Search This Blog

Wednesday, October 29, 2025

ആധാരങ്ങൾ ഇല്ലാത്ത ഭൂമിക്കും തണ്ടപ്പേര് ലഭിക്കുന്നതെങ്ങനെ ?

ആധാരങ്ങൾ ഇല്ലാത്ത ഭൂമിക്കും തണ്ടപ്പേര് ലഭിക്കുന്നതെങ്ങനെ ?

ആധാരം അല്ലെങ്കിൽ പട്ടയം എന്നിവയും കൈവശവും ചേർന്നതാണ് ഒരു ഭൂമിയുടെ പൂർണ്ണ അവകാശം. ആധാരങ്ങൾ ഉണ്ടായിട്ടും ഭൂമി കൈവശമില്ലാത്ത അവസ്ഥയും ഭൂമി വർഷങ്ങളായി കൈവശമുണ്ടായിട്ടും ആധാരം ഇല്ലാത്ത അവസ്ഥയും അനുഭവിക്കുന്നവർ ഉണ്ട്. ദീർഘകാലം തർക്കങ്ങൾ ഒന്നുമില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് വില്ലേജിൽ കരമടച്ച് തണ്ടപ്പേര് പിടിക്കാനുള്ള നിയമപരമായ സാധ്യത നൽകുന്ന വ്യവസ്ഥയാണ് പോക്കുവരവ്  (Transfer of Registry) ചട്ടം 28.

12 വർഷത്തിലധികം ഒരു ഭൂമി  നിരാക്ഷേപം കൈവശം വെച്ച് അനുഭവിക്കുന്നവർക്ക് പോക്കുവരവ്, ഭൂനികുതി അടവ് എന്നീ അവകാശങ്ങൾ ലഭിക്കുന്നതാണെന്ന് ട്രാൻസ്ഫർ ഓഫ് രജിസ്ട്രി റൂൾ 28 -ൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തഹസിൽദാർക്ക് റൂൾ 28 പ്രകാരമുള്ള നടപടിക്രമം പുറത്തിറക്കി നികുതി നിർണ്ണയം നടത്താവുന്നതാണ്. നികുതി സ്വീകരിക്കുന്നതിനായി ലഭിക്കുന്ന അപേക്ഷകളിൽ ചട്ടപ്രകാരമുള്ള അന്വേഷണങ്ങൾ നടത്തിയാണ് തീരുമാനമെടുക്കുന്നത്.

ആർക്കൊക്കെ അപേക്ഷ സമർപ്പിക്കാം ?

12 വർഷമോ അതിലധികമോ കാലമായി ആധാരങ്ങളില്ലാതെ ഭൂമി കൈവശം വെച്ച് അനുഭവിക്കുന്ന വ്യക്തികൾക്ക് അപേക്ഷിക്കാം.

എവിടെ അപേക്ഷ നൽകണം ?

ബന്ധപ്പെട്ട രേഖകൾ സഹിതം തഹസിൽദാർക്കാണ്  അപേക്ഷ നൽകേണ്ടത്. . ഭൂമി സ്വന്തം പേരിലേക്ക് പോക്കുവരവ് ചെയ്ത് (കൈവശം രേഖപ്പെടുത്തി) ഭൂനികുതി സ്വീകരിക്കുന്നതിനാണ് അനുമതി തേടുന്നത്.

വില്ലേജ് ഓഫീസറുടെ അന്വേഷണം

അപേക്ഷ ലഭിച്ച ശേഷം തഹസിൽദാർ അത് വില്ലേജ് ഓഫീസർക്ക് കൈമാറുന്നു.വില്ലേജ് ഓഫീസർ ഭൂമിയിൽ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് ചെയ്യണം. വില്ലേജ് ഓഫീസറുടെ അന്വേഷണത്തിലൂടെ  അപേക്ഷകനാണ് 12 വർഷമായി നിരാക്ഷേപം ഭൂമി കൈവശം വെച്ച് അനുഭവിക്കുന്നതെന്ന് ഉറപ്പാകണം.

ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് മറ്റാർക്കും ആക്ഷേപമില്ല  എന്നും ഉറപ്പുവരുത്തണം.

ഭൂമിയുടെ അളവ്, അതിരുകൾ, തരം തുടങ്ങിയ വിവരങ്ങൾ ബേസിക് ടാക്സ് രജിസ്റ്ററുമായി (BTR) ഒത്തുനോക്കണം.

കൈവശം വെച്ച ഭൂമി പുറമ്പോക്ക്  അല്ലെങ്കിൽ സർക്കാർ ഭൂമി അല്ലെന്ന് സാക്ഷ്യപ്പെടുത്തണം.

വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും മറ്റ് രേഖകളും പരിശോധിച്ച ശേഷം തഹസിൽദാർ ഭൂമിക്ക് അവകാശം ഉന്നയിക്കാൻ സാധ്യതയുള്ള എല്ലാ കക്ഷികൾക്കും (ഉദാഹരണത്തിന്, യഥാർത്ഥ ഉടമസ്ഥർ എന്ന് കരുതുന്നവർ) നോട്ടീസ് നൽകണം. ആക്ഷേപം ഉള്ളവർ 15 ദിവസത്തിനകം മറുപടി നൽകണം. നോട്ടീസിന്റെ പകർപ്പ് വില്ലേജ് ഓഫീസിലും തദ്ദേശ ഭരണകൂട ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കണം.

ലഭിച്ച തെളിവുകളുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ, 12 വർഷത്തെ നിരാക്ഷേപ കൈവശം സ്ഥിരീകരിച്ചാൽ, തഹസിൽദാർ പോക്കുവരവിന് ഉത്തരവ് നൽകും.

ഈ ഉത്തരവ് പ്രകാരം ബേസിക് ടാക്സ് രജിസ്റ്ററിൽ (BTR) അപേക്ഷകന്റെ പേര് ചേർത്ത് പോക്കുവരവ് (Mutation/Transfer of Registry) നടപ്പാക്കാനാകും. പോക്കുവരവ് നടന്നുകഴിഞ്ഞാൽ അപേക്ഷകന് സ്വന്തം പേരിൽ ഭൂമിയുടെ നികുതി അടയ്ക്കാൻ സാധിക്കും. (ഇതിനെ തണ്ടപ്പേര് (Thandaper) എന്നും പറയാറുണ്ട്). ആധാരം ഇല്ലെങ്കിലും ഈ നടപടിക്രമം വഴി പോക്കുവരവും നികുതി അടയ്ക്കാനുള്ള അവകാശവും ലഭിക്കും.

No comments:

Post a Comment