മുമ്പ് പണികഴിപ്പിച്ച കെട്ടിടത്തിന് ഇപ്പോൾ സെസ്സ് ആവശ്യപ്പെടുന്നു - എന്താ സംഭവം ?
വർഷങ്ങൾക്കു മുമ്പ് പണിതീർത്ത വീടിൻറെ മുകൾഭാഗത്ത് രണ്ടുമൂന്നു മുറി അവർ പണിതിരുന്നു. അതും പണി കഴിഞ്ഞിട്ട് ആറ് വർഷമായി. ഈ സമയത്താണ് ഡെപ്യൂട്ടി ലേബർ ഓഫീസിൽ നിന്ന് ഒരു അസ്സെസ്മെന്റ് നോട്ടീസ് വീട്ടിൽ വന്നത്. നേരത്തെ പണിതീർത്ത വീടിന് 24 ലക്ഷം നിർമ്മാണ ചെലവ് വരുമെന്ന് നിശ്ചയിച്ചിരിക്കുന്നു എന്നും അതിൻറെ ഒരു ശതമാനമായ 24000 രൂപ സെസായി നിശ്ചയിച്ചിരിക്കുന്നു എന്നാണ് അറിയിപ്പ്. ഈ സെസ് തുകയുടെ ഒരു ശതമാനം 240 രൂപ സർവീസ് ചാർജ് ഇനത്തിൽ പണമായി നേരിട്ടും ബാക്കി തുക ഡിമാൻഡ് ഡ്രാഫ്റ്റ് ആയി സെക്രട്ടറി ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് തിരുവനന്തപുരം എന്ന പേരിൽ ഈ നോട്ടീസ് കൈപ്പറ്റി 20 ദിവസത്തിനകം ലേബർ ഓഫീസിൽ ഹാജരാക്കണം എന്നാണ് നിർദ്ദേശം. ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിയൊരു അറിയിപ്പ് കൂടാതെ നടപടികൾ സ്വീകരിക്കുന്നതാണ്.
ഇങ്ങനെയൊരു നോട്ടീസ് കിട്ടിയ ഉടനെ അയാൾ മുറ്റത്തിറങ്ങി വീടിൻറെ മുകൾ ഭാഗത്തേക്ക് നോക്കി. ആറുവർഷം മുമ്പ് സ്വന്തം കൈയിലെ പണം മുടക്കി കോൺട്രാക്ടറെ ഏൽപ്പിച്ചു കോൺട്രാക്ടറുടെ പണിക്കാർ പണിത വീട്. ആരൊക്കെയാണ് പണിക്കാർ എന്നുപോലും അയാൾക്കറിയില്ല. കോൺട്രാക്ടർ പറഞ്ഞ പണം കൊടുത്തു. ഇപ്പോൾ ആ പണിക്കാർക്കുള്ള സെസ് താൻ അടയ്ക്കണം എന്ന് പറയുന്നത് എന്ത് ന്യായം -അതായി അയാളുടെ ചിന്ത. കെട്ടിടനികുതിയും മറ്റു നികുതിയും ഒക്കെ കൊടുക്കുന്നതിനു പുറമേ വീണ്ടും എന്തിന് ഇങ്ങനെ ഒരു സെസ് കൊടുക്കണം - ആലോചന മുറുകി.
കെട്ടിട നിർമ്മാണ, മറ്റു നിർമ്മാണ തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ സ്ഥാപിച്ചിരിക്കുന്ന സംവിധാനമാണ് ബിൽഡിംഗ് ആൻഡ് അദർ വർക്കേഴ്സ് വെൽഫെയർ ബോർഡ്. ഇതിനായി പ്രത്യേകം ഉണ്ടാക്കിയിട്ടുള്ള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ സെസ് നിയമം 1996 പ്രകാരം ചുരുങ്ങിയത് ഒരു ശതമാനവും പരമാവധി രണ്ട് ശതമാനവും എന്ന നിരക്കിൽ കെട്ടിടത്തിന്റെയോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളുടെയോ തൊഴിലുടമ സെസ് നൽകണം. തദ്ദേശ ഭരണകൂടങ്ങളാണ് അത് പിരിച്ചു നൽകേണ്ടത്.
ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ സെസ് നിയമപ്രകാരം ഓരോ തൊഴിലുടമയും (return) കണക്ക് നൽകണം. അത്തരത്തിൽ സെസ് നൽകാൻ ബാധ്യതപ്പെട്ട തൊഴിലുടമ കണക്ക് നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട അധികാരിക്ക് നോട്ടീസ് നൽകി നിശ്ചിത സമയത്തിനുള്ളിൽ കണക്ക് സമർപ്പിക്കാൻ ആവശ്യപ്പെടാം. അങ്ങനെ ലഭിക്കുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥന് അന്വേഷണം നടത്തി തുക നിശ്ചയിക്കാം. കണക്ക് നൽകാത്ത സാഹചര്യങ്ങളിലും അന്വേഷണം നടത്തി ഉദ്യോഗസ്ഥന് തുക നിശ്ചയിക്കാം. ഇക്കാര്യങ്ങൾക്കുവേണ്ടി ചുമതലപ്പെട്ട ഉദ്യോഗസ്ഥന് അന്വേഷണം നടത്തുന്നതിനായി ന്യായമായ സമയത്തും സ്ഥലത്തും എവിടെയും കയറിച്ചെല്ലുന്നതിന് അധികാരം ഉണ്ട്.
സെസ് ആവശ്യപ്പെട്ട് നോട്ടീസിൽ പറഞ്ഞിരിക്കുന്ന നിശ്ചിത തീയതിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ രണ്ടു ശതമാനം പലിശ വീതം ഓരോ മാസവും തുക വർദ്ധിക്കും. കൂടാതെ സെസ് തുകയിൽ അധികമാകാത്ത തുക പിഴയായും ഈടാക്കാം. എന്നാൽ അത്തരത്തിൽ പിഴ ഈടാക്കുന്നതിന് മുമ്പ് തൊഴിലുടമയെ കേൾക്കുന്നതിന് അവസരം ഉണ്ടാകണം, മതിയായ കാരണങ്ങൾ ഉള്ളതുകൊണ്ടാണ് അടക്കാതിരുന്നത് എന്ന് ബോധ്യപ്പെട്ടാൽ പിഴ ഒഴിവാക്കണം. നിശ്ചയിച്ച തുക അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ നേരിടേണ്ടി വരും. അപ്പീൽ നടപടികൾ ഉണ്ട്, അപ്പീൽ തീരുമാനം അന്തിമമായിരിക്കും, കോടതികളിൽ ചോദ്യം ചെയ്യപ്പെടാൻ ആവില്ല എന്നാണ് വകുപ്പ് 11ൽ പറയുന്നത്.
മനപ്പൂർവ്വം തെറ്റായ രീതിയിൽ കണക്ക് സമർപ്പിക്കുന്നത് കുറ്റകരമാണ്- ആറുമാസം തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. നിയമ പ്രകാരം തുക അടക്കേണ്ടയാൾ അത് അടക്കാതിരുന്നാലും മേൽപ്പറഞ്ഞ ശിക്ഷ നേരിടേണ്ടി വരും. (വകുപ്പ് 12).