Search This Blog

Friday, March 27, 2020

മൊറട്ടോറിയം - വായ്പ തിരിച്ചടവിൽ മാത്രമോ ? പലിശയിലും ഇളവുണ്ടോ ? #RBI Moratorium for term loans

https://m.facebook.com/story.php?story_fbid=3397610503588193&id=100000178303786

മൊറട്ടോറിയം - വായ്പ തിരിച്ചടവിൽ മാത്രമോ ? പലിശയിലും ഇളവുണ്ടോ ?
#RBI Moratorium for term loans

കോവിഡ് 19 ഉണ്ടാക്കിയ സാഹചര്യം കണക്കിലെടുത്തു ബാങ്കുകൾ നൽകിയിട്ടുള്ള വായ്പാ തിരിച്ചടവ് സംബന്ധിച്ച കാര്യങ്ങൾക്ക് റിസർവ് ബാങ്ക് 27.03.2020 ന്  പ്രസിദ്ധപ്പെടുത്തിയ മൊറട്ടോറിയം ഉൾപ്പെടെയുള്ള നടപടികൾ ഇടപാടുകാർക്ക് വലിയൊരു ആശ്വാസമായി.  വായ്പകള്ക്ക് മൂന്നു മാസത്തെ മോറട്ടോറിയമാണ് നടപ്പിൽ വരുത്തിയത്.റിപ്പോ നിരക്കിൽ കാര്യമായ കുറവ് വരുത്തിയതോടെ പലിശകൾ കുറയ്ക്കാനും ബാങ്കുകൾ നിർബന്ധിതരാകും. വിശദീകരണക്കുറിപ്പിൻറെ 5, 6,7 ഖണ്ഡിക കളിലാണ് മൊറട്ടോറിയം സംബന്ധിച്ച കാര്യങ്ങൾ പറയുന്നത്.

2020 മാർച്ച് ഒന്നു മുതൽ എല്ലാ ബാങ്കുകളും (ചെറുകിട പ്രാദേശിക ബാങ്കുകൾ ഉൾപ്പെടെ), സഹകരണ ബാങ്കുകളും,  ധനകാര്യ സ്ഥാപനങ്ങളും, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും മൊറട്ടോറിയം പരിഗണനയുടെ പരിധിയിൽ വരും. വായ്പാ തിരിച്ചടവ്, വായ്പാ കാലാവധി, എന്നിവയൊക്കെ 2020 മാർച്ച് 1 മുതൽ മൂന്നുമാസത്തേക്ക് നീട്ടി വയ്ക്കുന്ന ക്രമത്തിലാണ് നടപടികൾ വരേണ്ടത്.

അതേസമയം ഓവർ ഡ്രാഫ്റ്റ്, ക്യാഷ് ക്രെഡിറ്റ് വായ്പകളും മൂന്നുമാസത്തേക്ക് മൊറട്ടോറിയം കണക്കാക്കി തിരിച്ചടവ് നീട്ടി നൽകും. എന്നാൽ ഈ കാലയളവിൽ ഉള്ള പലിശ മൂന്നുമാസത്തെ കാലയളവ് (deferment period) കഴിയുന്ന മുറയ്ക്ക് അടക്കണം. മൂലധന വായ്പകൾ സംബന്ധിച്ച് ഇടപാടുകാരുടെ തിരിച്ചടവ് ശേഷി പുനർനിർണയിക്കാവുന്നതാണ്. മാർജിൻ കുറവുവരുത്തി അത്തരത്തിൽ പുനർനിർണയം അനുവദിക്കുന്നത് കോവിഡ് 19 മൂലമുള്ള ഇടപാടുകാരുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ്.    
മൂന്നുമാസ കാലത്തേക്കുള്ള മോറട്ടോറിയം പ്രഖ്യാപനം  വായ്പ ഇടപാടുകാരുടെ മറ്റ്നിബന്ധനകൾക്ക് മാറ്റം വരുത്തില്ല. തിരിച്ചടവിന് വരുന്ന കാലതാമസം കുടിശ്ശികയായി കണക്കാക്കുകയുമില്ല. 
https://m.rbi.org.in//scripts/BS_PressReleaseDisplay.aspx?prid=49582

Thursday, March 26, 2020

മുന്നാധാരം ഇല്ലെങ്കിൽ പുതിയ ആധാരം ചെയ്യാനാകില്ലേ ? #Title Deed #Gift Deed

https://m.facebook.com/story.php?story_fbid=3395022330513677&id=100000178303786

മുന്നാധാരം ഇല്ലെങ്കിൽ പുതിയ ആധാരം ചെയ്യാനാകില്ലേ ?
#Title Deed
#Gift Deed

വർഷങ്ങളായി കരമടച്ച് കൈവശമുള്ള ഭൂമി, മുൻ തലമുറയിൽ നിന്ന് പിന്തുടർച്ചാവകാശമായി കിട്ടിയത്  അടുത്ത തലമുറയിലെ അവകാശിക്ക് ഇഷ്ടദാനം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ മുൻ ആധാരം ഇല്ലെങ്കിൽ ചെയ്യാനാവില്ല എന്ന് കാസർകോട് സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ. എന്നാൽ വർഷങ്ങളുടെ കൈവശാവകാശം ഉള്ള ഭൂമി ഇഷ്ടദാനം എഴുതി നല്കുന്നതിന് തടസ്സമില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. പിന്തുടർച്ചാവകാശമായി ഭൂമി കിട്ടി എന്ന് അവകാശപ്പെടുന്ന വ്യക്തി മുൻ കൈവശാവകാശം ഉള്ള പൂർവ്വികൻറെ ഒരേയൊരു അവകാശി ആണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിൽ ആധാരം ചെയ്തു കൊടുക്കണമെന്നാണ് കോടതിവിധി.  
(WPC 15658.2019)

Wednesday, March 25, 2020

കോവിഡ് 19- റവന്യൂ റിക്കവറി, ജാമ്യം, അറസ്റ്റ് - കേരള ഹൈകോടതി പരാമർശങ്ങൾ ഇങ്ങനെ...Kerala High Court order on Corona - relaxations 2020

https://m.facebook.com/story.php?story_fbid=3393214050694505&id=100000178303786

കോവിഡ് 19- റവന്യൂ റിക്കവറി, ജാമ്യം, അറസ്റ്റ് - കേരള ഹൈകോടതി പരാമർശങ്ങൾ ഇങ്ങനെ...

👉കോടതികൾ ഇതിനോടകം നൽകിയിട്ടുള്ള എല്ലാ ഇടക്കാല ഉത്തരവുകളും ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകി.

👉എല്ലാ റവന്യൂ റിക്കവറി നടപടികളും 30.04.2020 വരെ നിർത്തിവെക്കുമെന്ന മന്ത്രിസഭാ തീരുമാനം കോടതി നടപടികളിൽ രേഖപ്പെടുത്തി.

👉ക്രിമിനൽ കേസുകളിൽ നിലവിലുള്ള മുൻകൂർ ജാമ്യാപേക്ഷ ഹർജികളിൽ ഹൈക്കോടതി /സെഷൻസ് കോടതികൾ  നൽകിയിട്ടുള്ള താൽക്കാലിക ഉത്തരവുകൾ കേരള ഹൈക്കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്
ഒരു മാസത്തേക്ക് കൂടി നീട്ടി.

👉സുപ്രീംകോടതി നിർദേശപ്രകാരം പരോൾ ഇടക്കാല ജാമ്യം മുതലായ കാര്യങ്ങൾ തീരുമാനിക്കുന്നതിന് ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്.

👉അറസ്റ്റ് മുതലായ കാര്യങ്ങളിൽ ജീവിക്കാനുള്ള മൗലിക അവകാശം ആർട്ടിക്കിൾ 21 നിഷേധിക്കരുത്. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിൽ മാത്രമേ അറസ്റ്റ്  ചെയ്യാവൂ. അതേ സമയം ഹീനമായ കുറ്റകൃത്യങ്ങളിൽ സർക്കാരിന് ഉചിതമായ നടപടി എടുക്കാം. അറസ്റ്റ് ചെയ്ത പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ പാതിരാക്കുന്ന സമയം കസ്റ്റഡി ആവശ്യം ഉണ്ടോ എന്ന് പരിശോധിക്കണം. ജാമ്യം നൽകുക എന്നതാണ് ചട്ടം, ജാമ്യം  നിഷേധിക്കുക എന്നത് ഒഴിവ്കഴിവാണ്. അതേസമയം കോവിഡ് 19 നിയന്ത്രിക്കുന്നതിനുള്ള ക്രമസമാധാനം സംബന്ധിച്ച കേസുകളിൽ ഈ പരാമർശങ്ങൾ ബാധകമല്ല.

👉തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, മുതലായവരുടെ ഭാഗത്തുനിന്ന് നിർബന്ധിത നടപടികൾ കൊറോണ കാലത്ത് ഉണ്ടാവില്ല. കോടതികളെ സമീപിക്കാൻ ജനങ്ങൾക്ക് സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് അപ്രകാരം നടപടികൾ എടുക്കാത്തത് എന്ന സർക്കാർ നിലപാട് കോടതി രേഖപ്പെടുത്തി.

WPC 9400.2020 -25.03.2020 തീയതിയിലെ
വിധി പകർപ്പ് ലിങ്കിൽ ലഭ്യമാണ്. https://drive.google.com/file/d/13OeQfWd2-vZGtxu0dBnom64TouqqTytI/view?usp=drivesdk

നിയമപരമായ ഇത്തരം കുറിപ്പുകൾ മലയാളത്തിൽ ഈ ഗ്രൂപ്പിൽ ലഭിക്കും.
https://chat.whatsapp.com/HHWs23sOHiO7TOKWr8pkP1

കൊറോണ കാലത്ത് മൃതസംസ്കാര ശുശ്രൂഷകളിൽ എത്ര പേർക്ക് പങ്കെടുക്കാം ? #Requiem

കൊറോണ കാലത്ത് മൃതസംസ്കാര ശുശ്രൂഷകളിൽ എത്ര പേർക്ക് പങ്കെടുക്കാം ?
#Requiem

മരിച്ചയാളോടുളള ആദരസൂചകമായാണ് നാം മരണവീടുകളിൽ പോയി അനുശോചനം രേഖപ്പെടുത്തുന്നത്. എന്നാൽ കൊറോണ കാലത്ത് അനുശോചനത്തിന് പോയി അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുത്.  കൊറോണ കാലത്ത് മൃതസംസ്കാര കർമ്മങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 ൽ കൂടരുത് എന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 24.03.2020 തീയതിയിലെ  ഉത്തരവ് 40-3/2020 - ഖണ്ഡിക 11 ൽ പറയുന്നത്.

©ഷെറി 25.03.2020

Monday, March 23, 2020

കോവിഡ് 19- കേരളത്തിൽ നിയന്ത്രണങ്ങൾ എന്തൊക്കെ ? COVID 19 CORONA

https://m.facebook.com/story.php?story_fbid=578863632726636&id=368385093774492

കോവിഡ് 19- കേരളത്തിൽ നിയന്ത്രണങ്ങൾ എന്തൊക്കെ ?

👉1897 ലെ പകർച്ചവ്യാധി നിയമം വകുപ്പ് 2 പ്രകാരവും 2005 ലെ ദുരന്തനിവാരണ നിയമപ്രകാരവും സംസ്ഥാന സർക്കാർ 23.03.2020 തീയതി തി പുറത്തിറക്കിയ COVID 19 നിയന്ത്രണ ഉത്തരവ്   31.03.2020 തീയതി വരെ പ്രാബല്യത്തിൽ ഉണ്ടാകും.

👉ജില്ലയ്ക്ക് അകത്തും, ജില്ലകൾ തമ്മിലും സംസ്ഥാനത്തിന് പുറത്തേക്കുമുള്ളത് ഉൾപ്പെടെ എല്ലാ പൊതു യാത്രാ സംവിധാനങ്ങളും നിർത്തലാക്കി.

👉അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും മരുന്നുകൾ വാങ്ങുന്നതിനും ആശുപത്രി ആവശ്യങ്ങൾക്കും അല്ലാതെ ടാക്സി ഓട്ടോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഒന്നും ഉപയോഗിക്കാവുന്നതല്ല.

👉സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം അവശ്യസാധനങ്ങൾ മരുന്നുകൾ എന്നിവ വാങ്ങുന്നതിനും ഈ ഉത്തരവ് പ്രകാരം അനുവദിച്ചിരിക്കുന്ന മറ്റ് കാര്യങ്ങൾക്കുമായി മാത്രം നിജപ്പെടുത്തിയിരിക്കുന്നു. ഡ്രൈവറെ കൂടാതെ  പ്രായപൂർത്തിയായ ഒരു വ്യക്തി മാത്രമേ  സ്വകാര്യ വാഹനങ്ങളിൽ ഉണ്ടാകാൻ പാടുള്ളൂ.

👉വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ നിർബന്ധമായും അക്കാര്യം പാലിക്കണം, ലംഘിച്ചാൽ ക്രിമിനൽ കേസ് എടുക്കുകയും സർക്കാർ നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യും.

👉ആഘോഷങ്ങളോ, മതപരമായതോ, സാമൂഹികമായതോ ആയത് ഉൾപ്പെടെ ഏത് ആവശ്യത്തിനും പൊതുസ്ഥലത്ത് അഞ്ചിലധികം ആളുകൾ കൂട്ടം ചേരുന്നത് വിലക്കിയിരിക്കുന്നു.

👉എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഓഫീസുകളും ഗോഡൗണുകളിൽ ഫാക്ടറികളും (താഴെ ഒഴിവാക്കിയിരിക്കുന്നവ  ഒഴികെ) നിയന്ത്രണ പരിധി നിലവിലുള്ള ദിവസങ്ങളിൽ അടച്ചിടണം.

👉പ്രവർത്തനാനുമതി നൽകിയിട്ടുള്ള സ്ഥാപനങ്ങൾ-

ബാങ്ക്/എടിഎം.
പ്രിൻറ്, ഇലക്ട്രോണിക് മാധ്യമങ്ങൾ.
ടെലികോം, ഇൻറർനെറ്റ് സർവീസ്.
അവശ്യവസ്തുക്കളുടെ വിതരണ പ്രവർത്തനങ്ങൾ.
ഭക്ഷണം മരുന്ന് എന്നിവയുടെ ഹോം ഡെലിവറി ഉൾപ്പെടെയുള്ള വിതരണ സംവിധാനങ്ങൾ.
രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെ അവശ്യ വസ്തുക്കളുടെ വിൽപ്പന നടത്തുന്ന കടകൾ, ബേക്കറികൾ മുതലായവ.
പെട്രോൾപമ്പ് എൽപിജി മുതലായവയും അവയുടെ വിതരണ സംവിധാനങ്ങളും.
സ്വകാര്യമേഖലയിൽ ഉൾപ്പെടെയുള്ള സ്വകാര്യ സെക്യൂരിറ്റി സർവീസുകൾ.
കുടിവെള്ളം വിതരണം കണ്ടെയ്നറുകളിൽ ചെയ്യുന്നത്.
മാസ്ക്, സാനിറ്റൈസർ മുതലായവയുടെ ഉത്പാദനവും വിതരണവും.
ലാബുകളുടെ പ്രവർത്തനങ്ങൾ.
അവശ്യസാധനങ്ങളുടെ പട്ടികയിൽ വരുന്ന മറ്റു കാര്യങ്ങൾ.
സെബി നിയന്ത്രണത്തിലുള്ളസ്റ്റോക്ക് എക്സ്ചേഞ്ച് പ്രവർത്തനങ്ങൾ.

👉അടിയന്തര സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളും പ്രവർത്തനനിരതം ആയിരിക്കും.

👉10.03.2020 നൊ അതിനുശേഷമൊ വിദേശത്തുനിന്ന് വന്നിട്ടുള്ള എല്ലാവരും ജില്ലാ ഭരണകൂടത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. അല്ലാത്തവർക്ക് എതിരെ ക്രിമിനൽ നടപടികൾ ഉണ്ടാകും.

👉ഈ ഉത്തരവിലെ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 188, 269, 270, 271 എന്നീ വകുപ്പുകൾ പ്രകാരം പോലീസിന് കേസെടുക്കാം.

Saturday, March 21, 2020

Powers of Tahsildar - Accommodation controller

വാടക കെട്ടിടം - കോടതി മാത്രമല്ല ആശ്രയം

കേരള സംസ്ഥാനത്ത് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ചും അവയുടെ വാടക നിയന്ത്രിക്കുന്നത് സംബന്ധിച്ചും നിലവിലുള്ള നിയമം ആണ് കേരള കെട്ടിട വാടക നിയന്ത്രണ നിയമം 1965. വാടക സംബന്ധിച്ച് സിവിൽ തർക്കങ്ങളിൽ (ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലെങ്കിൽ)  പോലീസിന് ഇടപെടാനാവില്ല. സാധാരണയായി ആളുകൾ നിവൃത്തി തേടുന്നത് റെൻറ് കൺട്രോളർ കോടതികളെയാണ്. ഏതെങ്കിലുമൊരു മുൻസിഫ് കോടതിക്കാണ്  ഇത്തരം അധികാരം നൽകുന്നത്. എന്നാൽ അതാകട്ടെ അപ്പീലും റിവിഷനുമായി വർഷങ്ങൾ നീണ്ടുനിൽക്കാം. വാടക കെട്ടിടം സംബന്ധിച്ച വിഷയത്തിൽ തഹസിൽദാർമാർക്കും അധികാരങ്ങൾ ഉണ്ട്. അക്കോമഡേഷൻ കൺട്രോളർ ആയി നിയമിക്കപ്പെട്ട തഹസിൽദാർമാർക്കാണ് ഇത്തരത്തിൽ അധികാരങ്ങൾ ഉള്ളത്.

വാടക ഇടപാടിൽ തഹസില്ദാരുടെ പങ്കെന്ത് 

കേരള കെട്ടിട വാടക നിയന്ത്രണ നിയമത്തിലെ വകുപ്പ് 2(2) പ്രകാരമുളള അക്കോമഡേഷൻ കൺട്രോളർ എന്ന തസ്തിക സർക്കാർ വിജ്ഞാപന പ്രകാരം തഹസിൽദാർമാരാണ് നിർവഹിക്കേണ്ടത്.   

കേരള കെട്ടിട വാടക നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വാടക കൊടുക്കാൻ ഉള്ള കെട്ടിടങ്ങൾ വാടകക്കാർ ഒഴിഞ്ഞ് 15 ദിവസത്തിനകം കെട്ടിട ഉടമസ്ഥന്മാർ ബന്ധപ്പെട്ട തഹസില്ദാരെ (അക്കോമഡേഷൻ കൺട്രോളർ) അറിയിക്കാൻ ബാധ്യസ്ഥരാണ്.

വാടക കെട്ടിടങ്ങൾ ഒഴിഞ്ഞ് 15 ദിവസത്തിനകം കെട്ടിടം ഒഴിഞ്ഞ വിവരം രേഖാമൂലം ബന്ധപ്പെട്ട തഹസിൽദാരെ അറിയിക്കാൻ വാടകക്കും ബാധ്യതയുണ്ട്. 

നിയമത്തിലെ 17 ആം വകുപ്പ് പ്രകാരം വാടകക്കാരന് അക്കോമഡേഷൻ വൻ കൺട്രോളറായി പ്രവർത്തിക്കുന്ന തഹസിൽദാരുടെ രേഖാമൂലമുള്ള അനുവാദം കൂടാതെ താമസത്തിനായി ഉള്ള കെട്ടിടങ്ങൾ അല്ലാതെ ആക്കി രൂപാന്തരപ്പെടുത്താനോ, അല്ലാത്ത കെട്ടിടങ്ങൾ താമസത്തിനുള്ള കെട്ടിടങ്ങൾ ആക്കി മാറ്റാനോ അനുവാദമില്ല. സാഹചര്യങ്ങൾക്കനുസരിച്ച് വാടകക്കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശം കൊടുക്കാൻ അക്കോമഡേഷൻ കൺട്രോളറായി പ്രവർത്തിക്കുന്ന തഹസിൽദാർക്ക് അധികാരമുണ്ട്. 

കെട്ടിടത്തിലെ സൗകര്യങ്ങൾ ഇല്ലാതാക്കിയാൽ 

കേരള കെട്ടിട വാടക നിയന്ത്രണ നിയമത്തിലെ വകുപ്പ് 13 പ്രകാരം തഹസിൽദാർക്ക് വിവിധ അധികാരങ്ങൾ നൽകിയിട്ടുണ്ട്. വാടകക്കെട്ടിടത്തിലെ ഉടമ മതിയായ കാരണങ്ങൾ കൂടാതെ വാടകക്കാരൻ അനുഭവിച്ചു വരുന്ന കെട്ടിടത്തിൽ സൗകര്യങ്ങൾ ഇല്ലാതാക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താൽ അക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സൗകര്യങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിന് വാടകക്കാരന് തഹസിൽദാർ (അക്കോമഡേഷൻ കൺട്രോളർ) മുൻപാകെ പരാതി ബോധിപ്പിക്കാം. വാടക കൂട്ടി കിട്ടണം എന്ന ഉദ്ദേശത്തോടെയോ, കെട്ടിടം ഒഴിപ്പിക്കുന്നതിനുള്ള ഉദ്ദേശത്തോടുകൂടിയോ വാടകക്കാരൻ അനുഭവിച്ചുവരുന്ന സൗകര്യങ്ങൾ ഇല്ലാതാക്കുകയോ അല്ലെങ്കിൽ തടസ്സപ്പെടുത്തുകയോ ചെയ്തു എന്ന് തഹസിൽദാർക്ക് ബോധ്യം വരുന്ന പക്ഷം നിഷേധിക്കപ്പെട്ട സൗകര്യങ്ങൾ ഉടൻ പുനഃസ്ഥാപിക്കാൻ തഹസിൽദാർക്ക് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരം ഉണ്ട്. പിന്നീട് അന്വേഷണത്തിനുശേഷം വാടകക്കാരൻറെ പരാതി ശരിയാണെന്ന് കണ്ടാൽ ഇല്ലാതാക്കിയ തടസ്സപ്പെടുത്തിയത് മായ എല്ലാ സൗകര്യങ്ങളും പുനഃസ്ഥാപിക്കാൻ കെട്ടിട ഉടമയ്ക്ക് നിർദേശം കൊടുക്കാൻ അക്കോമഡേഷൻ കൺട്രോളറായി പ്രവർത്തിക്കുന്ന തഹസിൽദാർക്ക്അധികാരമുണ്ട്. ഉത്തരവ് നടപ്പിലാക്കുന്നതിന് ഭാഗമായി (ഇൻഞ്ചൻക്ഷൻ) നിരോധന ഉത്തരവ്, (സ്പെസിഫിക് പെർഫോമൻസ്) സവിശേഷ നിർവ്വഹണ ഉത്തരവുകൾ എന്നിങ്ങനെ സിവിൽ കോടതികൾ നടപ്പിൽ വരുത്തുന്നതിന് തുല്യമായ അധികാരങ്ങൾ ഉണ്ട്. തഹസിൽദാരുടെ ഉത്തരവിനെതിരെ 30 ദിവസത്തിനകം ജില്ലാ കളക്ടർക്ക് അപ്പീൽ ബോധിപ്പിക്കാം.

അശ്രദ്ധമൂലം അസുഖങ്ങൾ പരത്തുന്നത് കുറ്റകരം - spreading diseases is an offence

http://niyamadarsi.com/details/det/CDYkiAHfaQ/---.html

അശ്രദ്ധമൂലം അസുഖങ്ങൾ പരത്തുന്നത് കുറ്റകരം 

കൊറോണ വൈറസ് (കോവിഡ്-19) രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാം വകുപ്പനുസരിച്ച് നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ *ഐപിസി 188* വകുപ്പ് പ്രകാരം കേസെടുക്കാം. ഔദ്യോഗികമായി നിഷ്കർഷിക്കുന്ന നിയമങ്ങളുടെ ലംഘനം നടത്തുന്നവർക്കെതിരെ ചുമത്തുന്ന കുറ്റമാണ് ഐപിസി വകുപ്പ് 188. 

എന്നാൽ ഇതു കൂടാതെ തന്നെ  മാരക രോഗങ്ങളുടെ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്  എന്നുള്ള അറിവോടെ  അശ്രദ്ധമായൊ നിയമവിരുദ്ധമായോ നടത്തുന്ന പ്രവർത്തനങ്ങൾ *ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 269* പ്രകാരം ആറു മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന, പോലീസിന് അറസ്റ്റ് ചെയ്യാവുന്ന ക്രിമിനൽ കുറ്റമാണ്. 

അതുപോലെ *കേരള പോലീസ് നിയമം 2011 വകുപ്പ് 118(ഇ)*  പ്രകാരം, അറിഞ്ഞുകൊണ്ട് പൊതുജനങ്ങൾക്ക് അപായം ഉണ്ടാക്കുന്നതോ പൊതു സുരക്ഷയിൽ വീഴ്ച ഉണ്ടാക്കുന്നതോ ആയ പ്രവർത്തി ചെയ്യുന്നത് മൂന്ന് വർഷം വരെ തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Sunday, March 15, 2020

എന്താണ് പകർച്ചവ്യാധി നിയമം ? The Epidemic Diseases Act 1897

എന്താണ് പകർച്ചവ്യാധി നിയമം ?
The Epidemic Diseases Act 1897

മാരകമായ പകർച്ചവ്യാധികൾ തടയുന്നതിന് നിയമപരമായ പരിരക്ഷ ഒരുക്കുന്നതിനായാണ് 1897 ഫെബ്രുവരി 4 ന്  പകർച്ചവ്യാധി നിയമം നടപ്പിലാക്കിയത്. അന്നത്തെ ബോംബെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട ബ്യൂബോണിക് പ്ലേഗിന്റെ പകര്ച്ചവ്യാധി നേരിടാനാണ്  ആകെ 4 വകുപ്പുകൾ മാത്രമുള്ള ഈ ചെറിയ നിയമം ബ്രിട്ടീഷുകാര്  നടപ്പിലാക്കിയത്.

കൊറോണ വൈറസ് (കോവിഡ്-19) രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാം വകുപ്പനുസരിച്ച് നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

പകർച്ചവ്യാധി തടയുന്നതിന് പ്രത്യേക നിയന്ത്രണങ്ങളേർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതാണ് പകർച്ചവ്യാധി  നിയമത്തിന്റെ രണ്ടാംവകുപ്പ്. മാരകമായ എന്തെങ്കിലും പകർച്ചവ്യാധികൾ ഉണ്ടാകുന്നു, ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ഏതെങ്കിലുമൊരു ഘട്ടത്തിൽ സംസ്ഥാന സർക്കാറുകൾക്ക് ബോധ്യം വരികയും നിലവിലുള്ള നിയമം പകർച്ചവ്യാധി തടയുന്നതിന്  പര്യാപ്തമല്ല എന്നും തോന്നുകയാണെങ്കിൽ, സംസ്ഥാന സർക്കാരിന് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. പരിശോധന നടത്തുന്നതിനും വേർതിരിക്കുന്നതിനും താൽക്കാലിക താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ നിയമപ്രകാരം ചുമതലപ്പെടുത്തിയിരിക്കുന്നവർക്ക് അധികാരമുണ്ടാകും.

ഈ നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഐപിസി 188 വകുപ്പ് പ്രകാരം കേസെടുക്കാം. ഔദ്യോഗികമായി നിഷ്കർഷിക്കുന്ന നിയമങ്ങളുടെ ലംഘനം നടത്തുന്നവർക്കെതിരെ ചുമത്തുന്ന കുറ്റമാണ് ഐപിസി വകുപ്പ് 188.  ഇത്തരത്തിൽ ലഭിക്കുന്ന നിയമപരമായ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുന്നതിലൂടെ - തടസ്സങ്ങൾ, മുറിവുകൾ, ശല്യങ്ങൾ, അപായങ്ങൾ മുതലായവ ഉണ്ടാവുകയോ ഉണ്ടാകുന്നതിന്  സാധ്യത ഉണ്ടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. (ഒരു മാസം തടവ്/ 200 പിഴ / ഇവ രണ്ടും കൂടിയോ ലഭിക്കാം)

കൂടാതെ അനുസരണക്കേട് മൂലം മനുഷ്യ ജീവന് അപകടം ഉണ്ടാവുന്നതും, ലഹളയോ തമ്മിലടിയോ  ഉണ്ടാവുന്നതും അതിനു സാധ്യത ഉണ്ടാവുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ( ആറുമാസം തടവ് /1000 പിഴ/ ഇവ രണ്ടും കൂടിയോ ലഭിക്കാം).

കുറ്റകൃത്യം കണ്ടാൽ പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്ന (cognizable) വകുപ്പാണ് ഐപിസി 188. ആരോപിക്കപ്പെടുന്ന പ്രവർത്തി മനപ്പൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ ചെയ്തത് ആകണമെന്നില്ല, നിയമപരമായി  നിർദ്ദേശങ്ങൾ ഉണ്ട് എന്ന അറിവ് മതി.
ഈ നിയമം നടപ്പിലാക്കുന്നതിന് വേണ്ടി സദുദ്ദേശത്തോടുകൂടി  പ്രവർത്തിക്കുന്നവർക്കെതിരെ സിവിൽ അന്യായങ്ങളോ, മറ്റു നിയമനടപടികളോ നിലനിൽക്കില്ല എന്നും നിയമത്തിൽ പറയുന്നു.

Kerala Government Servants Conduct Rules

✒️സർക്കാർ തീരുമാനങ്ങളെ പരസ്യമായി വിമർശിച്ചാൽ ഉദ്യോഗസ്ഥർക്ക് നടപടി നേരിടേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി പറയുന്നതിൽ കാര്യമുണ്ടോ ?
Kerala Government Servants Conduct Rules

👉കേരള ഗവൺമെൻറ് സെർവെൻറ്സ് കോൺടക്ട് റൂൾസ് (Kerala Government Servants Conduct Rules 1960) പ്രകാരം ആയിരിക്കണം കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റ നടപടികൾ.

👉ഈ നിയമത്തിൻറെ ചട്ടം 60 പറയുന്നത് - ഒരു സർക്കാർ ഉദ്യോഗസ്ഥനും (ഉദ്യോഗസ്ഥ സംഘടനകളിൽ ഒഴികെ)  പൊതുജന സമക്ഷത്തിലോ, യോഗങ്ങളിലോ, സംഘടനകളിലോ പ്രസംഗം, എഴുത്ത്,  മുതലായ ഇടപെടലുകളിലൂടെ സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ അല്ലെങ്കിൽ വിമർശനങ്ങൾ എന്നിവയിലൊന്നും പങ്കുകാരാകരുത് എന്നാണ്.

✒️സർക്കാർ ഉദ്യോഗസ്ഥർക്ക് മതപരമായ പ്രവർത്തനങ്ങളിൽ ഇടപെടാമോ ?

👉കേരള ഗവൺമെൻറ് സെർവെൻറ്സ് കോൺടക്ട് റൂൾസ്ചട്ടം 67 എ പറയുന്നത് സാമുദായികമായതോ മതപരമായതോ ആയ സംഘടന, ട്രസ്റ്റ്, സൊസൈറ്റി എന്നിവയിലൊന്നും സർക്കാർ ഉദ്യോഗസ്ഥർ  ഭാരവാഹികൾ ആകാൻ പാടില്ല എന്നാണ്.

👉കേരള ഗവൺമെൻറ് സെർവെൻറ്സ് കോൺടക്ട് റൂൾസ് 67എ(2) പറയുന്നത് - ഏതെങ്കിലും ശാസ്ത്ര/സാഹിത്യ /ധർമ്മ സൊസൈറ്റുകളിൽ ഭാരവാഹികൾ ആകുന്ന സർക്കാർ ഉദ്യോഗസ്ഥർ ഇക്കാര്യം ഒരു മാസത്തിനുള്ളിൽ സർക്കാരിനെ അറിയിക്കേണ്ടതും  അപ്രകാരം തുടരുന്നത്  പൊതുതാൽപര്യത്തിൻറെ പേരിലല്ല എന്ന് സർക്കാറിന് തോന്നുന്ന പക്ഷം സംഘടനാ ഭാരവാഹിത്വത്തിൽ നിന്ന് രാജി വയ്ക്കേണ്ടതാണ് എന്നാണ്.

👉കേരള ഗവൺമെൻറ് സെർവെൻറ്സ് കോൺടക്ട് റൂൾസ് 1960 (ഭേദഗതികൾ ഉൾപ്പെടെ) - മുഴുവൻ ഭാഗം
ഡൗൺലോഡ് ചെയ്യാൻ -
https://drive.google.com/file/d/13F-IIP0_09XMKOHLGygl-eozYVvl_L4O/view?usp=drivesdk

Tuesday, March 10, 2020

Legal Metrology അമിത വില ഈടാക്കിയാൽ എന്ത് ചെയ്യും ?

അമിത വില ഈടാക്കിയാൽ എന്ത് ചെയ്യും ?

കൊറോണാ വൈറസിന്റെ വാർത്തകൾ  പരന്നപ്പോൾ കുട്ടപ്പൻ അടുത്ത മെഡിക്കൽ ഷോപ്പിലേക്ക് ഓടി. മുഖത്ത് ധരിക്കാൻ മാസ്കും, കൈകഴുകാൻ സാനിറ്ററൈസറും വാങ്ങാൻ ആണ് അവിടെ എത്തിയത്. ആദ്യം പറഞ്ഞു സ്റ്റോക്ക് തീർന്നു അല്പം കഴിഞ്ഞു വരാൻ. കുറച്ചുനേരം കഴിഞ്ഞ് വീണ്ടും ചെന്നപ്പോൾ പുതിയ സ്റ്റോക്ക് വന്നു മാസ്ക് ഒരെണ്ണം 15 രൂപ. ആറ് മണിക്കൂർ നേരം ഉപയോഗിക്കാം. ആരോ പറഞ്ഞു കേട്ടത് കുട്ടപ്പന് ഓർമ്മവന്നു -ഒരെണ്ണം 3 രൂപയേ വിലയുള്ളൂ. കൊറോണയാണോ വലുത് രൂപയാണോ ? കുട്ടപ്പൻ തീരുമാനിച്ചു കൊറോണ തന്നെ. 3 രൂപ വിലയുള്ള മാസ്കിൻറെ ബ്രാൻഡും മറ്റും അറിയാത്തതുകൊണ്ട്  പണം എത്രയായാലും ആവശ്യത്തിന് മാസ്ക് വാങ്ങി. സാനിറ്ററൈസർ വില പറഞ്ഞറിയാത്തതുകൊണ്ട് പറഞ്ഞ പണം കൊടുത്തു വാങ്ങി വീട്ടിലേക്ക് തിരിച്ചു നടന്നു.

ലീഗൽ മെട്രോളജി നിയമത്തിലെ (2009) വകുപ്പ് 36 പ്രകാരം ഉൽപ്പന്നങ്ങളുടെ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയ്ക്ക് വിരുദ്ധമായി അമിത തുക ഈടാക്കിയാൽ 25,000 മുതൽ ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം തടവും ഈടാക്കാവുന്ന കുറ്റമാണ്. പാക്കറ്റിൽ അച്ചടിച്ചിരിക്കുന്ന തുകയേക്കാൾ കൂടുതൽ ഈടാക്കുന്നത് കുറ്റത്തിന്റെ പരിധിയിൽ വരും.

ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമോഡിറ്റീസ്)  ചട്ടങ്ങൾ 2011 - ചട്ടം 2 എം വില്പന വിലയെ പറ്റി പറയുന്നു. എത്ര രൂപയാണ് പരമാവധി ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നത് എന്ന തുകയാണ് വില്പന വില.
ചട്ടം 6 (1) ഇ പ്രകാരം പരമാവധി ഈടാക്കാവുന്ന വില പൊതിയുടെ പുറത്ത് രേഖപ്പെടുത്തിയിരിക്കണം.
ചട്ടം 18 (5) പറയുന്നത് യാതൊരു കച്ചവടക്കാരനും നിർമാതാവ് പൊതിയുടെ പുറത്ത് രേഖപ്പെടുത്തിയിരിക്കുന്ന വിൽപ്പന വില മായ്ക്കുകയോ തിരുത്തുകയോ ചെയ്യരുത് എന്നാണ്.

ലീഗൽ മെട്രോളജി വകുപ്പിൽ
കേരളത്തിൽ പരാതിപ്പെടേണ്ട ടോൾഫ്രീ നമ്പർ - 1800 425 4835. ഫോൺ നമ്പർ - 0471 2303821

(ചട്ടങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഹോട്ടലുകളിലും  മറ്റും കുപ്പിവെള്ളത്തിന് ഉയർന്ന വില ഈടാക്കിയ വിഷയത്തിൽ നിയമപരമായി അപാകത ഇല്ലെന്നാണ് സുപ്രീംകോടതിയുടെ വിധി. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷനുകളുടെ ഫെഡറേഷൻ സമർപ്പിച്ച ഹർജിയിലാണ് ഈ വിധി. സർക്കാർ നിലപാട് മറിച്ചാണെങ്കിലും 2017 ഡിസംബറിൽ ഈ വിധി വന്നു. ഹോട്ടലുകളിലും റസ്റ്റോറൻറ്കളിലും നടക്കുന്നത് സാധാരണ വില്പന അല്ല എന്നും അവിടെ സേവനം അതിൻറെ ഭാഗമായി ലഭിക്കുന്നു എന്നുമുള്ള നിയമ വ്യാഖ്യാനമാണ് ഈ വിധി ന്യായത്തിന് കാരണം).

© ഷെറി