Search This Blog

Friday, October 15, 2021

എന്താണ് ROR (Record of Rights) ?


 

എന്താണ് ROR (Record of Rights) ?

ആധാരം ചെയ്യുന്നതിനു ശ്രമിക്കുന്ന ആളുകൾക്കും വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട രേഖകൾക്ക് പോകുന്നവർക്കും സുപരിചിതമായ പേരാണ് ROR. യഥാർത്ഥത്തിൽ Kerala Record of Rights Act 1968 വർഷങ്ങൾ പഴക്കമുള്ള നിയമം ആണെങ്കിലും ഇപ്പോഴാണ് അത് കൂടുതൽ പ്രചാരത്തിലായതും ആധാരങ്ങൾ ചെയ്യുന്നതിനും റവന്യൂ ഓഫീസ് ഇടപാടുകൾക്കും കൂടുതൽ ഉപയോഗപ്രദം ആക്കിയതും.

എന്താണ് ROR ?

ഭൂമിയുടെ അവകാശം സംബന്ധിച്ച കാര്യങ്ങൾ സൂചിപ്പിക്കുന്ന രേഖയാണ് ROR അഥവാ അവകാശങ്ങളുടെ രേഖ.

എന്തൊക്കെ ഉൾപ്പെടുന്നതാണ് ROR

a. വസ്തു വിവരവും അളവും
b. കൈവശാവകാശിയുടെപേരും വിലാസവും,
c. ഭൂമിയിൽ മറ്റ് അവകാശങ്ങളോ ബാധ്യതകളോ ഉള്ള ആളുകളുടെ പേരും വിലാസവും,
d. എന്തു തരത്തിലുള്ള കൈവശവും അവകാശവുമാണ് എന്നുള്ള വിവരങ്ങൾ,
e.കുടികിടപ്പുകാരുണ്ടെങ്കിൽ വിവരങ്ങൾ,
f. മറ്റ് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അവ.

ROR അവകാശ രേഖ പ്രസിദ്ധീകരിക്കണമൊ ?

അവകാശ രേഖയുടെ കരട് പ്രസിദ്ധീകരിക്കുകയും ആയത് സംബന്ധിച്ച് പരാതികൾ സ്വീകരിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തി 30 ദിവസത്തിനുള്ളിൽ ശരിയായ അവകാശ രേഖ പ്രസിദ്ധീകരിക്കണം എന്നാണ് വകുപ്പ് 4 പറയുന്നത്. ക്ലറിക്കൽ പിഴവു കളിലൂടെ വരുന്ന തിരുത്തലുകൾ പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനുള്ളിൽ സ്വമേധയാ ഉദ്യോഗസ്ഥന് ചെയ്യാവുന്നതാണ്. പ്രസിദ്ധീകരിച്ച കഴിഞ്ഞ  അവകാശ രേഖകളിൽ RDO ഉദ്യോഗത്തിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥന് സ്വമേധയാ (ഒരു വർഷത്തിനുള്ളിൽ) അല്ലെങ്കിൽ ആരുടെയെങ്കിലും അപേക്ഷപ്രകാരം (ആറുമാസത്തിനുള്ളിൽ) രേഖകൾ വിളിച്ചുവരുത്തുകയും പരിശോധിക്കുകയും ചെയ്യാവുന്നതാണ്. ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ബാധിക്കുന്ന എല്ലാവരുടെയും വാദം കേൾക്കണം.

അവകാശങ്ങൾ വന്നുചേർന്ന കാര്യം അറിയിക്കണം

പിന്തുടർച്ചാവകാശം, ഭാഗാധാരം, തീറാധാരം, പണയം, ഇഷ്ടദാനം, വാടക, എന്നിങ്ങനെ ഭൂമിയിൽ വന്നു ചേരുന്ന എല്ലാ അവകാശങ്ങളും ഈ അവകാശങ്ങൾ അവ വന്നുചേർന്ന മൂന്നുമാസത്തിനുള്ളിൽ അവകാശി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിക്കുകയും ആയതിന് ഉദ്യോഗസ്ഥൻ കൈപ്പറ്റ് രസീത് നൽകുകയും വേണം. അവകാശി മൈനർ ആണെങ്കിൽ രക്ഷകർത്താവിന് ഇക്കാര്യങ്ങൾ ചെയ്യാം. കാലതാമസം വരുത്തി നൽകുന്ന അറിയിപ്പിന് പിഴ ഒടുക്കി രേഖപ്പെടുത്താവുന്നതാണ്. ഇപ്രകാരം അവകാശങ്ങൾ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകളോട് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന രേഖകൾ 30 ദിവസത്തിനുള്ളിൽ പരിശോധനയ്ക്ക് വിധേയമാക്കണം.

ROR തെളിവിൽ സ്വീകരിക്കുമോ ?

നിയമപ്രകാരം ലഭ്യമാകുന്ന അവകാശ രേഖ ഏത് കോടതിയിലും തെളിവായി സ്വീകരിക്കും. തിരുത്തലുകൾ വരുത്താത്തിടത്തോളം കാലം അവകാശ രേഖയിലെ വിവരങ്ങൾ കൃത്യമാണ് എന്ന നിഗമനത്തിൽ തെളിവിൽ സ്വീകരിക്കാം.

പകർപ്പ് എടുക്കാം, പരിശോധിക്കാം.

ROR സാക്ഷ്യപ്പെടുത്തിയ പകർപ്പ് നിശ്ചിത ഫീസ് അടച്ച് ഉദ്യോഗസ്ഥരിൽ നിന്ന് കൈപ്പറ്റാം. അവകാശ രേഖകൾ ഓഫീസ് സമയം, നിശ്ചിത ഫീസ് ഒടുക്കി പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. അവകാശ രേഖകൾ സംബന്ധിച്ച വിവരങ്ങൾ തേടുന്നതിന് ഉദ്യോഗസ്ഥർക്ക് ഭൂമിയിൽ പ്രവേശിക്കാൻ ഉള്ള അധികാരം ഉണ്ട്. വീടുകളിൽ കയറുന്നതിന് ഏഴ് ദിവസത്തെ നോട്ടീസ് നൽകിയിരിക്കണം. ഈ നിയമ പ്രകാരം അധികാരം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥന് സാക്ഷികളെ വിളിച്ചു വരുത്തുന്നതിന് സിവിൽ  കോടതിയുടെ അധികാരം ഉണ്ടാകും.

ROR ഇല്ലെങ്കിൽ ആധാരം ചെയ്യാനാകുമോ?

വില്ലേജിൽ നിന്നും ലഭിക്കുന്ന ROR ഹാജരാക്കിയില്ലെങ്കിൽ സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം ചെയ്യാനാകില്ല എന്നുള്ളതാണ് പൊതുവേയുള്ള വിവക്ഷ. എന്നാൽ അത് നിയമപരമായി ശരിയല്ല. രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി വരുത്താത്തിടത്തോളം കാലം ഉദ്യോഗസ്ഥർക്ക് നിർബന്ധം പറയാനാകില്ല. ഇക്കാര്യത്തിൽ കേരള ഹൈക്കോടതിയുടെ വിധി ന്യായങ്ങളുണ്ട്. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മറുപടികളുമുണ്ട്. ROR ആധാരത്തോടൊപ്പം ഹാജരാക്കുന്ന കാര്യം ആധാരം ഹാജരാക്കുന്ന ആളുടെ താല്പര്യം അനുസരിച്ചിരിക്കും. എന്നിരുന്നാലും ഭൂമി വാങ്ങുന്നയാളെ സംബന്ധിച്ചിടത്തോളം അവകാശങ്ങളുടെ രേഖ ഉണ്ടായിരിക്കുന്നത് അഭിലഷണീയമാണ്. ഭാവിയിൽ അവകാശം സംബന്ധിച്ച തർക്കങ്ങളിൽ നിന്ന് ഒഴിവാകുന്നതിനും നിയമപരമായ അവകാശ-അധികാരങ്ങൾ ഉറപ്പിക്കുന്നതിനും അതുപകരിക്കും.

No comments:

Post a Comment