അവര്‍ക്കിനിയുമുണ്ട് ജീവിതം ബാക്കി .......
അഡ്വ. ഷെറി ജെ തോമസ്
https://wa.me/919447200500
sherryjthomas@gmail.com
അവറാച്ചന്‍ അഭിമാനിയാണ്. എല്ലുമുറിയെ പണിയെടുത്ത് സാമാന്യം മെച്ചപ്പെട്ട നിലയില്‍ ജീവിച്ചുപോരാനുള്ള സംഗതികള്‍ ഉണ്ടാക്കിയതിന്‍റെ തെല്ല് അഹങ്കാരവുമണ്ട്. രണ്ട് മക്കളാണ് അവറാച്ചന് - ഒരാണും പെണ്ണും. മകളെ കല്യാണം കഴിപ്പിച്ചയച്ചു. നല്ല തുക പാരിതോഷികമായും കൈയ്യും കഴുത്തും മുഴുവന്‍ സ്വര്‍ണ്ണവും അണിയിച്ചാണ് മകളുടെ കല്യാണം നടത്തിയത്. പഴയ തറവാട് വീട് വലിയ തുക മുടക്കി പുതുക്കിപ്പണിയാന്‍ മകന്‍ ഉത്സാഹം കാണിച്ചപ്പോള്‍ അതിനും അവറാച്ചന് സമ്മതമായിരുന്നു. വയസ്സായതിനാല്‍ ഇനി ബാങ്ക് ലോണ്‍ മകന്‍റെ പേരില്‍ ആകട്ടെയെന്നും കരുതി. ബാങ്ക് ലോണ്‍ കിട്ടണമെങ്കില്‍ ഭൂമി മകന്‍റെ പേരിലായിരിക്കണം. അതിനായി മകന്‍റെ പേരില്‍ ധനനിശ്ചയാധാരവും എഴുതി. അവറാച്ചന് ഇനി ആ ഭൂമിയില്‍ മരണം വരെ പെരുമാറാനുള്ള അവകാശം മാത്രം നില നിര്‍ത്തി. മകന്‍റെ പേരില്‍ ഭൂമി പോക്കുവരവും നടത്തി.
മകന്‍റെയും വിവാഹം കഴിഞ്ഞു. അവറാച്ചന്‍ അപകടം മണത്തുതുടങ്ങി. താന്‍ ഉണ്ടാക്കിയ വസ്തുവകകളില്‍ അന്യനായി മാറുന്നതുപോലെ തോന്നിത്തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ അന്യനായി മാറി. അവഗണന അവറാച്ചന് സഹിക്കാനായില്ല, അഹങ്കാരഭാവം അപമാനമായി മാറി. ഭൂമി എഴുതിക്കൊടുത്തതോടെ സകല അവകാശങ്ങളും ആ വീട്ടില്‍ ഇല്ലാതൊയെന്ന് അവറാച്ചന് മനസ്സിലായി. ഭൂമി എഴുതി നല്‍കിയത് റദ്ദാക്കാന്‍ ശ്രമിച്ചെങ്കിലും പോക്കുവരവ് ചെയ്തുപോയതിനാല്‍ ഇനി അതിന് സാധ്യത കുറവാണെന്നും മനസ്സിലായി. 2008 സെപ്തംബര്‍ മാസത്തിനു ശേഷമാണ് ആധാരം ചെയ്തിരുന്നതെങ്കില്‍ ആര്‍ ഡി ഒ ക്ക് അപേക്ഷ നല്‍കിയാല്‍ ധനനിശ്ചയാധാരം റദ്ദാക്കാമായിരുന്നുവെന്ന് അറിഞ്ഞു. പക്ഷെ ഇത് അതിനു മുന്നെ ആയതിനാല്‍ ആ വഴിയും അടഞ്ഞു. പക്ഷെ എന്നാലും തന്നെപ്പോലെയുള്ള മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കാന്‍ നിയമം ഉള്ള കാര്യം അന്ന് അവറാച്ചന്‍ അറിഞ്ഞു.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍
ഇന്ത്യ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്. മാസങ്ങള്‍ക്ക് മുമ്പ് ചൈനയെ കടത്തിവെട്ടി ആ നേട്ടം നാം സ്വന്തമാക്കി. വെറും ജനസംഖ്യയുടെ നേട്ടം മാത്രമല്ല ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ ഉള്ള രാജ്യം കൂടിയാണ് ഇന്ത്യ. തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള പ്രായത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ ഇന്ന് നമ്മുടെ രാജ്യത്താണ് എന്നതുകൊണ്ട് തന്നെ ഇത്രയും മാനവ വിഭവ ശേഷി സമ്പത്ത് മറ്റൊരു രാജ്യത്തിനും ഇന്ന് അവകാശപ്പെടാനില്ല. അതേസമയം ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് ഓരോ വര്‍ഷവും പുറം നാടുകളിലേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പറഞ്ഞു വരുമ്പോള്‍ മുതിര്‍ന്നവരുടെ ഒരു നാടായി നമ്മുടെ രാജ്യം മാറുമോ എന്നും ചോദിക്കാം.
പ്രായമേറിയാലുള്ള ജിവിതം കാലിക സമൂഹത്തില്‍ ഒരു വെല്ലുവിളിയായി മാറുകയാണ്. വിധവകളുള്‍പ്പെടെ ധാരാളം പ്രായമായവര്‍ ആരാലും പരിപാലിക്കപ്പെടാനില്ലാതെ അംഗീകൃതമായതും അല്ലാത്തതുമായ വൃദ്ധസദങ്ങളെ ആശ്രയിച്ച് കഴിയുന്നുണ്ട്. അവരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാനുള്ള ബാധ്യത ഭരണകൂടത്തിനാണ്. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 125 പ്രകാരം മുതിര്‍ന്നവര്‍ക്ക് മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിന് അവകാശമുണ്ടെങ്കിലും അത്തരം നടപടികള്‍ സമയദൈര്‍ഘ്യവും പണച്ചിലവും ഏറിയതാണെന്ന നിഗമനത്തിലാണ് മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും ലഭിക്കാനുള്ള പുതിയ നിയമം (The Maintenance and Welfare of Parents and Senior Citizens Act 2007) പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മക്കള്‍ മാത്രമല്ല മുതിര്‍ന്നവരുടെ വസ്തുവഹകള്‍ അവരുടെ കാലശേഷം പിന്തുടര്‍ച്ചാവകാശനിയമപ്രകാരം ലഭിക്കുന്നവരും ഈ നിയമപ്രകാരം മുതിര്‍ന്നവരെ പരിപാടിക്കാന്‍ ബാധ്യസ്ഥരാണ്. ഈ നിയമം കേരളത്തില്‍ 24-9-08 ല്‍ പ്രാബല്യത്തില്‍ വന്നു.
ആര്‍ക്കൊക്കെ ഈ നിയമത്തിന്‍റെ പ്രയോജനം ലഭിക്കും ?
മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ഈ നിയമപ്രകാരം മക്കളില്‍ നിന്നോ അനന്തരാവകാശികളില്‍ നിന്നോ ജീവനാംശവും ക്ഷേത്തിനായുള്ള മറ്റ് സൗകര്യങ്ങളും അവകാശപ്പെടാവുന്നത്. യഥാര്‍ത്ഥ മാതാപിതാക്കള്‍, ദത്തെടുക്കലിലൂടെയുള്ള മാതാപിതാക്കള്‍, രണ്ടാനച്ഛന്‍/ രണ്ടാനമ്മ എന്നിവര്‍ക്ക് ഈ നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ എന്നതുകൊണ്ട് ഈ നിയമം ഉദ്ദേശിക്കുന്നത് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയാണ്.
എങ്ങനെ പ്രയോജനം ലഭിക്കും ?
ീ സ്വയം വരുമാനം കണ്ടെത്തി ജീവിക്കാനാകാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും ഈ നിയമപ്രകാരം അപേക്ഷ നല്‍കാം. നിയമത്തിലെ വകുപ്പ് 5 പ്രകാരം ഇതിനായി പ്രത്യേകം സ്ഥാപിച്ച ട്രൈബ്യൂണലിലാണ് അപേക്ഷ നല്‍കേണ്ടത്.
ീ പ്രായപൂര്‍ത്തിയായ മക്കളും പേരക്കുട്ടികളും ഇതിന്‍റെ ഇതിന്‍റെ പരിധിയില്‍ വരും. മക്കളില്ലാത്ത മുതിര്‍ന്നവര്‍ക്ക് കാലശേഷം തങ്ങളുടെ വസ്തുവഹകള്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം കൈവശം ലഭിക്കുന്നവരില്‍ നിന്നോ ജീവിതകാലം തന്നെ തങ്ങളുടെ വസ്തു കൈവശം വച്ച് ഉപയോഗിക്കുന്നവരില്‍ നിന്നോ (ബന്ധുക്കള്‍) ജീവനാംശവും ക്ഷേമവും ആവശ്യപ്പെടാം.
ീ സാധാരണയായ ഒരു ജീവിതം നയിക്കാന്‍ ഒരു മുതിര്‍ന്ന പൗരന് എന്തൊക്കെയാണോ ആവശ്യം; അവയെല്ലാം നല്‍കാന്‍ മക്കളോടൊ പേരക്കുട്ടികളോടൊ ഇതിന്‍റെ പരിധിയില്‍ വരുന്ന ബന്ധുക്കളോടൊ ആവശ്യപ്പെടാം. പരമാവധി പതിനായിരം രൂപവരെ ജീവനാംശമായി ലഭിക്കാം. ഈ നിയമത്തിലെ നിര്‍വ്വചനപ്രകാരമുള്ള ഒന്നിലധികം ബന്ധുക്കള്‍ ഉണ്ടെങ്കില്‍, പിന്തുടര്‍ച്ചാവകാശമനുസരിച്ച് അവര്‍ക്ക് ഏത് അളവിലാണോ വസ്തുവഹകള്‍ ലഭിക്കുന്നത്, അതേ അളവില്‍ ജീവനാംശം നല്‍കേണ്ടുന്ന തുകയും വീതിക്കാം.
ീ സ്വന്തമായി അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് മറ്റേതെങ്കിലും വ്യക്തികള്‍ മുഖേനയൊ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ മുഖേനയോ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. അതല്ലാതെയും ട്രൈബ്യൂണലിന് സ്വമേധയാ നടപടികളെടുക്കാനും അധികാരമുണ്ട്.
ീ ട്രൈബ്യൂണലില്‍ ജീവനാംശത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ എതിര്‍കക്ഷിക്ക് നോട്ടീസ് നല്‍കി 90 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളില്‍ കാരണം രേഖപ്പെടുത്തിയ ശേഷം പരമാവധി 30 ദിവസം കൂടി സമയം നീട്ടീ നല്‍കാം. അപേക്ഷ തീര്‍പ്പാക്കുന്നതിനു മുമ്പുതന്നെ ഇടക്കാല ഉത്തരവിലൂടെയും ട്രൈബ്യൂണലിന് ജീവനാംശം അനുവദിക്കാവുന്നതാണ്.
ീ ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരം ജീവനാംശം നല്‍കാത്തവര്‍ക്കെതിരെ വാറന്‍റ് പുറപ്പെടുവിച്ച് ഒരു മാസം വരെയോ പണം അടയ്ക്കുന്നതുവരെയോ ജയില്‍ ശിക്ഷ വിധിക്കാം. ഉത്തരവുപ്രകാരം ലഭിക്കാനുള്ള തുക കുടിശ്ശിക വന്ന് 3 മാസത്തിനുള്ളില്‍ തന്നെ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കേണ്ടതാണ്
.
എവിടെ അപേക്ഷ നല്‍കണം ?
അപേക്ഷകന്‍ താമസിക്കുന്നതോ അവസാനം താമസിച്ചതോ ആയ ജില്ലയിലെ ട്രൈബ്യൂണലില്‍ ജീവനാംശത്തിനായി അപേക്ഷ നല്‍കാം. അതല്ലെങ്കില്‍ എതിര്‍കക്ഷി (മക്കള്‍/ബന്ധുക്കള്‍) താമസിക്കുന്ന ജില്ലയിലെ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. ട്രൈബ്യൂണലില്‍ ലഭിക്കുന്ന അപേക്ഷകള്‍, ആവശ്യമെന്നുതോന്നിയാല്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍ക്ക് അയച്ചുകൊടുക്കുന്നതും ഒരു മാസത്തിനം കണ്‍സീലിയേഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്. വിഷയം ഒത്തുതിര്‍പ്പാവുകയാണെങ്കിലും അക്കാര്യം രേഖപ്പെടുത്തി ട്രൈബ്യൂണലിന് ഉത്തരവിറക്കാവുന്നതാണ്. ജീവനാംശം നല്‍കാന്‍ ഉത്തവായിക്കഴിഞ്ഞാല്‍ എതിര്‍കക്ഷി 30 ദിവസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണം. 5 ശതമാനത്തില്‍ കുറയാത്തതും 18 ശതമാനത്തില്‍ കൂടാത്തതുമായ പലിശ സഹിതം പണം നല്‍കാനും ട്രൈബ്യൂണലിന് ഉത്തരവിടാം. മുതിര്‍ന്ന പൗരന്‍മാരെ മനപൂര്‍വ്വം ഉപേക്ഷിക്കുന്നതോ അനാഥമാക്കുന്നതോ ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. 3 മാസം തടവും 5000 രൂപ പിഴയും ശിക്ഷയായി ഈടാക്കാവുന്നതാണ്.
വസ്തു ഇടപാടുകളും അസാധുവാക്കാം
മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും നല്‍കാനുള്ള നിയമത്തിലെ വകുപ്പ് 23 പ്രകാരം 24-9-08 നുശേഷം തങ്ങള്‍ നടത്തിയിട്ടുളള വസ്തു സംബന്ധമായ ക്രമയവിക്രയങ്ങള്‍ മുതിര്‍ന്നവരുടെ അപേക്ഷ പ്രകാരം ആവശ്യമെങ്കില്‍ ട്രൈബ്യൂടണലിന് റദ്ദാക്കാവുന്നതാണ്. തന്നെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന നിബന്ധനയോടെ എഴുതിയിട്ടുളള ഇഷ്ടധാനാധാരങ്ങളും മറ്റ് ആധാരങ്ങളും അതിലെ നിബന്ധനകള്‍ പാലിക്കാതെ വരുന്ന പക്ഷം റദ്ദാക്കുന്നതിന് മുതിര്‍ന്ന പൗരന്‍മാര്‍ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കണം.
മുതിര്‍ന്നവര്‍ക്ക് ജീവനാംശം ലഭിക്കുന്നതിന് അര്‍ഹതയുള്ള വസ്തുവഹകള്‍ മറ്റ് അവകാശികള്‍ കൈമാറ്റം ചെയ്താല്‍ (വാങ്ങുന്നയാള്‍ക്ക് അറിവുണ്ടെങ്കില്‍) വസ്തു വാങ്ങിയ ആളില്‍ നിന്ന് ജീവനാംശം ഈടാക്കാം. സൗജന്യ കൈമാറ്റമാണെങ്കിലും ജീവനാംശം ഈടാക്കാം.
ആധാരം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്
സാധാരണയായി ആധാരങ്ങള്‍ എഴുതിക്കഴിഞ്ഞാല്‍ അത് റദ്ദാക്കുന്നത് വളരെയധികം ശ്രമകരമായ ജോലിയാണ്. ആധാരം എഴുതി കൊടുത്തയാള്‍ അത് എഴുതിയത് സ്വബോധമില്ലാതെയോ ഭീഷണി മൂലമോ അല്ലെങ്കില്‍ അത്തരത്തിലുള്ള നിയമപരമായി ഒഴിവുകള്‍ പറയാവുന്ന കാരണങ്ങള്‍ ആണെന്ന് തെളിയിക്കാന്‍ ആയാല്‍ മാത്രമാണ് സിവില്‍ കോടതിയില്‍ അന്യായം നല്‍കി റദ്ധാക്കാനാവുക. എന്നാല്‍ മുതിര്‍ന്ന പൗരന്മാരുടെ മേല്‍പ്പറഞ്ഞ അവകാശികള്‍ നിഷേധിക്കപ്പെട്ടാല്‍ വകുപ്പ് 23 പ്രകാരം എഴുതി കിട്ടിയ ആധാരങ്ങള്‍ റദ്ദാക്കാം. മുതിര്‍ന്ന പൗരനെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന വ്യസ്ഥയില്‍ എഴുതി നല്‍കിയ ആധാരങ്ങള്‍ നിലവിലുള്ളപ്പോള്‍ അത്തരത്തില്‍ നോക്കുന്നില്ല എന്ന് പരാതി വന്നാലാണ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആവുക. സാധാരണയായി സെറ്റില്‍മെന്‍റ് ആധാരങ്ങള്‍/ ധനനിശ്ചയദാരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ' എന്നെ ആശ്രയിച്ചും പരിപാലിച്ചും കഴിയുന്ന മകനോടുള്ള / മകളോടുള്ള സ്നേഹ വാത്സല്യം നിമിത്തം ...' എന്നും മറ്റുമായിരിക്കും. ആധാരത്തില്‍ കണ്‍സിഡറേഷന്‍ ഇല്ല എന്നതിന്‍റെ അടിസ്ഥാനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി കുറവാക്കി നിലനിര്‍ത്തുന്നതിനും ആണ് ഇത്തരത്തില്‍ വാക്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ നിയമത്തിലെ വകുപ്പ് 23 ന്‍റെ പരിധിയില്‍ വരണമെങ്കില്‍ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന വാക്കുകള്‍ ആധാരത്തില്‍ ഉണ്ടാകണം എന്ന് കേരള ഹൈക്കോടതിയുടെ ഫുള്‍ ബഞ്ച് വിധി പറയുകയും ചെയ്തിട്ടുള്ളതാണ്. ആധാരം റദ്ദാക്കിയാല്‍ പോലും കൈവശം തിരികെ കിട്ടുന്നതിന് സിവില്‍ കോടതിയെ സമീപിക്കണം. സുപ്രീം കോടതിയും വകുപ്പ് 23 ഉപയോഗിക്കണമെങ്കില്‍ ഉണ്ടാകേണ്ട സാഹചര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ അവസ്ഥയില്‍ അങ്ങനെ പ്രത്യേകം പരാമര്‍ശം ഇല്ലാത്ത ആധാരങ്ങള്‍ മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കിലും റദ്ദാക്കാന്‍ ആകില്ല. അത്തരം ആശങ്കകള്‍ ഒഴിവാക്കണമെങ്കില്‍ ആധാരം എഴുതുമ്പോള്‍ മുതിര്‍ന്ന പൗരനെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യുമെന്ന കാര്യം കൂടി ആധാരത്തിലെ വാക്കുകളില്‍ ഉണ്ടാവണം.
ഏതൊക്കെ തരത്തില്‍ സ്വന്തം ഭൂമിയെ കുറിച്ച് എഴുതാം
ഇന്ത്യയില്‍ വ്യക്തി നിയമം നിലനില്‍ക്കുന്നതിനാല്‍ ഓരോ മതസ്ഥര്‍ക്കും വ്യത്യസ്തമായ രീതിയിലാണ് സ്വത്ത് വിഭജനം ചെയ്യപ്പെടുന്നത്. ക്രിസ്ത്യാനികളുടെ സ്വത്ത് ഇന്ത്യന്‍ പിന്തുര്‍ടച്ചാവകാശ നിയമപ്രകാരമാണ് വിഭജനം ചെയ്യപ്പെടുന്നത്. ആധാരങ്ങള്‍ ഒന്നും എഴുതിവെക്കാതെ മരിക്കുന്ന ഒരു വ്യക്തിയുടെ സ്വത്ത് ഭര്‍ത്താവാണ് മരിക്കുന്നതെങ്കില്‍ ഭാര്യയ്ക്ക് മുന്നില്‍ ഒന്നും ശേഷം മക്കള്‍ക്ക് തുല്യമായും ലഭിക്കും. അപ്പന്‍റെയും അമ്മയുടെയും കാലശേഷമാണെങ്കില്‍ മക്കള്‍ക്ക് തുല്യമായി ലഭിക്കും. അതേസമയം തങ്ങളുടെ സ്വത്ത് എങ്ങനെ വിഭജിക്കപ്പെടണം എന്ന് ഏതെങ്കിലും കാരണങ്ങളിലൂടെ എഴുതിവയ്ക്കുന്നവരുടെ വസ്തു വിഭജനം അതുപ്രകാരം ആയിരിക്കും നടക്കുക.
വസ്തുവിജനം ചെയ്യുന്നതിനായി സെറ്റില്‍മെന്‍റ് അല്ലെങ്കില്‍ ധനനിശ്ചയ ആധാരങ്ങള്‍ എഴുതി വയ്ക്കാം. തീറാധാരങ്ങളെ അപേക്ഷിച്ച് അതിന് സ്റ്റാമ്പ് ഡ്യൂട്ടി നന്നേകുറവാണ്. അത്തരത്തില്‍ ആധാരം എഴുതുമ്പോള്‍ നോക്കിക്കോളും എന്ന വാക്കുകള്‍ക്ക് പുറമേ ആധാരം എഴുതുന്നയാള്‍ക്ക് ജീവിതകാലം മുഴുവന്‍ വസ്തുവില്‍ താമസിക്കാനും ആദായം എടുക്കാനുമുള്ള അവകാശവും എഴുതാം. ഇഷ്ടദാനങ്ങള്‍ എഴുതുന്നതിനും ഇതേ സ്റ്റാമ്പ് ഡ്യൂട്ടി തന്നെയാണ് ആവുക. എന്നാല്‍ ഇഷ്ടദാനം ദാനമായി കിട്ടിയ ആള്‍ പോക്കുവരവ് ചെയ്ത് കഴിയുമ്പോഴാണ് പ്രബലത്തില്‍ ആവുക.
വില്‍പ്പത്രം
ജീവിച്ചിരിക്കുമ്പോള്‍ ഭൂമി കൈമാറ്റത്തിന് മേല്‍പറഞ്ഞ ആധാരങ്ങള്‍ ഉപയോഗപ്പെടും. എന്നാല്‍ മരണശേഷം മാത്രം വസ്തുകൈമാറിയാല്‍ മതിയെന്ന ധാരണയുള്ളവര്‍ക്ക് വില്‍പ്പത്രം എഴുതാം. ഓരോരുത്തരുടെയും സ്വത്തുവഹകള്‍ കാലശേഷം എങ്ങനെ അവകാശികള്‍ക്ക് വീതിക്കണം എന്നതിനെക്കുറിച്ച് അവകാശികള്‍ തമ്മില്‍ പിന്നീട് തര്‍ക്കമുണ്ടാകാതിരിക്കാന്‍ വില്‍പ്പത്രം പ്രയോജനപ്പെടും. വില്‍പ്പത്രം എഴുതാതെയാണ് മരിക്കുന്നതെങ്കില്‍ സ്വത്തുക്കള്‍ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരമോ വ്യക്തി നിയമപ്രകാരമോ അവകാശികള്‍ക്ക് ലഭിക്കും. കാലശേഷം സ്വത്തുവകകള്‍ ആരിലൊക്കെ വന്നു ചേരുമെന്ന നിയമപരമായ പ്രഖ്യാപനമാണ് വില്‍പ്പത്രം. അതിന്‍െറ നടത്തിപ്പും സാക്ഷ്യപ്പെടുത്തലും മററും നിയമപ്രകാരം തന്നെ നടക്കേണ്ടതുണ്ട്. തീറാധാരങ്ങളും സെറ്റില്‍മെന്‍റ് ആധാരങ്ങളും എഴുതി നല്‍കിയതിനു ശേഷം അവകാശികള്‍ മുതിര്‍ന്നവരെ തിരിഞ്ഞുനോക്കാത്ത സാഹചര്യം വില്‍പ്പത്രമാണെങ്കില്‍ ഉണ്ടാകില്ല; കാരണം വില്‍പ്പത്രം എപ്പോള്‍ വേണമെങ്കിലും പുതിയത് എഴുതാം. ഏറ്റവും ഒടുവില്‍ എഴുതുന്ന വില്‍പ്പത്രത്തിനാണ് നിയമസാധുത.
എങ്ങനെ വില്‍പ്പത്രം എഴുതും?
വില്‍പ്പത്രം എഴുതുന്നതിന് പ്രത്യേക മാതൃകയൊന്നും നിയമം അനുശാസിക്കുന്നില്ല,.മരണപത്രത്തില്‍ വില്‍പ്പത്രം എന്ന പദം ഉപയോഗിച്ചതുകൊണ്ട് മാത്രമായില്ല. നിയമപരമായി ശീരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാത്ത ആളായിരിക്കണം വില്‍പ്പത്രം എഴുതുന്നയാള്‍. വില്‍പ്പത്ര പ്രകാരം നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്വത്തുവകകളെക്കുറിച്ചുളള വിവരണം വളരെ കൃത്യമായി നല്‍കിയിരിക്കണം. തന്‍െറ മരണശേഷം മാത്രമായിരിക്കും വില്‍പ്പത്രം നടപ്പിലാക്കേണ്ടത് എന്ന ഉദ്ദേശത്തില്‍ ആയിരിക്കണം വില്‍പ്പത്രം എഴുതേണ്ടത്. എഴുതുന്നയാളുടെ ജീവിതകാലത്ത് നടപ്പില്‍ വരണമെന്ന രീതിയിലുണ്ടാകുന്ന യാതൊന്നും വില്‍പ്പത്രമാവുകയില്ല. വില്‍പ്പത്രമെഴുതുന്നയാളുടെ ജീവിതകാലത്ത് എപ്പോള്‍ വേണമെങ്കിലും എഴുതിയത് റദ്ദ് ചെയ്യാവുന്നതാണ്.
ഇന്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമത്തില്‍ സൂചിപ്പിക്കുന്നതു പോലെ ശരിയാംവിധം ഒപ്പിട്ടിട്ടുളളതും സാക്ഷികളാല്‍ സാക്ഷ്യപ്പെടുത്തിയതു മായിരിക്കണം. (വില്‍പ്പത്രപ്രകാരം വസ്തു കിട്ടുന്നയാള്‍ സാക്ഷിയായി നില്‍ക്കരുത്). വില്‍പ്പത്രം എഴുതുന്നയാളുടെ ഉദ്ദേശമാണ് പ്രധാനം. സാധാരണ കരാറുകളും കത്തുകള്‍ പോലും വില്‍പ്പത്രമായി മാറാവുന്നതാണ്. വില്‍പ്പത്രം എഴുതുന്നതിന് പ്രത്യേക ശൈലിയോ ഭാഷയോ ഇല്ല എന്നു മാത്രമല്ല സാങ്കേതിക പദങ്ങള്‍ ഒന്നും തന്നെ പ്രയോഗിക്കണമെന്നില്ല. എന്നിരുന്നാലും ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ വില്‍പ്പത്രമെഴുതുന്നയാളുടെ മനസ്സ് വായിക്കാനുതകുന്ന തരത്തില്‍ സുതാര്യവും വ്യക്തവും ആയിരിക്കണം. വില്‍പ്പത്രം സ്വന്തം കൈപ്പടയില്‍ എഴുതിയതോ, ടൈപ്പ് ചെയ്തതോ, കമ്പ്യൂട്ടര്‍ പ്രിന്‍േറാ ഏതു രീതിയില്‍ വേണമെങ്കിലും ആകാവുന്നതാണ്. നിശ്ചിത സ്റ്റാമ്പ് മൂല്യം ആവശ്യമില്ലാത്തതിനാല്‍ വില്‍പ്പത്രം സ്റ്റാമ്പ് പേപ്പറില്‍ എഴുതണമെന്നും നിര്‍ബന്ധമില്ല. ഭാവിയില്‍ ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
തികച്ചും അപരിചിതനായ ഒരാള്‍ക്കായി സ്വത്തുവകകള്‍ എഴുതിയതുകൊണ്ടു മാത്രം വില്‍പ്പത്രം അസാധുവാകുന്നില്ല. നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ട് എങ്കില്‍ അവകാശികളെ തഴഞ്ഞ് മറെറാരാള്‍ക്ക് സ്വത്ത് നല്‍കിയതിന്‍െറ പേരില്‍ വില്‍പ്പത്രത്തിന്‍െറ സാധ്യത നഷ്ടപ്പെടുന്നില്ല. വില്‍പ്പത്രം എഴുതുന്നയാള്‍ അതില്‍ രണ്ട് സാക്ഷികള്‍ കാണ്‍കെ ഒപ്പിട്ടിരിക്കണം. വില്‍പ്പത്രം എഴുതന്നയാള്‍ക്ക് ഒപ്പിടാനായില്ലെങ്കില്‍ അദ്ദേഹത്തിന്‍െറ നിര്‍ദ്ദേശത്താലും സാന്നിദ്ധ്യത്തിലും മറെറാരാള്‍ക്ക് ഒപ്പിടാവുന്നതാണ്. വില്‍പ്പത്രം സാക്ഷ്യപ്പെടുത്തുന്ന രണ്ടു സാക്ഷികള്‍ അതിന്‍െറ സാരാംശം അറിഞ്ഞിരിക്കണമെന്നില്ല. യുദ്ധമുഖത്തെ പടപൊരുതുന്ന സൈനികനോ, നാവികനോ, വൈമാനികനോ വില്‍പ്പത്രം എഴുതുന്നതിന് പല പ്രത്യേക പരിഗണനകളും നിയമം അനുശാസിക്കുന്നുണ്ട്. അപ്രകാരം എഴുതുന്ന വില്‍പ്പത്രം സാക്ഷികളാല്‍ അറ്റസ്റ്റു ചെയ്യാതിരിക്കുകയോ വില്‍പ്പത്രം എഴുതുന്നയാള്‍ ഒപ്പിടാതിരിക്കുകയോ ആണെങ്കില്‍ പോലും അത് നിയമപരമായി നിലനില്‍ക്കുന്നതായിരിക്കും. വില്‍പ്പത്രം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമില്ല എങ്കിലും മരണശേഷം പോക്കുവരവിനും മറ്റു കാര്യങ്ങള്‍ക്കുമായി എളുപ്പം കൈകാര്യം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രങ്ങള്‍ ഉപകാരപ്പെടും. വില്‍പ്പത്രം ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളിലും മറ്റും രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രമാണെങ്കില്‍ കുടുല്‍ ഗുണകരമാണ്.
#senior citizens act kerala
#rdo petition senior citizen kerala
#revocation of deed senior citizen
#maintenance for senior citizens and parents