ജാമ്യം എന്നത് നിയമം, ജയിൽ എന്നത് അസാധാരണം!
രാജ്യത്തെ ഒരു മുഖ്യമന്ത്രി അദ്ദേഹത്തിൻറെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട് കോടതിക്കു മുമ്പിൽ റിമാൻഡ് അപേക്ഷയോടുകൂടി ഹാജരാക്കപ്പെടുക അത്യപൂർവ്വമാണ്. ഭരണത്തിൽ ഇരിക്കുന്ന മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ആദ്യമായിട്ട് എന്ന് തന്നെ വേണമെങ്കിൽ പറയാം. മുമ്പ് ഹേമന്ത് സോറൻ രാജിവച്ചതിനുശേഷം ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
ക്രിമിനൽ കേസുകളിൽ ജാമ്യം ലഭിക്കേണ്ടത് നിയമവും ജാമ്യം നിഷേധിക്കേണ്ടത് അസാധാരണ സാഹചര്യങ്ങളിൽ ഒഴിവ് കഴിവുകളുടെ പേരിലുമാണ് എന്നതാണ് രാജ്യത്തെ പൊതു നിയമം. 1978 ൽ ജസ്റ്റിസ് കൃഷ്ണയ്യരാണ് സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ V. ബാൽചന്ദ് കേസിൽ ആദ്യമായി ഇങ്ങനെ പ്രസ്താവിച്ചത്. പിന്നീടും ഇത്തരത്തിൽ നിരവധി വിധികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ UAPA പോലുള്ള നിയമങ്ങളിൽ ജയിലാണ് നിയമം, ജാമ്യം അസാധാരണം എന്നും സുപ്രീംകോടതി തന്നെ പറഞ്ഞു.
PMLA പ്രകാരമുള്ള കുറ്റത്തിൽ കള്ളപ്പണം വെളുപ്പിക്കൽ എന്ന ആരോപണം നേരിടേണ്ടി വന്ന മുഖ്യമന്ത്രിക്ക് ജാമ്യം കൊടുക്കേണ്ടതല്ലേ എന്നത് സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്.
2002 ൽ ആണ് Prevention of Money Laundering നിയമം ഉണ്ടാക്കിയത്. അത് നടപ്പിലാക്കിയത് 2005 ലാണ്. പിന്നീട് ഭേദഗതികൾ വരുത്തുകയുണ്ടായി. വകുപ്പ് 45 ൽ ജാമ്യത്തിനുള്ള കർശന ഉപാധികൾ വരുത്തിയ ഭേദഗതി സംബന്ധിച്ച് നികേഷ് താരാചന്ദ് ഷാ കേസിൽ (2018 11 SCC 1) സുപ്രീംകോടതി ആ വകുപ്പ് തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു. ജാമ്യം ലഭിക്കണമെങ്കിൽ പൂർണമായും നിരപരാധി എന്ന് തെളിയിക്കേണ്ടതുണ്ട് എന്നതായിരുന്നു അത്. ശിക്ഷിക്കപ്പെടുന്നത് വരെ നിരപരാധി എന്ന അനുമാനം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. അങ്ങനെയുള്ള നിയമവ്യവസ്ഥയ്ക്കെതിരായതും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് എന്നുമാണ് അന്ന് സുപ്രീം കോടതി കണ്ടെത്തിയത്.
ഈ വിധി വന്നതിനുശേഷം
2018 ൽ വരുത്തിയ ഭേദഗതിയിൽ വകുപ്പ് 45 ൽ ചില മാറ്റങ്ങൾ വരുത്തി ജാമ്യം ലഭിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ തുടർന്നു. അന്താരാഷ്ട്ര നിലപാടുകൾ മാനിക്കപ്പെടേണ്ടതിനുവേണ്ടിയും Financial Action Task Force (FATF) ഉൾപ്പെടെയുള്ള സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്നതിനു വേണ്ടിയും കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ കൂടുതൽ ഗൗരവപരമായ ജാമ്യവ്യവസ്ഥകൾ വേണമെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്.
കോടതിക്ക് പ്രതി കുറ്റം ചെയ്തിട്ടില്ല എന്ന് വിശ്വാസം ആകണമെന്നും, ജാമ്യത്തിൽ ഇരിക്കെ വീണ്ടും കുറ്റം ചെയ്യുമെന്ന് ആശങ്കയുണ്ടാകരുത് എന്നതുമാണ് വകുപ്പ് 45 ലെ നിയന്ത്രണങ്ങൾ. ED യുടെ അധികാരങ്ങൾ സംബന്ധിച്ച കാര്യങ്ങളും ഭേദഗതികളും വിജയ് മദർലാൽ ചൗധരി കേസിൽ (2022 SCC Online SC 929) ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും സുപ്രീംകോടതി ശരിവെച്ചു. ജാമ്യം നൽകുന്നതിന് വേണ്ടി കൊണ്ടുവന്നിട്ടുള്ള twin conditions- ഇരട്ട വ്യവസ്ഥകൾ ഈ നിയമത്തിന്റെ പ്രത്യേക ഉദ്ദേശം കണക്കിലെടുത്ത് ആവശ്യമായത് തന്നെയാണ് എന്നായിരുന്നു കോടതിയുടെ നിഗമനം.
ക്രിമിനൽ നടപടിക്രമത്തിൽ പറയുന്ന ജാമ്യത്തിനുള്ള നിയന്ത്രണങ്ങൾക്ക് പുറമേയാണ് ഈ അധിക നിയന്ത്രണങ്ങൾ. പ്രത്യേക കോടതികളിൽ ആണ് കള്ളപ്പണം വെളുപ്പിക്കൽ കേസുകളുടെ വിചാരണ നടക്കുന്നത്.
കർശനമായ ജാമ്യവ്യവസ്ഥകൾ ന്യായീകരിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര നിലപാടുകൾ ആവർത്തിക്കുമ്പോൾ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളെ മറന്നുപോകരുത്. കുറ്റക്കാരനാണെന്ന് നിയമപ്രകാരം കണ്ടെത്തുന്നത് വരെയും ഏതൊരു കുറ്റവാളിറ്റിയും നിരപരാധി എന്ന് അനുമാനിക്കപ്പെടുന്നതിനുള്ള അവകാശം ഉണ്ട് എന്നത് അന്താരാഷ്ട്രതലത്തിലും അംഗീകരിക്കപ്പെട്ട തത്വമാണ്.
No comments:
Post a Comment