വാട്ട്സാപ്പിലൂടെ വ്യക്തിഹത്യ നടത്തിയാല് ...
വാട്സാപ്പ് ഒഴിച്ചുകൂടാനാകാത്ത ഒരു സാമൂഹ്യ-മാധ്യമവിനിമയരീതിയായി മാറിക്കഴിഞ്ഞു. ഇന്ത്യയില് ഇന്ഫര്മേഷന് ടെക്നോളജി നിയമത്തിന്റെ ഇന്റര്മീഡിയറി എന്ന നിര്വ്വചനത്തില് വാട്സാപ്പ് ഉള്പ്പെടുന്നുവെന്നതുകൊണ്ട്, നിലവിലുള്ള ഇന്റര്മീഡിയറി ചട്ടങ്ങള് പ്രകാരം അതില് പോസ്റ്റു ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും, നിയമവിരുദ്ധമായ കാര്യങ്ങള് ഉണ്ടാകുന്നില്ല എന്ന് വാട്സാപ് അധികൃതര് ഉറപ്പുവരുത്തേണ്ടതുമാണ്. എന്നിരുന്നാലും, പല ഘട്ടങ്ങളിലും വാട്സാപ് ഉള്പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്ക്ക് അത്തരത്തിലുണ്ടാകുന്ന പരാതികള്ക്ക് കൃത്യമായ മറുപടി നല്കാനാകാത്തതിനാല് ഇന്റര്മീഡിയറി ചട്ടങ്ങള് പുതുക്കി നിശ്ചയിച്ചുകൊണ്ടിരിക്കുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.
ആരെങ്കിലും നിങ്ങളുടെ വാട്സാപ്പിലൂടെ അല്ലെങ്കില് നിങ്ങള് ഉള്പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പില് നിങ്ങളെ അപമാനിക്കുന്നതിനോ, വ്യക്തിഹത്യ ചെയ്യുന്നതിനോ, നിയമവിരുദ്ധമായതോ, അശ്ലീലഭാഷ ഉപയോഗിച്ചോ, അശ്ലീലമായതോ ആയ കാര്യങ്ങള് ചെയ്യുകയാണെങ്കില് വാട്ട്സാപ്പ് ഗ്രീവന്സ് ഓഫീസര്ക്ക് അക്കാര്യങ്ങള് റിപ്പോര്ട്ടുചെയ്യാവുന്നതാണ്. വാട്ട്സാപ്പ് ഗ്രീവന്സ് ഓഫീസര്ക്ക് പരാതി നല്കാന് വാട്ട്സാപ്പ്ലൂടെ തന്നെ ചെയ്യുകയും ആകാം.
എങ്ങിനെയാണ് വാട്ട്സാപ്പിലൂടെ തന്നെ പരാതി നല്കേണ്ടത്?
പരാതി നല്കാനായി വാട്ട്സാപ്പിന്റെ സെറ്റിംഗ്സ് - ഹെല്പ്പ് - കോണ്ടാക്ട് അസ്- ലങ്കില് പരാതി എഴുതി നല്കാന് അവസരമുണ്ട്. പരാതിയോടൊപ്പം സ്ക്രീന് ഷോട്ടുകളും തെളിവിനായി കൂട്ടിച്ചേര്ക്കാവുന്നതാണ്. അപ്രകാരം ചെയ്യുന്നതോടുകൂടി പരാതി രജിസ്റ്റര് ആകുന്നു. ഇ-മെയില് വഴി പരാതി നല്കാനും അവസരം ഉണ്ട്.
ഗ്രീവന്സ് ഓഫീസര് grievance_officer_wa@support.whatsapp.com എന്ന ഇ-മെയില് വിലാസത്തിലാണ് പരാതി ചെയ്യേണ്ടത്. ഇത്തരത്തില് ഇ-മെയില് വിലാസത്തിലൂടെ നല്കുന്ന പരാതികള്ക്ക് ഇലക്ട്രോണിക്സ് (ഡിജിറ്റല്) സിഗ്നേച്ചര് ഉണ്ടാകണമെന്നുണ്ട്. ഡിജിറ്റല് സിഗ്നേച്ചര് ഉണ്ടാകുന്നതിന് ഡോക്യു സൈന് , അഡോബ് സൈന് എന്നിങ്ങനെയുള്ള പ്ളാറ്റ്ഫോമുകളിലൂടെ ആന്ഡ്രോയിഡ് ഫോണുകളിലൂടെയും, ഐ ഒ എസ് ഫോണുകളിലൂടെയും, ഡിജിറ്റലായി ഫോണിലൂടെ തന്നെ ഒപ്പ് വയ്ക്കാവുന്നതുമാണ്. പരാതി നല്കുമ്പോള് ഫോണ് നമ്പര് ആഡുചെയ്യുന്ന ഘട്ടത്തില് അന്താരാഷ്ട്രകോഡ് ഉള്പ്പെടെയുള്ള കാര്യങ്ങള് ചേര്ത്തുവേണം ഫോണ് നമ്പര് നല്കാന്.
പരാതിഎങ്ങനെ പോസ്റ്റുവഴി നല്കാം
പരാതി പോസ്റ്റുവഴി നല്കുന്നതിന് താഴെ പറയുന്ന വിലാസത്തില് തപാലായി അയക്കണം. കോമള് ലഹരി, വാട്സാപ്പ് ലിങ്ക് അറ്റന്ഷന് ഗ്രീവന്സ് ഓഫീസര് 1601 വില്ലോ റോഡ്, മെന്ലോ പാര്ക്ക് കാലിഫോര്ണിയ 94025 യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക. Komal Lahiri, WhatsApp Inc. Attention: Grievance Officer, 1601 Willow Road, Menlo Park, California 94025, United States of America എന്ന വിലാസ്സിലാണ് അയക്കെണ്ടത്.
2011-ലെ ഇന്റര്മീഡിയറി ചട്ടങ്ങളില് മാറ്റങ്ങള് വരുത്തണമെന്നതു സംബന്ധിച്ച് ചര്ച്ചകള് നടക്കുകയാണ്. നിലവില് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നു കേസില് ഒരു സന്ദേശത്തിന്റെ അല്ലെങ്കില് സന്ദേശം അയക്കുന്ന ആളുകളുടെ വിവരം നല്കുന്നതിന് ഇന്റര്മീഡിയറിക്കുള്ള ബാദ്ധ്യതകളെപ്പറ്റിയുള്ള കാര്യങ്ങളും ചര്ച്ചയാണ്. അത്തരം കാര്യങ്ങളുടെ ഭാഗമായി കേന്ദ്രസര്ക്കാര് കൈക്കൊണ്ട നിലപാട് ഇന്റര്മീഡിയറി ഗൈഡ്ലൈന്സ് ചട്ടങ്ങള് ഭേദഗതി ചെയ്യുന്നു എന്നുള്ളതാണ്. സന്ദേശം അയച്ച ആളെ കണ്ടുപിടിക്കുന്ന തരത്തില് ഇന്റര്മീഡിയറി ചട്ടങ്ങളില് ഭേദഗതി ഉണ്ടാകണമെന്നാണ് കോടതി കേസിലുള്ള പരാമര്ശം. അതേസമയം വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച കാര്യങ്ങള് സംരക്ഷിക്കപ്പെടണമെന്നുള്ളതും ഇതിന്റെ കൂടെത്തന്നെ ചര്ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്.