നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതികള്‍ നല്‍കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വാഹനം, മൈക്ക് എന്നിവക്ക് അനുമതി തേടാനും ഓണ്‍ലൈന്‍ സംവിധാനം. നിലവിലുള്ള സംവിധാനങ്ങള്‍ അതേപടി നിലനിര്‍ത്തിയാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം കമീഷന്‍ പരീക്ഷിക്കുന്നത്.
ഇ-പരിഹാരം, ഇ-അനുമതി, ഇ-വാഹനം എന്നീ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയിട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരാതിയോ നിര്‍ദേശങ്ങളോ തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കാനുണ്ടെങ്കില്‍ ഇ-പരിഹാരം വഴി ഓണ്‍ലൈനായി നല്‍കാം. നേരിട്ട് ലഭിക്കുന്ന പരാതികളും ഇതില്‍ ചേര്‍ക്കാം.
ഇ-അനുമതി സോഫ്റ്റ്വെയര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമാണ് ഉപയോഗിക്കാവുന്നത്. യോഗങ്ങളും പ്രകടനങ്ങളും നടത്തുന്നതിനും മൈക്കിനും വാഹനത്തിനും അനുമതിക്കും ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാം. ഇതിനുള്ള ഫോമുകളും സൈറ്റില്‍ ലഭിക്കും. ഇ-വാഹനം എന്ന സോഫ്റ്റ്വെയര്‍ തെരഞ്ഞെടുപ്പ് കമീഷന് മാത്രമായുള്ളതാണ്. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സര്‍ക്കാര്‍-സ്വകാര്യ വാഹനങ്ങളുടെ വിവരങ്ങളാണ് ഇതിലുള്ളത്.
അക്ഷയകേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇ-സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. 10 രൂപയാണ് ചാര്‍ജ്. പരാതി സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്. ഒപ്പം ഫോട്ടോ, വിഡിയോ എന്നിവയും അപ്ലോഡ് ചെയ്യാം.
Courtesy to Madhyamam News