കാത്തിരുപ്പിനു കണക്കുപറയാത്തവര്‍...
അഡ്വ. ഷെറി ജെ തോമസ് sherryjthomas@gmail.com
വൈപ്പിന്‍ പെരുമ്പിള്ളിയില്‍ നിന്ന് സുഹൃത്തു വിളിച്ച്ത് ഒരു സംശയദുരീകരണത്തിനാണ്. തീരനിയന്ത്രണവിജ്ഞാപന പ്രകാരം കായലില്‍ നിന്ന് എത്ര മീറ്റര്‍ അകലത്തില്‍ തദ്ദേശവാസിക്ക് വീടുവയ്ക്കാം ? 100 മീറ്റര്‍ വിടണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പറയുന്നുവെന്നതാണ് വിളിക്കാനുള്ള കാരണം.
തീരനിയന്ത്രണവിജ്ഞാപനത്തില്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സി ആര്‍ ഇസഡ് 3 ഗണത്തിലാണ്. എന്നാല്‍ 2011 ലെ വിജ്ഞാപനത്തില്‍ കേരളത്തിലെ ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ ദീപുകള്‍ക്കായി 50 മീറ്റര്‍ എന്ന വികസന നിരോധന സോണ്‍ പരിധി കണക്കാക്കി സി ആര്‍ ഇസഡ് 5 എന്ന ഗണം കൂടി പറയുന്നുണ്ട്. (2019 ജനുവരിയില്‍ പുതിയ വിജ്ഞാപനം വന്നതില്‍ ഉള്‍നാടന്‍ ദ്വീപുകള്‍ക്ക് 20 മീറ്റര്‍ എന്ന പരിധി വന്നതും എല്ലായിടത്തുമായി 50 മീറ്റര്‍ എന്ന പരിധി വന്നതും നിലനില്‍ക്കെത്തന്നെയാണ് 2011 വിജ്ഞാപനം കണക്കാക്കി 2023 ജനുവരിയില്‍ മറുപടി പറയേണ്ടിവരുന്നത്; കാരണം പുതിയ വിജ്ഞാപനത്തിന്‍റെ പ്ളാന്‍ ഇപ്പോഴും വന്നിട്ടില്ലയെന്നതു തന്നെ കാരണം). വൈപ്പിനിലെ പെരുമ്പിള്ളി പ്രദേശം ഉള്‍നാടന്‍ ദ്വീപ് എന്ന് പറയാമെങ്കില്‍ അവിടെ 50 മീറ്റര്‍ പരിധിക്കുപുറത്ത തദ്ദേശവാസികള്‍ക്ക് വീടുപണിയാന്‍ സി ആര്‍ ഇസഡ് വിജ്ഞാപനം തടസ്സമല്ല. പക്ഷെ വൈപ്പിനിലെ ഈ ദ്വീപ് സി ആര്‍ ഇസഡ് 5 എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ബന്ധപ്പെട്ട അധികാരികള്‍ കൂടി സമ്മതിക്കണം - അഥവാ തിരിച്ചറിയണം.
എന്തുകൊണ്ടിങ്ങനെയൊരു വിജ്ഞാപനം
പരിസ്ഥിതി നിയമത്തിന്‍റെ ഭാഗമായിട്ടാണ് രാജ്യത്ത് തീരം സംരക്ഷിക്കുന്നതിനും, തീരത്ത് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും വിജ്ഞാപനത്തിന്‍റെ രൂപത്തില്‍ നിയന്ത്രണങ്ങള്‍ വന്നത്. 1991-ല്‍ ആദ്യത്തെ തീരനിയന്ത്രണവിജ്ഞാപനം പുറത്തിറങ്ങി. തീരപ്രദേശത്തുനിന്ന് നിശ്ചിത അകലത്തില്‍ നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും, തീരം സംരക്ഷിക്കുന്നതിനും തീരവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് തീരനിയന്ത്രണവിജ്ഞാപനം നിലവില്‍ വന്നത്. വിജ്ഞാപനത്തിന്‍റെ തുടക്കത്തില്‍ തന്നെ എടുത്തുപറയുന്ന കാര്യങ്ങളാണ് മത്സ്യത്തൊഴിലാളി സമൂഹങ്ങളുടേയും, തീരത്തുള്ള തദ്ദേശവാസികളുടേയും, ജീവിതസുരക്ഷ. തീരത്തിന്‍റെ സുസ്ഥിര സുരക്ഷ ലക്ഷ്യമാക്കിയും, ശാസ്ത്രീയ രീതിയിലുള്ള വികസനങ്ങള്‍ ഉണ്ടാകണം എന്ന ധാരണയിലും, സമുദ്രജലനിരപ്പ് ഉയരുന്നതും, ആഗോള താപനം മുതലായ പ്രതിസന്ധികളും, മറ്റു പരിസ്ഥിതി ആഘാതങ്ങളും ഉണ്ടാക്കുന്ന അപകടങ്ങളില്‍ നിന്നും തീരം സംരക്ഷിക്കപ്പെടണം എന്ന ഉദ്ദേശത്തിലുമാണ് തീരനിയന്ത്രണവിജ്ഞാപനം രൂപം കൊണ്ടത്.
മൂന്ന് വിജ്ഞാപനങ്ങള്‍
1991-ല്‍- പുറത്തിറക്കിയ തീരനിയന്ത്രണവിജ്ഞാപനത്തിനുശേഷം 2011-ലും 2019-ലും വിജ്ഞാപനങ്ങള്‍ പുറത്തിറക്കി. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ 2019 -ലെ വിജ്ഞാപനം ഔദ്ദ്യോഗികമായി പ്രസിദ്ധീകരിച്ചത് 18-1-2019 - ല്‍ ആണെങ്കിലും, ഇപ്പോഴും അത് കേരളത്തില്‍ നടപ്പിലായിട്ടില്ല. അതുകൊണ്ടുതന്നെ നിലവില്‍ കേരളത്തില്‍ നിലനില്ക്കുന്നത് 2011-ലെ വിജ്ഞാപനപ്രകാരമുള്ള നിയന്ത്രണങ്ങളാണ്.
പുതിയ വിജ്ഞാപനം നടപ്പിലാകണമെങ്കില്‍ വിജ്ഞാപനത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള (സി.ഇസഡ്.എം.പി.) കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ലാന്‍ (തീരമേഖല പരിപാലന പദ്ധതി) നടപ്പില്‍ വരണം. അതുസംബന്ധിച്ച് പൊതു ഹിയറിംഗ് ഉള്‍പ്പെടെയുള്ള കടമ്പകള്‍ കടന്നുവേണം അന്തിമ പ്ലാന്‍ പ്രസിദ്ധീകരിക്കാന്‍. കേരളത്തിന്‍റെ സി.ഇസഡ്.എം.പി. ഇനിയും പൂര്‍ത്തിയാകാത്തതാണ് ഇപ്പോഴും പുതിയ വിജ്ഞാപനം നടപ്പിലാകാത്തതിനു കാരണം. 2022 ഏപ്രില്‍ മാസത്തിനള്ളില്‍ പ്ളാനുകള്‍ പൂര്‍ത്തിയായിരക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവുള്ളതാണ്. 2023 ജനുവരിയില്‍ കരട് പ്ളാന്‍ പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ സബ്മിഷനു മറുപടയിയായി പറഞ്ഞതുമാണ്.
നിലവിലെ നിയന്ത്രണങ്ങള്‍ എന്താണ്?
2011-ലെ വിജ്ഞാപനക്രാരം മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളെ പൊതുവെ സി.ആര്‍.ഇസഡ് 2-ലും, പഞ്ചായത്ത് പ്രദേശങ്ങളെ സി.ആര്‍. ഇസഡ് 3-ലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൂടാതെ തന്നെ, ദ്വീപ് പ്രദേശങ്ങള്‍ക്കായി സി.ആര്‍.ഇസഡ് 5 എന്ന ഗണത്തിലും, പ്രത്യേക പരിഗണന നല്കിയിട്ടുണ്ട്. സി.ആര്‍.ഇസഡ് 1, - പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. സി.ആര്‍. ഇസഡ് -2 വികസിതപ്രദേശങ്ങളും, സി.ആര്‍.ഇസഡ് 3- വികസിതം അല്ലാത്തതും അതേസമയം ജനവാസമുള്ള പഞ്ചായത്ത് പ്രദേശങ്ങളുമാണ്. സി.ആര്‍.ഇസഡ് 4- വേലിയിറക്കരേഖയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ കടലിലേക്ക് ഉള്ള സ്ഥലം ഉള്‍പ്പെടെയുള്ളതാണ്. സി.ആര്‍.ഇസഡ് 5 ല്‍- ഗ്രേറ്റര്‍ മുംബൈയിലെ മുനിസിപ്പല്‍ പ്രദേശങ്ങളും, കേരളത്തിലെ കായല്‍ പ്രദേശങ്ങളിലെ ദ്വീപുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും, ഗോവയിലെ സി.ആര്‍.ഇസഡ് പ്രദേശങ്ങളുമാണ് ഉള്‍പ്പെടുന്നത്.
എന്തൊക്കെയാണ് നിലവിലെ നിയന്ത്രണങ്ങള്‍ ? (2011 വിജ്ഞാപനം)
സി;ആര്‍.ഇസഡ് 1-ല്‍ താരതമ്യേന നിര്‍മ്മാങ്ങള്‍ അനുവദനീയമല്ല. അതേസമയം, ആണവ ഊര്‍ജ്ജം സംബന്ധിച്ച കാര്യങ്ങള്‍ക്കും, പൈപ്പ് ലൈന്‍, ഡിസ്പെന്‍സറികള്‍, സ്ക്കൂളുകള്‍, കമ്മ്യൂണിറ്റി ശൗച്യാലയങ്ങള്‍, റോഡുകള്‍, ജെട്ടികള്‍, റെഡയിനേജ് സംവിധാനങ്ങള്‍ മുതലായവയും സി.ആര്‍.ഇസഡ് 1-ല്‍ നിയന്ത്രണങ്ങളോടുകൂടി അനുവദനീയമാണ്.
സി.ആര്‍.ഇസഡ് 2 പ്രദേശത്ത് അംഗീകൃത നമ്പറിട്ട ബില്‍ഡിംഗുകളുടെയോ, നിലവിലുള്ള റോഡിന്‍റെയോ, കരഭാഗത്തേക്ക് നിര്‍മ്മാണങ്ങള്‍ അനുവദനീയമാണ്. അത്തരത്തില്‍ അനുവദിക്കുന്നതുതന്നെ പ്രാദേശീക ടൗണ്‍പ്ലാനിംഗ് നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും. പുതിയ റോഡുകള്‍ കടലിന് അഭിമുഖമായി നിര്‍മ്മിച്ചതിന് ഈ ഒരു ഗുണം ലഭിക്കുകയുമില്ല.
സി.;ആര്‍.ഇസഡ് 3:- വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ പരിധിയാണ് കടലിനെ സംബന്ധിച്ച് നിര്‍മ്മാണ നിരോധന മേഖല. വേലിയേറ്റം ബാധിക്കുന്ന മറ്റ് ജലാശയങ്ങളില്‍ നിന്ന് 100 മീറ്ററുമാണ് നിരോധിത മേഖല. യാതൊരു തരത്തിലുള്ള നിര്‍മ്മാണങ്ങളും, ഈ പ്രദേശത്ത് അനുവദനീയമല്ല. അതേസമയം, നിലവിലുള്ള അംഗീകൃതകെട്ടിടങ്ങളുടെ പ്ലിന്ത് ഏരിയ വര്‍ദ്ധിപ്പിക്കാതെ പുനര്‍ നിര്‍മ്മാണം നടത്തുവാന്‍ അനുവദിക്കും. കടലില്‍ നിന്ന് 100 മീറ്ററിനും, 200 മീറ്ററിനും, ഇടയ്ക്കുള്ള പ്രദേശത്ത് തദ്ദേശവാസികളുടെയും, മത്സ്യത്തൊഴിലാളികളുടെയും, വീടുകള്‍ നിര്‍മ്മിക്കുന്നതിനും, പുനര്‍ നിര്‍മ്മിക്കുന്നതിനും, അനുവാദം ലഭിക്കും- പക്ഷേ അങ്ങനെ ലഭിക്കണമെങ്കില്‍ മതിയായ ദുരന്തനിവാരണ സംവിധാനങ്ങളോടുകൂടിയതും ശുചിത്വ സംവിധാനങ്ങളോടു കൂടിയതുമായ സമഗ്ര പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കേണ്ടതുണ്ട്. നിലവില്‍ കേരളത്തില്‍ അത്തരത്തിലൊരു പദ്ധതിയില്ല.
അതേസമയം, സി.ആര്‍.ഇസഡ് 3 പ്രദേശത്തും, കൃഷി ആവശ്യങ്ങള്‍ക്കായുള്ളതും, ആണവ ഉര്‍ജ്ജങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍, പെട്രോളിയം ഉല്പന്നങ്ങള്‍ ശേഖരിക്കുന്നതിന് ഡിസ്പെന്‍സറികള്‍, സ്ക്കൂളുകള്‍ ശൗചാല്യയങ്ങള്‍, സെമിത്തേരികള്‍ മുതലായവ ഓരോ സാഹചര്യങ്ങളും അനുസരിച്ച് പ്രാദേശിക കോസ്റ്റല്‍ സോണ്‍ മാനേജുമെന്‍റ് അധികാരികള്‍ക്ക് അനുമതി നല്കാം. പ്രാദേശീക മത്സ്യത്തൊഴിലാളി സമൂഹത്തിന് ആവശ്യമായ മീന്‍ ഉണക്കുന്നതിനുള്ള യാര്‍ഡുകള്‍, ലേലഹാളുകള്‍, വലയുണ്ടാക്കുന്ന യാര്‍ഡുകള്‍, ബോട്ട് ഉണ്ടാക്കുന്ന യാര്‍ഡുകള്‍ ഐസ് പ്ളാന്‍റുകള്‍, മത്സ്യങ്ങള്‍ ശുചിയാക്കുന്ന സംവിധാനങ്ങള്‍ എന്നിവയ്ക്കെക്കല്ലാം നിയന്ത്രിതമായ രീതിയില്‍ അനുവാദം ലഭിക്കാം. 200 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെയുള്ള പ്രദേശത്ത് ബീച്ച് റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, എന്നിവ നിബന്ധനകള്‍ക്കു വിധേയമായി അനുവദിക്കും. തദ്ദേശവാസികളുടെ നിര്‍മ്മാണവും, പുനര്‍ നിര്‍മ്മാണവും ഈ പ്രദേശത്ത് അനുവദിക്കും.
സി.ആര്‍.ഇസഡ് 5: - കേരളം (2011 വിജ്ഞാപനം)
കേരളത്തിന്‍റെ സി.ആര്‍.ഇസഡ് പ്രദേശം, ദ്വീപുകളെ സംബന്ധിച്ച,് ഉള്‍നാടന്‍ ജലാശയങ്ങളെ സംബന്ധിച്ച് വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ പ്രദേശമായിരിക്കും. ഈ 50 മീറ്ററിനുള്ളില്‍ നിലവിലുള്ള വീടുകള്‍ പുതുക്കി പണിയാം. അതേസമയം പുതിയ നിര്‍മ്മാണങ്ങള്‍ അനുവദനീയമല്ല. 50 മീറ്ററിന് അപ്പുറത്തുള്ള കരഭാഗത്തേക്ക് തദ്ദേശഭരണകൂടങ്ങളുടെ മുന്‍കൂര്‍ അനുമതിയോടുകൂടി തദ്ദേശവാസികളുടെ ഭവനങ്ങള്‍ക്ക് നിര്‍മ്മാണത്തിനുള്ള അനുവാദം ലഭിക്കും.
2019 ലെ വിജ്ഞാപനത്തിന് എന്താണ് പ്രത്യേകത ?
നിലവിലുള്ള വിജ്ഞാപനങ്ങളുടെ അപാകതകള്‍ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടത്തുകയും, പൊതുജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തുകയും, ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ശൈലേഷ് നായക്ക് കമ്മറ്റിശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 2019 ലെ വിജ്ഞാപനം പുറത്തിറക്കിയത്. അതുപ്രകാരം എടുത്തുപറയാവുന്ന പ്രത്യേകതകള്‍ - ഉള്‍നാടന്‍ ജലാശയങ്ങള്‍ക്ക് സമീപമുള്ള ദ്വീപുകള്‍ക്ക് 20 മീറ്ററാണ് സി.ആര്‍.ഇസഡ് പ്രദേശമായി പറയുന്നത്. അതുകൂടാതെ, സി.ആര്‍.ഇസഡ് 3 പ്രദേശത്തില്‍, തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണങ്ങള്‍ക്കുള്ള സാദ്ധ്യതയും, പുതിയ വിജ്ഞാപനത്തില്‍ ഉണ്ട്. സി.ആര്‍.ഇസഡ് 2 പ്രദേശത്തിലാകട്ടെ താമസ ആവശ്യത്തിനുള്ള കെട്ടിടങ്ങളും, ഓഫീസുകള്‍ക്കുമാണ് നിര്‍മ്മാണത്തിന് അനുവദിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുന്നത്.
2019 വിജ്ഞാപനത്തിന്‍റെ കൂടുതല്‍ പ്രത്യേകതകള്‍ എന്ത് ?
2019-ലെ വിജ്ഞാപനത്തില്‍ സി.ആര്‍.ഇസഡ് -1 പ്രദേശത്തെ പൊതുവെ പരിസ്ഥിതി ലോലപ്രദേശമായി തന്നെയാണ് കണക്കാക്കിയിരിക്കുന്നത്. ഒന്ന് എ എന്നും, ഒന്ന് ബി എന്നും തരം തിരിച്ചിട്ടുണ്ട് . സി.ആര്‍.ഇസഡ് 2 പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നത് മുനിസിപ്പല്‍ പ്രദേശങ്ങളിലുള്ള സ്ഥലങ്ങളോ, അല്ലെങ്കില്‍ നിയമപ്രകാരം വികസിത കേന്ദ്രങ്ങളായിട്ടുള്ളവയോ, ആണ്. വികസിതകേന്ദ്രങ്ങളായതുകൊണ്ടുമാത്രമായില്ല, നിലവിലുള്ള പ്ലോട്ടുകളുടെ 50 % പ്ലോട്ടുകളില്‍ നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടാകണം. കൂടാതെ, റോഡ്, ഡ്രെയിനേജ് സംവിധാനങ്ങളും ഉണ്ടാകണം.
സി.ആര്‍.ഇസഡ് 3 പ്രദേശങ്ങളെ സി.ആര്‍.ഇസഡ് 3 എ എന്നും, 3 ബി എന്നും, രണ്ടായി തിരിച്ചിട്ടുണ്ട്. സി.ആര്‍.ഇസഡ് 3 എ മേഖല നിശ്ചയിക്കുന്നത് ഒരു സ്ക്വയര്‍ കിലോമീറ്ററില്‍ 2161 ജനസംഖ്യ ഉള്ള പ്രദേശങ്ങളെയാണ് (2011 ലെ സെന്‍സെസ് പ്രകാരം). സി. ആര്‍. ഇസഡ് 3 എ യില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക് കടലിലെ വേലിയേറ്റ പരിധിയില്‍ നിന്ന് 50 മീറ്ററാണ് നിര്‍മ്മാണ നിരോധിത (വികസന നിരോധിത) മേഖല. ജനസംഖ്യ കുറവുള്ള 3 ബി മേഖലകളില്‍ 200 മീറ്റര്‍ നിര്‍മ്മാണ നിരോധനം എന്നുള്ളത് തുടരും. സി.ആര്‍.ഇസഡ് 3 ബി എന്നതില്‍ പറയുന്നത് പഞ്ചായത്ത് പ്രദേശങ്ങളില്‍ സ്ക്വയര്‍ കിലോമീറ്ററില്‍ 2161 ജനസംഖ്യ ഇല്ലാത്ത പ്രദേശങ്ങളാണ്. ഇവിടങ്ങളില്‍ കടലില്‍ നിന്ന് 200 മീറ്റര്‍ ആയിരിക്കും വികസിത നിരോധിത മേഖല. അതേസമയം, മറ്റു ജലാശയങ്ങളില്‍ നിന്നാണെങ്കില്‍ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ ആയിരിക്കും വികസിത നിരോധിത മേഖല.
ഉള്‍നാടന്‍ ദ്വീപുകള്‍ക്കും, ജലാശയങ്ങള്‍ക്കും സമീപം ഉള്ള തീരനിയന്ത്രണ വിജ്ഞാപനമേഖല 20 മീറ്റര്‍ ആയിട്ടാണ് നിജപ്പെടുത്തിരിക്കുന്നത്. ഇവിടങ്ങളില്‍ 20 മീറ്ററുകള്‍ക്കുള്ളില്‍ തദ്ദേശവാസികളുടെ ഭവനങ്ങള്‍ പുനര്‍ നിര്‍മ്മിക്കുകയോ, നന്നാക്കുകയോ ചെയ്യാം.
എന്താണ് 2019-ലെ വിജ്ഞാപനം കൂടുതലായി നല്കുന്ന ഗുണം ?
2019- ലെ വിജ്ഞാപനം 2011 -ലെ വിജ്ഞാപനത്തെ അപേക്ഷിച്ച് തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിന് അനുകൂലമായ സാദ്ധ്യത നല്കുന്നുണ്ട്. 2011-ലെ വിജ്ഞാപനത്തില്‍ നിലവിലുള്ള അതേ പ്ലിന്ത് ഏരിയ മാത്രമാണ് പുനര്‍നിര്‍മ്മാണം അനുവദിച്ചിട്ടുള്ളതെങ്കില്‍ പുതിയ വിജ്ഞാപനത്തില്‍ തദ്ദേശവാസികളെ സംബന്ധിച്ചിടത്തോളം നിര്‍മ്മാണത്തിനും, പുനര്‍ നിര്‍മ്മാണത്തിനും, അനുവാദം നല്കുന്നുണ്ട്. പക്ഷേ, ആവശ്യമായ ദുരന്തനിവാരണ സംവിധാനങ്ങളും, സാനിറ്റേഷന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടാകണമെന്നു മാത്രം. ജൂലൈ 2021 ല്‍ പുറത്തുവന്നിട്ടുള്ള ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തെ തുടര്‍ന്നുള്ള ഇന്‍റഗ്രേറ്റഡ് ഫീഷറീസ് ഡെവലപ്മെന്‍റ പ്ളാനില്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണം നി.ആര്‍.ഇസഡ് മേഖലയിലും സാദ്ധ്യമാക്കുന്നതിന് സംസ്ഥാനതലത്തില്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ചെയ്യേണ്ടതായ കാര്യങ്ങളെപ്പറ്റി പ്രത്യേകം എടുത്തു പറയുന്നുണ്ട്. അതേസമയം, 2021 ആദ്യപകുതിയില്‍ തദ്ദേശഭരണകൂടങ്ങളുടെ ചര്‍ച്ചയ്ക്കായി പുറത്തിറക്കിയ കരട് പ്ളാനില്‍ ടൂറിസം സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്കിയിരുന്നത്. 2019 വിജ്ഞാപനത്തിന്‍റെ ടൂറിസം സാധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതിനായി പ്രത്യേക ഏജന്‍സിയെത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനയി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണ സാധ്യതകള്‍ പുതിയ വിജ്ഞപനപ്രകാരം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെ സംബന്ധിച്ചിടത്തോളമുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ അന്ന് പുറത്തിറക്കിയ കരടില്‍ കണ്ടില്ല. മാത്രമല്ല, ഉള്‍നാടന്‍ ദ്വീപകുകള്‍ക്കായി കുറച്ചു നിശ്ചയിച്ച 20 മീറ്റര്‍ പരിധി മാപ്പില്‍ ഉണ്ടെങ്കിലും അതിനായുള്ള ഐലന്‍റ് മാനേജുമെന്‍റ് പ്ളാന്‍ ഉണ്ടാകണം, അതുകൂടി പുതിയ പ്ളാനിനൊപ്പം വരേണ്ടതുണ്ട്.
2019 - കരട് പ്ളാനിനായുള്ള കാത്തിരുപ്പ്
പ്രദേശവാസികളുടെ ഭവനനിര്‍മ്മാണം സാധ്യമാകണം എന്ന വിഷയം പൊതുവേ എല്ലാവരും ഉന്നയിക്കുന്നതാണെങ്കിലും കേന്ദ്ര വിജ്ഞാപനം ആയതിനാല്‍ അക്കാര്യത്തില്‍ ഘടനാപരമായ ഭേദഗതികള്‍ വരുത്താന്‍ പ്ളാനില്‍ അവസരമില്ല. എന്നിരുന്നാലും തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനനിര്‍മ്മാണം സാധ്യമാക്കുന്നതിന് വിജ്ഞാപനത്തില്‍ തന്നെ പല നിര്‍ദ്ദേശങ്ങളും പറയുന്നു.. അത് ഫലപ്രദമായി ഉപയോഗിക്കുന്ന തരത്തിലുള്ള CZMP തയ്യാറാക്കുന്നതിന് ശരിയായ ഇടപെടലുകള്‍ ഉണ്ടാകണം. നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ മൊത്തം ജനസംഖ്യയുടെ കണക്ക് നോക്കി CRZ III A/B വിഭാഗത്തെ തരംതിരിക്കുന്നതിന് പകരം കര ഭൂമിയുടെ അടിസ്ഥാനത്തില്‍ ജനസംഖ്യ കണക്കിലാക്കണം എന്ന ശുപാര്‍ശയും നിലവിലുണ്ട്.
ഉള്‍നാടന്‍ (ബാക്ക് വാട്ടര്‍) ദ്വീപുകളെ കണക്കാക്കിയിരിക്കുന്നത് ഓരോ ചെറിയ ദീപിന്‍റെയും വിവരങ്ങള്‍ രേഖപ്പെടുത്തിയാണ്. നിലവില്‍ ദ്വീപ് എന്ന ഗണത്തില്‍പ്പെടുത്തി 50 മീറ്റര്‍ നിയന്ത്രണ പരിധി ഉള്ള പ്രദേശങ്ങളെല്ലാം തന്നെ പുതിയ വിജ്ഞാപനത്തിലെ 20 മീറ്റര്‍ എന്ന പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാകണം. അതിനായി ഐലന്‍റ് മാനേജ്മെന്‍റ് പ്ളാന്‍ തയ്യാറാക്കേണ്ടിവരും.
പൊക്കാളി പാടങ്ങള്‍ സംബന്ധിച്ച് വേലിയേറ്റ രേഖ സ്ളൂയിസ് ഗേറ്റില്‍ (1991 ല്‍ നിലവിലുളളത്) നിന്ന് അളക്കണമെന്നാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. പക്ഷെ അതിന്‍റെ പ്രയോജനം തീരവാസികള്‍ക്ക് ലഭിക്കണമെന്നങ്കില്‍ പ്ളാനില്‍ പൊക്കാളിപ്പാടങ്ങളുടെ സ്ളൂയിസ് ഗേറ്റ് രേഖപ്പെടുത്താനാകണം.
CRZ III മേഖലയില്‍ പരമ്പരാഗത തീര വാസികളുടെ ഭവന നിര്‍മ്മാണം/പുനര്‍നിര്‍മ്മാണം സുരക്ഷാ നിബന്ധനകളോടെ അംഗീകരിക്കുന്ന കാര്യം വിജ്ഞാപനം 5.3(ശശ)മ ഭാഗത്ത് ഇളവായി പറയുന്നുണ്ട്. അക്കാര്യം നടപ്പിലാക്കുന്നതിനുവേണ്ടി മാനേജ്മെന്‍റ് പ്ലാന്‍ തയ്യാറാക്കുന്ന ഘട്ടത്തില്‍ അനുബന്ധം 4 മാര്‍ഗരേഖ ഖണ്ഡിക 5 പ്രകാരം detailed plans for long-term housing needs of coastal fisher communities എന്നത് സംസ്ഥാനങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. പുതിയ കരട് പ്ലാനില്‍ ഓരോ പ്രദേശത്തിന്‍റെയും അവസ്ഥ കണക്കിലെടുത്ത് അക്കാര്യം ഉള്‍പ്പെടുത്താന്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം. 2021 ജൂലൈ മാസം പുറത്തിറക്കിയ ഇന്‍റഗ്രേറ്റഡ് ഫീഷറീസ് ഡെവലപ്മെന്‍റ പ്ളാനില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, 2021 ലെ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി വിധിന്യായത്തില്‍ കേരള ഹൈക്കോടതിയും ഇന്‍റഗ്രേറ്റഡ് ഫീഷറീസ് ഡെവലപ്മെന്‍റ പ്ളാനില്‍ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
നിലവില്‍ CRZ II ല്‍ ഉള്‍പ്പെട്ടിരിക്കുന്ന ചില പ്രദേശങ്ങള്‍ (ഉദാഹരണം- മരട്) പുതിയ കരട് വിജ്ഞാപനത്തില്‍, ബാക്ക്വാട്ടര്‍ ദീപുകളുടെ പരിധിയില്‍ വരുമ്പോള്‍ നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇളവുകള്‍ക്ക് (അംഗീകൃത നമ്പറിട്ട കെട്ടിടത്തിന്‍റെയോ റോഡിന്‍റെയോ കര ഭാഗത്തേക്ക് നിര്‍മ്മാണങ്ങള്‍ ആകാം എന്നത്) നഷ്ടം ഉണ്ടാകാത്ത രീതിയില്‍ ദ്വീപ് എന്ന പരിഗണന കൂടി ലഭിക്കണം.
പഞ്ചായത്തുകളെ വികസിത ഗണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍
തീരനിയന്ത്രണവിജ്ഞാപന പരിധിയിലുള്ള പ്രദേശങ്ങളില്‍ തദ്ദേശവാസികളുടെ ഭനനിര്‍മ്മാണ അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത് എന്ന് തീരജനതയുടെ പൊതുവികാരമാണ്. എന്നാല്‍ തീരം മുഴുവനായും വാണിജ്യ നിര്‍മ്മാണങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് പൊതുവെ അവര്‍ ആവശ്യപ്പെടുന്നുമില്ല. എന്നാല്‍ ഈ സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ 154 ഗ്രാമപഞ്ചായത്തുകളെ സെന്‍സസ് ടൗണ്‍ എന്ന കണക്കില്‍ സി ആര്‍ ഇസഡ് 2 ല്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തി. നിലവില്‍ 66 പഞായത്തുകള്‍ പുതിയ പ്ളാനില്‍ സി ആര്‍ ഇസഡ് 2 ആയി മാറ്റപ്പെടുന്ന രീതിയില്‍ കരട് അവതരിപ്പിക്കും. സി ആര്‍ ഇസഡ് 2 പ്രദേശത്ത് അംഗീകൃത നമ്പറിട്ട കെട്ടിടങ്ങളുടെയും റോഡിന്‍റെയും കരഭാഗത്ത് നിര്‍മ്മാണങ്ങള്‍ അനുവദനിക്കാവുന്നതാണ് എന്നതാണ് കാരണം. ഇക്കാര്യം അന്തിമ പ്ളാനില്‍ ഉള്‍പ്പെട്ട് ഉത്തരവിറങ്ങണം. വാണിജ്യപരമായി എല്ലാ വിഭാഗക്കാര്‍ക്കുകായി തീരപ്രദേശം നിയന്ത്രണങ്ങള്‍ നീക്കി തുറന്നുകൊടക്കുന്ന സാഹചര്യം വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
കാത്തിരുപ്പേറെയായെങ്കിലും തീരവാസികള്‍ മലയോര വാസികള്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതികരിച്ചതുപോലെ സംഘടിതമായി പ്രതികരിക്കില്ല. സി ആര്‍ ഇസഡ് നിര്‍മ്മാണ നിരോധനം സ്വന്തമായി അനുഭവപ്പെടുന്ന ആവശ്യക്കാര്‍ മാത്രം പ്രതികരിക്കാനിറങ്ങും. 2011 വിജ്ഞാപനത്തിന്‍റെ പ്ളാന്‍ പുറത്തിറങ്ങിയത് 7 വര്‍ഷം കൊണ്ടാണ്. 2019 ന്‍റെ പ്ളാന്‍ ഇനിയും കരട് പോലും പുറത്തിറക്കിയിട്ടില്ല. എന്നാലും കാത്തിരുപ്പിന് കണക്കുപറയാന്‍ തീരജനത ഇനിയും തയ്യാറായിട്ടില്ല.
(24-1-2023 വരെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്).