അമിത വില ഈടാക്കിയാൽ എന്ത് ചെയ്യും ?
കൊറോണാ വൈറസിന്റെ വാർത്തകൾ പരന്നപ്പോൾ കുട്ടപ്പൻ അടുത്ത മെഡിക്കൽ ഷോപ്പിലേക്ക് ഓടി. മുഖത്ത് ധരിക്കാൻ മാസ്കും, കൈകഴുകാൻ സാനിറ്ററൈസറും വാങ്ങാൻ ആണ് അവിടെ എത്തിയത്. ആദ്യം പറഞ്ഞു സ്റ്റോക്ക് തീർന്നു അല്പം കഴിഞ്ഞു വരാൻ. കുറച്ചുനേരം കഴിഞ്ഞ് വീണ്ടും ചെന്നപ്പോൾ പുതിയ സ്റ്റോക്ക് വന്നു മാസ്ക് ഒരെണ്ണം 15 രൂപ. ആറ് മണിക്കൂർ നേരം ഉപയോഗിക്കാം. ആരോ പറഞ്ഞു കേട്ടത് കുട്ടപ്പന് ഓർമ്മവന്നു -ഒരെണ്ണം 3 രൂപയേ വിലയുള്ളൂ. കൊറോണയാണോ വലുത് രൂപയാണോ ? കുട്ടപ്പൻ തീരുമാനിച്ചു കൊറോണ തന്നെ. 3 രൂപ വിലയുള്ള മാസ്കിൻറെ ബ്രാൻഡും മറ്റും അറിയാത്തതുകൊണ്ട് പണം എത്രയായാലും ആവശ്യത്തിന് മാസ്ക് വാങ്ങി. സാനിറ്ററൈസർ വില പറഞ്ഞറിയാത്തതുകൊണ്ട് പറഞ്ഞ പണം കൊടുത്തു വാങ്ങി വീട്ടിലേക്ക് തിരിച്ചു നടന്നു.
ലീഗൽ മെട്രോളജി നിയമത്തിലെ (2009) വകുപ്പ് 36 പ്രകാരം ഉൽപ്പന്നങ്ങളുടെ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയ്ക്ക് വിരുദ്ധമായി അമിത തുക ഈടാക്കിയാൽ 25,000 മുതൽ ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം തടവും ഈടാക്കാവുന്ന കുറ്റമാണ്. പാക്കറ്റിൽ അച്ചടിച്ചിരിക്കുന്ന തുകയേക്കാൾ കൂടുതൽ ഈടാക്കുന്നത് കുറ്റത്തിന്റെ പരിധിയിൽ വരും.
ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമോഡിറ്റീസ്) ചട്ടങ്ങൾ 2011 - ചട്ടം 2 എം വില്പന വിലയെ പറ്റി പറയുന്നു. എത്ര രൂപയാണ് പരമാവധി ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നത് എന്ന തുകയാണ് വില്പന വില.
ചട്ടം 6 (1) ഇ പ്രകാരം പരമാവധി ഈടാക്കാവുന്ന വില പൊതിയുടെ പുറത്ത് രേഖപ്പെടുത്തിയിരിക്കണം.
ചട്ടം 18 (5) പറയുന്നത് യാതൊരു കച്ചവടക്കാരനും നിർമാതാവ് പൊതിയുടെ പുറത്ത് രേഖപ്പെടുത്തിയിരിക്കുന്ന വിൽപ്പന വില മായ്ക്കുകയോ തിരുത്തുകയോ ചെയ്യരുത് എന്നാണ്.
ലീഗൽ മെട്രോളജി വകുപ്പിൽ
കേരളത്തിൽ പരാതിപ്പെടേണ്ട ടോൾഫ്രീ നമ്പർ - 1800 425 4835. ഫോൺ നമ്പർ - 0471 2303821
(ചട്ടങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഹോട്ടലുകളിലും മറ്റും കുപ്പിവെള്ളത്തിന് ഉയർന്ന വില ഈടാക്കിയ വിഷയത്തിൽ നിയമപരമായി അപാകത ഇല്ലെന്നാണ് സുപ്രീംകോടതിയുടെ വിധി. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷനുകളുടെ ഫെഡറേഷൻ സമർപ്പിച്ച ഹർജിയിലാണ് ഈ വിധി. സർക്കാർ നിലപാട് മറിച്ചാണെങ്കിലും 2017 ഡിസംബറിൽ ഈ വിധി വന്നു. ഹോട്ടലുകളിലും റസ്റ്റോറൻറ്കളിലും നടക്കുന്നത് സാധാരണ വില്പന അല്ല എന്നും അവിടെ സേവനം അതിൻറെ ഭാഗമായി ലഭിക്കുന്നു എന്നുമുള്ള നിയമ വ്യാഖ്യാനമാണ് ഈ വിധി ന്യായത്തിന് കാരണം).
© ഷെറി
No comments:
Post a Comment