Search This Blog

Friday, October 24, 2025

പോലീസ് അറസ്റ്റ് - എന്തൊക്കെ വിവരങ്ങൾ അറിയണം ?

 







പോലീസ് അറസ്റ്റ് - എന്തൊക്കെ വിവരങ്ങൾ അറിയണം ? 

ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത് എവിടെ വച്ചാണ് എന്നും ഇപ്പോൾ എവിടെയാണ് ഉള്ളത് എന്നും  സംബന്ധിക്കുന്ന വിവരങ്ങൾ അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ  ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കണം എന്നുള്ളത് അറസ്റ്റ് നിർവഹിക്കുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥന്റെയും ചുമതലയാണ്. അത് സംബന്ധിച്ചുള്ള അവകാശം അയാളെ സ്റ്റേഷനിൽ കൊണ്ടുവരുന്ന സമയം തന്നെ അറിയിക്കണം. അറസ്റ്റ് ചെയ്ത കാര്യങ്ങൾ ആരെയാണ് അറിയിച്ചത് എന്നതൊക്കെ അതിനുവേണ്ടി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള റജിസ്റ്ററിൽ നിശ്ചിത ഫോമിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഈ കാര്യങ്ങൾ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ വകുപ്പ് 48 ൽ ഉറപ്പുവരുത്തിയിട്ടുണ്ട്. 

എന്നാൽ ഇക്കാര്യങ്ങൾക്ക് പ്രത്യേകമായി പുതിയ ചട്ടങ്ങൾ 2025 സെപ്റ്റംബർ മാസം വിജ്ഞാപനം ചെയ്തു. (Kerala Information of Arrested Persons Rules 2025) 

*ആരെയാണ് അറിയിക്കേണ്ടത്* 

അറസ്റ്റ് സംബന്ധിച്ച അറിവ് നൽകേണ്ടത് മാതാപിതാക്കൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ അല്ലെങ്കിൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി പറയുന്ന ആളുകൾക്കാണ്.

*എങ്ങനെയാണ് പോലീസ് അറിയിക്കേണ്ടത്*

മൊബൈൽ ഫോൺ, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമ സംവിധാനങ്ങൾ, എസ്എംഎസ്, ലാൻഡ് ലൈൻ ഫോൺ,  ഇമെയിൽ എന്നിവയിലൂടെയും അറിയിക്കാം. അല്ലെങ്കിൽ വ്യക്തിപരമായ രീതിയിൽ അറിയിക്കണം. അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ഇപ്രകാരം അറിയിക്കാനുള്ള ചുമതല.

*എങ്ങനെയാണ് രജിസ്റ്റർ ഉണ്ടാവേണ്ടത്* 

അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്ന രേഖയാണ് ചട്ടപ്രകാരമുള്ള  രജിസ്റ്റർ. അത് എല്ലാ പോലീസ് സ്റ്റേഷനിലും ഉണ്ടാകണം. നിശ്ചിത മാതൃകയിൽ ആയിരിക്കണം ഉണ്ടാകേണ്ടത്. കൃത്യമായി നമ്പർ ചെയ്ത്, ജില്ലാ പോലീസ് മേധാവി  ഓരോ പോലീസ് സ്റ്റേഷനിലേക്കും രജിസ്റ്റർ നൽകണം. അതിലെ പേജുകൾ തുടർച്ചയായി നമ്പർ ഇട്ട്, തുടക്കത്തിലും അവസാനത്തിലും നിയോഗിക്കപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറ്റസ്റ്റ്  ചെയ്യേണ്ടതാണ്. 

*രജിസ്റ്റർ എവിടെ പരിശോധിക്കാം ?*

അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഈ വിവരങ്ങൾ ഓരോ പോലീസ്  സ്റ്റേഷനിലും ജില്ലാ പോലീസ് കേന്ദ്രത്തിലും ഡിജിറ്റൽ രീതി ഉൾപ്പെടെ ഉചിതമായ രീതിയിൽ പ്രസിദ്ധപ്പെടുത്തണം.

*എന്തൊക്കെ വിവരങ്ങളാണ് രജിസ്റ്ററിൽ ഉണ്ടാവേണ്ടത്*

പോലീസ് സ്റ്റേഷൻ, ചുമത്തിയിരിക്കുന്ന വകുപ്പുകൾ, അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ പേര് വിവരങ്ങൾ, മൊബൈൽ ഫോൺ നമ്പർ, അറസ്റ്റ് ചെയ്തതിൻ്റെ കാരണങ്ങൾ, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ താമസിപ്പിച്ചിരിക്കുന്ന സ്ഥലം, അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ ഒപ്പ്, അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ ഒപ്പ് , അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ്റെ പേരും മൊബൈൽ നമ്പറും, അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ ഉദ്യോഗ പദവി എന്നിവ രജിസ്റ്ററിൽ ഉണ്ടായിരിക്കണം.

അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് പഴയ സി ആർ പി സി നിയമത്തിലും സുപ്രീം കോടതി വിധിയിലുമൊക്കെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവകാശ ലംഘനങ്ങൾ ഒരുപാടുണ്ട് എന്നാണ് കണക്കുകൾ!