Search This Blog

Monday, August 26, 2019

നിയമനിർമ്മാണങ്ങളുടെ പിന്നാമ്പുറങ്ങൾ .... Article on Food Security Act- Prof K V Thomas

നിയമനിർമ്മാണങ്ങളുടെ പിന്നാമ്പുറങ്ങൾ ....

ഭക്ഷണം അവകാശമായി മാറിയ നിയമം നമ്മുടെ നാട്ടിൽ ഉണ്ടാക്കിയത് കൊച്ചിക്കാരനായ  മനുഷ്യനാണ്. ഇന്നത്തെപ്പോലെ മൃഗീയ ഭൂരിപക്ഷമുള്ള, ഒരു ചർച്ചയും കൂടാതെ എന്ത് നിയമവും ഉണ്ടാക്കാൻ പറ്റിയ നിയമനിർമ്മാണ സഭകൾ ആയിരുന്നില്ല അന്ന്. നിയമം അവതരിപ്പിച്ച മുൻ കേന്ദ്ര മന്ത്രി തോമസ് മാസ്റ്റർ എഴുതുന്നു......

ഭക്ഷ്യ സുരക്ഷാനിയമം
അനുസ്മരിക്കപ്പെടുമ്പോൾ.
(പ്രൊഫ.കെ.വി.തോമസ്)

ആഗസ്റ്റ് 26. ലോകചരിത്രത്തിലെയും എന്‍റെ ജീവിതത്തിലെയും സുപ്രധാന ദിനമാണ്.  ഭക്ഷണം ജനങ്ങളുടെ ജന്മാവകാശമാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷ നിയമം ഇന്ത്യൻ പാർലമെന്‍റിൽ അവതരിപ്പിച്ച് ഏകകണ്ഠേന പാസ്സാക്കിയത് 2013 ആഗസ്റ്റ് 26 നാണ്.   

ഡോ. മൻമോഹൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ. സർക്കാരിലെ കേന്ദ്രഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യമന്ത്രിയെന്ന നിലയ്ക്കാണ് ഞാൻ നിയമം കരുപിടിപ്പിച്ചതും പാർലമെന്‍റിൽ അവതരിപ്പിച്ചതും.  
2011 ൽ അവതരിപ്പിച്ച ബിൽ ഏറെ നാളത്തെ ചർച്ചകൾക്കും വാക് വാദങ്ങൾക്കും സംശയദൂരീകരണത്തിനും ശേഷമാണ്  2013 ആഗസ്റ്റ് 26ന് യാഥാർത്ഥ്യമായതും.  

സോണിയഗാന്ധിയുടെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. പനിക്കിടക്കയിൽ നിന്നാണ് സോണിയ അന്ന് പാർലമെന്‍റിൽ എത്തിയത്. ബില്ലിനെ അനുകൂലിച്ചുള്ള ആദ്യ പ്രസംഗത്തിന് ശേഷം അവർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു.  സോണിയഗാന്ധിയുടെ നിർദ്ദേശമായിരുന്നു റേഷൻകാർഡ് സ്ത്രീകളുടെ പേരിൽ വേണമെന്നത്.  ഗർഭിണികൾക്ക് ധനസഹായം, കുട്ടികൾക്കും, മുതിർന്നവർക്കും,  സൌജന്യഭക്ഷണം, എന്നിങ്ങനെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ അവകാശമായി മാറ്റപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ആദ്യ ജനക്ഷേമ പദ്ധതി. 

തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങി ജനപ്രിയവും ക്ഷേമകരവുമായ പല പദ്ധതികളിലും മോദി സർക്കാർ വെള്ളം ചേർക്കലും പൊളിച്ചെഴുത്തും നടത്തിയെങ്കിലും ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിൽ ഒരു മാറ്റത്തിനും മോദി സർക്കാർ ഒരുങ്ങിയിട്ടില്ല.

അടുത്തകാലത്ത് പാർലമെന്‍റിൽ ബിൽ പാസ്സാക്കുന്നത് ചൂടപ്പം പോലെയാണ്.  ഉച്ചയ്ക്ക് 12 ന് അവതരിപ്പിച്ച് കാര്യമായ ചർച്ചയോ ഭേദഗതിയോ ഒന്നുമില്ലാതെ ഉച്ച ഊണിന് മുൻപ് ബിൽ പാസ്സാക്കുകയും ഉച്ചക്ക് ശേഷം  രാഷ്ട്രപതിയുടെ അംഗീകാരം നേടി വൈകുന്നേരത്തോടെ നിയമമാക്കുന്ന ഇന്നത്തെ രീതിയായിരിന്നില്ല ദേശീയഭക്ഷ്യ സുരക്ഷ നിയമത്തിന്‍റേത്.  എല്ലാ സംസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളുമായി ചർച്ച. 
പ്രധാന വ്യക്തികളുമായി ആശയക്കൂട്ടായ്മ, സംശയ ദൂരീകരണം,  എല്ലാവരുമായി അഭിപ്രായ സമന്വയം.  അങ്ങിനെയാണ് ഭക്ഷ്യസുരക്ഷ ബിൽ വരുന്നതും നിയമമാകുന്നതും.  അതുകൊണ്ട് അത് കുറ്റമറ്റതുമായി.  അന്ന് എതിർത്തുകൊണ്ട് പിൻതുണച്ച രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ, കേരളമടക്കം ഇന്ന് അതിന്‍റെ ആനുകൂല്യം വൻതോതിൽ അനുഭവിക്കുമ്പോൾ മനസ്സുനിറയെ സന്തോഷമാണ്.  ആരും പട്ടിണി കിടക്കുന്നില്ലല്ലോ !

ജമ്മുകാശ്മീരോ,  അയോധ്യയോ, ഏകസിവിൽ കോഡോ, മുത്തലാഖോ അല്ല,  പട്ടിണി മാറ്റണമെന്നതാണ് സാധാരണക്കാരന്‍റെ  രാഷ്ട്രീയം.  
അത് മനസ്സിലാക്കി പ്രവർത്തിക്കാൻ സോണിയാഗാന്ധിക്കും, മൻമോഹൻ സിങ്ങിനും എനിക്കും കഴിഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തുമ്പോൾ "പട്ടിണിയില്ലാത്ത ഇന്ത്യ" സൃഷ്ടിക്കാൻ ശ്രമിച്ചത്  ആരെന്ന് ഈ ദിനത്തിൽ ഓർമ്മിക്കുന്നത് നന്നായിരിക്കും.

No comments:

Post a Comment