Search This Blog

Thursday, August 8, 2019

The termination of teacher by private management cannot be challenged in writ petition

അധ്യാപകനെ പിരിച്ചുവിട്ട നടപടി -സ്വകാര്യ സ്കൂൾ മാനേജ്മെൻറിനെതിരെ റിട്ട് ഹർജി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി

സ്വാതന്ത്ര്യ ദിനത്തിൻറെ തലേന്നും അധ്യാപക ദിനത്തിനും ഹാജരായില്ല എന്ന കാരണത്താൽ സ്വകാര്യ സ്കൂൾ മാനേജ്മെൻറ് സംസ്കൃതഅധ്യാപകനെ സസ്പെൻഡ് ചെയ്തു. ഈ നടപടിക്കെതിരെ അധ്യാപകൻ പാറ്റ്ന ഹൈക്കോടതിയെ സമീപിച്ചു. കേസ് നടന്നുകൊണ്ടിരിക്കെ അധ്യാപകനെ മാനേജ്മെൻറ് ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ബീഹാർ സംസ്കൃത ശിക്ഷാ ബോർഡ് ചെയർമാൻ മുമ്പാകെ ഇരുകക്ഷികളും ഹാജരായി വിഷയം അവതരിപ്പിക്കാം എന്ന് കക്ഷികളുടെ സമ്മതപ്രകാരമുള്ള ഉത്തരവോടെ കൂടി ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. ബോർഡാകട്ടെ, വാദം കേട്ടതിനുശേഷം അധ്യാപകനെ തിരികെ ജോലിയിൽ എടുക്കാൻ നിർദ്ദേശിച്ചു. അതിനെതിരെ മാനേജ്മെൻറ്, ബീഹാർ സംസ്കൃത ബോർഡ് ബോർഡ്  നിയമപ്രകാരമുള്ള സ്പെഷ്യൽ ഡയറക്ടർക്ക് അപ്പീൽ നൽകി. അപ്പീൽ അനുവദിച്ച സ്പെഷ്യൽ ഡയറക്ടർ ബോർഡിനോട് വീണ്ടും വിഷയം പരിഗണിക്കാൻ നിർദ്ദേശിച്ചു.

അതിനെതിരെ അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സ്വകാര്യ സ്കൂൾ മാനേജ്മെൻറ് ഭരണഘടനയുടെ ആർട്ടിക്കിൾ 12 ൽ ഉൾപ്പെടുന്ന സ്റ്റേറ്റ് എന്ന നിർവചനത്തിൽ വരില്ല എന്നും അതുകൊണ്ടുതന്നെ അവർക്കെതിരെ റിട്ട് ഹർജി നിലനിൽക്കില്ല എന്നും കോടതി വിധിച്ചു. ഹൈക്കോടതിയുടെ തന്നെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല ഒടുവിൽ സുപ്രീംകോടതിയിൽ കേസ് എത്തി. സംസ്ഥാന സർക്കാരോ ബോർഡോ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെങ്കിൽ പോലും
സ്വകാര്യ സ്കൂൾ മാനേജ്മെൻറ് സ്റ്റേറ്റ് എന്ന പദവിയിൽ വരില്ല എന്നും അതുകൊണ്ടുതന്നെ റിട്ട് അധികാരപരിധിയുടെ കീഴിൽ അല്ല എന്നും സ്വകാര്യ സ്കൂൾ മാനേജ്മെൻറ് അധ്യാപകനെ പിരിച്ചുവിട്ട നടപടിക്കെതിരെ റിട്ട് ഹർജി നിലനിൽക്കില്ല എന്നും സുപ്രീംകോടതി.  
Civil Appeal 10003.2010 Judgment dated 9.7.19      

© Sherry J Thomas
First legal blog in Malayalam.




No comments:

Post a Comment