമസത്തിനായി ഉള്ള കെട്ടിടങ്ങൾ അല്ലാതെ ആക്കി രൂപാന്തരപ്പെടുത്താനോ, അല്ലാത്ത കെട്ടിടങ്ങൾ താമസത്തിനുള്ള കെട്ടിടങ്ങൾ ആക്കി മാറ്റാനോ അനുവാദമില്ല. സാഹചര്യങ്ങൾക്കനുസരിച്ച് വാടകക്കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശം കൊടുക്കാൻ അക്കോമഡേഷൻ കൺട്രോളറായി പ്രവർത്തിക്കുന്ന തഹസിൽദാർക്ക് അധികാരമുണ്ട്.
കെട്ടിടത്തിലെ സൗകര്യങ്ങൾ ഇല്ലാതാക്കിയാൽ
കേരള കെട്ടിട വാടക നിയന്ത്രണ നിയമത്തിലെ വകുപ്പ് 13 പ്രകാരം തഹസിൽദാർക്ക് വിവിധ അധികാരങ്ങൾ നൽകിയിട്ടുണ്ട്. വാടകക്കെട്ടിടത്തിലെ ഉടമ മതിയായ കാരണങ്ങൾ കൂടാതെ വാടകക്കാരൻ അനുഭവിച്ചു വരുന്ന കെട്ടിടത്തിൽ സൗകര്യങ്ങൾ ഇല്ലാതാക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താൽ അക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സൗകര്യങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിന് വാടകക്കാരന് തഹസിൽദാർ (അക്കോമഡേഷൻ കൺട്രോളർ) മുൻപാകെ പരാതി ബോധിപ്പിക്കാം. വാടക കൂട്ടി കിട്ടണം എന്ന ഉദ്ദേശത്തോടെയോ, കെട്ടിടം ഒഴിപ്പിക്കുന്നതിനുള്ള ഉദ്ദേശത്തോടുകൂടിയോ വാടകക്കാരൻ അനുഭവിച്ചുവരുന്ന സൗകര്യങ്ങൾ ഇല്ലാതാക്കുകയോ അല്ലെങ്കിൽ തടസ്സപ്പെടുത്തുകയോ ചെയ്തു എന്ന് തഹസിൽദാർക്ക് ബോധ്യം വരുന്ന പക്ഷം നിഷേധിക്കപ്പെട്ട സൗകര്യങ്ങൾ ഉടൻ പുനഃസ്ഥാപിക്കാൻ തഹസിൽദാർക്ക് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരം ഉണ്ട്. പിന്നീട് അന്വേഷണത്തിനുശേഷം വാടകക്കാരൻറെ പരാതി ശരിയാണെന്ന് കണ്ടാൽ ഇല്ലാതാക്കിയ തടസ്സപ്പെടുത്തിയത് മായ എല്ലാ സൗകര്യങ്ങളും പുനഃസ്ഥാപിക്കാൻ കെട്ടിട ഉടമയ്ക്ക് നിർദേശം കൊടുക്കാൻ അക്കോമഡേഷൻ കൺട്രോളറായി പ്രവർത്തിക്കുന്ന തഹസിൽദാർക്ക്അധികാരമുണ്ട്. ഉത്തരവ് നടപ്പിലാക്കുന്നതിന് ഭാഗമായി (ഇൻഞ്ചൻക്ഷൻ) നിരോധന ഉത്തരവ്, (സ്പെസിഫിക് പെർഫോമൻസ്) സവിശേഷ നിർവ്വഹണ ഉത്തരവുകൾ എന്നിങ്ങനെ സിവിൽ കോടതികൾ നടപ്പിൽ വരുത്തുന്നതിന് തുല്യമായ അധികാരങ്ങൾ ഉണ്ട്. തഹസിൽദാരുടെ ഉത്തരവിനെതിരെ 30 ദിവസത്തിനകം ജില്ലാ കളക്ടർക്ക് അപ്പീൽ ബോധിപ്പിക്കാം.
No comments:
Post a Comment