Search This Blog

Friday, September 3, 2021

എത്ര വർഷം കാണാതായാൽ മരിച്ചതായി കണക്കാക്കാം ? Man Missing - Legality

എത്ര വർഷം കാണാതായാൽ മരിച്ചതായി കണക്കാക്കാം ?

പല കാരണങ്ങളാൽ കാണാതാകുന്നവരുടെ എണ്ണം നിരവധിയാണ്. മരിച്ചുപോയവരും നാടുവിട്ടുപോയവരും മാറി നിൽക്കുന്നവരുമൊക്കെ ആ കൂട്ടത്തിൽ ഉൾപ്പെടാം. ഇന്ത്യൻ തെളിവു നിയമം വകുപ്പ് 108 പ്രകാരം ഏഴ് വർഷമായി വിവരങ്ങളൊന്നുമില്ലാതെ കാണാതായ ആളെ സംബന്ധിച്ച് അയാൾ ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചുവോ എന്നത് സംബന്ധിച്ച തർക്കത്തിന്, അയാൾ ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഉറപ്പ് പറയുന്ന ആളാണ് തെളിവ് ഹാജരാക്കേണ്ടത്.

ഏഴുവർഷമായി കാണാതായി എന്നതിന് തെളിവെന്ത് ? 

ഏഴുവർഷമായി കാണാതായിരിക്കുന്ന ആളെ സംബന്ധിച്ച അവകാശ തർക്കങ്ങളിൽ മരിച്ചതായി കണക്കാക്കി രേഖകൾ ഉണ്ടാകണമെങ്കിൽ ഏഴുവർഷം മുമ്പ്  രജിസ്റ്റർ ചെയ്ത എഫ്ഐആർ സാധാരണയായി അധികാരികൾ ആവശ്യപ്പെടും. എന്നാൽ അത്തരത്തിൽ പോലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സാഹചര്യങ്ങളിൽ, വർഷങ്ങളായി കാണ്മാനില്ലാത്ത ആളുകളെ സംബന്ധിച്ച് എന്തു നിഗമനത്തിൽ എത്തിച്ചേരും എന്നതാണ് ചോദ്യം ?
ഇത്തരം സാഹചര്യത്തിൽ കേരള ഹൈക്കോടതി
പ്രസ്താവിച്ച  വിധിന്യായങ്ങൾ നിരവധി ആളുകൾക്ക് ഉപകാരപ്രദമാണ്. 

30 വർഷത്തിലധികമായി കാൺമാനില്ലാത്ത ആളുടെ അവകാശികൾ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അപേക്ഷിച്ച സമയം, ഇത്തരത്തിൽ എഫ്ഐആർ ഹാജരാക്കണമെന്ന് റവന്യു അധികാരികൾ ആവശ്യപ്പെട്ടു. കാണാതായ ആൾ അതിനുമുമ്പും പലപ്പോഴും വീടുവിട്ടു പോയിരുന്നതിനാൽ, മടങ്ങി വരും എന്നു കരുതി അദ്ദേഹത്തിൻറെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നില്ല. ഇപ്പോഴാകട്ടെ, ഭാര്യയും മരണപ്പെട്ടു. മക്കൾ നൽകിയ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച അപേക്ഷയിൽ എഫ്ഐആർ ഹാജരാക്കാത്തതുകൊണ്ട് കാണാതായ ആൾ മരണപ്പെട്ടു എന്ന നിഗമനത്തിൽ എത്തിച്ചേരാൻ ആകില്ല എന്ന് റവന്യു അധികാരികൾ നിലപാടെടുത്തു.

കഴിഞ്ഞ 30 വർഷമായി അപേക്ഷകരുടെ പിതാവിനെ കാണാനില്ല എന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ഉണ്ടായിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഭർത്താവ് തിരികെ വരും എന്ന് കരുതി എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്ന ഭാര്യയുടെ പ്രവർത്തി, ഇപ്പോൾ മക്കൾക്ക് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച നടപടികളിൽ പ്രതികൂലമായി കണ്ട് സർട്ടിഫിക്കറ്റ് നിഷേധിച്ച റവന്യു അധികാരികളുടെ നടപടി കോടതി തിരുത്തി. മാതാവ്, മതിയായ കാരണങ്ങൾ ഉണ്ടായിരുന്നതുകൊണ്ട്   എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്നതിൻറെ പേരിൽ മക്കൾക്ക് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നിഷേധിക്കരുത്. 
WPC 9657.2021, WPC 8107.2010

No comments:

Post a Comment