തീരദേശനിയമം വീണ്ടും
ഡി ദിലീപ് (Desabhimani)
Posted on: 21-Jul-2014 01:55 AM
'
'
ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് വിനയാകുന്ന തീരദേശ പരിപാലന നിയമം (സിആര്‍ഇസഡ്) കര്‍ശനമായി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് തീരദേശ പരിപാലന അതോറിറ്റി (ശാസ്ത്ര സാങ്കേതിക വകുപ്പ്) നേരത്തേ ഇറക്കിയ രണ്ട് സര്‍ക്കുലര്‍ മരവിപ്പിച്ച നടപടി മന്ത്രിസഭായോഗം റദ്ദാക്കി. തീരദേശത്തെ വീടുകള്‍ക്ക് അനംഗീകൃത നമ്പര്‍ (യുഎ നമ്പര്‍) പോലും നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് ഇനി കഴിയില്ല. വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്ററിനുള്ളില്‍ ഒരു വീടും നിര്‍മിക്കാനാകില്ല. 500 മീറ്റര്‍ പരിധിയില്‍ വീടുവയ്ക്കണമെങ്കില്‍ തീരപരിപാലന അതോറിറ്റിയുടെ അനുമതി വേണം.
വേമ്പനാട് അടക്കമുള്ള കായല്‍തീരത്ത് 100 മീറ്ററിനുള്ളിലും നിര്‍മാണ പ്രവര്‍ത്തനം പാടില്ല. ഇത് ലംഘിച്ച് വീട് വയ്ക്കുകയോ അനുമതി നല്‍കുകയോ ചെയ്താല്‍ ഏഴുവര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിയമം കര്‍ശനമാക്കാന്‍ ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് നിര്‍ദേശം നല്‍കി. നിയമം ബാധകമാകുന്ന ജില്ലകളിലെ കലക്ടര്‍, തഹസില്‍ദാര്‍മാര്‍, ടൗണ്‍ പ്ലാനര്‍മാര്‍, പഞ്ചായത്ത്-മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കായി പ്രത്യേക ശില്‍പശാലകള്‍ സംഘടിപ്പിച്ചു തുടങ്ങി.
അതോറിറ്റിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയാല്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്ന് ശില്‍പശാലയില്‍ മുന്നറിയിപ്പ് നല്‍കി. തീരപരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് കാട്ടി കഴിഞ്ഞ ജനുവരിയിലാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് രണ്ട് സര്‍ക്കുലറുകള്‍ ഇറക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കുലര്‍ മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഉറപ്പുനല്‍കി. സര്‍ക്കുലര്‍ മരവിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തിയത്.
തീരമേഖലയില്‍ മറ്റ് നിര്‍മാണങ്ങള്‍ തടഞ്ഞ് മത്സ്യത്തൊഴിലാളികളെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നിയമം ഫലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദ്രോഹമായി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഈ നിയന്ത്രണം പക്ഷേ റിസോര്‍ട്ട് നിര്‍മിക്കുന്നതിലില്ല. അഞ്ചു കോടിയില്‍ കൂടുതല്‍ മുതല്‍മുടക്കുള്ള പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങാനാകും. തീരദേശ പരിപാലന നിയമം നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് കേരള സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന അതോറിറ്റി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.
സത്യവാങ്മൂലം നിലനില്‍ക്കെ സര്‍ക്കുലര്‍ മരവിപ്പിക്കുന്നത് കോടതി വിരുദ്ധമാകുമെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകളില്‍ ഇളവ് വേണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കണമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ചില്‍ തന്നെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് തിരിച്ചടി ഭയന്ന് പുറത്തുവിട്ടില്ല. നിയമത്തില്‍ ഇളവ് നല്‍കി പുതിയ വിജ്ഞാപനത്തിനായി ഒരു അപേക്ഷ നല്‍കിയതല്ലാതെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
No comments:
Post a Comment