*നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവരശേഖരണത്തിന് സർക്കാർ മൊബൈൽ ആപ്ലിക്കേഷൻ*
പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവരശേഖരണത്തിന് 'റീബിൾഡ് കേരള' മൊബൈൽ ആപ്പ് തയ്യാറായി. ഐ.ടി മിഷൻ രൂപകൽപന ചെയ്ത ആപ്പ് വീടുകൾ നഷ്ടപ്പെട്ടവർക്കും ഭാഗികമായി തകർന്നവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ള സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാനും തങ്ങൾ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന മേഖല രേഖപ്പെടുത്താനും www.volunteers.rebuild.kerala.gov.in എന്ന പോർട്ടലിൽ സൗകര്യമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്ന വോളണ്ടിയർമാരെ ബന്ധപ്പെട്ട ഇടങ്ങളിൽ വിന്യസിക്കാനാകും. ഇവർക്ക് മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ കഴിയൂ. വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർ, വീടും പുരയിടവും നഷ്ടമായവർ, വീട് ഭാഗികമായി കേടുപാടുണ്ടായവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വിവരങ്ങൾ രേഖപ്പെടുത്താനാകും. ഒപ്പം, ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയിൽ ജിയോ ടാഗിംഗിലൂടെ സ്ഥലത്തിന്റെ ലൊക്കേഷനും ഫോട്ടോയും അപ്‌ലോഡ് ചെയ്യാം. ഭാഗികമായി തകർന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവർ, 16-30 ശതമാനം, 31-50 ശതമാനം, 51-75 ശതമാനം എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. 75 ശതമാനത്തിൽ കൂടുതലുള്ള നഷ്ടത്തെ പൂർണനഷ്ടമായി കണക്കാക്കും. തദ്ദേശസ്ഥാപനങ്ങളുടെ ലെയ്‌സൺ ഓഫീസർ പ്രവർത്തനം ഏകോപിപ്പിക്കും. നിർമാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ കഴിയും. ഗൂഗിൽ പ്ലേ സ്‌റ്റോറിൽ 'റീബിൽഡ് കേരള ഐ.ടി മിഷൻ' എന്ന് തിരഞ്ഞാൽ ആപ്പ് ലഭിക്കും.
Source PRD Kerala
©Sherry 6.9.18
No comments:
Post a Comment